Rev. Fr Idicheriya Thomas (1890-1937)

മൺമറഞ്ഞ മഹാരഥൻമാർ…

മലങ്കര സുറിയാനി കത്തോലിക്കാ സഭയിൽ നിന്ന് ദൈവസന്നിധിയിലേക്ക് വാങ്ങിപ്പോയ
ആചാര്യന്മാരെ അനുസ്മരിക്കുന്നു…

Rev. Fr Idicheriya Thomas

ഇലന്തൂർ പള്ളിയുടെ പ്രഥമ വികാരി ഫാ. ഇടിച്ചെറിയാ തോമസ്…

പത്തനംതിട്ട ഇലന്തൂർ തെങ്ങുംതറ വടക്കേക്കര കുടുംബാംഗമായ ഇട്ടിയുടെയും സാറാമ്മയുടെയും മകനായി ജനിച്ചു.

ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളിയുടെയും വഞ്ചിത്ര ഓർത്തഡോക്സ് പള്ളിയുടെയും വികാരിയായിരുന്ന അച്ചൻ അറിയപ്പെടുന്ന ഒരു സുറിയാനി പണ്ഡിതനായിരുന്നു.

ദൈവദാസൻ മാർ ഈവാനിയോസ് പിതാവിന്റെ നേതൃത്വത്തിൽ പുനരൈക്യ പ്രസ്ഥാനം രൂപപ്പെടുന്നതിന് മുമ്പു തന്നെ 1926ൽ പത്തനംതിട്ട അടുത്ത് പുത്തൻപീടികയിൽ വന്ദ്യനായ ഗീവർഗീസ് പീടികയിലച്ചന്റെ ആത്മീയ നേതൃത്വത്തിൽ നൂറിലധികം ആളുകൾ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടിരുന്നു. പീടികയിലച്ചന്റെ പ്രവർത്തനങ്ങളുടെ ഫലമായി ഇലന്തൂർ പ്രദേശത്ത് ആദ്യമായി ഇടിച്ചെറിയ അച്ചന്റെ അനുജൻ വടക്കേക്കര ഉണ്ണൂണ്ണി കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു.

1930ൽ ബഥനിയുടെ മെത്രാപ്പൊലീത്ത മാർ ഈവാനിയോസിന്റെ നേതൃത്വത്തിൽ മലങ്കരയുടെ ആരാധനക്രമവും പാരമ്പര്യവും വിശ്വാസവും അതിന്റെ തനിമയിൽ സൂക്ഷിച്ചു കൊണ്ട് കത്തോലിക്കാ സഭയിലേക്കുള്ള കടന്നുവരവ് നാടെങ്ങും സംസാരവിഷയമായി. മലങ്കര സഭയിലെ സമാധാനത്തിനുള്ള ഏക പോംവഴി പത്രോസിന്റെ പിൻഗാമിയായ റോമിലെ മാർപാപ്പയാൽ നയിക്കപ്പെടുന്ന കത്തോലിക്കാ സഭയുമായുള്ള ഐക്യമാണ് എന്ന ഉത്തമ ബോധ്യത്താലും സ്വസഹോദരനായ ഉണ്ണൂണ്ണിയുടെ പ്രേരണയാലും ഇലന്തൂർ കാരൂർ സെന്റ് പീറ്റേഴ്സ് ഓർത്തഡോക്സ് പള്ളി വികാരിയായിരുന്ന ഇടിച്ചെറിയ അച്ചന്റെ നേതൃത്വത്തിൽ ഒരു ചെറിയ സമൂഹം 1931ൽ കത്തോലിക്കാ സഭയിലേക്ക് പുനരൈക്യപ്പെട്ടു.

ബഹുമാനപ്പെട്ട വടക്കേക്കര അച്ചന്റെയും തോമസ് പതാലിൽ അച്ചന്റെയും നേതൃത്വത്തിൽ 1932ൽ ഇലന്തൂരിൽ മലങ്കര കത്തോലിക്കാ പള്ളി പണിയുകയും മാർ ഈവാനിയോസ് പിതാവ് പള്ളി കൂദാശ നടത്തി അയർലണ്ടിന്റെ അപ്പസ്തോലനായ വിശുദ്ധ പാട്രിക്കിന്റെ നാമത്തിൽ പ്രതിഷ്ഠിക്കുകയും ചെയ്തു.

