Saint Philip Neri / Thursday before Ascension Sunday

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

26-May-2022, വ്യാഴം

Saint Philip Neri, Priest on Thursday before Ascension Sunday

Liturgical Colour: White.


ഒന്നാം വായന

അപ്പോ. പ്രവ. 18:1-8

പൗലോസ് അവരുടെ കൂടെ താമസിക്കുകയും ഒന്നിച്ചു ജോലി ചെയ്യുകയും സിനഗോഗില്‍ വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

പൗലോസ് ആഥന്‍സ് വിട്ടു കോറിന്തോസില്‍ എത്തി. അവന്‍ പോന്തസുകാരനായ അക്വീലാ എന്ന ഒരു യഹൂദനെ കണ്ടുമുട്ടി. അവന്‍ തന്റെ ഭാര്യയായ പ്രിഷില്ലയോടൊപ്പം ആയിടെ ഇറ്റലിയില്‍ നിന്ന് എത്തിയതേ ഉണ്ടായിരുന്നുള്ളൂ. എന്തെന്നാല്‍, എല്ലാ യഹൂദരും റോമാ വിട്ടുകൊള്ളണമെന്ന് ക്ലാവുദിയൂസിന്റെ കല്‍പനയുണ്ടായിരുന്നു. പൗലോസ് അവരുടെ വീട്ടില്‍ച്ചെന്നു. അവര്‍ ഒരേ തൊഴില്‍ക്കാരായിരുന്നതുകൊണ്ട് അവന്‍ അവരുടെകൂടെ താമസിക്കുകയും ഒന്നിച്ചു ജോലി ചെയ്യുകയും ചെയ്തു. കൂടാരപ്പണിയായിരുന്നു അവരുടെ ജോലി. എല്ലാ സാബത്തിലും അവന്‍ സിനഗോഗില്‍ വച്ച് സംവാദത്തില്‍ ഏര്‍പ്പെടുകയും യഹൂദരെയും ഗ്രീക്കുകാരെയും വിശ്വസിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്തു. സീലാസും തിമോത്തേയോസും മക്കെദോനിയായില്‍ നിന്ന് എത്തിച്ചേര്‍ന്ന അവസരത്തില്‍, യേശുവാണ് ക്രിസ്തുവെന്നു സാക്ഷ്യം നല്‍കിക്കൊണ്ട്, യഹൂദര്‍ക്കു ബോധ്യം വരുത്താനുള്ള തീവ്ര ശ്രമത്തിലായിരുന്നു പൗലോസ്. അവര്‍ അവനെ എതിര്‍ക്കുകയും ദൂഷണം പറയുകയും ചെയ്തപ്പോള്‍, അവന്‍ സ്വന്തം വസ്ത്രങ്ങള്‍ കുടഞ്ഞുകൊണ്ട് അവരോടു പറഞ്ഞു: നിങ്ങളുടെ രക്തം നിങ്ങളുടെ തന്നെ ശിരസ്സില്‍ പതിക്കട്ടെ. ഞാന്‍ നിരപരാധനാണ്. ഇനി ഞാന്‍ വിജാതീയരുടെ അടുക്കലേക്കു പോകുന്നു. അവിടം വിട്ട് അവന്‍ ദൈവഭക്തനായ തീസിയോസ്‌ യുസ്‌തോസ് എന്നൊരുവന്റെ വീട്ടിലേക്കു പോയി. സിനഗോഗിനു തൊട്ടടുത്തായിരുന്നു അവന്റെ വീട്. സിനഗോഗധികാരിയായ ക്രിസ്പൂസും അവന്റെ കുടുംബം മുഴുവനും കര്‍ത്താവില്‍ വിശ്വസിച്ചു. കോറിന്തോസുകാരില്‍ പലരും വചനം കേട്ടു വിശ്വസിക്കുകയും ജ്ഞാനസ്‌നാനം സ്വീകരിക്കുകയും ചെയ്തു.

കർത്താവിന്റെ വചനം.


പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 98:1bcde,2-3ab,3cd-4

R. കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍; അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു; അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

R. കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

കര്‍ത്താവു തന്റെ വിജയം വിളംബരം ചെയ്തു; അവിടുന്നു തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി. ഇസ്രായേല്‍ ഭവനത്തോടുള്ള തന്റെ കരുണയും വിശ്വസ്തതയും അവിടുന്ന് അനുസ്മരിച്ചു.

R. കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു. ഭൂമി മുഴുവന്‍ കര്‍ത്താവിന് ആനന്ദഗീതം ആലപിക്കട്ടെ! ആഹ്‌ളാദാരവത്തോടെ അവിടുത്തെ സ്തുതിക്കുവിന്‍.

R. കര്‍ത്താവ് തന്റെ നീതി ജനതകളുടെ മുന്‍പില്‍ വെളിപ്പെടുത്തി.


സുവിശേഷ പ്രഘോഷണവാക്യം

റോമാ 6:9

അല്ലേലൂയാ, അല്ലേലൂയാ!
മരിച്ചവരില്‍ നിന്ന് ഉത്ഥാനം ചെയ്ത ക്രിസ്തു ഇനി ഒരിക്കലും മരിക്കുകയില്ല. മരണത്തിന് അവന്റെ മേല്‍ ഇനി അധികാരമില്ല.
അല്ലേലൂയാ!

Or:

cf. യോഹ 14:18

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവ് അരുള്‍ ചെയ്യുന്നു: ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല; ഞാന്‍ വീണ്ടും നിങ്ങളുടെ അടുത്തേക്കു വരുകയും
നിങ്ങളുടെ ഹൃദയം സന്തോഷിക്കുകയും ചെയ്യും.
അല്ലേലൂയാ!


സുവിശേഷം

യോഹ 16:16-20

നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.

യേശു തന്റെ ശിഷ്യരോട് പറഞ്ഞു: അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല. വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും. അപ്പോള്‍ അവന്റെ ശിഷ്യന്മാരില്‍ ചിലര്‍ പരസ്പരം പറഞ്ഞു: അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നും, ഞാന്‍ പിതാവിന്റെ അടുത്തേക്കു പോകുന്നു എന്നും അവന്‍ നമ്മോടു പറയുന്നതിന്റെ അര്‍ഥമെന്താണ്? അവര്‍ തുടര്‍ന്നു: അല്‍പസമയം എന്നതുകൊണ്ട് അവന്‍ എന്താണ് അര്‍ഥമാക്കുന്നത്? അവന്‍ പറയുന്നതെന്താണെന്നു നമുക്കറിഞ്ഞുകൂടാ. ഇക്കാര്യം അവര്‍ തന്നോടു ചോദിക്കാന്‍ ആഗ്രഹിക്കുന്നു എന്നു മനസ്സിലാക്കി യേശു പറഞ്ഞു: അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണുകയില്ല, വീണ്ടും അല്‍പസമയം കഴിഞ്ഞാല്‍ നിങ്ങള്‍ എന്നെ കാണും എന്നു ഞാന്‍ പറഞ്ഞതിനെപ്പറ്റി നിങ്ങള്‍ പരസ്പരം ചോദിക്കുന്നുവോ? സത്യം സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: നിങ്ങള്‍ കരയുകയും വിലപിക്കുകയും ചെയ്യും; എന്നാല്‍ ലോകം സന്തോഷിക്കും. നിങ്ങള്‍ ദുഃഖിതരാകും; എന്നാല്‍, നിങ്ങളുടെ ദുഃഖം സന്തോഷമായി മാറും.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment