ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?

ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?

ഇ. കെ. വിഭാഗം സമസ്തയുടെ വിദ്യാഭ്യാസ വകുപ്പ് മേധാവി എം. ടി. അബ്ദുള്ള മൗലവി രാമപുരം പാതിരമണ്ണിൽ നടന്ന ഒരു പൊതു ചടങ്ങിൽവച്ച് പത്താം ക്ലാസുകാരിയെ അപമാനിച്ചു എന്നപേരിൽ സാമൂഹ്യ മാധ്യമങ്ങളിൽ ചർച്ചകൾ നടക്കുന്നുണ്ട്. പഠന മികവിനു പ്രോത്സാഹനം നൽകാൻ പെൺകുട്ടിയെ സ്റ്റേജിലേക്കു വിളിച്ചു കയറ്റിയതാണ് മൗലവിയെ പ്രകോപിതനാക്കിയത്. പെൺകുട്ടിയെയല്ല സംഘാടകരെയാണ് അദ്ദേഹം ശാസിച്ചത് എന്നും അതിൽ പ്രതിഷേധാർഹമായി യാതൊന്നുമില്ല എന്ന ന്യായീകരണവും മറുഭാഗത്തുള്ളവർ നടത്തുന്നുണ്ട്. കൂടാതെ, ചില മുസ്ലീം പണ്ഡിതർ പ്രമാണങ്ങൾ ഉദ്ധരിച്ചു സമസ്ത പണ്ഡിതന്റെ പ്രവൃത്തിയെ ആദർശവൽക്കരിക്കുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നതായി ശ്രദ്ധയിൽ പെട്ടു. ചില മുഖ്യധാരാ ദൃശ്യ മാധ്യമങ്ങളും ഇപ്പോൾ ഈ വിഷയം ചർച്ചയാക്കിയിരിക്കുന്നു! മതനിയമമാണോ ഭരണഘടന നൽകുന്ന പൗരാവകാശമാണോ മുസ്ലീം സമുദായത്തിലെ പെൺകുട്ടികൾക്കും സ്ത്രീകൾക്കും ബാധകം എന്ന രീതിയിലുള്ള ചില ചോദ്യങ്ങളും ചർച്ചകളിൽ ഉയർന്നു കേട്ടു.

മുസ്ലീം സമുദായത്തിലെ ഇത്തരം വിഷയങ്ങളിൽ പുറത്തുള്ളവർ അഭിപ്രായം പറയുന്നതിൽ അനൗചിത്യമുണ്ട്. എങ്കിലും, ഒരു പൊതു പരിപാടിയിൽവച്ചു നടന്ന കാര്യമായതിനാലും സാമൂഹ്യ മാധ്യമങ്ങളിലും മുഖ്യധാരാ മാധ്യമങ്ങളിലും ഇതു സംബന്ധിച്ച ചർച്ചകൾ സജ്ജീവമായതിനാലും ചില കാര്യങ്ങൾ സൂചിപ്പിക്കുന്നത് അവിവേകമാകില്ല എന്നു കരുതുന്നു.

മാതാധിഷ്ഠിത സമൂഹങ്ങളും ഭരണഘടന ഉറപ്പുനൽകുന്ന സ്ത്രീ പുരുഷ തുല്യതയും

ഇന്ത്യൻ ജനാധിപത്യം സ്ത്രീകൾക്ക് കുടുംബത്തിൽ മാത്രമല്ല സമൂഹത്തിലും തുല്യ അന്തസ്സും അവസരങ്ങളും ഉറപ്പു നൽകുന്നുണ്ട്. എങ്കിലും ഇന്ത്യയിൽ മിക്കവാറും എല്ലാ സമുദായങ്ങളും മതബദ്ധമായ ആദർശങ്ങളിലാണ് അടിയുറപ്പിക്കപ്പെട്ടിട്ടുള്ളത്. വിവിധ മത സമൂഹങ്ങൾക്കു സ്ത്രീ പുരുഷ സമത്വത്തെ സംബന്ധിച്ച് വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടാവാം. മത നിയമങ്ങളുടെ വ്യാഖ്യാനത്തിൽ നമ്മൾ ഇന്ത്യക്കാർ പൊതുവേ പശ്ചാത്യരുടെ അത്രയും തുറന്ന സമീപനമല്ല പുലർത്തുന്നത്. ലിബറൽ എന്നു വിശേഷിപ്പിക്കാവുന്ന കാഴ്ചപ്പാടുകൾ വച്ചുപുലർത്തുന്ന വ്യക്തികളും സമൂഹങ്ങളും ഇല്ലെന്നല്ല. സമൂഹത്തിന്റെ മുഖ്യധാര മതനിഷ്ഠമായ പാരമ്പര്യങ്ങളിലൂടെയും രീതികളിലൂടെയുമാണ് ചരിക്കുന്നത്.

മാറുന്ന സമൂഹവും മാറ്റമില്ലാത്ത മത ശാസനകളും

സമൂഹം നിരന്തരം മാറിക്കൊണ്ടാണ് ഇരിക്കുന്നത്. ഇരുപത്തി ഒന്നാം നൂറ്റാണ്ടിൽ ജീവിക്കുന്നവർ എന്ന ബോധം എല്ലാവർക്കും ഉണ്ടാവണം. ലോകം എ ത്തിനിൽക്കുന്ന ശാസ്ത്രീയവും സാങ്കേതികവും സാംസ്‌കാരികവുമായ പുരോഗതിക്കൊത്തു കാലഘട്ടത്തിനു വെളിച്ചം പകർന്നു മുന്നേറാൻ പരാജയപ്പെടുന്ന മതങ്ങൾ കലഹരണപ്പെട്ടു പോകും എന്നതിൽ സംശയമില്ല. കാരണം, പുരോഗതിയിൽനിന്നു പുരോഗതിയിലേക്കുള്ള മനുഷ്യ വംശത്തിന്റെ പ്രയാണത്തിൽ മനുഷ്യനു വെളിച്ചം പകരുകയാണ് മതങ്ങളുടെ ദൗത്യം. ഓരോ കാലഘട്ടത്തിലെയും മനുഷ്യരുടെ ചിന്തയെയും ആദർശങ്ങളെയും പ്രതീക്ഷകളെയും പ്രത്യാശാഭരിതമാക്കാൻ മതങ്ങൾക്ക് കഴിയണം.

ചരിത്രത്തിന്റെ ഏതെങ്കിലും ഒരു ഘട്ടത്തെ പ്രതിഫലിപ്പിക്കുന്ന നിയമങ്ങളിൽ ഉറഞ്ഞുപോയ മത ദർശനങ്ങൾക്കു പുതിയ കാലത്തെ വെല്ലുവിളികൾ അഭിമുഖീകരിക്കുന്ന മനുഷ്യ വംശത്തിനു പ്രത്യാശ പകരുക എളുപ്പമല്ല. നിയമങ്ങൾ അനുസരിക്കുന്നവർക്ക് സമ്മാനവും ധിക്കരിക്കുന്നവർക്ക് ശിക്ഷയുമാണ് മതങ്ങളിൽ വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നത്. ഇക്കാര്യത്തിൽ ക്രിസ്തു ഒരു പടി മുന്നോട്ടു പോകുന്നുണ്ട്. ക്രിസ്തു നിയമത്തെ നീതിയും വീണ്ടെടുപ്പും ഉറപ്പാക്കുന്ന ദൈവകൃപയിൽ അഥവാ ദൈവ കാരുണ്യത്തിൽ പ്രതിഷ്ഠിച്ചു. അതുകൊണ്ട് നിയമത്തെ സ്നേഹത്തിന്റെ അരൂപിയിൽ വ്യാഖ്യനിക്കാൻ മതം നിർബന്ധിതമാകുന്നു. കുറ്റവും ശിക്ഷയും എന്ന വിഷമ വൃത്തത്തിൽനിന്ന് രക്ഷയും വീണ്ടെടുപ്പും എന്ന സാധ്യതയിലേക്ക് അത് മനുഷ്യനു വാതിൽ തുറന്നു കൊടുക്കുന്നു. സമസ്ത സൃഷ്ടികളുടെയും വീണ്ടെടുപ്പ് അഥവാ ദിവ്യത പ്രാപിക്കൽ (ദൈവവൽക്കരണം) എന്ന ആദർശമാണ് അതു മുന്നോട്ടു വയ്ക്കുന്നത്.

