മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന!

മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന!

മൂന്ന് കാര്യങ്ങളാണ് നിങ്ങളുടെ ജീവിതത്തിന്റെ ഗതി നിർണ്ണയിക്കാൻ പോകുന്നത്, എത്രമാത്രം ആഴത്തിൽ നിങ്ങൾ സ്നേഹിച്ചു, എത്ര സൗമ്യമായി നിങ്ങൾ ജീവിച്ചു, എത്ര കുലീനമായി നിങ്ങളുടെതാകില്ല എന്നുറപ്പുള്ള കാര്യങ്ങളെ വിട്ടുകൊടുത്തു.ഇതിൽ മൂന്നാമത്തെ ആ ഭാഗത്തോടാണ് ഞാൻ നിരന്തരം മല്ലിടുന്നത്, ഒരുപക്ഷെ നിങ്ങളും.

‘ചില കാര്യങ്ങളെ വിട്ടുകൊടുക്കുക’ എന്നത് വളരെ കഠിനമായ ഒരു കാര്യമാണ്. ഭർത്താവുമായുള്ള ഒരു തർക്കമാവാം, അമ്മയുമായുള്ള അഭിപ്രായ വ്യത്യാസമാകാം, അയല്പക്കക്കാരന്റെ വേദനിപ്പിക്കുന്ന സ്വഭാവമാകാം, ജോലി സ്ഥലത്ത് നേരിടുന്ന ചെറിയ കളിയാക്കലുകളാകാം, സോഷ്യൽ മീഡിയയിലെ പ്രോകോപിപ്പിക്കുന്ന കമ്മന്റുകളാകാം. നമ്മുടെ മനസ്സിനെ ചെറുതായെങ്കിലും വേദനിപ്പിക്കുന്നവരെ വെറുതെ വിടരുത് എന്ന് നമ്മളോട് പറയുന്നത് ഉള്ളിലെ ‘ഈഗോയാണ്’. ഒരാളുടെ ഏറ്റവും വലിയ ശത്രു അവന്റെ ഈഗോയാണ്, നിങ്ങൾക്ക് മനസമാധാനം എന്തെന്ന് അറിയണോ?? ഉള്ളിലെ ഈഗോയെ തോല്പിക്ക്. ഒരനുഭവം പറയാം, രണ്ട് വർഷങ്ങൾക്ക് മുൻപാണ്. ഒരു കോളജ് പ്രോഗാമിന്റെ ഭാഗമായി എന്റെ ഒരു മണിക്കൂർ ടോക്കും, അരമണിക്കൂർ കുട്ടികൾക്ക് ചോദ്യങ്ങൾ ചോദിക്കാനുമുള്ള അവസരവും ഉണ്ടായിരുന്നു. ഒരു ചെറുപ്പക്കാരൻ മൈക്കിന് വേണ്ടി കയ്യുയർത്തിയപ്പോഴേക്കും അവന്റെ ചുറ്റുമുള്ളവർ കയ്യടിക്കുന്നുണ്ടായിരുന്നു, ഞാൻ ഒരു കട്ടിയുള്ള ചോദ്യം പ്രതീക്ഷിച്ചു….

“ഇയാളുടെ, ക്ലാസ്സോക്കെ കൊള്ളാം, പക്ഷെ നിങ്ങൾ ഒരു വിഡിയോയിൽ ‘പ്രണയിക്കാത്തവർ സിംഗിൾസ് ലെജന്ഡ്സാണ് എന്ന് പറയുന്നത് സങ്കടം കൊണ്ടാണെന്നും, കിട്ടാത്തൊണ്ടാണെന്നും പറഞ്ഞിരുന്നോ? ആരാടോ ഞങ്ങൾക്ക് സങ്കടമാണ് എന്ന് പറഞ്ഞത്. ഞങ്ങൾ സിംഗിൾസ് ലെജൻഡ്സ് തന്നെയാട്ട”

ഓഡിറ്റോറിയത്തിന്റെ ഒരു ഭാഗത്ത് നിന്നും ശക്തമായ കയ്യടി ഉയർന്നു, ആ ശബ്ദം ഉണർത്തിയത് എന്നിലെ ഈഗോയെയായിരുന്നു. ആദ്യം മനസ്സിലേക്ക് വന്നത് അവന് മുഖത്തടിക്കുന്നപോലെ നല്ലൊരു മറുപടി കൊടുക്കണം എന്നതായിരുന്നു, പക്ഷെ സ്വയം നിയന്ത്രിച്ചുകൊണ്ട് ഞാൻ പറഞ്ഞു…

