The Book of Genesis, Chapter 41 | ഉല്പത്തി, അദ്ധ്യായം 41 | Malayalam Bible | POC Translation

ഉല്പത്തി പുസ്തകം, അദ്ധ്യായം 41

ഫറവോയുടെ സ്വപ്നം

1 രണ്ടുവര്‍ഷം കഴിഞ്ഞപ്പോള്‍, ഫറവോ ഒരു സ്വപ്നം കണ്ടു: അവന്‍ നൈല്‍നദീതീരത്തു നില്‍ക്കുകയായിരുന്നു.2 കൊഴുത്ത് അഴകുള്ള ഏഴു പശുക്കള്‍ നദിയില്‍നിന്നു കയറിവന്നു. അവ പുല്‍ത്തകിടിയില്‍ മേഞ്ഞുകൊണ്ടുനിന്നു.3 അതിനുശേഷംമെലിഞ്ഞു വിരൂപമായ വേറെഏഴു പശുക്കള്‍ നൈലില്‍നിന്നു കയറി, നദീതീരത്തു നിന്നിരുന്ന മറ്റു പശുക്കളുടെ അരികില്‍ വന്നുനിന്നു.4 മെലിഞ്ഞു വിരൂപമായ പശുക്കള്‍ കൊഴുത്ത് അഴകുള്ള പശുക്കളെ വിഴുങ്ങിക്കളഞ്ഞു. അപ്പോള്‍ ഫറവോ ഉറക്കമുണര്‍ന്നു.5 അവന്‍ വീണ്ടും ഉറങ്ങിയപ്പോള്‍ വേറൊരു സ്വപ്നം ഉണ്ടായി: ഒരു തണ്ടില്‍ പുഷ്ടിയും അഴകുമുള്ള ഏഴു ധാന്യക്കതിരുകള്‍ വളര്‍ന്നുപൊങ്ങി.6 തുടര്‍ന്ന് ഏഴു കതിരുകള്‍കൂടി ഉയര്‍ന്നുവന്നു. അവ ശുഷ്‌കിച്ചവയും കിഴക്കന്‍കാറ്റില്‍ ഉണങ്ങിക്കരിഞ്ഞവയുമായിരുന്നു.7 ശോഷിച്ച ഏഴു കതിരുകള്‍ പുഷ്ടിയും അഴകുമുള്ള കതിരുകളെ വിഴുങ്ങിക്കളഞ്ഞു. ഉറക്കമുണര്‍ന്നപ്പോള്‍ അതൊരു സ്വപ്നമായിരുന്നെന്ന് ഫറവോയ്ക്കു മനസ്‌സിലായി. നേരം പുലര്‍ന്നപ്പോള്‍ അവന്‍ അസ്വസ്ഥനായി.8 ഈജിപ്തിലെ എല്ലാ മന്ത്രവാദികളെയും ജ്ഞാനികളെയും വിളിപ്പിച്ച് തന്റെ സ്വപ്നം അവരോടു പറഞ്ഞു: അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല.9 അപ്പോള്‍ പാനപാത്രവാഹകന്‍ ഫറവോയോടു പറഞ്ഞു: എന്റെ തെറ്റ് ഇന്നു ഞാന്‍ മനസ്‌സിലാക്കുന്നു.10 ഫറവോ തന്റെ ദാസന്‍മാരോടു കോപിച്ചപ്പോള്‍ എന്നെയും പാചകപ്രമാണിയെയും സേനാനായകന്റെ വീട്ടില്‍ തടവിലിട്ടു.11 ഒരു രാത്രി ഞങ്ങള്‍ ഇരുവരും സ്വപ്നം കണ്ടു – വ്യത്യസ്തമായ അര്‍ഥ മുള്ള സ്വപ്നങ്ങള്‍.12 ഞങ്ങളുടെകൂടെ ഒരു ഹെബ്രായയുവാവുണ്ടായിരുന്നു. സേനാനായകന്റെ വേലക്കാരനായിരുന്നു അവന്‍ . ഞങ്ങളുടെ സ്വപ്നം അവനോടു പറഞ്ഞപ്പോള്‍, അവന്‍ അതു ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചുതന്നു. ഇരുവര്‍ക്കും അവനവന്റെ സ്വപ്നത്തിനൊത്ത വ്യാഖ്യാനമാണു തന്നത്.13 അവന്‍ ഞങ്ങള്‍ക്കു വ്യാഖ്യാനിച്ചു തന്നതുപോലെതന്നെ സംഭവിച്ചു. എന്നെ അവിടുന്ന് ഉദ്യോഗത്തില്‍ പുനഃസ്ഥാപിച്ചു. പാചകപ്രമാണിയെ തൂക്കിലിടുകയും ചെയ്തു.14 അപ്പോള്‍ ഫറവോ ജോസഫിനെ ആള യച്ചു വരുത്തി. അവര്‍ അവനെ തിടുക്കത്തില്‍ ഇരുട്ടറയില്‍ നിന്നു പുറത്തുകൊണ്ടുവന്നു. അവന്‍ ക്ഷൗരം ചെയ്ത് ഉടുപ്പു മാറി ഫറവോയുടെ മുന്‍പില്‍ ഹാജരായി.15 ഫറവോ ജോസഫിനോടു പറഞ്ഞു: ഞാനൊരു സ്വപ്നം കണ്ടു. അതു വ്യാഖ്യാനിക്കാന്‍ ആര്‍ക്കും കഴിയുന്നില്ല. നിനക്കു സ്വപ്നം വ്യാഖ്യാനിക്കാന്‍ കഴിയുമെന്നു ഞാനറിഞ്ഞു.16 ജോസഫ് ഫറവോയോടു പറഞ്ഞു: അത് എന്റെ കഴിവല്ല. എന്നാല്‍ ദൈവം ഫറവോയ്ക്കു തൃപ്തികരമായ ഉത്തരം നല്‍കും.17 ഫറവോ ജോസഫിനോടു പറഞ്ഞു: സ്വപ്നം ഇതാണ്: ഞാന്‍ നൈലിന്റെ തീരത്തു നില്‍ക്കുകയായിരുന്നു.18 കൊഴുത്ത് അഴകുള്ള ഏഴു പശുക്കള്‍ നൈലില്‍നിന്നു കയറിവന്നു പുല്‍ത്തകിടിയില്‍ മേയാന്‍ തുടങ്ങി.19 അവയ്ക്കു പുറകേ മെലിഞ്ഞു വിരൂപമായ ഏഴു പശുക്കളും കയറിവന്നു. അത്തരം പശുക്കളെ ഈജിപ്തിലെങ്ങുംഞാന്‍ കണ്ടിട്ടില്ല.20 ശോഷിച്ചു വിരൂപമായ ആ പശുക്കള്‍ ആദ്യത്തെ ഏഴു കൊഴുത്ത പശുക്കളെ വിഴുങ്ങിക്കളഞ്ഞു,21 എന്നാല്‍ മെലിഞ്ഞപശുക്കള്‍ അവയെ വിഴുങ്ങിയെന്ന് ആര്‍ക്കും മനസ്‌സിലാക്കാന്‍ കഴിയുമായിരുന്നില്ല. കാരണം, മുന്‍പെന്നപോലെ തന്നെ ശോഷിച്ചാണ് അവ കാണപ്പെട്ടത്. അപ്പോള്‍ ഞാന്‍ കണ്ണുതുറന്നു.22 വീണ്ടും, സ്വപ്നത്തില്‍ പുഷ്ടിയും അഴകുമുള്ള ഏഴു കതിരുകള്‍ ഒരു തണ്ടില്‍ വളര്‍ന്നുനില്‍ക്കുന്നതു ഞാന്‍ കണ്ടു.23 തുടര്‍ന്ന് ശുഷ്‌കിച്ചതും കിഴക്കന്‍കാറ്റില്‍ വാടിക്കരിഞ്ഞതുമായ ഏഴു കതിരുകള്‍ പൊങ്ങിവന്നു.24 ശുഷ്‌കിച്ച കതിരുകള്‍ നല്ല കതിരുകളെ വിഴുങ്ങിക്കള ഞ്ഞു. ഞാനിതു മന്ത്രവാദികളോടു