The Book of Acts Chapter 22 | അപ്പസ്തോല പ്രവർത്തനങ്ങൾ, അദ്ധ്യായം 22 | Malayalam Bible | POC Translation

അപ്പസ്തോലന്മാരുടെ പ്രവർത്തനങ്ങൾ, അദ്ധ്യായം 22

യഹൂദരോടു പ്രസംഗിക്കുന്നു

1 സഹോദരരേ, പിതാക്കന്‍മാരേ, നിങ്ങളോട് എനിക്കു പറയാനുള്ളന്യായവാദംകേള്‍ക്കുവിന്‍.2 ഹെബ്രായഭാഷയില്‍ അവന്‍ തങ്ങളെ അഭിസംബോധന ചെയ്യുന്നതു കേട്ടപ്പോള്‍ അവര്‍ കൂടുതല്‍ ശാന്തരായി.3 അവന്‍ പറഞ്ഞു: ഞാന്‍ ഒരു യഹൂദനാണ്. കിലിക്യായിലെ താര്‍സോസില്‍ ജനിച്ചു. എങ്കിലും, ഈ നഗരത്തിലാണ് ഞാന്‍ വളര്‍ന്നത്. ഗമാലിയേലിന്റെ പാദങ്ങളിലിരുന്ന് പിതാക്കന്‍മാരുടെ നിയമത്തില്‍ നിഷ് കൃഷ്ടമായ ശിക്ഷണം ഞാന്‍ നേടി. ഇന്ന് നിങ്ങളെല്ലാവരും ആയിരിക്കുന്നതുപോലെ ഞാനും ദൈവത്തെക്കുറിച്ചു തീക്ഷ്ണത നിറഞ്ഞവനായിരുന്നു.4 പുരുഷന്‍മാരെയും സ്ത്രീകളെയും ബന്ധിച്ച് കാരാഗൃഹത്തിലടച്ചുകൊണ്ട് ഈ മാര്‍ഗത്തെനാമാവശേഷമാക്കത്തക്കവിധം പീഡിപ്പിച്ചവനാണു ഞാന്‍.5 പ്രധാനാചാര്യനും ജനപ്രമാണികളുടെ സംഘം മുഴുവന്‍തന്നെയും എനിക്കു സാക്ഷികളാണ്. ദമാസ്‌ക്കസിലുള്ളവരെയും ബന്ധനത്തിലാക്കി ജറുസലെമില്‍ കൊണ്ടുവന്നു ശിക്ഷിക്കുന്നതിനുവേണ്ടി ഞാന്‍ അവരില്‍നിന്നു സഹോദരന്‍മാര്‍ക്കുള്ള കത്തുകളും വാങ്ങി അവിടേക്കുയാത്രപുറപ്പെട്ടു.

മാനസാന്തര കഥ

6 ഞാന്‍ യാത്രചെയ്ത് മധ്യാഹ്‌നത്തോ ടെ ദമാസ്‌ക്കസിനടുത്തെത്തിയപ്പോള്‍, പെട്ടെന്നു സ്വര്‍ഗത്തില്‍നിന്ന് ഒരു വലിയ പ്രകാശം എന്റെ ചുറ്റും വ്യാപിച്ചു.7 ഞാന്‍ നിലത്തുവീണു. ഒരു സ്വരം എന്നോട് ഇങ്ങനെ പറയുന്നതു കേട്ടു: സാവൂള്‍, സാവൂള്‍, നീ എന്നെ പീഡിപ്പിക്കുന്നത് എന്തുകൊണ്ട്?8 ഞാന്‍ ചോദിച്ചു: കര്‍ത്താവേ, അങ്ങ് ആരാണ്? അവന്‍ പറഞ്ഞു: നീ പീഡിപ്പിക്കുന്ന നസറായനായ യേശുവാണു ഞാന്‍.9 എന്റെ കൂടെയുണ്ടായിരുന്നവര്‍ പ്രകാശം കണ്ടു; എന്നാല്‍, എന്നോടു സംസാരിച്ചവന്റെ സ്വരം കേട്ടില്ല.10 ഞാന്‍ ചോദിച്ചു: കര്‍ത്താവേ, ഞാന്‍ എന്തുചെയ്യണം? കര്‍ത്താവ് എന്നോടു പറഞ്ഞു: എഴുന്നേറ്റ് ദമാസ്‌ക്കസിലേക്കു പോവുക. നിനക്കുവേണ്ടി നിശ്ചയിക്കപ്പെട്ടിരിക്കുന്നത് അവിടെവച്ചു നിന്നോടു പറയും.11 പ്രകാശത്തിന്റെ തീക്ഷ്ണതകൊണ്ട് എനിക്ക് ഒന്നും കാണാന്‍ സാധിക്കാതെ വന്നപ്പോള്‍, എന്റെ കൂടെയുണ്ടായിരുന്നവര്‍ കൈയ്ക്കു പിടിച്ച് എന്നെ നടത്തി. അങ്ങനെ, ഞാന്‍ ദമാസ്‌ക്കസിലെത്തി.12 അവിടെ താമസിച്ചിരുന്ന സകല യഹൂദര്‍ക്കും സുസമ്മതനും നിയമം അനുസരിക്കുന്നതില്‍ നിഷ്ഠയുള്ളവനുമായിരുന്ന അനനിയാസ് എന്ന ഒരു മനുഷ്യന്‍13 എന്റെ അടുത്തുവന്നു പറഞ്ഞു: സഹോദരനായ സാവൂള്‍, നിനക്കു കാഴ്ച തിരിച്ചുകിട്ടട്ടെ. ഉടന്‍തന്നെ എനിക്കു കാഴ്ച തിരിച്ചുകിട്ടുകയും ഞാന്‍ അവനെ കാണുകയുംചെയ്തു.14 അവന്‍ പറഞ്ഞു: നമ്മുടെ പിതാക്കന്‍മാരുടെ ദൈവത്തിന്റെ ഹിതമറിയാ നും നീതിമാനായവനെ ദര്‍ശിക്കാനും അവന്റെ അധരത്തില്‍നിന്നുള്ളസ്വരം ശ്രവിക്കാനും നിന്നെ അവിടുന്നു നിയമിച്ചിരിക്കുന്നു.15 നീ കാണുകയുംകേള്‍ക്കുകയും ചെയ്തതിനെക്കുറിച്ച് എല്ലാ മനുഷ്യരുടെയും മുമ്പാകെ അവനു നീ സാക്ഷിയായിരിക്കും.16 ഇനി നീ എന്തിനു കാത്തിരിക്കുന്നു? എഴുന്നേറ്റ് സ്‌നാനം സ്വീകരിക്കുക. അവന്റെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ട് നിന്റെ പാപങ്ങള്‍ കഴുകിക്കളയുക.

വിജാതീയരുടെ അപ്പസ്‌തോലന്‍

17 ഞാന്‍ ജറുസലെമില്‍ തിരിച്ചുവന്ന് ദേവാലയത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കുമ്പോള്‍, എനിക്കൊരു ദിവ്യാനുഭൂതിയുണ്ടായി.18 കര്‍ത്താവ് എന്നോട് ഇപ്രകാരം സംസാരിച്ചുകൊണ്ടു നില്‍ക്കുന്നതു ഞാന്‍ കണ്ടു. അവന്‍ പറഞ്ഞു: നീ വേഗം ജറുസലെമിനു പുറത്തു കടക്കുക. കാരണം, എന്നെക്കുറിച്ചുള്ള നിന്റെ സാക്ഷ്യം അവര്‍ സ്വീകരിക്കുകയില്ല.19 ഞാന്‍ പറഞ്ഞു: കര്‍ത്താവേ, ഞാന്‍ സിനഗോഗുകള്‍തോറും ചെന്ന് നിന്നില്‍ വിശ്വസിക്കുന്നവരെയെല്ലാം ബന്ധനസ്ഥരാക്കുകയും പ്രഹരിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവര്‍ക്ക് അറിയാം.20 നിനക്കു സാക്ഷ്യം നല്‍കിയ സ്‌തേഫാനോസിന്റെ രക്തം ചിന്തപ്പെട്ടപ്പോള്‍ ഞാനും അടുത്തുനിന്ന് അത് അംഗീകരിക്കുകയും അവന്റെ ഘാതകരുടെ വസ്ത്രങ്ങള്‍ സൂക്ഷിക്കുകയും ചെയ്തു.21 അപ്പോള്‍ അവന്‍ എന്നോടു പറഞ്ഞു: നീ പോവുക; അങ്ങു ദൂരെ വിജാതീയരുടെ അടുക്കലേക്കു ഞാന്‍ നിന്നെ അയയ്ക്കും.

