Gospel of St. John Chapter 18 | വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 18 | Malayalam Bible | POC Translation

വി. യോഹന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 18

യേശുവിനെ ബന്ധിക്കുന്നു
(മത്തായി 26 : 47 – 26 : 56 ) (മര്‍ക്കോസ് 14 : 43 – 14 : 50 )

1 ഇതു പറഞ്ഞശേഷം യേശു ശിഷ്യന്‍മാരോടുകൂടെ കെദ്രോണ്‍ അരുവിയുടെ അക്കരെയെത്തി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു. അവനും ശിഷ്യന്‍മാരും അതില്‍ പ്രവേശിച്ചു. (ലൂക്കാ 22 : 47 – 22 : 53 )

2 അവനെ ഒറ്റിക്കൊടുത്ത യൂദാസിനും ആ സ്ഥലം അറിയാമായിരുന്നു. കാരണം, യേശു പലപ്പോഴും ശിഷ്യന്‍മാരോടുകൂടെ അവിടെ സമ്മേളിക്കാറുണ്ടായിരുന്നു.3 യൂദാസ് ഒരുഗണം പടയാളികളെയും പുരോഹിതപ്രമുഖന്‍മാരുടെയും ഫരിസേയരുടെയും അടുക്കല്‍നിന്നു സേവകരെയും കൂട്ടി പന്തങ്ങളും വിളക്കുകളും ആയുധങ്ങളുമായി അവിടെയെത്തി.4 തനിക്കു സംഭവിക്കാനിരിക്കുന്നതെല്ലാം അറിഞ്ഞിരുന്ന യേശു മുമ്പോട്ടു വന്ന് അവരോടു ചോദിച്ചു: നിങ്ങള്‍ ആരെയാണ് അന്വേഷിക്കുന്നത്?5 അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ. യേശു പറഞ്ഞു: അതു ഞാനാണ്. അവനെ ഒറ്റിക്കൊടുത്ത യൂദാസും അവരോടുകൂടെ ഉണ്ടായിരുന്നു.6 ഞാനാണ് എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവര്‍ പിന്‍വലിയുകയും നിലംപതിക്കുകയും ചെയ്തു.7 അവന്‍ വീണ്ടും ചോദിച്ചു: നിങ്ങള്‍ ആരെ അന്വേഷിക്കുന്നു? അവര്‍ പറഞ്ഞു: നസറായനായ യേശുവിനെ.8 യേശു പ്രതിവചിച്ചു: ഞാനാണ് എന്നു നിങ്ങളോടു പറഞ്ഞുവല്ലോ. നിങ്ങള്‍ എന്നെയാണ് അന്വേഷിക്കുന്നതെങ്കില്‍ ഇവര്‍ പൊയ്‌ക്കൊള്ളട്ടെ.9 നീ എനിക്കു തന്നവ രില്‍ ആരെയും ഞാന്‍ നഷ്ടപ്പെടുത്തിയില്ല എന്ന് അവന്‍ പറഞ്ഞവചനം പൂര്‍ത്തിയാകാന്‍വേണ്ടിയായിരുന്നു ഇത്.10 ശിമയോന്‍ പത്രോസ് വാള്‍ ഊരി പ്രധാന പുരോഹിതന്റെ ഭൃത്യനെ വെട്ടി അവന്റെ വലത്തുചെവി ഛേദിച്ചുകളഞ്ഞു. ആ ഭൃത്യന്റെ പേര് മല്‍ക്കോസ് എന്നായിരുന്നു.11 യേശു പത്രോസിനോടു പറഞ്ഞു: വാള്‍ ഉറയിലിടുക. പിതാവ് എനിക്കു നല്‍കിയ പാനപാത്രം ഞാന്‍ കുടിക്കേണ്ടയോ?

