Gospel of St. Luke Chapter 11 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 11 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 11

യേശു പഠിപ്പിച്ച പ്രാര്‍ഥന

1 അവന്‍ ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടി രിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്‍മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക.2 അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കു വിന്‍. പിതാവേ, അങ്ങയുടെ നാമം പൂജിത മാകണമേ. അങ്ങയുടെ രാജ്യം വരണമേ;3 അന്നന്നു വേണ്ട ആഹാരം ഓരോ ദിവസ വും ഞങ്ങള്‍ക്കു നല്‍കണമേ.4 ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.

പ്രാര്‍ഥനയുടെ ശക്തി

5 അവന്‍ അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്‌നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്റെ അടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക.6 ഒരു സ്‌നേഹിതന്‍യാത്രാ മധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല.7 അപ്പോള്‍, അവന്റെ സ്‌നേഹിതന്‍ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല.8 ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്‌നേഹിതനാണ് എന്നതിന്റെ പേ രില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും.9 ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും.10 എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു.11 നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക?12 മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക?13 മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗ സ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!

യേശുവും ബേല്‍സെബൂലും

14 അവന്‍ ഊമനായ ഒരു പിശാചിനെ ബഹിഷ്‌കരിക്കുകയായിരുന്നു. പിശാച് പുറത്തുപോയപ്പോള്‍ ആ ഊമന്‍ സംസാരിച്ചു. ജനങ്ങള്‍ അദ്ഭുതപ്പെട്ടു.15 അവരില്‍ ചിലര്‍ പറഞ്ഞു: അവന്‍ പിശാചുക്കളുടെ തലവനായ ബേല്‍സെബൂലിനെക്കൊണ്ടാണ് പിശാചുക്കളെ ബഹിഷ്‌കരിക്കുന്നത്.16 വേറെ ചിലര്‍ അവനെ പരീക്ഷിക്കുവാന്‍ സ്വര്‍ഗത്തില്‍നിന്ന് ഒരടയാളം അവനോട് ആവശ്യപ്പെട്ടു.17 അവരുടെ വിചാരങ്ങള്‍ അറിഞ്ഞുകൊണ്ട് അവന്‍ പറഞ്ഞു: അന്ത ശ്ഛിദ്രമുള്ള രാജ്യം നശിച്ചുപോകും. അന്ത ശ്ഛിദ്രമുള്ള ഭവനവും വീണുപോകും.18 സാത്താന്‍ തനിക്കുതന്നെ എതിരായി ഭിന്നിച്ചാല്‍ അവന്റെ രാജ്യം എങ്ങനെ നിലനില്‍ക്കും? ഞാന്‍ ബേല്‍സെബൂലിനെക്കൊണ്ടു പിശാചുക്കളെ പുറത്താക്കുന്നു എന്നു നിങ്ങള്‍ പറയുന്നു.19 ബേല്‍സെ ബൂലിനെക്കൊണ്ടാണ് ഞാന്‍ പിശാചുക്കളെ ബഹിഷ്‌കരിക്കുന്നതെങ്കില്‍ നിങ്ങളുടെ പുത്രന്‍മാര്‍ ആരെക്കൊണ്ടാണ് അവയെ ബഹിഷ്‌കരിക്കുന്നത്? അതുകൊണ്ട് അവര്‍ നിങ്ങളുടെ വിധികര്‍ത്താക്കളായിരിക്കും.20 എന്നാല്‍, ദൈവകരംകൊണ്ടാണ് ഞാന്‍ പിശാചുക്കളെ പുറത്താക്കുന്നതെങ്കില്‍, ദൈവരാജ്യം നിങ്ങളുടെയിടയില്‍ വന്നുകഴിഞ്ഞിരിക്കുന്നു.21 ശക്തന്‍ ആയുധ ധാരിയായി തന്റെ കൊട്ടാരത്തിനു കാവല്‍ നില്‍ക്കുമ്പോള്‍ അവന്റെ വസ്തുക്കള്‍ സുരക്ഷിതമാണ്.22 എന്നാല്‍, കൂടുതല്‍ ശക്തനായ ഒരുവന്‍ അവനെ ആക്രമിച്ചു കീഴ്‌പ്പെടുത്തിയാല്‍ അവന്‍ ആശ്രയിച്ചിരുന്ന ആയുധങ്ങള്‍ മറ്റവന്‍ അപഹരിക്കുകയും കൊള്ളമുതല്‍ ഭാഗിച്ചെടുക്കുകയും ചെയ്യും.23 എന്നോടുകൂടെയല്ലാത്തവന്‍ എനിക്ക് എതിരാണ്. എന്നോടുകൂടെ ശേഖരിക്കാത്തവന്‍ ചിതറിച്ചു കളയുന്നു.

അശുദ്ധാത്മാവിന്റെ തിരിച്ചുവരവ്

24 അശുദ്ധാത്മാവ് ഒരുവനെ വിട്ടുപോയാല്‍, വരണ്ട സ്ഥലങ്ങളിലൂടെ ആശ്വാസംതേടി അലഞ്ഞുനടക്കും. കണ്ടെത്താതെ വരുമ്പോള്‍ അവന്‍ പറയുന്നു: ഇറങ്ങി പ്പോന്ന ഭവനത്തിലേക്കുതന്നെ ഞാന്‍ തിരിച്ചുചെല്ലും.25 തിരിച്ചുവരുമ്പോള്‍ ആ വീട് അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടതായിക്കാണുന്നു.26 അപ്പോള്‍ അവന്‍ പോയി തന്നെക്കാള്‍ ദുഷ്ടരായ മറ്റ് ഏഴു അശുദ്ധാത്മാക്കളെക്കൂടി കൊണ്ടുവന്ന് അവിടെ പ്രവേ ശിച്ചു വാസമുറപ്പിക്കുന്നു. അങ്ങനെ, ആ മനുഷ്യന്റെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ മോശമായിത്തീരുന്നു.

മഹത്തായ ഭാഗ്യം

27 അവന്‍ ഇത് അരുളിച്ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ജനക്കൂട്ടത്തില്‍നിന്ന് ഒരു സ്ത്രീ ഉച്ചത്തില്‍ അവനോടു പറഞ്ഞു: നിന്നെ വഹിച്ച ഉദരവും നിന്നെ പാലൂട്ടിയ മുലകളും ഭാഗ്യമുള്ളവ.28 അവന്‍ പറഞ്ഞു:ദൈവവചനംകേട്ട് അതുപാലിക്കുന്നവര്‍ കൂടുതല്‍ ഭാഗ്യവാന്‍മാര്‍.

യോനായുടെ അടയാളം

29 ജനക്കൂട്ടം വര്‍ധിച്ചുവന്നപ്പോള്‍ അവന്‍ പറഞ്ഞു തുടങ്ങി: ഈ തലമുറ ദുഷിച്ച തലമുറയാണ്. ഇത് അടയാളം അന്വേഷിക്കുന്നു. എന്നാല്‍, യോനായുടെ അടയാളമല്ലാതെ മറ്റൊരടയാളവും നല്‍കപ്പെടുകയില്ല.30 യോനാ നിനെവേക്കാര്‍ക്ക് അടയാളമായിരുന്നതുപോലെ മനുഷ്യപുത്രന്‍ ഈ തലമുറയ്ക്കും അടയാളമായിരിക്കും.31 ദക്ഷിണദേശത്തെ രാജ്ഞി വിധിദിനത്തില്‍ ഈ തലമുറയിലെ ജനങ്ങളോടൊപ്പം ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്റെ വിജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തിയില്‍നിന്നു വന്നു. എന്നാല്‍ ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയ വന്‍!32 നിനെവേനിവാസികള്‍ വിധിദിനത്തില്‍ ഈ തലമുറയോടുകൂടെ ഉയിര്‍ത്തെ ഴുന്നേല്‍ക്കുകയും ഇതിനെ കുറ്റംവിധിക്കുകയും ചെയ്യും. എന്തെന്നാല്‍, യോനായു ടെ പ്രസംഗംകേട്ട് അവര്‍ പശ്ചാത്തപിച്ചു. എന്നാല്‍ ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!

