Gospel of St. Luke Chapter 19 | വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 19 | Malayalam Bible | POC Translation

വി. ലൂക്കാ എഴുതിയ സുവിശേഷം, അദ്ധ്യായം 19

സക്കേവൂസിന്റെ ഭവനത്തില്‍

1 യേശു ജറീക്കോയില്‍ പ്രവേശിച്ച് അതിലൂടെ കടന്നുപോവുകയായിരുന്നു.2 അവിടെ സക്കേവൂസ് എന്നു പേരായ ഒരാളുണ്ടായിരുന്നു. അവന്‍ ചുങ്കക്കാരില്‍ പ്രധാനനും ധനികനുമായിരുന്നു.3 യേശു ആരെന്നു കാണാന്‍ അവന്‍ ആഗ്രഹിച്ചു. പൊക്കം കുറവായിരുന്നതിനാല്‍ ജനക്കൂട്ടത്തില്‍ നിന്നുകൊണ്ട് അതു സാധ്യമായിരുന്നില്ല.4 യേശുവിനെ കാണാന്‍വേണ്ടി അവന്‍ മുമ്പേ ഓടി, ഒരു സിക്കമൂര്‍ മരത്തില്‍ കയ റിയിരുന്നു. യേശു അതിലേയാണ് കടന്നുപോകാനിരുന്നത്.5 അവിടെയെത്തിയപ്പോള്‍ അവന്‍ മുകളിലേക്കു നോക്കിപ്പറഞ്ഞു: സക്കേവൂസ്, വേഗം ഇറങ്ങിവരുക. ഇന്ന് എനിക്കു നിന്റെ വീട്ടില്‍ താമസിക്കേണ്ടിയിരിക്കുന്നു.6 അവന്‍ തിടുക്കത്തില്‍ ഇറങ്ങിച്ചെന്ന് സന്തോഷത്തോടെ അവനെ സ്വീകരിച്ചു.7 ഇതു കണ്ടപ്പോള്‍ അവരെല്ലാവരും പിറുപിറുത്തു: ഇവന്‍ പാപിയുടെ വീട്ടില്‍ അതിഥിയായി താമസിക്കുന്നല്ലോ.8 സക്കേ വൂസ് എഴുന്നേറ്റു പറഞ്ഞു: കര്‍ത്താവേ, ഇതാ, എന്റെ സ്വത്തില്‍ പകുതി ഞാന്‍ ദരിദ്രര്‍ക്കു കൊടുക്കുന്നു. ആരുടെയെങ്കിലും വക വഞ്ചിച്ചെടുത്തിട്ടുണ്ടെങ്കില്‍, നാലിരട്ടിയായി തിരിച്ചു കൊടുക്കുന്നു.9 യേശു അവനോടു പറഞ്ഞു: ഇന്ന് ഈ ഭവനത്തിനുരക്ഷ ലഭിച്ചിരിക്കുന്നു. ഇവനും അബ്രാ ഹത്തിന്റെ പുത്രനാണ്.10 നഷ്ടപ്പെട്ടുപോയതിനെ കണ്ടെത്തി രക്ഷിക്കാനാണ് മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്.

