🔥
അനിലിന്റെ ദുഖവെള്ളിയാഴ്ചകൾ
🔥
✍🏼സിജോ പൈനാടത്ത്
അന്നൊരു ദുഖവെള്ളിത്തലേന്നായിരുന്നു അനിലിന്റെ വീഴ്ച. അരയ്ക്കു താഴേയ്ക്കു ചലനശേഷി നഷ്ടപ്പെടുത്തിയ വന്‍വീഴ്ച..! അനന്തരം സഹനത്തിന്റെ ദുഖവെള്ളികള്‍ അനിലിന് ആണ്ടുവട്ടത്തിലൊരിക്കലായിരുന്നില്ല.!
നിവര്‍ന്നൊന്നു നിന്നിട്ട് വര്‍ഷം ഇരുപതാവുന്നു. എങ്കിലും നിത്യസഹനത്തിന്റെ ദുഖവെള്ളികള്‍ക്കപ്പുറം പ്രത്യാശയുടെ ഉയിര്‍പ്പുണ്ടെന്നു നിറപുഞ്ചിരിയോടെ പതിവായി പറയുകയാണ് അനില്‍ ജോര്‍ജ് എന്ന 44കാരന്‍.
ജാതിയ്ക്കാ കച്ചവടക്കാരനായിരുന്ന അനില്‍, 2003 ഏപ്രില്‍ 17നു ജാതിമരത്തില്‍ നിന്നു വീണതോടെയാണ്, കിടപ്പിലായത്. പത്തടി ഉയരത്തില്‍ നിന്നാണു വീണതെങ്കിലും, നട്ടെല്ലു കുത്തിയുള്ള വീഴ്ചയില്‍ സ്‌പൈനല്‍ കോഡ് പൂര്‍ണമായും തകര്‍ന്നു. ആശുപത്രികള്‍ മാറിമാറി ചികിത്സിച്ചു. ഓപ്പറേഷനുകളും പലതു നടത്തി. നട്ടെല്ലിലെ അഞ്ചു കശേരുക്കളും തകരാറിലായ അപൂര്‍വവും അതിഗുരുതരവുമായ സ്ഥിതി (പാരീപ്ലീജിയ) ചികിത്സകളെ നിഷ്ഫലമാക്കി. ഒരിക്കല്‍ അത്യപൂര്‍വ ചികിത്സ പരീക്ഷിച്ചത് ശരീരത്തെ കൂടുതല്‍ ദുര്‍ബലവുമാക്കി. ഇരുപതു വര്‍ഷത്തോളമായി അനിലിനു പൊക്കിളിനു താഴേയ്ക്ക് ചലനമില്ല.
മൂവാറ്റുപുഴ ആരക്കുഴയ്ക്കടുത്ത് പെരിങ്ങഴ പരുന്തുംപ്ലാവില്‍ വീട്ടിലെ, കിടക്കയിലും വീല്‍ചെയറിലുമായി ജീവിതം ചുരുങ്ങിപ്പോയ അനിലിന്, ചാച്ചന്‍ ജോര്‍ജും അമ്മ മറിയക്കുട്ടിയുമാണ് ഇന്ന് എല്ലാം. എന്നേയ്ക്കുമായി തളര്‍ന്നുകിടപ്പെങ്കിലും തങ്ങളുടെ പ്രിയപ്പെട്ട മകനെ അവര്‍ കുഞ്ഞുനാളില്‍ നോക്കിയതിനേക്കാള്‍ കരുതലോടെ, വാത്സല്യത്തോടെ, നിറഞ്ഞ സംതൃപ്തിയോടെ പരിചരിക്കുന്നു. റബര്‍ കൃഷിയില്‍ നിന്നും പെന്‍ഷനായും കിട്ടുന്ന തുകയാണ് കുടുംബത്തിന്റെ ആശ്രയം. അവിവാഹിതനായ അനിലിന് അനീഷും ജിനോയുമാണ് സഹോദരങ്ങള്‍.
ശരീരം തളര്‍ന്നു കിടപ്പെങ്കിലും, മനസു തളര്‍ന്നിട്ടില്ലെന്നു തികഞ്ഞ ദൈവവിശ്വാസിയായ അനില്‍ പറയുന്നു. സമ്പൂര്‍ണബൈബിള്‍ 25 തവണ വായിച്ചു പൂര്‍ത്തിയാക്കി. ബൈബിള്‍ പൂര്‍ണമായി പകര്‍ത്തിയെഴുതി. കിടക്കയില്‍ കമിഴ്ന്നും മലന്നും കിടന്നും വീല്‍ചെയറില്‍ ഇരുന്നുമാണ് മനോഹരമായ കൈയക്ഷരത്തില്‍ അനില്‍ ബൈബിള്‍ പകര്‍ത്തിയെഴുത്ത് പൂര്‍ത്തിയാക്കിയത്. അഞ്ചു മാസവും 20 ദിവസവുമെടുത്ത് 1400 പേജുകളിലായി പകര്‍ത്തിയെഴുതിയ ബൈബിള്‍ പുസ്തകരൂപത്തിലാക്കി സൂക്ഷിച്ചിട്ടുണ്ട്.
‘സഹിക്കാന്‍ എന്നെ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. എനിക്ക് അതുമതി.’
മറ്റൊരു ദുഖവെള്ളിത്തലേന്ന് പെരിങ്ങഴയിലെ വീട്ടിലിരുന്ന് ഇതു പറയുമ്പോള്‍, അനിലിന്റെ മുഖത്തു കണ്ണീര്‍ തെല്ലുമില്ല; മറിച്ച്, ഉയിര്‍പ്പിലേക്കുണരുന്ന പ്രത്യാശയുടെ തിളക്കമാണ് ആ കണ്ണുകളില്‍.

One thought on “അനിലിന്റെ ദുഖവെള്ളിയാഴ്ചകൾ”