ഇലന്തൂർ പള്ളിയുടെ പ്രഥമ വികാരിയായിരുന്ന അച്ചൻ 1932 മുതൽ 1935 വരെ അവിടെ ശുശ്രൂഷ ചെയ്തു.
ബഹുമാനപ്പെട്ട അച്ചന്റെ അക്ഷീണ പ്രയത്നത്തിന്റെ ഫലമായിട്ടാണ് ഇലന്തൂരിൽ പുനരൈക്യപ്രസ്ഥാനം ഇന്നു കാണുന്ന വിധത്തിൽ ശക്തിപ്പെട്ടത്.
ഇലന്തൂർ നെടുവേലിൽ ജംഗ്ഷനിലെ കുരിശടി സ്ഥാപിതമായിരിക്കുന്നത് അച്ചൻ ദാനമായി നൽകിയ സ്ഥലത്താണ്.

1937 നവംബർ 9ന് തന്റെ നാൽപ്പത്തിയേഴാം വയസ്സിൽ വടക്കേക്കര അച്ചൻ ദിവംഗതനായി. അച്ചന്റെ ഭൗതിക ശരീരം ഇലന്തൂർ സെന്റ് പാട്രിക് മലങ്കര കത്തോലിക്കാ പള്ളിയുടെ സെമിത്തേരിയിൽ സംസ്കരിക്കപ്പെട്ടു.

ഇടിച്ചെറിയ അച്ചന്റെ ജീവിതസഖി മറിയാമ്മ പ്രേഷിത ശുശ്രൂഷയിൽ താങ്ങായി കൂടെയുണ്ടായിരുന്നു. വി.റ്റി. കുട്ടി, വി.റ്റി. ജോർജ് , വി.റ്റി. ഏബ്രഹാം, വി.റ്റി. കുഞ്ഞ് എന്നീ നാല് ആൺമക്കളെയും കുഞ്ഞമ്മ, തങ്കമ്മ എന്നീ രണ്ട് പെണ്മക്കളെയും നൽകി ദൈവം ആ ദാമ്പത്യത്തെ അനുഗ്രഹിച്ചു.

അച്ചന് മാത്യു, സഖറിയാ, ഉണ്ണൂണ്ണി എന്നീ മൂന്ന് സഹോദരന്മാരും നാല് സഹോദരിമാരും ഉണ്ടായിരുന്നു.
ഫാ.ജോർജ്ജ് മൂത്തേരിൽ, ഫാ.ആംബ്രോസ് മൂത്തേരിൽ ഒ.ഐ.സി എന്നിവർ വടക്കേക്കര അച്ചന്റെ സഹോദരനായ സഖറിയയുടെ മക്കളായിരുന്നു. അച്ചന്റെ സഹോദരൻ ഉണ്ണൂണ്ണിയുടെ കൊച്ചുമകളായ സിസ്റ്റർ സവിധ ബഥനി സന്യാസിനി സമൂഹത്തിലെ തിരുവനന്തപുരം പ്രൊവിൻസിലെ അംഗമാണ്. ഇടിച്ചെറിയ അച്ചന്റെ പിൻതലമുറക്കാരനായ ഫാ.തോമസ് വടക്കേക്കര കുടുംബത്തിന്റെ വൈദികപാരമ്പര്യം നിലനിർത്തിക്കൊണ്ട് പത്തനംതിട്ട രൂപതാംഗമായി സ്തുത്യർഹമായ സഭാശുശ്രൂഷയിലേർപ്പെടുന്നു.

കടപ്പാട് : കെ.സി. ഏബ്രഹാം, ജോഷ്വാ മാത്യു (വടക്കേക്കര കുടുംബാംഗം),
സി. സണ്ണിക്കുട്ടി ചാമക്കാല (ഇലന്തൂർ ഇടവകാംഗം).

✍️ഏവർക്കും നന്മ
സ്നേഹത്തോടെ
ഫാ. സെബാസ്‌റ്റ്യൻ ജോൺ കിഴക്കേതിൽ (സിബി അച്ചൻ)

Advertisements

Email: fr.sebastiankizhakkethil@gmail.com

Fr Sebastian John Kizhakkethil

Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s