പറഞ്ഞു. എന്നാല്‍, അതു വ്യാഖ്യാനിച്ചുതരുവാന്‍ ആര്‍ക്കും കഴിഞ്ഞില്ല.25 അപ്പോള്‍ ജോസഫ് ഫറവോയോടു പറഞ്ഞു: ഫറവോയുടെ സ്വപ്നങ്ങളുടെ അര്‍ഥം ഒന്നു തന്നെ! താന്‍ ഉടനെ ചെയ്യാന്‍ പോകുന്നത് എന്തെന്നു ദൈവം ഫറവോയ്ക്കു വെളിപ്പെടുത്തിയിരിക്കുന്നു.26 ഏഴു നല്ല പശുക്കള്‍ ഏഴു വര്‍ഷമാണ്; ഏഴു നല്ല കതിരുകളും ഏഴു വര്‍ഷംതന്നെ; സ്വപ്നങ്ങളുടെ അര്‍ഥം ഒന്നുതന്നെ.27 അവയ്ക്കു പുറകേവന്ന മെലിഞ്ഞതും വിരൂപവുമായ ഏഴു പശുക്കളും ഏഴു വര്‍ഷമാണ്. കിഴക്കന്‍ കാറ്റില്‍ ഉണങ്ങിവരണ്ട പതിരു നിറഞ്ഞഏഴു കതിരുകള്‍ ക്ഷാമത്തിന്റെ ഏഴു വര്‍ഷമാണ്.28 ഞാന്‍ അങ്ങയോടു പറഞ്ഞതുപോലെ, ദൈവം ചെയ്യാന്‍ പോകുന്നത് എന്തെന്ന് അവിടുന്നു ഫറവോയ്ക്കു കാണിച്ചുതന്നിരിക്കുന്നു.29 ഈജിപ്തു മുഴുവനും സുഭിക്ഷത്തിന്റെ ഏഴു വര്‍ഷങ്ങള്‍ വരാന്‍പോകുന്നു.30 അതേത്തുടര്‍ന്ന് ക്ഷാമത്തിന്റെ ഏഴു വര്‍ഷങ്ങളുണ്ടാകും. സമൃദ്ധിയുടെ കാലം ഈജിപ്തുരാജ്യം മറന്നുപോകും. ക്ഷാമം നാടിനെ കാര്‍ന്നുതിന്നും.31 പിന്നാലെ വരുന്ന ക്ഷാമംമൂലം സമൃദ്ധി ഈജിപ്തിന്റെ ഓര്‍മയില്‍പോലും നില്‍ക്കില്ല. കാരണം, ക്ഷാമം അത്രയ്ക്കു രൂക്ഷമായിരിക്കും.32 സ്വപ്നം ആവര്‍ത്തിച്ചതിന്റെ അര്‍ഥം ദൈവം ഇക്കാര്യം തീരുമാനിച്ചുറച്ചെന്നും ഉടനെ അതു നടപ്പിലാക്കുമെന്നുമാണ്.33 അതുകൊണ്ട്, ഫറവോ വിവേകിയും ബുദ്ധിമാനുമായ ഒരാളെ കണ്ടുപിടിച്ച് ഈജിപ്തിന്റെ മുഴുവന്‍ അധിപനായി നിയമിക്കണം.34 ഫറവോ നാട്ടിലെങ്ങും മേല്‍നോട്ടക്കാരെ നിയമിച്ചു സമൃദ്ധിയുടെ ഏഴു വര്‍ഷങ്ങളിലും വിളവിന്റെ അഞ്ചിലൊന്നുശേഖരിക്കണം.35 വരാന്‍പോകുന്ന സമൃദ്ധിയുടെ വര്‍ഷങ്ങളില്‍ അവര്‍ ധാന്യം മുഴുവന്‍ ശേഖരിച്ച്, അത് ഫറവോയുടെ അധികാരത്തിന്‍കീഴ്‌നഗരങ്ങളില്‍ ഭക്ഷണത്തിനായി സൂക്ഷിച്ചുവയ്ക്കണം.36 ഈജിപ്തില്‍ഏഴുവര്‍ഷം നീണ്ടുനില്‍ക്കാന്‍ പോകുന്ന ക്ഷാമത്തെ നേരിടാനുള്ള കരുതല്‍ ധാന്യമായിരിക്കും അത്. അങ്ങനെ നാട് പട്ടിണികൊണ്ടു നശിക്കാതിരിക്കും.

