വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 13
പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നാശം
1 ഗലീലിയക്കാരായ ഏതാനും പേരുടെ ബലികളില്‍ അവരുടെ രക്തംകൂടി പീലാത്തോസ് കലര്‍ത്തിയ വിവരം, ആ സമയത്ത് അവിടെയുണ്ടായിരുന്ന ചിലര്‍ അവനെ അറിയിച്ചു2 അവന്‍ ചോദിച്ചു: ഇവയെല്ലാം അനുഭവിച്ചതുകൊണ്ട് അവര്‍ മറ്റെല്ലാ ഗലീലിയക്കാരെയുംകാള്‍ കൂടുതല്‍ പാപികളായിരുന്നു എന്നു നിങ്ങള്‍ കരുതുന്നുവോ?3 അല്ല എന്നു ഞാന്‍ പറയുന്നു. പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.4 അഥവാ, സിലോഹായിലെ ഗോപുരം ഇടിഞ്ഞുവീണു കൊല്ലപ്പെട്ട ആ പതിനെട്ടു പേര്‍, അന്നു ജറുസ ലെമില്‍ വസിച്ചിരുന്ന എല്ലാവരെയുംകാള്‍ കുറ്റക്കാരായിരുന്നു എന്നു നിങ്ങള്‍ വിചാരിക്കുന്നുവോ?5 അല്ല എന്നു ഞാന്‍ പറയുന്നു: പശ്ചാത്തപിക്കുന്നില്ലെങ്കില്‍ നിങ്ങളെല്ലാവരും അതുപോലെ നശിക്കും.
ഫലം തരാത്ത അത്തിവൃക്ഷം
6 അവന്‍ ഈ ഉപമ പറഞ്ഞു: ഒരുവന്‍ മുന്തിരിത്തോട്ടത്തില്‍ ഒരു അത്തിവൃക്ഷം നട്ടുപിടിപ്പിച്ചു. അതില്‍ പഴമുണ്ടോ എന്നുനോക്കാന്‍ അവന്‍ വന്നു; എന്നാല്‍ ഒന്നും കണ്ടില്ല.7 അപ്പോള്‍ അവന്‍ കൃഷിക്കാരനോടു പറഞ്ഞു: മൂന്നു വര്‍ഷമായി ഞാന്‍ ഈ അത്തിവൃക്ഷത്തില്‍നിന്ന് ഫലം അന്വേഷിച്ചുവരുന്നു; ഒന്നും കാണുന്നില്ല. അതു വെട്ടിക്കളയുക. എന്തിനു നിലം പാഴാക്കണം?8 കൃഷിക്കാരന്‍ അവനോടു പറഞ്ഞു:യജമാനനേ, ഈ വര്‍ഷം കൂടെ അതു നില്‍ക്കട്ടെ. ഞാന്‍ അതിന്റെ ചുവടുകിളച്ചു വളമിടാം.9 മേലില്‍ അതു ഫലം നല്‍ കിയേക്കാം. ഇല്ലെങ്കില്‍ നീ അതു വെട്ടിക്ക ളഞ്ഞുകൊള്ളുക.
കൂനുള്ള സ്ത്രീയെ സുഖപ്പെടുത്തുന്നു
10 ഒരു സാബത്തില്‍ അവന്‍ ഒരു സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു.11 പതിനെട്ടു വര്‍ഷമായി ഒരു ആത്മാവു ബാധിച്ച് രോഗിണിയായി നിവര്‍ന്നു നില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവള്‍ അവിടെയുണ്ടായിരുന്നു.12 യേശു അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തില്‍നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു.13 അവന്‍ അവളുടെമേല്‍ കൈകള്‍വച്ചു. തത്ക്ഷണം അവള്‍ നിവര്‍ന്നുനില്‍ക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു.14 യേശു സാബത്തില്‍ രോഗം സുഖപ്പെടുത്തിയതില്‍ കോപിച്ച് സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവ സങ്ങള്‍ ഉണ്ട്. ആദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടിക്കൊള്ളുക; സാബത്തുദിവസം പാടില്ല.15 അപ്പോള്‍ കര്‍ത്താവു പറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ ഓരോരുത്തരും സാബത്തില്‍ കാളയെയോ കഴുതയെയോ തൊഴുത്തില്‍ നിന്നഴിച്ച് വെള്ളം കുടിപ്പിക്കാന്‍ കൊണ്ടു പോകുന്നില്ലേ?16 പ തിനെട്ടുവര്‍ഷം സാത്താന്‍ ബന്ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിന്റെ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ?17 ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാല്‍, ജനക്കൂട്ടം മുഴുവന്‍ അവന്‍ ചെയ്തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.
കടുകുമണിയും പുളിമാവും
18 അവന്‍ പറഞ്ഞു: ദൈവരാജ്യം എന്തിനോടു സദൃശമാണ്? എന്തിനോടു ഞാന്‍ അതിനെ ഉപമിക്കും?19 അത് ഒരുവന്‍ തന്റെ തോട്ടത്തില്‍ പാകിയ കടുകുമണിക്കു സദൃശമാണ്. അതു വളര്‍ന്നു മരമായി. ആകാശത്തിലെ പക്ഷികള്‍ അതിന്റെ ശാഖകളില്‍ ചേക്കേറി.20 അവന്‍ വീണ്ടും പറഞ്ഞു: ദൈവരാജ്യത്തെ എന്തിനോടാണു ഞാന്‍ ഉപമിക്കേണ്ടത്?21 ഒരു സ്ത്രീ മൂന്നളവു മാവില്‍ അതു മുഴുവന്‍ പുളിക്കുവോളം ചേര്‍ത്തുവച്ച പുളിപ്പുപോലെയാണത്.
ഇടുങ്ങിയ വാതില്‍
22 പട്ടണങ്ങളിലും ഗ്രാമങ്ങളിലും പഠിപ്പിച്ചുകൊണ്ട് അവന്‍ ജറുസലെമിലേക്കുയാത്രചെയ്യുകയായിരുന്നു.23 ഒരുവന്‍ അവനോടുചോദിച്ചു: കര്‍ത്താവേ, രക്ഷപ്രാപിക്കുന്നവര്‍ ചുരുക്കമാണോ? അവന്‍ അവരോടു പറഞ്ഞു:24 ഇടുങ്ങിയ വാതിലിലൂടെ പ്രവേശിക്കുവാന്‍ പരിശ്രമിക്കുവിന്‍. ഞാന്‍ നിങ്ങളോടു പറയുന്നു, അനേകംപേര്‍ പ്രവേശിക്കാന്‍ ശ്രമിക്കും. എന്നാല്‍ അവര്‍ക്കു സാധിക്കുകയില്ല.25 വീട്ടുടമസ്ഥന്‍ എഴുന്നേറ്റ്, വാതില്‍ അടച്ചു കഴിഞ്ഞാല്‍ പിന്നെ, നിങ്ങള്‍ പുറത്തുനിന്ന്, കര്‍ത്താവേ, ഞങ്ങള്‍ക്കു തുറന്നുതരണമേ എന്നു പറഞ്ഞ് വാതില്‍ക്കല്‍ മുട്ടാന്‍ തുടങ്ങും. അപ്പോള്‍ അവന്‍ നിങ്ങളോടു പറയും: നിങ്ങള്‍ എവിടെ നിന്നാണെന്നു ഞാന്‍ അറിയുന്നില്ല.26 അപ്പോള്‍ നിങ്ങള്‍ പറയും: നിന്റെ സാന്നിധ്യത്തില്‍ ഞങ്ങള്‍ ഭക്ഷിക്കുകയും പാനംചെയ്യുകയും ഞങ്ങളുടെ തെരുവുകളില്‍ നീ പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്.27 എന്നാല്‍ അവന്‍ പറയും: നിങ്ങള്‍ എവിടെനിന്നാണെന്നു ഞാന്‍ അ റിയുന്നില്ല. അനീതി പ്രവര്‍ത്തിക്കുന്ന നിങ്ങള്‍ എന്നില്‍നിന്ന് അകന്നു പോകുവിന്‍.28 അബ്രാഹവും ഇസഹാക്കും