Gospel of St. Luke Chapter 3 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 3 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 3

സ്‌നാപകന്റെ പ്രഭാഷണം

1 തിബേരിയൂസ് സീസറിന്റെ പതിനഞ്ചാം ഭരണവര്‍ഷം പൊന്തിയൂസ് പീലാത്തോസ്‌യൂദയായുടെ ദേശാധിപതിയുംഹേറോദേസ് ഗലീലിയുടെയും അവന്റെ സഹോദരന്‍ പീലിപ്പോസ് ഇത്തൂറിയ, ത്രാക്കോണിത്തിസ് പ്രദേശങ്ങളുടെയും ലിസാനിയോസ് അബിലേനെയുടെയും ഭരണാധിപന്‍മാരും,2 അന്നാസും കയ്യാഫാസും പ്രധാനപുരോഹിതന്‍മാരും ആയിരിക്കേ, സഖറിയായുടെ പുത്രനായ യോഹന്നാന് മരുഭൂമിയില്‍വച്ചു ദൈവത്തിന്റെ അരുളപ്പാടുണ്ടായി.3 അവന്‍ പാപമോചനത്തിനുള്ള മാനസാന്തരത്തിന്റെ ജ്ഞാനസ്‌നാനം പ്രസംഗിച്ചുകൊണ്ട് ജോര്‍ദാന്റെ സമീപപ്രദേശങ്ങളിലേക്കു വന്നു.4 ഏശയ്യാപ്രവാചകന്റെ പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നതുപോലെ, മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്റെ ശബ്ദം: കര്‍ത്താവിന്റെ വഴി ഒരുക്കുവിന്‍;5 അവന്റെ പാതനേരെയാക്കുവിന്‍. താഴ്‌വരകള്‍ നികത്തപ്പെടും, കുന്നും മലയും നിരത്തപ്പെടും, വളഞ്ഞവഴികള്‍ നേരെയാക്കപ്പെടും, പരുപരുത്തവ മൃദുവാക്കപ്പെടും;6 സകല മനുഷ്യരും ദൈവത്തിന്റെ രക്ഷ കാണുകയും ചെയ്യും.7 ജ്ഞാനസ്‌നാനം സ്വീകരിക്കാന്‍ തന്റെ അടുത്തേക്കു വന്നിരുന്ന ജനക്കൂട്ടങ്ങളോട് അവന്‍ ചോദിച്ചു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍നിന്ന് ഓടിയ കലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയത് ആരാണ്?8 മാനസാന്തരത്തിനു യോജിച്ച ഫലങ്ങള്‍ പുറപ്പെടുവിക്കുവിന്‍. ഞങ്ങള്‍ക്കു പിതാവായി അബ്രാഹമുണ്ട് എന്നു പറഞ്ഞു നിങ്ങള്‍ അഭിമാനിക്കേണ്ടാ. കാരണം, ഈ കല്ലുകളില്‍നിന്ന് അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.9 വൃക്ഷങ്ങളുടെ വേരിനു കോടാലിവയ്ക്കപ്പെട്ടു കഴിഞ്ഞു. നല്ല ഫലം നല്‍കാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയില്‍ എറിയപ്പെടും.10 ജനക്കൂട്ടം അവനോടു ചോദിച്ചു: ഞങ്ങള്‍ എന്താണു ചെയ്യേണ്ടത്?11 അവന്‍ പറഞ്ഞു: രണ്ടുടുപ്പുള്ളവന്‍ ഒന്ന് ഇല്ലാത്തവനു കൊടുക്കട്ടെ. ഭക്ഷണം ഉള്ള വനും അങ്ങനെ ചെയ്യട്ടെ.12 ചുങ്കക്കാരും സ്‌നാനം സ്വീകരിക്കാന്‍ വന്നു. അവരും അവനോടു ചോദിച്ചു: ഗുരോ, ഞങ്ങള്‍ എന്തു ചെയ്യണം?13 അവന്‍ പറഞ്ഞു: നിങ്ങളോട് ആജ്ഞാപിച്ചിട്ടുള്ളതില്‍ കൂടുതല്‍ ഈടാക്കരുത്.14 പടയാളികളും അവനോടു ചോദിച്ചു: ഞങ്ങള്‍ എന്തു ചെയ്യണം? അവന്‍ അവ രോടു പറഞ്ഞു: നിങ്ങള്‍ ആരെയും ഭീഷണിപ്പെടുത്തരുത്. വ്യാജമായ കുററാരോപണവും അരുത്. വേതനംകൊണ്ടു തൃപ്തിപ്പെടണം.15 പ്രതീക്ഷയോടെയിരുന്ന ജനമെല്ലാം ഇവന്‍ തന്നെയോ ക്രിസ്തു എന്നു യോഹന്നാനെപ്പറ്റി ചിന്തിച്ചു തുടങ്ങി.16 യോഹന്നാന്‍ അവരോടു പറഞ്ഞു: ഞാന്‍ ജലം കൊണ്ടു സ്‌നാനം നല്‍കുന്നു. എന്നാല്‍, എന്നെക്കാള്‍ ശക്തനായ ഒരുവന്‍ വരുന്നു. അവന്റെ ചെരിപ്പിന്റെ കെട്ട് അഴിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല. അവന്‍ പരിശുദ്ധാത്മാവിനാലും അഗ്‌നിയാലും നിങ്ങള്‍ക്കു സ്‌നാനം നല്‍കും.17 വീശുമുറം അവന്റെ കൈയില്‍ ഉണ്ട്. അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ് അറപ്പുരയില്‍ ശേഖരിക്കുകയും പതിര് കെടാത്ത തീയില്‍ ദഹിപ്പിക്കുകയും ചെയ്യും.18 ഇതുപോലെ, മററു പല ഉദ്‌ബോധനങ്ങളിലൂടെയും അവന്‍ ജനത്തെ സദ്‌വാര്‍ത്ത അറിയിച്ചു.