“സുഹൃത്തേ, രണ്ട് മണിക്കൂർ ദൈഘ്യമുള്ള ഒരു വീഡിയോയുടെ ഒരു ചെറിയ ഭാഗം മാത്രമാണ് ഇദ്ദേഹം കണ്ടത്, അത് മുഴുവൻ കണ്ടിരുന്നേൽ ഇങ്ങനെ എന്നോട് ചോദിക്കില്ലായിരുന്നു. പലപ്പോഴും മുറിച്ചെടുക്കുന്ന വീഡിയോസ് കണ്ടതിന് ശേഷം സത്യം മനസ്സിലാക്കാതെ തൊടുത്തുവിടുന്ന വിമർശനങ്ങൾ മനസ്സിന് മുറിവുണ്ടാക്കുന്നവയാണ്”

“എന്തൊക്കെ ഫിലോസഫി പറഞ്ഞാലും, ഞങ്ങൾ സിംഗിൾസിനെ ചൊറിഞ്ഞാൽ ഞങ്ങൾ കയറി മാന്തും”

അപ്പോഴും കയ്യടികൾ ഉയർന്നു,അതിഥിയായി വിളിച്ചിട്ട് അപമാനിക്കുന്നതിന് തുല്യമായിരുന്നു അത്…മറ്റുള്ളവരുടെ കയ്യടികൾക്ക് വേണ്ടി മാത്രമാണ് അവൻ അത് ചോദിച്ചത്… ഒരു അദ്ധ്യാപകൻ അവന്റെ നേർക്ക് ചെന്ന് എന്തൊക്കയോ പറയുന്നുണ്ടായിരുന്നു…. എനിക്ക് എന്റെ മനസ്സിനെ നിയന്ത്രിക്കാനായില്ല.

“സാറേ അവന് മൈക്ക് ഒന്നുകൂടി കൊടുക്കുമോ? എനിക്ക് ഒരു ചോദ്യം തിരിച്ചു ചോദിക്കാനാണ്”

കുട്ടികൾ എന്തൊക്കയോ പരസ്പരം പറയുന്നുണ്ടായിരുന്നു… ഞാൻ ഉറക്കെ ചോദിച്ചു….

“എടാ, നിന്റെ അപ്പൻ സിംഗിളാകാൻ തീരുമാനിച്ചിരുന്നെങ്കിൽ നീ ഈ ചോദ്യം ചോദിയ്ക്കാൻ ഇവിടെ ഉണ്ടാകുമായിരുന്നോ?”

ഓഡിറ്റോറിയത്തിൽ നിറഞ് നിന്നത് കനത്ത നിശ്ശബ്ദതയായിരുന്നു, അവന്റെ മുഖത്തെ ചോരയിറങ്ങി ഒലിച്ചുപോകുന്നത് എനിക്ക് കാണാമായിരുന്നു. ആ മറുപടിയിൽ ജയിച്ചത് എന്തായാലും ഞാനല്ല, പക്ഷെ തോറ്റത് ഞാനായിരുന്നു,കൂടെ എന്നും മുറുകെ പിടിക്കാൻ ആഗ്രഹിച്ച ചില ആശയങ്ങളും.

ഇന്ന് ഇത് എഴുതുമ്പോൾ പോലും ആ സംഭവം മനസ്സിലേക്ക് വരുന്നത് കുറ്റബോധംകൊണ്ടാണ്, ആ ഒരു സംഭവത്തിന് ശേഷം ഇന്നുവരെ ഒരു ‘തെറിവിളികളോടും’,’കഴമ്പില്ലാത്ത വിമർശന വിഡിയോകളോടും’, ‘തെറ്റിദ്ധാരണയുടെ പുറത്തുണ്ടായ പരിഹാസങ്ങളോടും’, ഞാൻ പ്രതികരിച്ചിട്ടില്ല അത് ഉത്തരം മുട്ടിയിട്ടല്ല അവർ ഉത്തരം അർഹിക്കാത്തതുകൊണ്ടും, ഉത്തരം കൊടുക്കാൻ നിർബന്ധിക്കുന്നത് എന്റെ ഈഗോ ആയതുകൊണ്ടുമാണ്. I let them go gracefully.

ഇംഗ്ലീഷ് ഹൗസ് എന്ന സ്ഥാപനത്തതിന്റെ ബ്രാൻഡ് അംബാസിഡർ എന്ന ചുമതല ഇപ്പോൾ എനിക്കുണ്ട്, അതിന്റെ ഭാഗമായിട്ടുള്ള ഒരു പ്രൊമോഷണൽ വിഡിയോ ഷൂട്ടിനിടയിൽ ക്യാമറാമാൻ എടുത്ത ചിത്രമാണിത്. ഈ ഒരു നോട്ടത്തിന് ഒരു പ്രത്യേകതയുണ്ട്, ഞാൻ ഒരാളെ കേൾക്കുന്ന രംഗമാണിത്, ‘ഈ ലോകത്ത് ഏറ്റവും കൂടുതൽ കുമ്പസാരങ്ങൾ നടത്തിയ ചെറുപ്പക്കാരന് ഒരു ഗിന്നസ് റെക്കോർഡ് കൊടുത്താൽ അത് എനിക്കായിരിക്കും’ എന്ന് ഞാൻ തമാശയ്ക്ക് പറയാറുണ്ട്. എത്ര ഗുരുക്കന്മാർക്ക് മുൻപിലാണ് ഞാൻ എന്റെ കുറവുകൾ തുറന്നു പറഞ്ഞിട്ടുള്ളത്‌,എനിക്ക് പറ്റിപ്പോയ തെറ്റുകൾ ഏറ്റുപറഞ്ഞിട്ടുള്ളത്. സ്വന്തം കുറവുകളെ ഒരാളുടെ മുന്നിൽ തുറന്നുകാണിക്കുമ്പോൾ ഞാൻ മറികടന്നത് എന്റെ അഹത്തെയായിരുന്നു. ദാ ഇത് എഴുതിക്കൊണ്ടിരിക്കുമ്പോൾ സുഹൃത്തായ സിജു അച്ചൻ വിളിച്ചിരുന്നു…രണ്ട് ദിവസം മുൻപ് അച്ചൻ ഫ്രീയാണോ എന്ന് ചോദിച്ച് ഞാൻ വിളിച്ചിരുന്നു.

“ജോസെഫെ, നാളെ ഫ്രീയാണോ? നിനക്ക് എന്തോ സംസാരിക്കാനുണ്ടെന്ന് പറഞ്ഞില്ലെ? നാളെ ഉച്ചകഴിഞ്ഞു ഞാൻ ഫ്രീയാണ് നീ മംഗലപ്പുഴയ്ക്ക് വാ”

കുറച്ചുകൂടി മനസ്സിനെ വലുതാക്കാനുള്ള പോക്കാണ്, ഈ ഫോട്ടോയിൽ ഇരിക്കുന്നപോലെ നാളെ അദ്ദേഹത്തെ ഇരുന്ന് കേൾക്കണം… ഇനിയും ബാക്കി കിടക്കുന്ന അഹത്തിന്റെ പൊടിപ്പുകൾ എന്തെങ്കിലുമുണ്ടെങ്കിൽ ‘വിട്ടുകളയാൻ മാത്രം’ കുറേക്കൂടി വളരണം….

കുഞ്ഞുനാളിൽ പഠിച്ച ഈശോ പാട്ടിന്റെ വരികളെ ഓർത്തുപോകുന്നു….

“ഇത്ര ചെറുതാക്കാൻ എത്ര വളരേണം?
ഇത്ര സ്നേഹിക്കാൻ എന്ത് വേണം?”

എല്ലാവർക്കും എവിടെയിരുന്നും ചൊല്ലാൻ പറ്റിയ ഒരു പ്രാർത്ഥനയുണ്ട്… മനസമാധാനം ഉറപ്പാണ്. “എന്റെ ശത്രുക്കളിൽ നിന്നല്ല , എന്നെ എന്റെ അഹത്തിൽ നിന്നും രക്ഷിക്കണമേ… Save me from mySELF “

Author: Unknown | Source: WhatsApp

Advertisements

One thought on “മനഃസമാധാനത്തിന് ദാ കിടിലൻ ഒരു പ്രാർത്ഥന!

Leave a comment