കണ്ണ് ശരീരത്തിന്റെ വിളക്ക്

33 വിളക്കുകൊളുത്തി ആരും നിലവറയിലോ പറയുടെ കീഴിലോ വയ്ക്കാറില്ല. മറിച്ച്, അകത്തു പ്രവേശിക്കുന്നവര്‍ക്കു വെളിച്ചം കാണാന്‍ പീഠത്തിന്‍മേലാണു വയ്ക്കുന്നത്.34 കണ്ണാണ് ശരീരത്തിന്റെ വിളക്ക്. കണ്ണു കുറ്റമറ്റതെങ്കില്‍ ശരീരം മുഴുവന്‍ പ്രകാശിക്കും. കണ്ണു ദുഷിച്ചതെങ്കിലോ ശരീരം മുഴുവനും ഇരുണ്ടുപോകും.35 അതുകൊണ്ട്, നിന്നിലുള്ള വെളിച്ചം ഇരുളാകാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുക.36 ഇരുളടഞ്ഞഒരു ഭാഗവുമില്ലാതെ ശരീരം മുഴുവന്‍ പ്രകാശം നിറഞ്ഞതാണെങ്കില്‍, വിളക്ക് അതിന്റെ രശ്മികള്‍കൊണ്ടു നിനക്കു വെളിച്ചം തരുന്നതുപോലെ ശരീരം മുഴുവന്‍ പ്രകാശമാനമായിരിക്കും.

ഫരിസേയരുടെയും നിയമജ്ഞരു ടെയും കപടനാട്യം.