സ്ത്രീ പുരുഷ സമത്വം ക്രിസ്തീയ വീക്ഷണത്തിൽ

ഇവിടെ, സ്ത്രീ പ്രാമാണികമായി പുരുഷനേക്കാൾ മേന്മ കുറഞ്ഞവളായി കണക്കാക്കപ്പെടുക സാധ്യമല്ല. കാരണം സൃഷ്ടിയിലേ അവർ തുല്യ മഹത്വവും ശ്രേഷ്ഠതയും അന്തിമ ലക്ഷ്യവും ഒരുപോലെ പങ്കുവയ്ക്കുന്നവരാണ്. അവരുടെ വ്യത്യസ്ഥത പാരസ്പര്യത്തിനും സഖിത്വത്തിനും സന്താനോല്പാദനത്തിനും കുടുംബ ജീവിതത്തിനും വേണ്ടിയുള്ളതാണ്. ക്രിസ്തുവും സഭയും തമ്മിലുള്ള ആന്തരിക (ആത്മീയ) ഐക്യത്തോടാണ് പുരുഷനും സ്ത്രീയും ഭര്യാ ഭർത്താക്കന്മാർ എന്ന നിലയിൽ താദാത്മ്യപ്പെടേണ്ടത്.

ഇത്തരം ആദർശങ്ങൾ ഓരോ മതത്തിലുമുണ്ട്. അതിനെ കാലാനുസൃതമായി വ്യാഖ്യാനിക്കുകയും ആവിഷ്കരിക്കുകയും ചെയ്യാനുള്ള ഉത്തരവാദിത്തം ഓരോ മതത്തിലെയും ദൈവ ശാസ്ത്രജ്ഞർക്കും മതാധികാരികൾക്കുമുണ്ട്. ആന്തരികമായ സ്വയം വിമർശനത്തിലൂടെയും നവീകരണ സംരംഭങ്ങളിലൂടെയും മതത്തെ നിരന്തരം നവീകരിക്കുന്നില്ലെങ്കിൽ മതങ്ങൾ അതു രൂപംകൊണ്ട കാലഘട്ടത്തിൽ ഉറഞ്ഞുപോകും. മനുഷ്യ വർഗ്ഗത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിൽ കാലഘട്ടത്തെ പ്രകാശിപ്പിക്കുകയും വഴികാട്ടുകയും ചെയ്യുന്ന വിളക്കുമരങ്ങളകാൻ അവയ്ക്ക് കഴിവില്ലാതാവുകയും ചെയ്യും.

നവീകരണവും പുനരുജ്ജീവനവും ഒന്നല്ല

മതങ്ങളിൽ മിക്കപ്പോഴും സംഭവിക്കുന്നത് നവീകരണമല്ല, പുനരുജ്ജീവനമാണ്. ആദിമ ചൈതന്യത്തെ തിരിച്ചുപിടിക്കുന്നതിനു പകരം ആദിമ രൂപത്തെ പുനരാവിഷ്കരിക്കാനുള്ള ത്വരയിൽനിന്നാണ് ഇതുണ്ടാകുന്നത്. ഇതു സമുദായത്തെ തിരിച്ചു നടക്കാൻ നിർബന്ധിക്കുന്നു. ആറാം നൂറ്റാണ്ടിലേക്കോ ഒന്നാം നൂറ്റാണ്ടിലേക്കോ ബി. സി. പതിനഞ്ചാം നൂറ്റാണ്ടിലേക്കോ മാതാനുയായികളെ തിരിച്ചുനടത്താൻ ശ്രമിക്കുന്നത്, അതിനെ എത്രമാത്രം ആദർശവൽക്കരിച്ചാലും, ആത്മഹത്യാപരം തന്നെയാണ്.

ഇസ്ലാം മതത്തിൽ പത്തൊൻപതാം നൂറ്റാണ്ടിന്റെ അന്ത്യത്തിലും ഇരുപതാം നൂറ്റാണ്ടിലും ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ചു നടന്ന ഇസ്ലാമിക പുനരുജ്ജീവന ശ്രമങ്ങൾ ഉയർത്തിവിട്ട നവീന സലഫി – വഹാബി ആശയധാരയുടെ സ്വാധീനം ലോകമെങ്ങുമുള്ള ഇസ്ലാമിക സമൂഹങ്ങളിൽ ശക്തമാണ്. ഏഴാം നൂറ്റാണ്ടിലെ ഖലീഫമാരുടെ ആദർശലോകത്തേക്ക് തിരിച്ചുപോകാൻ ഓരോ മുസ്ലീമിനേയും ബാധ്യസ്ഥാനാക്കുന്ന ഈ ചിന്താ ധാരയുടെ സ്വാധീനം കേരളത്തിലും അതിശക്തമാണ്. കേരളത്തിലെ പരമ്പരാഗത മുസ്ലീം സമൂഹം ഇതിനെ പ്രതിരോധിക്കാൻ പ്രയാസപ്പെടുന്ന കാഴ്ച നമ്മുടെ കണ്മുൻപിലുണ്ട്. തീവ്രവാദപരമായ ഇത്തരം ആശയഗതികളെയും അവ കൊണ്ടുനടക്കുന്ന പ്രസ്ഥാനങ്ങളെയും പ്രതിരോധിക്കാൻ ശ്രമിക്കുന്ന പരമ്പരാഗത മുസ്ലീങ്ങൾ കൂടുതൽ യാഥാസ്ഥിതികരാകുന്ന കാഴ്ചയും സോഷ്യൽ മീഡിയകളിൽ സുലഭമാണ്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ ചില മുസ്ലീം മതപണ്ഡിതന്മാർ മേല്പറഞ്ഞ സംഭവത്തെ മുലീം പ്രമാണിക ഗ്രന്ഥങ്ങളുടെ വെളിച്ചത്തിൽ ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഇതിന് ഉദാഹരണമാണ്.

ഇസ്ലാമിൽ സ്ത്രീകളെ പുരുഷന്മാർ കാണാൻ പാടില്ല എന്നും, അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ അവർ വീടിനു പുറത്തിറങ്ങാൻ പാടില്ല എന്നും മറ്റുമുള്ള അനുശാസനങ്ങളെ എക്കാലത്തേക്കുമുള്ള ആദർശങ്ങളായി അവതരിപ്പിച്ചുകൊണ്ടാണ് സമസ്തയുടെ നേതാക്കളെയും ചടങ്ങിൽ പങ്കെടുത്ത രാഷ്ട്രീയ നേതാവിന്റെ ഉൾപ്പെടെയുള്ളവരുടെ നിലപാടിനെയും ന്യായീകരിക്കാൻ ചില ഉസ്താദുമാർ ശ്രമിക്കുന്നത്. ഇതു തികച്ചും ദൗർഭാഗ്യകരമാണ് എന്നു പറയാതെ വയ്യാ. കാരണം, ഈ രണ്ടു സമീപനങ്ങളും മുസ്ലീം സമുദായത്തെ ഒരുപോലെ പിന്നോട്ടടിക്കുന്നതും സാമൂഹ്യമായി ആസ്വസ്ഥതകൾ സൃഷ്ടിക്കുന്നതുമാണ്.