ന്യായാസന സമക്ഷം

22 ഇത്രയും പറയുന്നതുവരെ അവര്‍ അവനെ ശ്രദ്ധിച്ചുകേട്ടിരുന്നു. പിന്നെ അവര്‍ സ്വരമുയര്‍ത്തി വിളിച്ചുപറഞ്ഞു: ഈ മനുഷ്യനെ ഭൂമിയില്‍നിന്നു നീക്കംചെയ്യുക. അവന്‍ ജീവനോടെയിരിക്കാന്‍ പാടില്ല.23 അവര്‍ ആക്രോശിച്ചുകൊണ്ടു തങ്ങളുടെ മേല്‍വസ്ത്രങ്ങള്‍ കീറുകയും അന്തരീക്ഷത്തിലേക്ക് പൂഴി വാരിയെറിയുകയും ചെയ്തു.24 അപ്പോള്‍ സഹസ്രാധിപന്‍, അവനെ പാളയത്തിലേക്കു കൊണ്ടുവരാനും എന്തു കുറ്റത്തിനാണ് അവര്‍ അവനെതിരായി ആക്രോശിക്കുന്നതെന്ന് അറിയാന്‍വേണ്ടി ചമ്മട്ടികൊണ്ടടിച്ചു തെളിവെടുക്കാനും കല്‍പിച്ചു.25 അവര്‍ പൗലോസിനെ തോല്‍വാറുകൊണ്ടു ബന്ധിച്ചപ്പോള്‍ അടുത്തുനിന്ന ശതാധിപനോട് അവന്‍ ചോദിച്ചു: റോമാപ്പൗരനായ ഒരുവനെ വിചാരണചെയ്ത് കുറ്റംവിധിക്കാതെ ചമ്മട്ടികൊണ്ടടിക്കുന്നതു നിയമാനുസൃതമാണോ?26 ശതാധിപന്‍ ഇതുകേട്ടപ്പോള്‍ സഹസ്രാധിപനെ സമീപിച്ചു പറഞ്ഞു: അങ്ങ് എന്താണു ചെയ്യാനൊരുങ്ങുന്നത്? ഈ മനുഷ്യന്‍ റോമാപ്പൗരനാണല്ലോ.27 അപ്പോള്‍ സഹസ്രാധിപന്‍ വന്ന് അവനോടു ചോദിച്ചുു: പറയൂ, നീ റോമാപ്പൗരനാണോ? അതേ എന്ന് അവന്‍ മറുപടി നല്‍കി.28 സഹസ്രാധിപന്‍ പറഞ്ഞു: ഞാന്‍ ഒരു വലിയ തുക കൊടുത്താണ് ഈ പൗരത്വം വാങ്ങിയത്. പൗലോസ് പറഞ്ഞു: എന്നാല്‍ ഞാന്‍ ജന്‍മനാ റോമാപ്പൗരനാണ്.29 അവനെ ചോദ്യം ചെയ്യാന്‍ ഒരുങ്ങിയിരുന്നവര്‍ ഉടനെ അവിടെ നിന്നു പിന്‍വാങ്ങി. പൗലോസ് റോമാപ്പൗരനാണെന്ന് അറിഞ്ഞപ്പോള്‍ അവനെ ബന്ധ നസ്ഥനാക്കിയതില്‍ സഹസ്രാധിപനും ഭയപ്പെട്ടു.30 യഹൂദന്‍മാര്‍ അവന്റെ മേല്‍ കുറ്റാരോപണം നടത്തുന്നതിന്റെ യഥാര്‍ഥ കാരണം കണ്ടുപിടിക്കാന്‍ ആഗ്രഹിച്ചുകൊണ്ട്, പിറ്റേദിവസം സഹസ്രാധിപന്‍ അവനെ മോചിപ്പിച്ചു. എല്ലാ പുരോഹിതപ്രമുഖന്‍മാരും ആലോചനാസംഘം മുഴുവനും സമ്മേളിക്കാന്‍ അവന്‍ കല്‍പിച്ചു. പിന്നീട് പൗലോസിനെ കൊണ്ടുവന്ന് അവരുടെ മുമ്പില്‍ നിര്‍ത്തി.

Advertisements
Advertisements
Advertisements
Advertisements
Advertisements

Leave a comment