The Book of Genesis, Chapter 22 | ഉല്പത്തി, അദ്ധ്യായം 22 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 22

അബ്രാഹത്തിന്റെ ബലി

1 പിന്നീടൊരിക്കല്‍ ദൈവം അബ്രാഹത്തെ പരീക്ഷിച്ചു. അബ്രാഹം, അവിടുന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു.2 നീ സ്‌നേഹിക്കുന്ന നിന്റെ ഏകമകന്‍ ഇസഹാക്കിനെയും കൂട്ടിക്കൊണ്ടു മോറിയാദേശത്തേക്കുപോവുക. അവിടെ ഞാന്‍ കാണിച്ചുതരുന്ന മലമുകളില്‍ നീ അവനെ എനിക്ക് ഒരു ദഹനബലിയായി അര്‍പ്പിക്കണം.3 അബ്രാഹം അതിരാവിലെ എഴുന്നേറ്റു കഴുതയ്ക്കു ജീനിയിട്ട് രണ്ടു വേലക്കാരെയും മകന്‍ ഇസഹാക്കിനെയുംകൂട്ടി ബലിക്കുവേണ്ട വിറകും കീറിയെടുത്ത്, ദൈവം പറഞ്ഞസ്ഥലത്തേക്കു പുറപ്പെട്ടു.4 മൂന്നാം ദിവസം അവന്‍ തലയുയര്‍ത്തിനോക്കിയപ്പോള്‍ അകലെ ആ സ്ഥലം കണ്ടു.5 അവന്‍ വേലക്കാരോടു പറഞ്ഞു: കഴുതയുമായി നിങ്ങള്‍ ഇവിടെ നില്‍ക്കുക. ഞാനും മകനും അവിടെപ്പോയി ആരാധിച്ചു തിരിച്ചുവരാം.6 അബ്രാഹം ദഹനബലിക്കുള്ള വിറകെടുത്ത് മകന്‍ ഇസഹാക്കിന്റെ ചുമലില്‍ വച്ചു. കത്തിയും തീയും അവന്‍ തന്നെ എടുത്തു. അവര്‍ ഒരുമിച്ചു മുമ്പോട്ടു നടന്നു.7 ഇസഹാക്ക് തന്റെ പിതാവായ അബ്രാഹത്തെ വിളിച്ചു: പിതാവേ! എന്താ മകനേ, അവന്‍ വിളികേട്ടു. ഇസഹാക്കു പറഞ്ഞു: തീയും വിറകുമുണ്ടല്ലോ; എന്നാല്‍, ദഹനബലിക്കുള്ള കുഞ്ഞാടെവിടെ?8 അവന്‍ മറുപടി പറഞ്ഞു: ബലിക്കുള്ള കുഞ്ഞാടിനെ ദൈവംതന്നെതരും. അവരൊന്നിച്ചു മുമ്പോട്ടു പോയി.9 ദൈവം പറഞ്ഞസ്ഥലത്തെത്തിയപ്പോള്‍, അബ്രാഹം അവിടെ ഒരു ബലിപീഠം പണിതു. വിറക് അടുക്കിവച്ചിട്ട് ഇസഹാക്കിനെ ബന്ധിച്ചു വിറകിനു മീതേ കിടത്തി.10 മകനെ ബലികഴിക്കാന്‍ അബ്രാഹം കത്തി കൈയിലെടുത്തു.11 തത്ക്ഷണം കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തു നിന്ന് അബ്രാഹം, അബ്രാഹം എന്നു വിളിച്ചു. ഇതാ ഞാന്‍, അവന്‍ വിളികേട്ടു.12 കുട്ടിയുടെമേല്‍കൈവയ്ക്കരുത്. അവനെ ഒന്നും ചെയ്യരുത്. നീ ദൈവത്തെ ഭയപ്പെടുന്നുവെന്ന് എനിക്കിപ്പോള്‍ ഉറപ്പായി. കാരണം, നിന്റെ ഏക പുത്രനെ എനിക്കു തരാന്‍ നീ മടി കാണിച്ചില്ല.13 അബ്രാഹം തലപൊക്കിനോക്കിയപ്പോള്‍, തന്റെ പിന്നില്‍, മുള്‍ച്ചെടികളില്‍കൊമ്പുടക്കിക്കിടക്കുന്ന ഒരു മുട്ടാടിനെക്കണ്ടു. അവന്‍ അതിനെ മകനുപകരം ദഹന ബലിയര്‍പ്പിച്ചു.14 അബ്രാഹം ആ സ്ഥലത്തിനുയാഹ്‌വെയിരെ എന്നു പേരിട്ടു. കര്‍ത്താവിന്റെ മലയില്‍ അവിടുന്നു വേണ്ടതു പ്രദാനം ചെയ്യുന്നുവെന്ന് ഇന്നുവരെയും പറയപ്പെടുന്നു.15 കര്‍ത്താവിന്റെ ദൂതന്‍ ആകാശത്തുനിന്നു വീണ്ടും അബ്രാഹത്തെ വിളിച്ചു പറഞ്ഞു:16 കര്‍ത്താവ് അരുളിച്ചെയ്യുന്നു, നീ നിന്റെ ഏകപുത്രനെപ്പോലും എനിക്കു തരാന്‍മടിക്കായ്കകൊണ്ടു ഞാന്‍ ശപഥം ചെയ്യുന്നു:17 ഞാന്‍ നിന്നെ സമൃദ്ധമായി അനുഗ്രഹിക്കും. നിന്റെ സന്തതികളെ ആ കാശത്തിലെ നക്ഷത്രങ്ങള്‍ പോലെയും കടല്‍ത്തീരത്തിലെ മണല്‍ത്തരിപോലെയും ഞാന്‍ വര്‍ധിപ്പിക്കും. ശത്രുവിന്റെ നഗര കവാടങ്ങള്‍ അവര്‍ പിടിച്ചെടുക്കും.18 നീ എന്റെ വാക്ക് അനുസരിച്ചതുകൊണ്ടു നിന്റെ സന്തതിയിലൂടെ ലോകത്തിലെ ജനതകളെല്ലാം അനുഗ്രഹിക്കപ്പെടും.19 അബ്രാഹം എഴുന്നേറ്റ് തന്റെ വേലക്കാരുടെ അടുത്തേക്കു ചെന്നു. അവരൊന്നിച്ച് ബേര്‍ഷെ ബയിലേക്കു തിരിച്ചുപോയി. അബ്രാഹംബേര്‍ഷെബയില്‍ പാര്‍ത്തു.20 തന്റെ സഹോദരനായ നാഹോറിനു മില്‍ക്കായില്‍ മക്കളുണ്ടായ വിവരം അബ്രാഹം അറിഞ്ഞു.21 അവര്‍, മൂത്തവനായ ഊസ്, അവന്റെ സഹോദരന്‍ ബൂസ്, ആരാമിന്റെ പിതാവായ കെമുവേല്‍,22 കേസെദ്, ഹാസോ, പില്‍ഷാദ്, ഇദ്‌ലാഫ്, ബത്തുവേല്‍ എന്നിവരായിരുന്നു.23 ബത്തുവേല്‍ റബേക്കായുടെ പിതാവായിരുന്നു. അബ്രാഹത്തിന്റെ സഹോദരനായ നാഹോറിനു മില്‍ക്കായിലുണ്ടായവരാണ് ഈ എട്ടുപേരും.24 അതിനുപുറമേ അവന്റെ ഉപനാരിയായ റവുമായില്‍നിന്ന് തേബഹ്, ഗഹം, തഹഷ്, മാക്കാഹ് എന്നീ മക്കള്‍ ജനിച്ചു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Leave a comment