നിർബന്ധിക്കുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം

“FOR CHRIST’S LOVE COMPELS US” ( 2 കോറി.5:14)

ക്രിസ്തുവിന്റെ സ്നേഹം ഞങ്ങളെ ഉത്തേജിപ്പിക്കുന്നു എന്ന് പറയുന്നതിനേക്കാൾ, നിർബന്ധിക്കുന്നു എന്ന് പറയാനാണ് എനിക്കിഷ്ടം.

The Chosen ആദ്യത്തെ സീരീസ് കാണുമ്പോൾ മത്തായിയെ ഈശോ വിളിക്കുന്ന സീനുണ്ട്. റോമക്കാർക്കു വേണ്ടി സ്വന്തം നാട്ടുകാരിൽ നിന്ന് ടാക്സ് പിരിക്കുന്ന മത്തായിയെ കാണുമ്പോഴേ അവന്റെ നാട്ടുകാരും വീട്ടുകാരും ( അമ്മയടക്കം ) മുഖം തിരിക്കുമായിരുന്നു. പക്ഷെ അവന് അതൊന്നും പ്രശ്നമുള്ള കാര്യമായിരുന്നില്ല. അവന് ആ ജോലിയുള്ളതുകൊണ്ട് നല്ലൊരു വീടുണ്ട്. തരക്കേടില്ലാത്ത സാമ്പത്തികം ഉണ്ട്. റോമപ്പടയാളികളുടെ എസ്‌കോർട്ട് ഉണ്ട് . പെട്ടെന്നൊരു ദിവസം ഈശോ, തൻറെ പിന്നാലെ വരാൻ പറഞ്ഞപ്പോൾ അവന്റെ ടാക്സ് ബൂത്ത് പൂട്ടി, എല്ലാർക്കും ഒരു വിരുന്നൊക്കെ കൊടുത്ത്, വീട് വിട്ട് ഒറ്റ ഇറങ്ങലാണ്. വയലിൽ ഒളിഞ്ഞിരിക്കുന്ന നിധി കണ്ടെത്തിയവൻ തനിക്കുള്ളതെല്ലാം വിറ്റ് ആ വയൽ മേടിക്കുന്നവനെപ്പോലെ.

വിശുദ്ധരുടെ ജീവിതം നോക്കിയാൽ എത്രയോപേർ, സെന്റ് പോൾ പറയുന്നപോലെ അവർക്ക് ലാഭമായിരുന്നതെല്ലാം ക്രിസ്തുവിനെ പ്രതി ഉച്ഛിഷ്ടം പോലെ ഉപേക്ഷിച്ച് , അവന്റെ പിന്നാലെ ഇറങ്ങിയിട്ടുണ്ട്. എന്തായിരിക്കാം ഒരുപാട് ത്യാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും അവരൊക്കെ അവന്റെ ശിഷ്യത്വം തിരഞ്ഞെടുത്തത് ? ഇന്നും എത്രയോപേർ വീടും ലോകസുഖങ്ങളും ഉപേക്ഷിച്ച് പുരോഹിതരും സന്യസ്തരും ആവാൻ ഇറങ്ങിത്തിരിക്കുന്നു. മിണ്ടാമഠങ്ങളും ആഫ്രിക്കൻ മിഷനും ഒക്കെ സന്തോഷത്തോടെ തിരഞ്ഞെടുക്കുന്നു. ഇത്രക്ക് ആകർഷണീയതയോ അവന് ?

ഷുഗർ കോട്ടിങ് ചെയ്ത ഒരു ഓഫറും അവൻ കൊടുക്കുന്നില്ല. ‘നീ വര്ണ് ണ്ടാ ? നിന്നെത്തന്നെ പരിത്യജിച്ചോ , കുരിശെടുത്തോ തോളിൽ , ആ പോന്നോ’ ഇത്രയേയുള്ളൂ. നമ്ക്ക് ഈശോടെ പിന്നാലെ പോണം, സ്വർഗ്ഗത്തിൽ പോണം എന്നൊക്കിണ്ട് .പക്ഷെ ഈ കുരിശെടുക്കൽ … അതിത്തിരി സീനാണല്ലേ. പിന്നെ പരിത്യജിക്കൽ. മറ്റാരും നമ്മളോട് നോ പറയാൻ ഇഷ്ടപ്പെടാത്തവരാണ് നമ്മൾ. ആ നമ്മളോടാണ് പറയുന്നെ, സ്വയം എല്ലാറ്റിനോടും, നമ്മളോടു തന്നെയും നോ പറയാൻ.

പക്ഷെ ഈശോ നമ്മുടെ രക്തത്തിലലിഞ്ഞാൽ, നമ്മുടെ വികാരമായി മാറിയാൽ, പിന്നെ നഷ്ടങ്ങൾ ആഘോഷിക്കാൻ വളരെ എളുപ്പാണ്. പിന്നെ നമുക്ക് ‘ഉന്നതത്തിലുള്ളവയിൽ’ ശ്രദ്ധ വെക്കാൻ തോന്നും. ഈശോ കൂടെയുണ്ട് എന്ന ഒറ്റ കാര്യം മാത്രം മതി സന്തോഷത്തിന്. പറയുന്നത്ര എളുപ്പമില്ലാത്ത സംഗതിയാണ്. പ്രാർത്ഥനക്ക് ഉത്തരമില്ലെന്ന് തോന്നാം , വെക്കുന്ന ഓരോ സ്റ്റെപ്പിലും ഒട്ടേറെ സഹനങ്ങളും പേടിയും വരാം .അടുത്ത സ്റ്റെപ്പ് അസാധ്യമെന്ന് തോന്നി പിന്തിരിയാൻ പ്രലോഭനമുണ്ടാവാം. പക്ഷെ ആ സ്റ്റെപ്പുകൾക്ക് മീതെയുള്ള ഒരു ഇരുമ്പുവേലി പോലെ നമുക്ക് മുറുക്കിപ്പിടിക്കാനായി ഈശോ അവിടുണ്ടാകും.നമ്മൾ ക്ഷീണിക്കുമ്പോൾ തന്നെ പിടിച്ചുനടക്കാൻ ഈശോ ക്ഷണിക്കുന്നു. കഷ്ടപ്പാടുകൾ നിറഞ്ഞ സ്റ്റെപ്പുകൾ അപ്പോഴുമുണ്ടാകും. പക്ഷെ നമ്മളെ താങ്ങിനടത്താൻ ഈശോ ഉണ്ടാകും. കയറ്റം ദുഷ്കരമാവുമ്പോൾ, ഈശോ നമുക്കുവേണ്ടി ഒരുക്കിയിരിക്കുന്ന സ്ഥലം, സ്റ്റെപ്പുകളുടെ അവസാനം നമ്മെ കാത്തിരിക്കുന്നു എന്നതോർക്കാം. എന്നാലും ഈശോയോട് കുറെ സ്നേഹമാവുമ്പോൾ, അവനുവേണ്ടി കഷ്ടപ്പാടുകൾ ഏറ്റെടുക്കാൻ, സഹിക്കാൻ , അവന്റെ സ്നേഹം നമ്മെ നിര്ബന്ധിക്കാതെ തന്നെ നമുക്ക് ഉത്സാഹമാവും.

പഴയകാല പ്രവാചകർക്കൊന്നും ജീവിതം എളുപ്പമായിരുന്നില്ല. ഒളിച്ചോട്ടങ്ങളും കഷ്ടപ്പാടുകളും നിറയെ ഉണ്ടായിരുന്നു. അപ്പസ്തോലന്മാർക്കുമതെ. ഈശോയുടെ ശിഷ്യനാണ് എന്നതുകൊണ്ട് പൂമെത്തയൊന്നും കിട്ടിയില്ല. പക്ഷെ എന്താണ് അവരെയൊക്കെ ഭയത്തിലും കഷ്ടപ്പാടിലും മുന്നോട്ട് പോവാൻ പ്രേരിപ്പിച്ചത് ? അവർക്കുവേണ്ടി എന്തൊക്കെയോ സ്പെഷ്യൽ ആയത് കാത്തിരിക്കുന്നുണ്ട് എന്ന ചിന്ത . ദൈവത്തോടൊത്ത് ആവുമ്പോഴുള്ള സന്തോഷം. ഒരിക്കൽ ഭയചകിതരായിരുന്ന അവർ പീഡനങ്ങളെ ചങ്കുറപ്പോടെ നേരിട്ടത് ഈശോയെ മുറുക്കിപ്പിടിച്ചുകൊണ്ടാണ് .

നമുക്കും ഓർക്കാം എന്തൊക്കെയോ സ്പെഷ്യൽ സർപ്രൈസുകൾ നമ്മളെ കാത്തിരിക്കുന്നുണ്ട്. ഈലോക ജീവിതത്തിന് വേണ്ടി മാത്രം ഈശോയിൽ പ്രത്യാശ വെക്കുന്ന വിഡ്ഢികൾ ആവണ്ടല്ലോ നമ്ക്ക് . കണ്ടതൊക്കെ ഇത്ര മധുരമുള്ളതാണെങ്കിൽ കാണാത്തത് മധുരതരം അല്ലെ. ഈ ലോകത്തിലെ കൊടുങ്കാറ്റുകൾ, യുദ്ധങ്ങൾ, രോഗങ്ങൾ ഒക്കെ ഒരിക്കൽ ഓർമ്മയാകും .. കഷ്ടപ്പാടെല്ലാം കഴിഞ്ഞുപോകും .. നമുക്കായി അവൻ ഒരുക്കിയിരിക്കുന്ന സൂപ്പർ സ്പെഷ്യൽ സർപ്പ്രൈസുകൾ കാണുമ്പോൾ, അവനോടൊത്തു വാഴുമ്പോൾ, അതിലേക്ക് നയിച്ച എല്ലാ സങ്കടത്തിനും, എടുത്ത കുരിശിനും നമ്മൾ നന്ദി പറയും.

ജിൽസ ജോയ് ✍️

Advertisements

Leave a comment