യോഹന്നാന്‍ കാരാഗൃഹത്തില്‍

19 യോഹന്നാന്‍ ഹേറോദേസ് രാജാവിനെ അവന്റെ സഹോദരഭാര്യയായ ഹേറോദിയാ നിമിത്തവും അവന്‍ ചെയ്തിരുന്ന മറ്റെല്ലാ ദുഷ്‌കൃത്യങ്ങളുടെ പേരിലും കഠിനമായി കുറ്റപ്പെടുത്തിയിരുന്നു.20 തത്ഫലമായി, ഹേറോദേസ് യോഹന്നാനെ കാരാഗൃഹത്തിലടച്ചു; അങ്ങനെ, തന്റെ തിന്‍മ കളുടെ എണ്ണം ഒന്നുകൂടി വര്‍ധിപ്പിച്ചു.

യേശുവിന്റെ ജ്ഞാനസ്‌നാനം

21 ജനം സ്‌നാനം സ്വീകരിച്ചുകൊണ്ടിരിക്കുമ്പോള്‍ യേശുവും വന്ന് സ്‌നാനമേറ്റു. അവന്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു.22 പരിശുദ്ധാത്മാവ് പ്രാവിന്റെ രൂപത്തില്‍ അവന്റെ മേല്‍ ഇറങ്ങി വന്നു. സ്വര്‍ഗത്തില്‍നിന്ന് ഒരു സ്വരവും ഉണ്ടായി: നീ എന്റെ പ്രിയ പുത്രന്‍; നിന്നില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു.

യേശുവിന്റെ വംശാവലി

23 പരസ്യജീവിതം ആരംഭിക്കുമ്പോള്‍ യേശുവിന് ഏകദേശം മുപ്പതു വയസ്‌സുപ്രായമായിരുന്നു. അവന്‍ ജോസഫിന്റെ മകനാണെന്നു കരുതപ്പെട്ടിരുന്നു. ജോസഫ് ഹേലിയുടെ പുത്രനായിരുന്നു.24 ഹേലി മത്താത്തിന്റെയും മത്താത്ത് ലേവിയുടെയും ലേവി മെല്ക്കിയുടെയും മെല്ക്കിയാന്നിയുടെയുംയാന്നി ജോസഫിന്റെയും പുത്രന്‍.25 ജോസഫ് മത്താത്തിയായുടെയും മത്താത്തിയാ ആമോസിന്റെയും ആമോസ് നാവൂമിന്റെയും നാവൂം ഹെസ്‌ലിയുടെയും ഹെസ്‌ലി നഗ്ഗായിയുടെയും പുത്രന്‍.26 നഗ്ഗായി മാത്തിന്റെയും മാത്ത് മത്താത്തിയായുടെയും മത്താത്തിയാ സെമയിന്റെയും സെമയിന്‍ യോസേക്കിന്റെയും യോസേക്ക് യോദായുടെയും പുത്രന്‍.27 യോദയോഹന്നാന്റെയും യോഹന്നാന്‍ റേസായുടെയും റേസാ സെറുബാബേലിന്റെയും സെറുബാബേല്‍ സലാത്തിയേ ലിന്റെയും സലാത്തിയേല്‍ നേരിയുടെയും പുത്രന്‍.28 നേരി മെല്‍ക്കിയുടെയും മെല്‍ക്കി അദ്ദിയുടെയും അദ്ദി കോസാമിന്റെയും കോസാം എല്‍മാദാമിന്റെയും എല്‍മാദാം ഏറിന്റെയും പുത്രന്‍.29 ഏര്‍ ജോഷ്വായുടെയും ജോഷ്വാ എലിയേസറിന്റെയും എലിയേസര്‍ യോറീമിന്റെയും യോറീം മത്താത്തിന്റെയും മത്താത്ത് ലേവിയുടെയും പുത്രന്‍.30 ലേവി ശിമയോന്റെയും ശിമയോന്‍ യൂദായുടെയും യൂദാ ജോസഫിന്റെയും ജോസഫ് യോനാമിന്റെയും യോനാം ഏലിയാക്കിമിന്റെയും പുത്രന്‍.31 ഏലിയാക്കീം മെലെയായുടെയും മെലെയാ മെന്നായുടെയും മെന്നാ മത്താത്തായുടെയും മത്താത്താ നാഥാന്റെയും നാഥാന്‍ ദാവീദിന്റെയും പുത്രന്‍.32 ദാവീദ് ജസ് സെയുടെയും ജസ്‌സെ ഓബദിന്റെയും ഓബദ് ബോവാസിന്റെയും ബോവാസ് സാലായുടെയും സാലാ നഹഷോന്റെയും പുത്രന്‍.33 നഹഷോന്‍ അമിനാദാബിന്റെയും അമിനാദാബ് അദ്മിന്റെയും അദ്മിന്‍ അര്‍നിയുടെയും അര്‍നി ഹെസ്‌റോന്റെയും ഹെസ്‌റോന്‍ പേരെസിന്റെയും പേരെസ് യൂദായുടെയും പുത്രന്‍.34 യൂദാ യാക്കോബിന്റെയും യാക്കോബ് ഇസഹാക്കിന്റെയും ഇസഹാക്ക് അബ്രാഹത്തിന്റെയും അബ്രാഹം തേരായുടെയും തേരാ നാഹോറിന്റെയും പുത്രന്‍.35 നാഹോര്‍ സെറൂഹിന്റെയും സെറൂഹ് റവുവിന്റെയും റവു പേലെഗിന്റെയും പേലെഗ് ഏബറിന്റെയും ഏബര്‍ ഷേലായുടെയും പുത്രന്‍.36 ഷേലാ കൈനാന്റെയും കൈനാന്‍ അര്‍ഫക്‌സാദിന്റെയും അര്‍ഫക്‌സാദ് ഷേമിന്റെയും ഷേം നോഹയുടെയും നോഹ ലാമെക്കിന്റെയും പുത്രന്‍.37 ലാമെക്ക് മെത്തുസേലഹിന്റെയും മെത്തുസേലഹ് ഹെനോക്കിന്റെയും ഹെനോക്ക്‌യാരെദിന്റെയുംയാരെദ് മഹലലേലിന്റെയും മഹലലേല്‍കൈനാന്റെയും പുത്രന്‍.38 കൈനാന്‍ ഏനോസിന്റെയും ഏനോസ് സേത്തിന്റെയും സേത്ത് ആദാമിന്റെയും പുത്രനായിരുന്നു. ആദം ദൈവത്തിന്റെതുമായിരുന്നു.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s