പത്തു നാണയത്തിന്റെ ഉപമ

11 അവര്‍ ഇതു കേട്ടുകൊണ്ടിരിക്കുമ്പോള്‍, അവന്‍ തുടര്‍ന്ന് ഒരു ഉപമ പറഞ്ഞു. കാരണം, അവന്‍ ജറുസലെമിനു സ മീപത്തായിരുന്നു. ദൈവരാജ്യം ഉടന്‍ വന്നുചേരുമെന്ന് അവര്‍ വിചാരിക്കുകയും ചെയ്തിരുന്നു.12 അവന്‍ പറഞ്ഞു: ഒരു പ്രഭു രാജപദവി സ്വീകരിച്ചു തിരിച്ചു വരാന്‍ വേണ്ടി ദൂരദേശത്തേക്കു പോയി.13 അവന്‍ ഭൃത്യന്‍മാരില്‍ പത്തുപേരെ വിളിച്ച്, പത്തു നാണയം അവരെ ഏല്‍പിച്ചുകൊണ്ടു പറഞ്ഞു: ഞാന്‍ തിരിച്ചുവരുന്നതുവരെ നിങ്ങള്‍ ഇതുകൊണ്ടു വ്യാപാരം ചെയ്യുവിന്‍.14 അവന്റെ പൗരന്‍മാര്‍ അവനെ വെറുത്തിരുന്നു. ഈ മനുഷ്യന്‍ ഞങ്ങളെ ഭരിക്കുവാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നില്ല എന്ന നിവേദനവുമായി അവര്‍ ഒരു പ്രതിനിധിസംഘത്തെ അവന്റെ പിന്നാലെ അയച്ചു.15 എന്നാല്‍, അവന്‍ രാജപദവി സ്വീകരിച്ചു തിരിച്ചുവന്നു. താന്‍ പണം ഏല്‍പിച്ചിരുന്ന ഭൃത്യന്‍മാര്‍ വ്യാപാരം ചെയ്ത് എന്തു സ മ്പാദിച്ചുവെന്ന് അറിയുന്നതിന് അവരെ വിളിക്കാന്‍ അവന്‍ കല്‍പിച്ചു.16 ഒന്നാമന്‍ വന്നുപറഞ്ഞു:യജമാനനേ, നീ തന്ന നാണയം പത്തുകൂടി നേടിയിരിക്കുന്നു.17 അവന്‍ പറഞ്ഞു: കൊള്ളാം, നല്ലവനായ ഭൃത്യാ, ചെറിയകാര്യത്തില്‍ വിശ്വസ്തനായിരുന്നതുകൊണ്ട് പത്തു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും.18 രണ്ടാമന്‍ വന്നു പറഞ്ഞു:യജമാനനേ, നീ തന്ന നാണയം അഞ്ചുകൂടി നേടിയിരിക്കുന്നു.19 യ ജമാനന്‍ അവനോടു പറഞ്ഞു: അഞ്ചു നഗരങ്ങളുടെമേല്‍ നീ അധികാരിയായിരിക്കും.20 വേറൊരുവന്‍ വന്നു പറഞ്ഞു:യജമാനനേ, ഞാന്‍ തുണിയില്‍ പൊതിഞ്ഞു സൂക്ഷിച്ചിരുന്ന നിന്റെ നാണയം ഇതാ.21 നിന്നെ എനിക്കു ഭയമായിരുന്നു. കാരണം, നീ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്തതു കൊയ്യുന്നവനുമാണ്.22 അവന്‍ പറഞ്ഞു: ദുഷ്ടഭൃത്യാ, നിന്റെ വാക്കുകൊണ്ടുതന്നെ നിന്നെ ഞാന്‍ വിധിക്കും. ഞാന്‍ കര്‍ക്കശനും വയ്ക്കാത്തത് എടുക്കുന്നവനും വിതയ്ക്കാത്ത തു കൊയ്യുന്നവനും ആണെന്നു നീ അറിഞ്ഞിരുന്നല്ലോ.23 പിന്നെ നീ എന്തുകൊണ്ടു പണമിടപാടുകാരെ എന്റെ പണം ഏല്‍പിച്ചില്ല? എങ്കില്‍, ഞാന്‍ മടങ്ങിവന്നപ്പോള്‍ പലിശയോടുകൂടി അതു തിരിച്ചു വാങ്ങുമായിരുന്നില്ലേ?24 അവന്‍ ചുറ്റും നിന്നിരുന്നവരോടു പറഞ്ഞു: അവനില്‍ നിന്ന് ആ നാണയം എടുത്ത് പത്തുനാണയമുള്ളവനു കൊടുക്കുക.25 അവര്‍ അവനോട്, യജമാനനേ, അവനു പത്തു നാണയം ഉണ്ടല്ലോ എന്നു പറഞ്ഞു.26 ഞാന്‍ നിങ്ങളോടു പറയുന്നു, ഉള്ളവനു കൊടുക്കപ്പെടും; ഇല്ലാത്തവനില്‍നിന്ന് ഉള്ള തുപോലും എടുക്കപ്പെടും.27 ഞാന്‍ ഭരിക്കുന്നത് ഇഷ്ടമില്ലാതിരുന്ന എന്റെ ശത്രുക്കളെ ഇവിടെ കൊണ്ടുവന്ന് എന്റെ മു മ്പില്‍വച്ചു കൊന്നുകളയുവിന്‍.

ജറുസലെമിലേക്കു രാജകീയപ്രവേശം

28 അവന്‍ ഇതു പറഞ്ഞതിനുശേഷം ജറുസലെമിലേക്കുള്ളയാത്ര തുടര്‍ന്നു.29 ഒലിവുമലയ്ക്കരികെയുള്ള ബേത്ഫഗെ, ബഥാനിയാ എന്നീ സ്ഥലങ്ങളെ സമീപിച്ചപ്പോള്‍, അവന്‍ രണ്ടു ശിഷ്യന്‍മാരെ ഇപ്രകാരം നിര്‍ദേശിച്ചയച്ചു:30 എതിരേ കാണുന്ന ഗ്രാമത്തിലേക്കു പോകുവിന്‍. അവിടെ ചെല്ലുമ്പോള്‍, ആരും ഒരിക്കലും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ കെട്ടിയിരിക്കുന്നതു കാണും. അതിനെ അഴിച്ചുകൊണ്ടുവരിക.31 നിങ്ങള്‍ അതിനെ അഴിക്കുന്നതെന്തിനെന്ന് ആരെങ്കിലും ചോദിച്ചാല്‍ കര്‍ത്താവിന് അതിനെക്കൊണ്ട് ആവശ്യമുണ്ട് എന്നുപറയുക.32 അയയ്ക്കപ്പെട്ട വര്‍ പോയി യേശു പറഞ്ഞതുപോലെ കണ്ടു.33 അവര്‍ കഴുതക്കുട്ടിയെ അഴിക്കുമ്പോള്‍ അതിന്റെ ഉടമസ്ഥര്‍ അവരോട്, നിങ്ങള്‍ എന്തിനാണ് കഴുതക്കുട്ടിയെ അഴിക്കുന്നത് എന്നു ചോദിച്ചു.34 കര്‍ത്താവിന് ഇതിനെക്കൊണ്ട് ആവശ്യമുണ്ട് എന്ന് അവര്‍ പറഞ്ഞു.35 അവര്‍ അതിനെ യേശുവിന്റെ അടുക്കല്‍ കൊണ്ടുവന്നു. തങ്ങളുടെ വസ്ത്രങ്ങള്‍ കഴുതക്കുട്ടിയുടെ പുറത്തു വിരിച്ച് അവര്‍ യേശുവിനെ ഇരുത്തി.36 അവന്‍ കടന്നുപോകുമ്പോള്‍ അവര്‍ വഴിയില്‍ തങ്ങളുടെ വസ്ത്രങ്ങള്‍ വിരിച്ചു.37 അവന്‍ പട്ടണത്തോടടുത്ത് ഒലിവു മലയുടെ ചരിവിനു സമീപത്തെത്തിയപ്പോള്‍ ശിഷ്യഗണം മുഴുവന്‍ സന്തോഷിച്ച് തങ്ങള്‍ കണ്ട എല്ലാ അദ്ഭുതപ്രവൃത്തികളെയുംപറ്റി ഉച്ചത്തില്‍ ദൈവത്തെ സ്തുതിക്കാന്‍ തുടങ്ങി.38 കര്‍ത്താവിന്റെ നാമത്തില്‍ വരുന്ന രാജാവ് അനുഗൃഹീതന്‍, സ്വര്‍ഗത്തില്‍ സമാധാനം, അത്യുന്നതങ്ങളില്‍ മഹത്വം എന്ന് അവര്‍ ആര്‍ത്തുവിളിച്ചു.39 ജനക്കൂട്ടത്തില്‍ ഉണ്ടായിരുന്ന ചില ഫരിസേയര്‍ അവനോടു പറഞ്ഞു: ഗുരോ, നിന്റെ ശിഷ്യന്‍മാരെ ശാസിക്കുക.40 അവന്‍ പ്രതിവചിച്ചു: ഇവര്‍ മൗനം ഭജിച്ചാല്‍ ഈ കല്ലുകള്‍ ആര്‍ത്തുവിളിക്കുമെന്ന് ഞാന്‍ നിങ്ങളോടു പറയുന്നു.41 അവന്‍ അടുത്തുവന്ന് പട്ടണം കണ്ടപ്പോള്‍ അതിനെക്കുറിച്ചു വിലപിച്ചുകൊണ്ടു പറഞ്ഞു:42 സമാധാനത്തിനുള്ള മാര്‍ഗങ്ങള്‍ ഈ ദിവസത്തിലെങ്കിലും നീ അറിഞ്ഞിരുന്നെങ്കില്‍! എന്നാല്‍, അവ ഇപ്പോള്‍ നിന്റെ ദൃഷ്ടിയില്‍നിന്നു മറയ്ക്കപ്പെട്ടിരിക്കുന്നു. 43 ശത്രുക്കള്‍ നിനക്കു ചു റ്റും പാളയമടിച്ചു നിന്നെ വളയുകയും, എല്ലാ ഭാഗത്തുംനിന്നു നിന്നെ ഞെരുക്കുകയും ചെയ്യുന്ന ദിവസങ്ങള്‍ വരും.44 നിന്നെയും നിന്റെ മക്കളെയും നശിപ്പിക്കുകയും നിന്നില്‍ കല്ലിന്‍മേല്‍ കല്ലു ശേഷിപ്പിക്കാതിരിക്കുകയും ചെയ്യും. എന്തെന്നാല്‍, നിന്റെ സന്ദര്‍ശനദിനം നീ അറിഞ്ഞില്ല.

