Gospel of St. John Chapter 5 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 5 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 5

ബേത്‌സഥായിലെ രോഗശാന്തി.

1 ഇതിനുശേഷം, യഹൂദരുടെ ഒരു തിരുനാളിന് യേശു ജറുസലെമിലേക്കു പോയി.2 ജറുസലെമില്‍ അജകവാടത്തിനടുത്ത് ഹെബ്രായഭാഷയില്‍ ബേത്‌സഥാ എന്നു വിളിക്കുന്ന ഒരു കുളമുണ്ടായിരുന്നു; അതിന് അഞ്ചുമണ്‍ഡപങ്ങളും.4 അവിടെ കുരുടരും മുടന്തരും തളര്‍വാതക്കാരുമായ അനേകം രോഗികള്‍ കിടന്നിരുന്നു.5 മുപ്പത്തിയെട്ടു വര്‍ഷമായി രോഗിയായിരുന്ന ഒരുവന്‍ അവിടെയുണ്ടായിരുന്നു.6 അവന്‍ അവിടെ കിടക്കുന്നത് യേശു കണ്ടു. അവന്‍ വളരെ നാളായി കിടപ്പിലാണെന്ന് അറിഞ്ഞ് യേശു ചോദിച്ചു: സുഖം പ്രാപിക്കാന്‍ നിനക്ക് ആഗ്രഹമുണ്ടോ?7 അവന്‍ പറഞ്ഞു: കര്‍ത്താവേ, വെള്ളമിളകുമ്പോള്‍ എന്നെ കുളത്തിലേക്കിറക്കാന്‍ ആരുമില്ല. ഞാന്‍ എത്തുമ്പോഴേക്കും മറ്റൊരുവന്‍ വെള്ളത്തില്‍ ഇറങ്ങിക്കഴിഞ്ഞിരിക്കും.8 യേശു അവനോടു പറഞ്ഞു: എഴുന്നേറ്റു കിടക്കയെടുത്തു നടക്കുക.9 അവന്‍ തത്ക്ഷണം സുഖം പ്രാപിച്ച് കിടക്കയെടുത്തു നടന്നു. അന്ന് സാബത്ത് ആയിരുന്നു.10 അതിനാല്‍, സുഖംപ്രാപിച്ച ആ മനുഷ്യനോടു യഹൂദര്‍ പറഞ്ഞു: ഇന്നു സാബത്താകയാല്‍ കിടക്ക ചുമക്കുന്നത് നിഷിദ്ധമാണ്.11 അവന്‍ മറുപടി പറഞ്ഞു: എന്നെ സുഖപ്പെടുത്തിയവന്‍ നിന്റെ കിടക്കയെടുത്തു നടക്കുക എന്ന് എന്നോടു പറഞ്ഞു.12 അപ്പോള്‍ അവര്‍ ചോദിച്ചു: കിടക്കയെടുത്തു നടക്കുക എന്ന് നിന്നോടു പറഞ്ഞവന്‍ ആരാണ്?13 അവിടെ ഉണ്ടായിരുന്ന ജനക്കൂട്ടത്തില്‍ യേശു മറഞ്ഞുകഴിഞ്ഞിരുന്നതിനാല്‍ അവന്‍ ആരാണെന്നു സുഖം പ്രാപിച്ചവന്‍ അറിഞ്ഞിരുന്നില്ല.14 പിന്നീട് യേശു ദേവാലയത്തില്‍വച്ച് അവനെ കണ്ടപ്പോള്‍ പറഞ്ഞു: ഇതാ, നീ സൗഖ്യം പ്രാപിച്ചിരിക്കുന്നു. കൂടുതല്‍ മോശമായതൊന്നും സംഭവിക്കാതിരിക്കാന്‍ മേലില്‍ പാപം ചെയ്യ രുത്.15 അവന്‍ പോയി, യേശുവാണു തന്നെ സുഖപ്പെടുത്തിയതെന്ന് യഹൂദരെ അ റിയിച്ചു.16 സാബത്തില്‍ ഇപ്രകാരം പ്രവര്‍ത്തിച്ചതിനാല്‍ യഹൂദര്‍ യേശുവിനെ ദ്വേഷിച്ചു.17 യേശു അവരോടു പറഞ്ഞു: എന്റെ പിതാവ് ഇപ്പോഴും പ്രവര്‍ത്തനനിരതനാണ്; ഞാനും പ്രവര്‍ത്തിക്കുന്നു.18 ഇതുമൂലം അവനെ വധിക്കാന്‍ യഹൂദര്‍ കൂടുതലായി പരിശ്രമിച്ചു. കാരണം, അവന്‍ സാബത്തു ലംഘിക്കുക മാത്രമല്ല തന്നെത്തന്നെ ദൈവതുല്യനാക്കിക്കൊണ്ട് ദൈവത്തെ തന്റെ പിതാവെന്നു വിളിക്കുകയുംചെയ്തു.

