Gospel of St. Luke Chapter 4 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 4 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 4

മരുഭൂമിയിലെ പരീക്ഷ

1 യേശു പരിശുദ്ധാത്മാവു നിറഞ്ഞവനായി ജോര്‍ദാനില്‍ നിന്നു മടങ്ങി. ആത്മാവ് അവനെ മരുഭൂമിയിലേക്കു നയിച്ചു.2 അവന്‍ പിശാചിനാല്‍ പരീക്ഷിക്കപ്പെട്ട് നാല്‍പതു ദിവസം അവിടെ കഴിഞ്ഞുകൂടി. ആദിവസങ്ങളില്‍ അവന്‍ ഒന്നും ഭക്ഷിച്ചില്ല. അവസാനം അവനു വിശന്നു.3 അപ്പോള്‍ പിശാച് അവനോടു പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഈ കല്ലിനോട് അപ്പമാകാന്‍ കല്‍പിക്കുക.4 യേശു അവനോടു പറഞ്ഞു: അപ്പംകൊണ്ടു മാത്രമല്ല, മനുഷ്യന്‍ ജീവിക്കുന്നത് എന്ന് എഴുതപ്പെട്ടിരിക്കുന്നു.5 പിന്നെ, പിശാച് അവനെ ഒരു ഉയര്‍ന്ന സ്ഥലത്തേക്കു കൊണ്ടുപോയി, ഭൂമിയിലെ സകല രാജ്യങ്ങളും ക്ഷണനേരംകൊണ്ട് അവനു കാണിച്ചുകൊടുത്തു.6 പിശാച് അവനോട് പറഞ്ഞു: ഇവയുടെമേല്‍ എല്ലാ അധികാരവും മഹത്വവും നിനക്കു ഞാന്‍ തരാം. ഇതെല്ലാം എനിക്കു നല്‍കപ്പെട്ടിരിക്കുന്നു. എനിക്ക് ഇഷ്ടമുള്ളവര്‍ക്കു ഞാന്‍ ഇതു കൊടുക്കുന്നു.7 നീ എന്നെ ആരാധിച്ചാല്‍ ഇവയെല്ലാം നിന്‍േറ താകും.8 യേശു മറുപടി പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ നീ ആരാധിക്കണം; അവനെ മാത്രമേ പൂജിക്കാവൂ എന്ന് എഴുതപ്പെട്ടിരിക്കുന്നു.9 അനന്തരം പിശാച് അവനെ ജറുസലെമിലേക്കു കൊണ്ടുപോയി, ദേവാലയഗോപുരത്തിന്റെ ശൃംഗത്തില്‍ നിര്‍ത്തിക്കൊണ്ട് പറഞ്ഞു: നീ ദൈവപുത്രനാണെങ്കില്‍ ഇവിടെനിന്നു താഴേക്കു ചാടുക.10 നിന്നെ സംരക്ഷിക്കാന്‍ അവന്‍ ദൂതന്‍മാരോടു കല്‍പിക്കുമെന്നും11 നിന്റെ കാല്‍ കല്ലില്‍ തട്ടാതെ അവര്‍ നിന്നെ കൈകളില്‍ താങ്ങിക്കൊള്ളുമെന്നും എഴുതപ്പെട്ടിട്ടുണ്ടല്ലോ.12 യേശു പറഞ്ഞു: നിന്റെ ദൈവമായ കര്‍ത്താവിനെ പരീ ക്ഷിക്കരുത് എന്നും പറയപ്പെട്ടിരിക്കുന്നു.13 അപ്പോള്‍ പിശാച് പ്രലോഭനങ്ങള്‍ എല്ലാം അവസാനിപ്പിച്ച്, നിശ്ചിതകാലത്തേക്ക് അവനെ വിട്ടുപോയി.

യേശു ദൗത്യം ആരംഭിക്കുന്നു.