ദേവാലയ ശുദ്ധീകരണം.

45 അനന്തരം അവന്‍ ദേവാലയത്തില്‍ പ്രവേശിച്ച്, അവിടെ കച്ചവടം നടത്തിക്കൊണ്ടിരുന്നവരെ പുറത്താക്കാന്‍ തുടങ്ങി.46 അവന്‍ അവരോടു പറഞ്ഞു: എന്റെ ആലയം പ്രാര്‍ഥനാലയം എന്ന് എഴുതപ്പെട്ടിരിക്കുന്നു. നിങ്ങളോ അതിനെ കവര്‍ച്ചക്കാരുടെ ഗുഹയായി മാറ്റിയിരിക്കുന്നു.47 അവന്‍ ദിവസവും ദേവാലയത്തില്‍ പ ഠിപ്പിച്ചിരുന്നു. പുരോഹിതപ്രമുഖന്‍മാരും നിയമജ്ഞരും ജനപ്രമാണികളും അവനെ നശിപ്പിക്കാന്‍മാര്‍ഗം അന്വേഷിച്ചുകൊണ്ടിരുന്നു.48 എന്നാല്‍, അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കാരണം, ജനങ്ങളെല്ലാം അവന്റെ വാക്കുകളില്‍ മുഴുകി അവനെ വിട്ടുപോകാതെ നിന്നു.

Advertisements
Advertisements
St. Luke, the Evangelist
Advertisements
Gospel of St. Luke
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s