ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ

ഫ്രാൻസിസ് പാപ്പയുടെ യുദ്ധപ്രതിരോധ മിസൈലുകൾ!

ഫാ. ജോഷി മയ്യാറ്റിൽ

”യുദ്ധം രാഷ്ട്രീയത്തിൻ്റെയും മനുഷ്യത്വത്തിൻ്റെയും പരാജയമാണ്, ലജ്ജാകരമായ തലകുനിക്കലാണ്, തിന്മയുടെ ശക്തികൾക്കു മുമ്പിലെ ദാരുണമായ കീഴടങ്ങലാണ്.” കഴിഞ്ഞ വർഷം പ്രസിദ്ധീകരിച്ച ഏവരും സോദരർ (ഫ്രത്തെല്ലി തൂത്തി) എന്ന ചാക്രികലേഖനത്തിൽ 261-ാം ഖണ്ഡികയിൽ ഫ്രാൻസിസ് പാപ്പ കുറിച്ച ഈ വരികൾക്ക് ഇന്ന് ആയിരം നാവുണ്ടെന്നു തോന്നുന്നു!

പാപ്പയുടെ പ്രതിരോധ മുന്നേറ്റങ്ങൾ

യുദ്ധത്തിനെതിരേ ചലിക്കുന്ന ആ തൂലികയുടെ ഉടമയ്ക്ക് യുദ്ധവിരുദ്ധ പ്രകടനവും നടത്താനറിയാം എന്നതിൻ്റെ നേർക്കാഴ്ചയാണ് ഇന്ന് റോമിലെ വിയാ ദെല്ല കൊൺചിലിയാറ്റ്സിയോണേ എന്നറിയപ്പെടുന്ന വിശാലവും സുന്ദരവുമായ വീഥിയിൽ കണ്ടത്. ഉക്രയിൻ യുദ്ധത്തെക്കുറിച്ച് തനിക്കുള്ള ആശങ്ക അറിയിക്കാനും യുദ്ധം അവസാനിപ്പിക്കാനുള്ള അഭ്യർത്ഥന ശക്തമായി പ്രകടിപ്പിക്കാനുമായി ഫ്രാൻസിസ് പാപ്പ പരിശുദ്ധ സിംഹാസനത്തിനുള്ള റഷ്യൻ എംബസിയിലേക്ക് ഇന്ന് വ്യക്തിപരമായ സന്ദർശനം നടത്തി. അംബാസഡർ അലക്സാണ്ടർ അവ്ദീവുമായി പാപ്പ സംഭാഷണം നടത്തി. കൂടിക്കാഴ്ച അര മണിക്കൂറിലേറെ നീണ്ടു എന്നാണ് വത്തിക്കാൻ വക്താവ് മത്തേയോ ബ്രൂണി അറിയിച്ചത്.

ഒരു രാഷ്ട്രത്തലവനും മറ്റൊരു രാഷ്ട്രത്തിൻ്റെ അംബാസഡറുമായി സംസാരിക്കാൻ എംബസിയിലേക്കു ചെല്ലാറില്ല എന്നിരിക്കെ യുദ്ധകാലത്തെ, പാപ്പയുടെ ഈ നീക്കം തികച്ചും അസാധാരണവും സുപ്രധാനവുമാണ്. എൺപത്തിയഞ്ചുകാരനായ പാപ്പ കാൽമുട്ടിലെ നീർവീക്കം കൊണ്ട് കടുത്ത വേദന അനുഭവിക്കുന്ന സമയമാണിതെന്നതും ഈ സന്ദർശനത്തിൻ്റെ പ്രാധാന്യം വെളിപ്പെടുത്തുന്നു. വരുന്ന ബുധനാഴ്ച നടക്കുന്ന വിഭൂതി ബുധനാഴ്ചയിലെ തിരുക്കർമ്മങ്ങൾക്ക് പാപ്പ മുഖ്യകാർമികത്വം വഹിക്കില്ലെന്ന് വത്തിക്കാൻ കാര്യാലയം വ്യക്തമാക്കിക്കഴിഞ്ഞ സമയമാണ്. ഫ്ലോറൻസിലേക്ക് മുൻകൂട്ടി തയ്യാറാക്കിയിരുന്ന ഒരു യാത്രയും പാപ്പ ഉപേക്ഷിച്ചിരുന്നു. റഷ്യൻ ഭരണകൂടത്തോടുള്ള ശക്തവും കരുത്തുറ്റതുമായ ഒരു അഭ്യർത്ഥനയാണ് വിസ്മയകരവും വേദനാപൂർണവുമായ ഈ പേപ്പൽ വിസിറ്റ്.

യുദ്ധവിരുദ്ധാഹ്വാനങ്ങൾ

ഉക്രയിൻ വിഷയത്തിൽ പാപ്പ ലോകരാഷ്ട്രനേതാക്കളെയും ലോകജനതയും പലവട്ടം അഭിസംബോധന ചെയ്തു. ആദ്യത്തെ കൂട്ടരോട് ചർച്ചയ്ക്കായും രണ്ടാമത്തെ കൂട്ടരോട് പ്രാർത്ഥനയ്ക്കായും ആയിരുന്നു പാപ്പയുടെ ആഹ്വാനം. ജനുവരി ഇരുപത്തി രണ്ടാം തീയതി ഞായറാഴ്ച ത്രികാലജപത്തിൻ്റെ അവസരത്തിൽ, ഉക്രയിനുമേൽ ഉരുണ്ടുകൂടുന്ന യുദ്ധ കാർമേഘങ്ങൾ നീക്കിക്കളയുന്നതിന് പ്രതിജ്ഞാബദ്ധരാകാൻ രാഷ്ട്രനേതാക്കളോട് പാപ്പ അഭ്യർത്ഥിച്ചിരുന്നു. ജനുവരി 26 ന് ലോകപ്രാർത്ഥനാദിനമായി ആചരിക്കാനും ലോകമെങ്ങുമുള്ള മനുഷ്യരെ പാപ്പ ആഹ്വാനം ചെയ്യുകയും ചെയ്തിരുന്നു.

ഫെബ്രുവരി ഇരുപത്തിമൂന്നാം തീയതി സെൻ്റ് പീറ്റേഴ്സ് സ്ക്വയറിൽ വച്ചു നടന്ന പൊതുദർശനത്തിനിടെ ഫ്രാൻസിസ് പാപ്പ താഴെപ്പറയുന്ന സന്ദേശം നല്കി: “ഉക്രയിനിലെ സ്ഥിതിഗതികൾ വഷളായതിൽ എന്റെ ഹൃദയത്തിൽ വലിയ വേദനയുണ്ട്. കഴിഞ്ഞ കുറച്ച് ആഴ്‌ചകളായി നയതന്ത്ര ശ്രമങ്ങൾ നടത്തിയിട്ടും, കൂടുതൽ ഭയാനകമായ സാഹചര്യങ്ങളാണ് നാം കാണുന്നത്. എന്നെപ്പോലെ, ലോകമെമ്പാടുമുള്ള നിരവധി ആളുകൾ വേദനയും ആശങ്കയും അനുഭവിക്കുന്നു. പക്ഷപാതപരമായ താൽപര്യങ്ങളാൽ എല്ലാവരുടെയും സമാധാനം വീണ്ടും അപകടത്തിലാവുകയാണ്.

യുദ്ധത്തിന്റെയല്ല, സമാധാനത്തിന്റെ ദൈവത്തിൻ്റെ മുമ്പാകെ മനസ്സാക്ഷിയെ ഗൗരവമായി പരിശോധിക്കാൻ രാഷ്ട്രീയ ഉത്തരവാദിത്വങ്ങളുള്ളവരോട് അഭ്യർത്ഥിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. “അവിടന്ന് യുദ്ധത്തിൻ്റെയല്ല, സമാധാനത്തിൻ്റെ ദൈവമാണ്”. നാം സഹോദരന്മാരായിരിക്കണമെന്ന് ആഗ്രഹിക്കുന്ന പിതാവാണ് ദൈവം.

രാജ്യങ്ങൾ തമ്മിലുള്ള സഹവർത്തിത്വത്തെ അസ്ഥിരപ്പെടുത്തുകയും അന്താരാഷ്ട്ര നിയമങ്ങളെ അപകീർത്തിപ്പെടുത്തുകയും ജനങ്ങൾക്ക് കൂടുതൽ ദുരിതം ഉണ്ടാക്കുകയും ചെയ്യുന്ന നടപടികളിൽനിന്ന് വിട്ടുനില്ക്കാൻ എല്ലാ കക്ഷികളോടും ഞാൻ യാചിക്കുന്നു. എല്ലാ വിശ്വാസികളോടും അവിശ്വാസികളോടും അപേക്ഷിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

അക്രമത്തിന്റെ പൈശാചികമായ വിവേകശൂന്യതയ്ക്ക് ദൈവത്തിന്റെ ആയുധങ്ങളായ പ്രാർത്ഥനയിലൂടെയും ഉപവാസത്തിലൂടെയും ഉത്തരം ലഭിക്കുമെന്ന് യേശു നമ്മെ പഠിപ്പിച്ചു.

അടുത്ത മാർച്ച് 2 (വിഭൂതി ബുധൻ), സമാധാനത്തിനു വേണ്ടിയുള്ള ഉപവാസദിനമായി ആചരിക്കാൻ ഞാൻ എല്ലാവരെയും ക്ഷണിക്കുന്നു. ആ ദിനം പ്രാർത്ഥനയിലും ഉപവാസത്തിലും തീവ്രമായി അർപ്പിക്കാൻ ഞാൻ വിശ്വാസികളെ പ്രോത്സാഹിപ്പിക്കുന്നു.  സമാധാനത്തിന്റെ രാജ്ഞിയായ പരി. അമ്മേ, ലോകത്തെ യുദ്ധഭ്രാന്തിൽ നിന്ന് സംരക്ഷിക്കണമേ..

ദൈവമക്കളുടെ സമാധാനനീക്കങ്ങൾ

“യുദ്ധം എല്ലാ അവകാശങ്ങളുടെയും നിഷേധവും പരിസ്ഥിതിയുടെ മേലുള്ള നാടകീയമായ ആക്രമണവുമാണ്. എല്ലാ ജനതകൾക്കും സമഗ്രമായ യഥാർത്ഥ മാനുഷികത ഉണ്ടാകണമെന്ന് നാം ആഗ്രഹിക്കുന്നുണ്ടെങ്കിൽ രാഷ്ട്രങ്ങളും ജനതകളും തമ്മിലുള്ള യുദ്ധം ഒഴിവാക്കാൻ അവിശ്രമം അധ്വാനിക്കണം”  എന്ന ഫ്രത്തെല്ലി തൂത്തിയിലെ 257-ാം ഖണ്ഡിക സത്യത്തിൽ ലോക രാഷ്ട്രനേതാക്കൾക്കു മാത്രമല്ല, സമാധാനകാംക്ഷികളായ എല്ലാ മനുഷ്യർക്കുമുള്ള ദൈവികോപദേശമാണ്. ദൈവമക്കളുടെ നിലവാരം ഉറപ്പാക്കുന്ന ഉപദേശം തന്നെയാണത്: “സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യവാന്മാർ; അവര്‍ ദൈവപുത്രന്മാരെന്നു വിളിക്കപ്പെടും”
(മത്താ 5,9).

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s