The Book of Genesis, Chapter 15 | ഉല്പത്തി, അദ്ധ്യായം 15 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 15

അബ്രാമുമായി ഉടമ്പടി

1 അബ്രാമിനു ദര്‍ശനത്തില്‍ കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: അബ്രാം, ഭയപ്പെടേണ്ടാ. ഞാന്‍ നിനക്കു പരിചയാണ്. നിന്റെ പ്രതിഫലം വളരെ വലുതായിരിക്കും.2 അബ്രാം ചോദിച്ചു: കര്‍ത്താവായ ദൈവമേ, സന്താനങ്ങളില്ലാത്ത എനിക്ക് എന്തു പ്രതിഫലമാണു ലഭിക്കുക? ദമാസ്‌കസുകാരന്‍ ഏലിയേസറാണ് എന്റെ വീടിന്റെ അവകാശി.3 അബ്രാം തുടര്‍ന്നു: എനിക്കൊരു സന്താനത്തെ അവിടുന്നു തന്നിട്ടില്ല. എന്റെ വീട്ടില്‍പ്പിറന്ന ദാസരില്‍ ഒരുവനായിരിക്കും എന്റെ അവകാശി.4 വീണ്ടും അവനു കര്‍ത്താവിന്റെ അരുളപ്പാടുണ്ടായി: നിന്റെ അവകാശി അവനായിരിക്കുകയില്ല; നിന്റെ മകന്‍ തന്നെയായിരിക്കും.5 അവിടുന്ന് അവനെ പുറത്തേക്കു കൊണ്ടുവന്നിട്ടു പറഞ്ഞു: ആകാശത്തേക്കു നോക്കുക; ആ കാണുന്ന നക്ഷത്രങ്ങളുടെ എണ്ണമെടുക്കാന്‍ കഴിയുമോ? നിന്റെ സന്താനപരമ്പരയും അതുപോലെയായിരിക്കും.6 അവന്‍ കര്‍ത്താവില്‍ വിശ്വസിച്ചു. അവിടുന്ന് അത് അവനു നീതീകരണമായി കണക്കാക്കി.7 അവിടുന്നു തുടര്‍ന്ന് അരുളിച്ചെയ്തു: ഈ നാടു നിനക്ക് അവകാശമായിത്തരാന്‍വേണ്ടി നിന്നെ കല്‍ദായരുടെ ഊറില്‍നിന്നു കൊണ്ടുവന്ന കര്‍ത്താവാണു ഞാന്‍.8 അവന്‍ ചോദിച്ചു: ദൈവമായ കര്‍ത്താവേ, ഇതു സംഭവിക്കുമെന്നു ഞാനെങ്ങനെ അറിയും?9 അവിടുന്നു കല്‍പിച്ചു: മൂന്നു വയസ്സുവീതം പ്രായമുള്ള ഒരു പശുക്കിടാവ് ഒരു പെണ്ണാട് ഒരു മുട്ടനാട് എന്നിവയെയും ഒരു ചെങ്ങാലിയെയും ഒരു ഇളംപ്രാവിനെയും എനിക്കായി കൊണ്ടുവരുക.10 അവന്‍ അവയെല്ലാം കൊണ്ടുവന്നു. അവയെരണ്ടായിപ്പിളര്‍ന്ന് ഭാഗങ്ങള്‍ നേര്‍ക്കുനേരേ വച്ചു. പക്ഷികളെ അവന്‍ പിളര്‍ന്നില്ല.11 പിണത്തിന്‍മേല്‍ കഴുകന്‍മാര്‍ ഇറങ്ങിവന്നപ്പോള്‍ അബ്രാം അവയെ ആട്ടിയോടിച്ചു.12 സൂര്യന്‍ അസ്തമിച്ചുകൊണ്ടിരുന്നപ്പോള്‍ അബ്രാം ഗാഢനിദ്രയിലാണ്ടു. ഭീകരമായ അന്ധകാരം അവനെ ആവരണം ചെയ്തു.13 അപ്പോള്‍ കര്‍ത്താവ് അരുളിച്ചെയ്തു: നീ ഇതറിഞ്ഞുകൊള്ളുക. നിന്റെ സന്താനങ്ങള്‍ സ്വന്തമല്ലാത്തനാട്ടില്‍ പരദേശികളായി കഴിഞ്ഞുകൂടും. അവര്‍ ദാസ്യവേല ചെയ്യും. നാനൂറുകൊല്ലം അവര്‍ പീഡനങ്ങള്‍ അനുഭവിക്കും.14 എന്നാല്‍, അവരെ അടിമപ്പെടുത്തുന്ന രാജ്യത്തെ ഞാന്‍ കുറ്റം വിധിക്കും. അതിനുശേഷം ധാരാളം സമ്പത്തുമായി അവര്‍ പുറത്തുവരും.15 നീ സമാധാനത്തോടെ നിന്റെ പിതാക്കളോടുചേരും. വാര്‍ധക്യപരിപൂര്‍ത്തിയില്‍ നീ സംസ്‌കരിക്കപ്പെടും.16 നാലാം തലമുറയില്‍ അവര്‍ ഇങ്ങോട്ടു തിരിച്ചുപോരും. എന്തെന്നാല്‍, അമോര്യരുടെ ദുഷ്ടത ഇനിയും പൂര്‍ത്തിയായിട്ടില്ല.17 സൂര്യന്‍ അസ്തമിച്ച് അന്ധകാരം വ്യാപിച്ചപ്പോള്‍ പുകയുന്ന ഒരു തീച്ചൂള കാണാറായി. ജ്വലിക്കുന്ന ഒരു തീനാളം പിളര്‍ന്നിട്ടിരുന്ന കഷണങ്ങളുടെ നടുവിലൂടെ കടന്നുപോയി.18 അന്നു കര്‍ത്താവ് അബ്രാമിനോട് ഒരു ഉടമ്പടി ചെയ്തു: നിന്റെ സന്താന പര മ്പരയ്ക്ക് ഈ നാടു ഞാന്‍ തന്നിരിക്കുന്നു. ഈജിപ്തുനദി മുതല്‍ മഹാനദിയായയൂഫ്ര ട്ടീസ്‌വരെയുള്ള സ്ഥലങ്ങള്‍.19 കേന്യര്‍, കെ നീസ്യര്‍, കദ്‌മോന്യര്‍,20 ഹിത്യര്‍, പെരിസ്യര്‍, റഫായിം,21 അമോര്യര്‍, കാനാന്യര്‍, ഗിര്‍ഗാഷ്യര്‍, ജബൂസ്യര്‍ എന്നിവരുടെ പ്രദേശമൊക്കെയും ഞാന്‍ നിങ്ങള്‍ക്കു തന്നിരിക്കുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Leave a comment