37 അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍, ഒരു ഫരിസേയന്‍ തന്റെ കൂടെ ഭക്ഷണം കഴിക്കുന്നതിന് അവനെ ക്ഷണിച്ചു. അവന്‍ പ്രവേശിച്ചു ഭക്ഷണത്തിനിരുന്നു.38 ഭക്ഷണത്തിനു മുമ്പ് അവന്‍ കഴുകി ശുദ്ധി വരുത്താഞ്ഞതിനെപ്പറ്റി ആ ഫരിസേയന്‍ അദ്ഭുതപ്പെട്ടു.39 അപ്പോള്‍ കര്‍ത്താവ് അവനോടു പറഞ്ഞു: ഫരിസേയരായ നിങ്ങള്‍ കോപ്പകളുടെയും പാത്രങ്ങളുടെയും പുറം കഴുകി വെടിപ്പാക്കുന്നു. നിങ്ങളുടെ അകമോ കവര്‍ച്ചയും ദുഷ്ടതയുംകൊണ്ടു നിറഞ്ഞിരിക്കുന്നു.40 ഭോഷന്‍മാരേ, പുറം നിര്‍മിച്ചവന്‍ തന്നെയല്ലേ അ കവും നിര്‍മിച്ചത്?41 നിങ്ങള്‍ക്കുള്ളവ ദാനം ചെയ്യുവിന്‍. അപ്പോള്‍ നിങ്ങള്‍ക്ക് എല്ലാം ശുദ്ധമായിരിക്കും.42 ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ അരൂതയുടെയും തുളസിയുടെയും മറ്റെല്ലാ ചെടികളുടെയും ദശാംശം കൊടുക്കുന്നു. എന്നാല്‍, ദൈവത്തിന്റെ നീതിയും സ്‌നേഹവും നിങ്ങള്‍ അവഗണിച്ചുകളയുന്നു. ഇവയാണു നിങ്ങള്‍ ചെയ്യേണ്ടിയിരുന്നത്-മറ്റുള്ളവ അവഗണിക്കാതെ തന്നെ.43 ഫരിസേയരേ, നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങള്‍ സിനഗോഗുകളില്‍ പ്രമുഖസ്ഥാനവും പൊതുസ്ഥലങ്ങളില്‍ അ ഭിവാദനവും അഭിലഷിക്കുന്നു.44 നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, കാണപ്പെടാത്ത കുഴിമാടങ്ങള്‍പോലെയാണു നിങ്ങള്‍. അതിന്റെ മീതേ നടക്കുന്നവന്‍ അത് അറിയുന്നുമില്ല.45 നിയമജ്ഞരില്‍ ഒരാള്‍ അവനോടു പറഞ്ഞു: ഗുരോ, നീ ഇങ്ങനെ സംസാരിക്കുമ്പോള്‍ ഞങ്ങളെക്കൂടെ അപമാനിക്കുകയാണു ചെയ്യുന്നത്.46 അവന്‍ പറഞ്ഞു: നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! താങ്ങാനാവാത്ത ചുമടുകള്‍ മനുഷ്യരുടെമേല്‍ നിങ്ങള്‍ കെട്ടിയേല്‍പിക്കുന്നു. നിങ്ങളോ അവരെ സഹായിക്കാന്‍ ഒരു ചെറുവിരല്‍ പോലും അനക്കുന്നില്ല.47 നിങ്ങള്‍ക്കു ദുരിതം! എന്തെന്നാല്‍, നിങ്ങളുടെ പിതാക്കന്‍മാര്‍ വധിച്ച പ്രവാചകന്‍മാര്‍ക്കു നിങ്ങള്‍ കല്ലറകള്‍ പണിയുന്നു.48 അങ്ങനെ നിങ്ങളുടെ പിതാക്കന്‍മാരുടെ പ്രവൃത്തികള്‍ക്ക് നിങ്ങള്‍ സാക്ഷ്യവും അംഗീകാര വും നല്‍കുന്നു. എന്തെന്നാല്‍, അവര്‍ അവരെ കൊന്നു; നിങ്ങളോ അവര്‍ക്കു കല്ലറ കള്‍ പണിയുന്നു.49 അതുകൊണ്ടാണ്, ദൈവത്തിന്റെ ജ്ഞാനം ഇങ്ങനെ പറഞ്ഞിരിക്കുന്നത്: ഞാന്‍ അവരുടെ അടുത്തേക്കു പ്രവാചകന്‍മാരെയും അപ്പസ്‌തോലന്‍മാരെയും അയയ്ക്കും. അവരില്‍ ചിലരെ അവര്‍ പീഡിപ്പിക്കുകയും കൊല്ലുകയും ചെയ്യും.50 ലോകാരംഭം മുതല്‍ ചൊരിയപ്പെട്ടിട്ടു ള്ള സകല പ്രവാചകന്‍മാരുടെയും രക്തത്തിന് – ആബേല്‍ മുതല്‍, ബലിപീഠത്തിനും വിശുദ്ധസ്ഥലത്തിനും മധ്യേവച്ചു കൊല്ലപ്പെട്ട സഖറിയാവരെയുള്ളവരുടെ രക്തത്തിന് – ഈ തലമുറ ഉത്തരം പറയേണ്ടിവരും.51 അതേ, ഞാന്‍ പറയുന്നു, ഈ തലമുറയോട് അത് ആവശ്യപ്പെടും.52 നിയമജ്ഞരേ, നിങ്ങള്‍ക്കു ദുരിതം! നിങ്ങള്‍ വിജ്ഞാനത്തിന്റെ താക്കോല്‍ കരസ്ഥമാക്കിയിരിക്കുന്നു. നിങ്ങളോ അകത്തു പ്രവേ ശിച്ചില്ല; പ്രവേശിക്കാന്‍ വന്നവരെ തടസ്‌സപ്പെടുത്തുകയും ചെയ്തു.53 അവന്‍ അവിടെ നിന്നു പോകവേ, നിയമജ്ഞരും ഫരിസേയരും കോപാകുലരായി പല കാര്യങ്ങളെപ്പറ്റി സംസാരിക്കാന്‍ അവനെ പ്രേരിപ്പിക്കുകയും54 അവന്‍ പറയുന്നതില്‍ എന്തെങ്കിലും തെറ്റു കണ്ടുപിടിക്കാന്‍ തക്കം നോക്കുകയും ചെയ്തു.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Gospel of St. Luke
Advertisements

Leave a comment