പുത്രന്റെ അധികാരം.

19 യേശു പറഞ്ഞു: സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു. പിതാവു ചെയ്തുകാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവര്‍ത്തിക്കുവാന്‍ സാധിക്കുകയില്ല. എന്നാല്‍, പിതാവു ചെയ്യുന്നതെല്ലാം അപ്രകാരംതന്നെ പുത്രനും ചെയ്യുന്നു.20 എന്തെന്നാല്‍, പിതാവു പുത്രനെ സ്‌നേഹിക്കുകയും താന്‍ ചെയ്യുന്നതെല്ലാം അവനെ കാണിക്കുകയും ചെയ്യുന്നു. നിങ്ങള്‍ വിസ്മയിക്കത്തക്കവിധം ഇവയെക്കാള്‍ വലിയ പ്രവൃത്തികളും അവിടുന്ന് അവനെ കാണിക്കും.21 പിതാവ് മരിച്ചവരെ എഴുന്നേല്‍പിച്ച് അവര്‍ക്കു ജീവന്‍ നല്‍കുന്നതുപോലെതന്നെ പുത്രനും താന്‍ ഇച്ഛിക്കുന്നവര്‍ക്കു ജീവന്‍ നല്‍കുന്നു.22 പിതാവ് ആരെയും വിധിക്കുന്നില്ല; വിധി മുഴുവനും അവിടുന്നു പുത്രനെ ഏല്‍പിച്ചിരിക്കുന്നു.23 പിതാവിനെ ആദരിക്കുന്നതുപോലെതന്നെ, എല്ലാവരും പുത്രനെയും ആദരിക്കേണ്ടതിനാണ് ഇത്. പുത്രനെ ആദരിക്കാത്തവരാരും അവനെ അയച്ച പിതാവിനെയും ആദരിക്കുന്നില്ല.24 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, എന്റെ വചനം കേള്‍ക്കുകയും എന്നെ അയച്ചവനെ വിശ്വസിക്കുകയും ചെയ്യുന്നവനു നിത്യജീവനുണ്ട്. അവനു ശിക്ഷാവിധി ഉണ്ടാകുന്നില്ല. പ്രത്യുത, അവന്‍ മരണത്തില്‍നിന്നു ജീവനിലേക്കു കടന്നിരിക്കുന്നു.25 സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, മരിച്ചവര്‍ ദൈവപുത്രന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു; അല്ല, വന്നുകഴിഞ്ഞു. ആ സ്വരം ശ്രവിക്കുന്നവര്‍ ജീവിക്കും.26 എന്തെന്നാല്‍, പിതാവിനു തന്നില്‍ത്തന്നെ ജീവനുള്ളതുപോലെ പുത്രനും തന്നില്‍ത്തന്നെ ജീവനുണ്ടാകാന്‍ അവിടുന്നു വരം നല്‍കിയിരിക്കുന്നു.27 മനുഷ്യപുത്രനായതുകൊണ്ട് വിധിക്കാനുള്ള അധികാരവും അവനു നല്‍കിയിരിക്കുന്നു.28 ഇതില്‍ നിങ്ങള്‍ വിസ്മയിക്കേണ്ടാ. എന്തെന്നാല്‍, കല്ലറകളിലുള്ളവരെല്ലാം അവന്റെ സ്വരം ശ്രവിക്കുന്ന സമയം വരുന്നു.29 അപ്പോള്‍ നന്‍മ ചെയ്തവര്‍ ജീവന്റെ ഉയിര്‍പ്പിനായും തിന്മ ചെയ്തവര്‍ ശിക്ഷാവിധിയുടെ ഉയിര്‍പ്പിനായും പുറത്തു വരും.

യേശുവിന്റെ സാക്ഷ്യം.