14 യേശു ആത്മാവിന്റെ ശക്തിയോടുകൂടെ ഗലീലിയിലേക്കു മടങ്ങിപ്പോയി. അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.15 അവന്‍ അവരുടെ സിനഗോഗുകളില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. എല്ലാവരും അവനെ പുകഴ്ത്തി.
പ്രവാചകന്‍ സ്വദേശത്ത്അവഗണിക്കപ്പെടുന്നു
16 യേശു താന്‍ വളര്‍ന്ന സ്ഥലമായ നസറത്തില്‍ വന്നു. പതിവുപോലെ ഒരു സാബത്തുദിവസം അവന്‍ അവരുടെ സിനഗോഗില്‍ പ്രവേശിച്ച് വായിക്കാന്‍ എഴുന്നേറ്റുനിന്നു.17 ഏശയ്യാ പ്രവാചകന്റെ പുസ്തകം അവനു നല്‍കപ്പെട്ടു. പുസ്തകം തുറന്നപ്പോള്‍ ഇപ്രകാരം എഴുതിയിരിക്കുന്നത് അവന്‍ കണ്ടു:18 കര്‍ത്താവിന്റെ ആത്മാവ് എന്റെ മേല്‍ ഉണ്ട്. ദരിദ്രരെ സുവിശേഷം അറിയിക്കാന്‍ അവിടുന്ന് എന്നെ അഭിഷേകം ചെയ്തിരിക്കുന്നു. ബന്ധിതര്‍ക്ക് മോചനവും അന്ധര്‍ക്കു കാഴ്ചയും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കു സ്വാതന്ത്ര്യവും19 കര്‍ത്താവിനു സ്വീകാര്യമായ വത്‌സരവുംപ്രഖ്യാപിക്കാന്‍ അവിടുന്ന് എന്നെ അയച്ചിരിക്കുന്നു.20 പുസ്തകം അടച്ചു ശുശ്രൂഷകനെ ഏല്‍പിച്ചതിനുശേഷം അവന്‍ ഇരുന്നു. സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും അവനെ ഉറ്റുനോക്കിക്കൊണ്ടിരുന്നു.21 അവന്‍ അവരോടു പറയാന്‍ തുടങ്ങി. നിങ്ങള്‍ കേട്ടിരിക്കെത്തന്നെ ഇന്ന് ഈ തിരുവെഴുത്തു നിറവേറിയിരിക്കുന്നു.22 എല്ലാവരും അവനെപ്പറ്റി പ്രശംസിച്ചു പറയുകയും അവന്റെ നാവില്‍നിന്നു പുറപ്പെട്ട കൃപാവചസ്‌സുകേട്ട് അദ്ഭുതപ്പെടുകയും ചെയ്തു. ഇവന്‍ ജോസഫിന്റെ മകനല്ലേ എന്ന് അവര്‍ ചോദിച്ചു.23 അവന്‍ അവരോടു പറഞ്ഞു: വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധ രിച്ചുകൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ എന്നോട് കഫര്‍ണാമില്‍ നീ ചെയ്ത അദ്ഭുതങ്ങള്‍ ഇവിടെ നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും.24 എന്നാല്‍, സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല.25 സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: ഏലിയാപ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം വിധ വകള്‍ ഉണ്ടായിരുന്നു. അന്ന് മൂന്നു വര്‍ഷ വും ആറു മാസവും ആകാശം അടയ്ക്കപ്പെടുകയും ഭൂമിയിലെങ്ങും രൂക്ഷമായ ക്ഷാ മം ഉണ്ടാവുകയും ചെയ്തു.26 എന്നാല്‍, സീദോനില്‍ സറെപ്തായിലെ ഒരു വിധവയുടെ അടുക്കലേക്കല്ലാതെ മറ്റാരുടെ അടുക്കലേക്കും ഏലിയാ അയയ്ക്കപ്പെട്ടില്ല.27 ഏലീശാപ്രവാചകന്റെ കാലത്ത് ഇസ്രായേലില്‍ അനേകം കുഷ്ഠരോഗികള്‍ ഉണ്ടായിരുന്നു. എന്നാല്‍, അവരില്‍ സിറിയാക്കാരനായ നാമാന്‍ അല്ലാതെ മറ്റാരും സുഖമാക്കപ്പെട്ടില്ല.28 ഇതു കേട്ടപ്പോള്‍ സിനഗോഗില്‍ ഉണ്ടായിരുന്ന എല്ലാവരും കോപാകുലരായി.29 അവര്‍ അവനെ പട്ടണത്തില്‍നിന്നു പുറത്താക്കുകയും തങ്ങളുടെ പട്ടണം സ്ഥിതിചെയ്യുന്ന മലയുടെ ശൃംഗത്തില്‍നിന്നു താഴേക്കു തള്ളിയിടാനായി കൊണ്ടുപോവുകയും ചെയ്തു.30 എന്നാല്‍, അവന്‍ അവരുടെ ഇടയിലൂടെ നടന്ന് അവിടം വിട്ടുപോയി.

പിശാചുബാധിതനെ സുഖപ്പെടുത്തുന്നു.