പ്രധാനപുരോഹിതന്റെ മുമ്പില്‍
(മത്തായി 26 : 57 – 26 : 58 ) (മര്‍ക്കോസ് 14 : 53 – 14 : 54 ) (ലൂക്കാ 22 : 54 – 22 : 54 )

12 അപ്പോള്‍ പടയാളികളും അവരുടെ അധിപനും യഹൂദരുടെ സേവകരും കൂടി യേശുവിനെ പിടിച്ചു ബന്ധിച്ചു.13 അവര്‍ അവനെ ആദ്യം അന്നാസിന്റെ അടുക്കലേക്കു കൊണ്ടുപോയി. കാരണം, അവന്‍ ആ വര്‍ഷത്തെ പ്രധാനപുരോഹിതനായ കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്നു.14 ജനങ്ങള്‍ക്കുവേണ്ടി ഒരാള്‍ മരിക്കുന്നതുയുക്തമാണെന്നു യഹൂദരെ ഉപദേശിച്ചതു കയ്യാഫാസാണ്.

പത്രോസ് തള്ളിപ്പറയുന്നു.
(മത്തായി 26 : 69 – 26 : 70 ) (മര്‍ക്കോസ് 14 : 66 – 14 : 68 ) (ലൂക്കാ 22 : 55 – 22 : 57 )

15 ശിമയോന്‍ പത്രോസും മറ്റൊരു ശിഷ്യനും യേശുവിനെ അനുഗമിച്ചിരുന്നു. ആ ശിഷ്യനെ പ്രധാനാചാര്യനു പരിചയമുണ്ടായിരുന്നതിനാല്‍ അവന്‍ യേശുവിനോടുകൂടെ പ്രധാനപുരോഹിതന്റെ കൊട്ടാരമുറ്റത്തു പ്രവേശിച്ചു.16 പത്രോസാകട്ടെ പുറത്തു വാതില്‍ക്കല്‍ നിന്നു. അതിനാല്‍ പ്രധാനപുരോഹിതന്റെ പരിചയക്കാരനായ മറ്റേ ശിഷ്യന്‍ പുറത്തുചെന്നു വാതില്‍ക്കാവല്‍ക്കാരിയോടു സംസാരിച്ച് പത്രോസിനെയും അ കത്തു പ്രവേശിപ്പിച്ചു.17 അപ്പോള്‍ ആ പരിചാരിക പത്രോസിനോടു ചോദിച്ചു: നീയും ഈ മനുഷ്യന്റെ ശിഷ്യന്‍മാരിലൊരുവനല്ലേ? അല്ല എന്ന് അവന്‍ പറഞ്ഞു.18 തണുപ്പായിരുന്നതിനാല്‍ ഭൃത്യരും സേവകരും തീ കായുകയായിരുന്നു. പത്രോസും അവരോടൊപ്പം തീ കാഞ്ഞുകൊണ്ടിരുന്നു.

പ്രധാനപുരോഹിതന്‍ ചോദ്യം ചെയ്യുന്നു
(മത്തായി 26 : 59 – 26 : 66 ) (മര്‍ക്കോസ് 14 : 55 – 14 : 64 ) (ലൂക്കാ 22 : 66 – 22 : 71 )

19 പ്രധാനപുരോഹിതന്‍ യേശുവിനെ അവന്റെ ശിഷ്യരെയും പ്രബോധനത്തെയും കുറിച്ചു ചോദ്യംചെയ്തു.20 യേശു മറുപടി പറഞ്ഞു: ഞാന്‍ പരസ്യമായിട്ടാണു ലോകത്തോടു സംസാരിച്ചത്. എല്ലാ യഹൂദരും ഒരുമിച്ചുകൂടുന്ന സിനഗോഗിലും ദേവാലയത്തിലുമാണ് എപ്പോഴും ഞാന്‍ പഠിപ്പിച്ചിട്ടുള്ളത്. രഹസ്യമായി ഞാന്‍ ഒന്നും സംസാരിച്ചിട്ടില്ല.21 എന്നോടു ചോദിക്കുന്നതെന്തിന്? ഞാന്‍ പറഞ്ഞതെന്താണെന്ന് അതു കേട്ടവരോടു ചോദിക്കുക. ഞാന്‍ എന്താണു പറഞ്ഞതെന്ന് അവര്‍ക്കറിയാം.22 അവന്‍ ഇതു പറഞ്ഞപ്പോള്‍ അടുത്തു നിന്നിരുന്ന സേവകന്‍മാരിലൊരുവന്‍, ഇങ്ങനെയാണോ പ്രധാനപുരോഹിതനോടു മറുപടി പറയുന്നത് എന്നു ചോദിച്ചുകൊണ്ട് യേശുവിനെ അടിച്ചു.23 യേശു അവനോടു പറഞ്ഞു: ഞാന്‍ പറഞ്ഞതു തെറ്റാണെങ്കില്‍ അതു തെളിയിക്കുക. ശരിയാണു പറഞ്ഞതെങ്കില്‍ എന്തിനു നീ എന്നെ അടിക്കുന്നു?24 അപ്പോള്‍ അന്നാസ് യേശുവിനെ ബന്ധിച്ചു കയ്യാഫാസിന്റെ അടുക്കലേക്കയച്ചു.

പത്രോസ് വീണ്ടും തള്ളിപ്പറയുന്നു
(മത്തായി 26 : 71 – 26 : 75 ) (മര്‍ക്കോസ് 14 : 69 – 14 : 72 ) (ലൂക്കാ 22 : 58 – 22 : 62 )

25 ശിമയോന്‍പത്രോസ് തീ കാഞ്ഞുകൊണ്ടു നില്‍ക്കുകയായിരുന്നു. അപ്പോള്‍ അവര്‍ അവനോടു ചോദിച്ചു: നീയും അവന്റെ ശിഷ്യന്‍മാരില്‍ ഒരുവനല്ലേ? അല്ല എന്ന് അവന്‍ തള്ളിപ്പറഞ്ഞു.26 പ്രധാനപുരോഹിതന്റെ ഭൃത്യരിലൊരുവനും പത്രോസ് ചെവി ഛേദിച്ചവന്റെ ചാര്‍ച്ചക്കാരനുമായ ഒരുവന്‍ അവനോടു ചോദിച്ചു: ഞാന്‍ നിന്നെ അവനോടുകൂടെ തോട്ടത്തില്‍ കണ്ടതല്ലേ?27 പത്രോസ് വീണ്ടും തള്ളിപ്പറഞ്ഞു. ഉടനെ കോഴി കൂവി.

പീലാത്തോസിന്റെ മുമ്പില്‍
(മത്തായി 27 : 1 – 27 : 2 ) (മത്തായി 27 : 11 – 27 : 14 ) (മര്‍ക്കോസ് 15 : 1 – 15 : 5 ) (ലൂക്കാ 23 : 1 – 23 : 5 )