30 സ്വമേധയാ ഒന്നും ചെയ്യാന്‍ എനിക്കു സാധിക്കുകയില്ല. ഞാന്‍ ശ്രവിക്കുന്നതുപോലെ, ഞാന്‍ വിധിക്കുന്നു. എന്റെ വിധി നീതിപൂര്‍വകവുമാണ്. കാരണം, എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമാണ് ഞാന്‍ അന്വേഷിക്കുന്നത്.31 ഞാന്‍ എന്നെക്കുറിച്ചുതന്നെ സാക്ഷ്യപ്പെടുത്തുന്നെങ്കില്‍ എന്റെ സാക്ഷ്യം സത്യമല്ല.32 എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്ന വേറൊരാളുണ്ട്. എന്നെക്കുറിച്ചുള്ള അവന്റെ സാക്ഷ്യം സത്യമാണെന്ന് എനിക്കറിയാം.33 നിങ്ങള്‍ യോഹന്നാന്റെ അടുത്തേക്ക് ആളയച്ചു. അവന്‍ സത്യത്തിനു സാക്ഷ്യം നല്‍കുകയും ചെയ്തു.34 ഞാന്‍ മനുഷ്യരുടെ സാക്ഷ്യം സ്വീകരിക്കുന്നു എന്നു വിചാരിക്കേണ്ടാ; നിങ്ങള്‍ രക്ഷിക്കപ്പെടേണ്ടതിനാണ് ഞാന്‍ ഇതെല്ലാം പറയുന്നത്.35 കത്തിജ്വലിക്കുന്ന ഒരു വിളക്കായിരുന്നു അവന്‍ . അല്‍പസമയത്തേക്ക് അവന്റെ പ്രകാശത്തില്‍ ആഹ്‌ളാദിക്കാന്‍ നിങ്ങള്‍ ഒരുക്കവുമായിരുന്നു.36 എന്നാല്‍, യോഹന്നാന്‍േറതിനെക്കാള്‍ വലിയ സാക്ഷ്യം എനിക്കുണ്ട്. എന്തെന്നാല്‍, ഞാന്‍ പൂര്‍ത്തിയാക്കാനായി പിതാവ് എന്നെ ഏല്‍പിച്ച ജോലികള്‍ – ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികള്‍തന്നെ – പിതാവാണ് എന്നെ അയച്ചതെന്നു സാക്ഷ്യപ്പെടുത്തുന്നു.37 എന്നെ അയച്ച പിതാവുതന്നെ എന്നെക്കുറിച്ചു സാക്ഷ്യപ്പെടുത്തിയിരിക്കുന്നു. അവിടുത്തെ സ്വരം നിങ്ങള്‍ ഒരിക്കലുംകേട്ടിട്ടില്ല, രൂപം കണ്ടിട്ടുമില്ല.38 അവിടുന്ന് അയച്ചവനെ നിങ്ങള്‍ വിശ്വസിക്കാത്തതുകൊണ്ട് അവിടുത്തെ വചനം നിങ്ങളില്‍ വസിക്കുന്നില്ല.39 വിശുദ്ധ ലിഖിതങ്ങള്‍ നിങ്ങള്‍ പഠിക്കുന്നു, എന്തെന്നാല്‍, അവയില്‍ നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ വിചാരിക്കുന്നു. അവതന്നെയാണ് എന്നെക്കുറിച്ചു സാക്ഷ്യം നല്‍കുന്നത്.40 എന്നിട്ടും നിങ്ങള്‍ക്കു ജീവന്‍ ഉണ്ടാകേണ്ടതിന് എന്റെ അടുത്തേക്കുവരാന്‍ നിങ്ങള്‍ വിസമ്മതിക്കുന്നു.41 മനുഷ്യരില്‍നിന്നു ഞാന്‍ മഹത്വം സ്വീകരിക്കുന്നില്ല.42 എനിക്കു നിങ്ങളെ അറിയാം. നിങ്ങളില്‍ ദൈവസ്‌നേഹമില്ല.43 ഞാന്‍ എന്റെ പിതാവിന്റെ നാമത്തില്‍ വന്നിരിക്കുന്നു. എന്നിട്ടും നിങ്ങള്‍ എന്നെ സ്വീകരിക്കുന്നില്ല. എന്നാല്‍, മറ്റൊരുവന്‍ സ്വന്തം നാമത്തില്‍ വന്നാല്‍ നിങ്ങള്‍ അവനെ സ്വീകരിക്കും.44 പരസ്പരം മഹത്വം സ്വീകരിക്കുകയും ഏകദൈവത്തില്‍നിന്നു വരുന്ന മഹത്വം അന്വേഷിക്കാതിരിക്കുകയും ചെയ്യുന്ന നിങ്ങള്‍ക്ക് എങ്ങനെ വിശ്വസിക്കാന്‍ കഴിയും?45 പിതാവിന്റെ സന്നിധിയില്‍ ഞാനായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുന്നത് എന്നു നിങ്ങള്‍ വിചാരിക്കേണ്ടാ. നിങ്ങള്‍ പ്രത്യാശ അര്‍പ്പിച്ചിരിക്കുന്നമോശയായിരിക്കും നിങ്ങളെ കുറ്റപ്പെടുത്തുക.46 നിങ്ങള്‍ മോശയെ വിശ്വസിച്ചിരുന്നെങ്കില്‍ എന്നെയും വിശ്വസിക്കുമായിരുന്നു. കാരണം, എന്നെക്കുറിച്ച് അവന്‍ എഴുതിയിരിക്കുന്നു.47 എന്നാല്‍, അവന്‍ എഴുതിയവനിങ്ങള്‍ വിശ്വസിക്കുന്നില്ലെങ്കില്‍ പിന്നെ എന്റെ വാക്കുകള്‍ എങ്ങനെ വിശ്വസിക്കും?

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Leave a comment