ജോസഫ് ഈജിപ്തിന്റെ അധിപന്‍

37 ഈ നിര്‍ദേശം കൊള്ളാമെന്ന് ഫറവോയ്ക്കും അവന്റെ സേവകന്‍മാര്‍ക്കുംതോന്നി.38 ഫറവോ സേവകന്‍മാരോടു പറഞ്ഞു: ദൈവത്തിന്റെ ആത്മാവ് കുടികൊള്ളുന്ന ഇവനെപ്പോലെ മറ്റൊരു മനുഷ്യ നെ കണ്ടെണ്ടത്താന്‍ നമുക്കു കഴിയുമോ? ഫറവോ ജോസഫിനോടു പറഞ്ഞു:39 ദൈവം ഇക്കാര്യമെല്ലാം നിനക്കു വെളിപ്പെടുത്തിത്തന്നിരിക്കുന്നതു കൊണ്ട്, നിന്നെപ്പോലെ വിവേകിയും ബുദ്ധിമാനുമായ ഒരാള്‍ വേറെയില്ല.40 നീ എന്റെ വീടിനു മേലാളായിരിക്കും. എന്റെ ജനം മുഴുവന്‍ നിന്റെ വാക്കനുസരിച്ചു പ്രവര്‍ത്തിക്കും. സിംഹാസനത്തില്‍ മാത്രം ഞാന്‍ നിന്നെക്കാള്‍ വലിയവനായിരിക്കും.41 ഫറവോ തുടര്‍ന്നു: ഇതാ ഈജിപ്തുരാജ്യത്തിനു മുഴുവന്‍ അധിപനായി നിന്നെ ഞാന്‍ നിയമിച്ചിരിക്കുന്നു.42 ഫറവോ തന്റെ കൈയില്‍നിന്ന് മുദ്രമോതിരം ഊരിയെടുത്ത് ജോസഫിനെ അണിയിച്ചു. അവനെ പട്ടുവസ്ത്രങ്ങള്‍ ധരിപ്പിച്ചു. കഴുത്തില്‍ ഒരു സ്വര്‍ണമാലയിടുകയും ചെയ്തു.43 അവന്‍ തന്റെ രണ്ടാം രഥത്തില്‍ ജോസഫിനെ എഴുന്നള്ളിച്ചു. മുട്ടുമടക്കുവിന്‍ എന്ന് അവര്‍ അവനു മുന്‍പേ വിളിച്ചു പറഞ്ഞുകൊണ്ടിരുന്നു. അങ്ങനെ ഫറവോ അവനെ ഈജിപ്തിനു മുഴുവന്‍ അധിപനാക്കി.44 ഫറവോ ജോസഫിനോടു പറഞ്ഞു: ഞാന്‍ ഫറവോ ആണ്. നിന്റെ സമ്മതം കൂടാതെ ഈജിപ്തുദേശത്തിലെങ്ങും ആരും കൈയോ കാലോ ഉയര്‍ത്തുകയില്ല.45 അവന്‍ ജോസഫിന് സാഫ്‌നത്ത്ഫാനെയ എന്ന്‌പേരിട്ടു. ഓനിലെ പുരോഹിതനായപൊത്തിഫെറായുടെ മകള്‍ അസ്‌നത്തിനെ അവന് ഭാര്യയായി കൊടുക്കുകയും ചെയ്തു. ജോസഫ് ഈജിപ്തു മുഴുവന്‍ സഞ്ചരിച്ചു.46 ഈജിപ്തിലെ രാജാവായ ഫറവോയുടെ സേവനത്തില്‍ പ്രവേശിച്ചപ്പോള്‍ ജോസഫിനു മുപ്പതുവയസ്‌സായിരുന്നു. ഫറവോയുടെ മുന്‍പില്‍നിന്നു പോയി അവന്‍ ഈജിപ്തു മുഴുവന്‍ ചുറ്റി സഞ്ചരിച്ചു.47 സുഭിക്ഷത്തിന്റെ ഏഴു വര്‍ഷം ഭൂമി സമൃദ്ധമായി വിളവു നല്‍കി.48 ഏഴുവര്‍ഷവും