28 യേശുവിനെ അവര്‍ കയ്യാഫാസിന്റെ അടുത്തുനിന്നു പ്രത്തോറിയത്തിലേക്കു കൊണ്ടുപോയി. അപ്പോള്‍ പുലര്‍ച്ചയായിരുന്നു. അശുദ്ധരാകാതെ പെസഹാ ഭക്ഷിക്കേണ്ടതിനാല്‍ അവര്‍ പ്രത്തോറിയത്തില്‍ പ്രവേശിച്ചില്ല.29 അതിനാല്‍ പീലാത്തോസ് പുറത്ത് അവരുടെ അടുക്കല്‍ വന്നു ചോദിച്ചു: ഈ മനുഷ്യനെതിരേ എന്താരോപണമാണു നിങ്ങള്‍ കൊണ്ടുവരുന്നത്?30 അവര്‍ പറഞ്ഞു: ഇവന്‍ തിന്‍മ പ്രവര്‍ത്തിക്കുന്നവനല്ലെങ്കില്‍ ഞങ്ങള്‍ ഇവനെ നിനക്ക് ഏല്‍പിച്ചു തരുകയില്ലായിരുന്നു.31 പീലാത്തോസ് പറഞ്ഞു: നിങ്ങള്‍തന്നെ അവനെ കൊണ്ടുപോയി നിങ്ങളുടെ നിയമമനുസരിച്ചു വിധിച്ചുകൊള്ളുവിന്‍. അപ്പോള്‍ യഹൂദര്‍ പറഞ്ഞു: ആരെയും വധിക്കുന്നതിന് നിയമം ഞങ്ങളെ അനുവദിക്കുന്നില്ല.32 ഏതു വിധത്തിലുള്ള മരണമാണു തനിക്കു വരാനിരിക്കുന്നതെന്ന് സൂചിപ്പിച്ചുകൊണ്ട് യേശു പറഞ്ഞവചനം പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.33 പീലാത്തോസ് വീണ്ടും പ്രത്തോറിയത്തില്‍ പ്രവേശിച്ച് യേശുവിനെ വിളിച്ച് അവനോടു ചോദിച്ചു: നീ യഹൂദരുടെ രാജാവാണോ?34 യേശു പ്രതിവചിച്ചു: നീ ഇതു സ്വയമേവ പറയുന്നതോ, അതോ മറ്റുള്ളവര്‍ എന്നെപ്പറ്റി നിന്നോടു പറഞ്ഞതോ?35 പീലാത്തോസ് പറഞ്ഞു: ഞാന്‍ യഹൂദനല്ലല്ലോ; നിന്റെ ജനങ്ങളും പുരോഹിതപ്രമുഖന്‍മാരുമാണ് നിന്നെ എനിക്കേല്‍പിച്ചു തന്നത്. നീ എന്താണു ചെയ്തത്?36 യേശു പറഞ്ഞു: എന്റെ രാജ്യം ഐഹികമല്ല. ആയിരുന്നുവെങ്കില്‍ ഞാന്‍ യഹൂദര്‍ക്ക് ഏല്‍പിക്കപ്പെടാതിരിക്കാന്‍ എന്റെ സേവകര്‍ പോരാടുമായിരുന്നു. എന്നാല്‍, എന്റെ രാജ്യം ഐഹികമല്ല.37 പീലാത്തോസ് ചോദിച്ചു: അപ്പോള്‍ നീ രാജാവാണ് അല്ലേ? യേശു പ്രതിവചിച്ചു: നീതന്നെ പറയുന്നു, ഞാന്‍ രാജാവാണെന്ന്. ഇതിനുവേണ്ടിയാണു ഞാന്‍ ജനിച്ചത്. ഇതിനുവേണ്ടിയാണ് ഞാന്‍ ഈ ലോകത്തിലേക്കു വന്നതും – സത്യത്തിനു സാക്ഷ്യം നല്‍കാന്‍. സത്യത്തില്‍നിന്നുള്ളവന്‍ എന്റെ സ്വരം കേള്‍ക്കുന്നു.38 പീലാത്തോസ് അവനോടു ചോദിച്ചു: എന്താണു സത്യം?

മരണത്തിനു വിധിക്കപ്പെടുന്നു
(മത്തായി 27 : 15 – 27 : 31 ) (മര്‍ക്കോസ് 15 : 6 – 15 : 20 ) (ലൂക്കാ 23 : 13 – 23 : 25 )

39 ഇതു ചോദിച്ചിട്ട് അവന്‍ വീണ്ടും യഹൂദരുടെ അടുത്തേക്കു ചെന്ന് അവരോടു പറഞ്ഞു: അവനില്‍ ഒരു കുറ്റവും ഞാന്‍ കാണുന്നില്ല. എന്നാല്‍ പെസഹാദിവസം ഞാന്‍ നിങ്ങള്‍ക്കൊരുവനെ സ്വതന്ത്രനായി വിട്ടുതരുന്ന പതിവുണ്ടല്ലോ; അതിനാല്‍ യഹൂദരുടെ രാജാവിനെ ഞാന്‍ നിങ്ങള്‍ക്കു വിട്ടുതരട്ടെയോ?40 ഈ മനുഷ്യനെ അല്ല, ബറാബ്ബാസിനെ എന്ന് അവര്‍ ഉച്ചത്തില്‍ വിളിച്ചുപറഞ്ഞു. ബറാബ്ബാസ് കൊള്ളക്കാരനായിരുന്നു.

Advertisements
Advertisements
St. John the Evangelist
Advertisements
Advertisements

Leave a comment