പാതിരമണ്ണിൽ എന്താണുണ്ടായത്?

പത്താം ക്ലാസുകാരിയായ ഒരു പെൺകുട്ടി മുസ്ലീം മതനിയമങ്ങൾ അനുശാസിക്കുന്ന വേഷവിധാനങ്ങളോടെയും ഒപ്പം മാസ്കും ധരിച് തിരിച്ചറിയാൻപോലും കഴിയാത്തവിധം വസ്ത്രത്തിൽ മൂടി തലയും താടിയും ഏതാണ്ട് പൂർണ്ണമായും നരച്ച മത പണ്ഡിതരും സമുദായ നേതാക്കളും നിരന്നുനിൽക്കുന്ന ഒരു സ്റ്റേജിലേക്ക്, അവളുടെ പേരുവിളിച്ചപ്പോൾ, കടന്നു ചെല്ലുന്നു. മുഖ്യാതിഥിയിൽനിന്ന്‌ അവൾ സമ്മാനം ഏറ്റു വാങ്ങുന്നു. അപ്പോൾ സ്റ്റേജിൽനിന്ന് അധികാരത്തോടുകൂടിയ ഒരു ശബ്ദം മുഴങ്ങുന്നു. ആരാണ് പത്താം ക്‌ളാസുകാരിയെ സ്റ്റേജിലേക്ക് ക്ഷണിച്ചത്. ഇതൊന്നും ഇസ്ലാമിൽ അനുവദനീയമല്ല എന്നാണ് ആ ശാസന സ്വരത്തിന്റെ സാരം.

ആദരവും പ്രോത്സാഹനവും പ്രതീക്ഷിച്ചാണ് ആ പെൺകുട്ടി ആ സദസ്സിലേക്ക് കടന്നു വന്നത്. പക്ഷേ അവിടെ കാണാൻ കഴിഞ്ഞത് ആ കുട്ടിയുടെ ആത്മവിശ്വാസവും ആത്മാഭിമാനവും പാടേ തകർത്തുകളയുന്ന കാഴ്ചയായിരുന്നു. ഇനി ജീവിതകാലത്ത് ഒരിക്കലും അവൾ സ്വന്തം വീട്ടിൽപോലും, പുരുഷന്മാരുടെ മുൻപിൽ പ്രത്യക്ഷപ്പെടാൻ ധൈര്യം കാണിക്കും എന്നു കരുതാൻ വയ്യാ. ആ കുട്ടിയുടെ കണ്ണിലൂടെ ആ സംഭവത്തെ കാണാൻ ശ്രമിക്കുമ്പോൾ, കണ്ണുനിറയുക മാത്രമല്ല, ഹൃദയം തകരുകയാണ്. പെണ്ണായി പിറന്നതിൽ അവൾ എത്രത്തോളം വേദനിച്ചിട്ടുണ്ടാവും! മതം എന്തുതരം വെളിച്ചമാണ് അവളുടെ ഹൃദയത്തിൽ പകർന്നിട്ടുണ്ടാവുക? എന്തു പ്രത്യാശയാണ് അവളുടെ ഭാവിയെപ്പറ്റി അവൾക്കു നൽകിയിട്ടുണ്ടാവുക?