31 പിന്നെ അവന്‍ ഗലീലിയിലെ ഒരു പട്ടണമായ കഫര്‍ണാമില്‍ എത്തി സാബത്തില്‍ അവരെ പഠിപ്പിച്ചുകൊണ്ടിരുന്നു.32 അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, അധികാരത്തോടുകൂടിയതായിരുന്നു അവന്റെ വ ചനം.33 അവിടെ സിനഗോഗില്‍ അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ ഉണ്ടായിരുന്നു. അവന്‍ ഉറക്കെ നിലവിളിച്ചു പറഞ്ഞു:34 നസറായനായ യേശുവേ, നീ എന്തിനു ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം. ദൈവത്തിന്റെ പരിശുദ്ധന്‍.35 യേശു അവനെ ശാസിച്ചു പറഞ്ഞു: മിണ്ടരുത്, അവനെ വിട്ടുപോകൂ. ആ പിശാച് ഉപദ്രവം ഒന്നും വരുത്താതെ എല്ലാവരുടെയും നടുവിലേക്ക് അവനെ തള്ളിയിട്ടതിനുശേഷം അവനെ വിട്ടുപോയി.36 എല്ലാവരും അദ്ഭുതപ്പെട്ട് പരസ്പരം പറഞ്ഞു: എന്തൊരു വച നമാണിത്! ഇവന്‍ അധികാരത്തോടും ശക്തിയോടും കൂടെ അശുദ്ധാത്മാക്കളോടു കല്‍പിക്കുകയും അവ വിട്ടു പോവുകയും ചെയ്യുന്നുവല്ലോ.37 അവന്റെ കീര്‍ത്തി സമീപപ്രദേശങ്ങളിലെങ്ങും വ്യാപിച്ചു.

യേശു പത്രോസിന്റെ ഭവനത്തില്‍.

38 അവന്‍ സിനഗോഗില്‍നിന്ന് എഴുന്നേറ്റ് ശിമയോന്റെ വീട്ടിലേക്കു പോയി. ശിമയോന്റെ അമ്മായിയമ്മ കലശലായ പനിബാധിച്ചു കിടപ്പായിരുന്നു. ആളുകള്‍ അവള്‍ക്കുവേണ്ടി അവനോടു സഹായം അപേക്ഷിച്ചു.39 അവന്‍ അവളുടെ അടുത്തെത്തി പനിയെ ശാസിച്ചു; അത് അവളെ വിട്ടുമാറി. ഉടനെ അവള്‍ എഴുന്നേറ്റ് അവരെ ശുശ്രൂഷിച്ചു.40 വൈകുന്നേരമായപ്പോള്‍, വിവിധരോഗങ്ങളാല്‍ കഷ്ടപ്പെട്ടിരുന്നവരെയെല്ലാം അവര്‍ അവന്റെ അടുത്തുകൊണ്ടുവന്നു. ഓരോരുത്തരുടെയുംമേല്‍ കൈ വച്ച് അവന്‍ അവരെ സുഖപ്പെടുത്തി.41 നീ ദൈവപുത്രനാണ് എന്ന് ഉറക്കെവിളിച്ചു പറഞ്ഞുകൊണ്ട് അനേകരില്‍നിന്ന് പിശാചുക്കള്‍ വിട്ടുപോയി. അവന്‍ അവ യെ ശാസിച്ചു. താന്‍ ക്രിസ്തുവാണെന്ന് അവയ്ക്ക് അറിയാമായിരുന്നതുകൊണ്ട്, അവന്‍ അവയെ സംസാരിക്കാന്‍ അനുവദിച്ചില്ല.

സിനഗോഗില്‍ പ്രസംഗിക്കുന്നു.

42 പ്രഭാതമായപ്പോള്‍ അവന്‍ ഒരു വിജ നസ്ഥലത്തേക്കു പോയി. ജനക്കൂട്ടംഅവനെ അന്വേഷിച്ചുചെന്നു. തങ്ങളെ വിട്ടുപോകരുതെന്ന് അവര്‍ അവനെ നിര്‍ബന്ധിച്ചു. 43 എന്നാല്‍, അവന്‍ പറഞ്ഞു; മറ്റു പട്ടണങ്ങളിലും ഞാന്‍ ദൈവരാജ്യത്തിന്റെ സുവിശേഷം പ്രസംഗിക്കേണ്ടിയിരിക്കുന്നു. അതിനുവേണ്ടിയാണ് ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. 44 അവന്‍ യൂദയായിലെ സിനഗോഗുകളില്‍ പ്രസംഗിച്ചുകൊണ്ടിരുന്നു.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s