യാക്കോബും സകല പ്രവാചകന്‍മാരും ദൈവരാജ്യത്തില്‍ ഇരിക്കുന്നതായും നിങ്ങള്‍ പുറംതള്ളപ്പെടുന്നതായും കാണുമ്പോള്‍ നിങ്ങള്‍ വിലപിക്കുകയും പല്ലിറുമ്മുകയും ചെയ്യും.29 കിഴക്കുനിന്നും പടിഞ്ഞാറുനിന്നും വടക്കുനിന്നും തെക്കുനിന്നും ജനങ്ങള്‍ വന്ന് ദൈവ രാജ്യത്തില്‍ വിരുന്നിനിരിക്കും.30 അപ്പോള്‍ മുന്‍പന്‍മാരാകുന്ന പിന്‍പന്‍മാരും പിന്‍പന്‍മാരാകുന്ന മുന്‍പന്‍മാരും ഉണ്ടായിരിക്കും.
ജറുസലെമിനെക്കുറിച്ചുള്ള വിലാപം
31 അപ്പോള്‍തന്നെ ചില ഫരിസേയര്‍ വന്ന് അവനോടു പറഞ്ഞു: ഇവിടെ നിന്നു പോവുക; ഹേറോദേസ് നിന്നെകൊല്ലാന്‍ ഒരുങ്ങുന്നു.32 അവന്‍ പറഞ്ഞു: നിങ്ങള്‍ പോയി ആ കുറുക്കനോടു പറയുവിന്‍: ഞാന്‍ ഇന്നും നാളെയും പിശാചുക്കളെ പുറത്താക്കുകയും രോഗശാന്തി നല്‍കുകയും ചെയ്യും. മൂന്നാംദിവസം എന്റെ ദൗത്യം ഞാന്‍ പൂര്‍ത്തിയാക്കിയിരിക്കും.33 എങ്കിലും ഇന്നും നാളെയും മറ്റന്നാളും ഞാന്‍ എന്റെ യാത്ര തുടരേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, ജറുസലെമിനു പുറത്തുവച്ച് ഒരു പ്രവാചകന്‍ നശിക്കുക സാധ്യമല്ല.34 ജറുസലേം, ജറുസലേം, പ്രവാചകന്‍മാരെ കൊല്ലുകയും നിന്റെ അടുത്തേക്ക് അയയ്ക്കപ്പെടുന്നവരെ കല്ലെറിയുകയും ചെയ്യുന്നവളേ, പിടക്കോഴി കുഞ്ഞുങ്ങളെ ചിറ കിന്‍കീഴ്‌ചേര്‍ത്തുനിര്‍ത്തുന്നതുപോലെ നിന്റെ സന്താനങ്ങളെ ഒന്നിച്ചുചേര്‍ക്കുന്നതിന് ഞാന്‍ എത്രയോ പ്രാവശ്യം ആഗ്രഹിച്ചു! പക്‌ഷേ, നിങ്ങള്‍ സമ്മതിച്ചില്ല.35 ഇ താ, നിങ്ങളുടെ ഭവനം പരിത്യക്തമായിരിക്കുന്നു. ഞാന്‍ നിങ്ങളോടു പറയുന്നു, കര്‍ത്താവിന്റെ നാമത്തില്‍ വരുന്നവന്‍ അനുഗൃഹീതന്‍ എന്നു നിങ്ങള്‍ പറയുന്നതുവരെ നിങ്ങള്‍ എന്നെ കാണുകയില്ല.