മതങ്ങൾ മനുഷ്യാവകാശങ്ങളെ ചവിട്ടി മെതിക്കരുത്

ആ പെൺകുട്ടിക്ക് സംഭവിച്ചതുപോലെ, ഒരു മതവും ഇത്ര പ്രത്യക്ഷമായ വിവേചനവും അപമാനവും ഒരു സ്ത്രീയുടെമേൽ ചൊരിയരുത്. മതത്തിന്റെ പേരിൽ, നിയമവും ഭരണഘടനയും അനുശാസിക്കുന്ന അവകാശങ്ങളും അന്തസ്സും സ്ത്രീക്കോ പുരുഷനോ നിഷേധിക്കാൻ ആർക്കും അവകാശമില്ല. ഒരു വ്യക്തിക്ക് വേണമെങ്കിൽ അയാൾക്ക്‌ അനുവദിക്കപ്പെട്ടിട്ടുള്ള ഏതെങ്കിലും അവകാശം വേണ്ടെന്നു വയ്ക്കാം. എന്നാൽ മനുഷ്യ വ്യക്തികൾ എന്ന നിലയിൽ പൗരന്മാർക്ക് നല്കപ്പെട്ടിരിക്കുന്ന തുല്യ അന്തസ്സും മഹത്വവും വേണ്ടെന്നുവയ്ക്കാനോ, മറ്റുള്ളവരാൽ കവർന്നെടുക്കപ്പെടുന്നതിന് അനുവദിച്ചു കൊടുക്കാനോ വ്യക്തിക്ക് അവകാശമില്ല. അതു സംരക്ഷിക്കപ്പെടേണ്ടത് മനുഷ്യ വംശത്തിന്റ അന്തസ്സ് സംരക്ഷിക്കപ്പെടുന്നതിന് അത്യന്താപേക്ഷിതമാണ്. ഈ ബോധ്യത്തിലാണ് ‘മനുഷ്യാവകാശങ്ങൾ’ എന്ന ആശയം കുടികൊള്ളുന്നത്.

ഇവിടെ ഒരു കാര്യംകൂടി സൂചിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുന്നു. കേരളം പലപ്പോഴും അവകാശപ്പെടുന്ന ‘പ്രബുദ്ധത’ നിലകൊള്ളുന്നത് ഭരണഘടനയിലും നിയമങ്ങളിലും മാത്രമല്ല. ഓരോ സമുദായവും അതിനുള്ളിൽ നടത്തിയിട്ടുള്ള സ്വയം വിമർശനത്തിന്റെയും നവീകരണ ശ്രമങ്ങളുടെയും ഫലമായി സമുദായങ്ങൾ ആർജിച്ചെടുത്ത വിദ്യാഭ്യാസ ബൌധിക വളർച്ചയിലും മാറ്റങ്ങളെ ഉൾകൊള്ളാനുള്ള മാനസിക വളർച്ചയിലുമാണ്. ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ഫലദായകത്വം മാറ്റത്തെ ഉൾക്കൊള്ളാനുള്ള കഴിവനുസരിച്ചാണ് ഓരോ സമുദായത്തിലും സംഭവിച്ചതും സംഭവിക്കുന്നതും. മുസ്ലീം സമൂഹം ഈ മാറ്റം എത്രകണ്ട് ഉൾക്കൊണ്ടിട്ടുണ്ട് എന്ന് ആത്മശോധന ചെയ്യുന്നത് നല്ലതാണ്.

മതത്തെ ഉള്ളിൽനിന്നു സ്വയം വിമർശനം നടത്തുന്നതിനും കാലഘട്ടവും മനുഷ്യ വംശവും ആവശ്യപ്പെടുന്ന മാറ്റങ്ങൾ ഉള്ളിൽനിന്ന് വളർത്തിക്കൊണ്ടു വരുന്നതിനും കഴിയുന്ന സമുദായ നേതൃത്വവും ആത്മീയ – പണ്ഡിത സമൂഹവുമാണ് എല്ലാ മതങ്ങളിലും ഉണ്ടാകേണ്ടത്. കാലഘട്ടം അതാവശ്യപ്പെടുന്നു എന്നതിന്റെ ഒരു ഉദാഹരണമാണ് പാതിരമണ്ണിൽ നമ്മൾ കണ്ടത്.

പിൻകുറിപ്പ്: “സമസ്‌താപരാധം” ക്ഷമസ്വാഖിലേശ!

ഫാ. വർഗീസ് വള്ളിക്കാട്ട്

Advertisements

One thought on “ദൗത്യ നിർവ്വഹണത്തിൽ മതങ്ങൾ പരാജയപ്പെടുന്നുവോ?

Leave a comment