കൂടുതലുണ്ടായിരുന്ന ഭക്ഷ്യസാധനങ്ങളെല്ലാം അവന്‍ നഗരങ്ങളില്‍ സംഭരിച്ചുവച്ചു. ഓരോ നഗരത്തിനും ചുറ്റുമുള്ള വയലുകളിലെ ഭക്ഷ്യം അതതു നഗരത്തില്‍ത്തന്നെ സൂക്ഷിച്ചു.49 കടല്‍ക്കരയിലെ മണലുപോലെ കണക്കറ്റ ധാന്യം ജോസഫ് ശേഖരിച്ചുവച്ചു. അത് അളക്കാന്‍ വയ്യാത്തതുകൊണ്ട് അവന്‍ അളവു നിര്‍ത്തി.50 ക്ഷാമകാലം തുടങ്ങുംമുന്‍പ് ഓനിന്റെ പുരോഹിതനായ പൊത്തിഫെറായുടെ മകള്‍ അസ്‌നത്തില്‍ അവന് രണ്ടു പുത്രന്‍മാര്‍ ജനിച്ചു.51 എന്റെ കഷ്ടപ്പാടും പിതാവിന്റെ വീടും എല്ലാം മറക്കാന്‍ ദൈവം ഇടയാക്കിയിരിക്കുന്നു എന്നുപറഞ്ഞുകൊണ്ട് അവന്‍ തന്റെ കടിഞ്ഞൂല്‍പുത്രനെ മനാസ്‌സെ എന്നു വിളിച്ചു.52 രണ്ടാമനെ അവന്‍ എഫ്രായിം എന്നുവിളിച്ചു. എന്തെന്നാല്‍, കഷ്ടതകളുടെ നാട്ടില്‍ ദൈവം എന്നെ സന്താനപുഷ്ടിയുള്ളവനാക്കിയിരിക്കുന്നു എന്ന് അവന്‍ പറഞ്ഞു.53 ഈജിപ്തിലെ സമൃദ്ധിയുടെ ഏഴുവര്‍ഷം അവസാനിച്ചു.54 ജോസഫ് പറഞ്ഞതുപോലെ ക്ഷാമത്തിന്റെ ഏഴുവര്‍ഷങ്ങള്‍ ആരംഭിച്ചു. എല്ലാ നാടുകളിലും ക്ഷാമമുണ്ടായി. എന്നാല്‍, ഈജിപ്തില്‍ ആഹാര മുണ്ടായിരുന്നു.55 ഈജിപ്തിലെല്ലാം ക്ഷാമമായപ്പോള്‍ ജനങ്ങള്‍ ഫറവോയുടെയടുക്കല്‍ ആഹാരത്തിന് അപേക്ഷിച്ചു. അവന്‍ ഈജിപ്തുകാരോടു പറഞ്ഞു: ജോസഫിന്റെ അടുത്തേക്കു ചെല്ലുക, അവന്‍ നിങ്ങളോടു പറയുന്നതുപോലെ ചെയ്യുക.56 ദേശത്തെല്ലാം പട്ടിണി വ്യാപിച്ചപ്പോള്‍ ജോസഫ് കലവറകള്‍ തുറന്ന് ഈജിപ്തുകാര്‍ക്കു ധാന്യം വിറ്റു. ഈജിപ്തില്‍ പട്ടിണി വളരെ രൂക്ഷമായിരുന്നു.57 ജോസഫിന്റെ പക്കല്‍നിന്ന് ധാന്യം വാങ്ങാന്‍ എല്ലാ ദേശങ്ങളിലുംനിന്ന് ആളുകള്‍ ഈജിപ്തിലെത്തി. ലോകത്തെല്ലാം പട്ടിണി അത്ര രൂക്ഷമായിരുന്നു.

Advertisements
Advertisements
Advertisements
Advertisements
Advertisements
Advertisements
Garden of Eden
Advertisements
Advertisements

Leave a comment