Readings

Wednesday of week 11 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥

15 Jun 2022

Wednesday of week 11 in Ordinary Time 

Liturgical Colour: Green.

പ്രവേശകപ്രഭണിതം

cf. സങ്കീ 27:7,9

കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;
എന്റെ സ്വരം ശ്രവിക്കണമേ.
അങ്ങ് എന്റെ സഹായകനാകണമേ.
എന്റെ രക്ഷകനായ ദൈവമേ,
അങ്ങ് എന്നെ കൈവെടിയുകയോ
തിരസ്‌കരിക്കുകയോ ചെയ്യരുതേ.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

2 രാജാ 2:1,6-14
ആഗ്നേയരഥം വന്നു; തത്ക്ഷണം ഏലിയാ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു.

കര്‍ത്താവ് ഏലിയായെ സ്വര്‍ഗത്തിലേക്ക് ചുഴലിക്കാറ്റിലൂടെ എടുക്കാന്‍ സമയമായപ്പോള്‍, ഏലിയായും എലീഷായും ഗില്‍ഗാലില്‍ നിന്നു വരുകയായിരുന്നു. അനന്തരം, ഏലിയാ എലീഷായോടു പറഞ്ഞു: ദയവായി ഇവിടെ നില്‍ക്കുക. കര്‍ത്താവ് എന്നെ ജോര്‍ദാനിലേക്ക് അയച്ചിരിക്കുന്നു. അവന്‍ പറഞ്ഞു: കര്‍ത്താവിനെയും അങ്ങയെയും സാക്ഷിയാക്കി ഞാന്‍ പറയുന്നു, ഞാന്‍ അങ്ങയെ വിട്ടുമാറില്ല. അങ്ങനെ ഇരുവരും യാത്ര തുടര്‍ന്നു. അവര്‍ ഇരുവരും ജോര്‍ദാനു സമീപം എത്തിയപ്പോള്‍ പ്രവാചക ഗണത്തില്‍പ്പെട്ട അമ്പതുപേര്‍ അല്‍പം അകലെ വന്നുനിന്നു. ഏലിയാ മേലങ്കിയെടുത്ത് ചുരുട്ടി വെള്ളത്തില്‍ അടിച്ചു. വെള്ളം ഇരുവശത്തേക്കും മാറി. ഇരുവരും ഉണങ്ങിയ നിലത്തുകൂടി അക്കരെ കടന്നു. മറുകരെ എത്തിയപ്പോള്‍ ഏലിയാ എലീഷായോടു പറഞ്ഞു: നിന്നില്‍ നിന്ന് എടുക്കപ്പെടുന്നതിനുമുമ്പ് ഞാന്‍ എന്താണു ചെയ്തുതരേണ്ടത്? എലീഷാ പറഞ്ഞു: അങ്ങേ ആത്മാവിന്റെ ഇരട്ടിപങ്ക് എനിക്കു ലഭിക്കട്ടെ. അവന്‍ പറഞ്ഞു: ദുഷ്‌കരമായ കാര്യമാണ് നീ ചോദിച്ചത്. എങ്കിലും ഞാന്‍ എടുക്കപ്പെടുന്നതു നീ കാണുകയാണെങ്കില്‍, നിനക്ക് അതു ലഭിക്കും. കണ്ടില്ലെങ്കില്‍, ലഭിക്കുകയില്ല. അവര്‍ സംസാരിച്ചുകൊണ്ടു പോകുമ്പോള്‍ അതാ ഒരു ആഗ്നേയരഥവും ആഗ്നേയാശ്വങ്ങളും അവരെ വേര്‍പെടുത്തി. ഏലിയാ ഒരു ചുഴലിക്കാറ്റില്‍ സ്വര്‍ഗത്തിലേക്ക് ഉയര്‍ന്നു. എലീഷാ അതു കണ്ട് നിലവിളിച്ചു. എന്റെ പിതാവേ, എന്റെ പിതാവേ! ഇസ്രായേലിന്റെ രഥങ്ങളും സാരഥികളും! പിന്നെ അവന്‍ ഏലിയായെ കണ്ടില്ല. അവന്‍ വസ്ത്രം കീറി.
അവന്‍ ഏലിയായില്‍ നിന്നു വീണുകിട്ടിയ മേലങ്കിയുമായി ജോര്‍ദാന്റെ കരയില്‍ ചെന്നുനിന്നു. അവന്‍ അതു വെള്ളത്തിന്മേല്‍ അടിച്ചുകൊണ്ടു പറഞ്ഞു: ഏലിയായുടെ ദൈവമായ കര്‍ത്താവ് എവിടെ? അവന്‍ വെള്ളത്തിന്മേല്‍ അടിച്ചപ്പോള്‍ വെള്ളം ഇരുവശത്തേക്കും മാറി. അവന്‍ കടന്നുപോയി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 31:19,20,23

കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.

കര്‍ത്താവേ, അങ്ങേ അനുഗ്രഹങ്ങള്‍ എത്ര വിപുലമാണ്!
തന്റെ ഭക്തര്‍ക്കുവേണ്ടി അവിടുന്ന് അവ ഒരുക്കിവച്ചിരിക്കുന്നു;
അങ്ങയില്‍ അഭയം തേടുന്നവര്‍ക്ക് അവ പരസ്യമായി നല്‍കുന്നു.

കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.

അങ്ങ് അവരെ മനുഷ്യരുടെ ഗൂഢാലോചനയില്‍ നിന്നു രക്ഷിക്കാന്‍
അങ്ങേ സാന്നിധ്യത്തിന്റെ മറവില്‍ ഒളിപ്പിച്ചു.
നിന്ദാവചനങ്ങള്‍ ഏല്‍ക്കാതെ അങ്ങേ കൂടാരത്തില്‍ അവരെ മറച്ചുവച്ചു.

കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.

കര്‍ത്താവിന്റെ വിശുദ്ധരേ, അവിടുത്തെ സ്‌നേഹിക്കുവിന്‍;
അവിടുന്നു വിശ്വസ്തരെ പരിപാലിക്കുന്നു;
അഹങ്കാരികളെ കഠിനമായി ശിക്ഷിക്കുന്നു.

കര്‍ത്താവിനെ കാത്തിരിക്കുന്നവരേ, ദുര്‍ബലരാകാതെ ധൈര്യം അവലംബിക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

നിങ്ങൾ വാക്കാലോ പ്രവർത്തിയാലോ എന്തു ചെയ്താലും അതെല്ലാം കർത്താവായ യേശുക്രിസ്തുവഴി പിതാവായ ദൈവത്തിനു കൃതജ്ഞതയർപ്പിച്ചു കൊണ്ട് അവൻ്റെ നാമത്തിൽ ചെയ്യുവിൻ.

അല്ലേലൂയ!

സുവിശേഷം

മത്താ 6:1-6,16-18
രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും

അക്കാലത്ത്, യേശു തന്റെ ശിഷ്യന്മാരോട് അരുളിച്ചെയ്തു: മറ്റുളളവരെ കാണിക്കാന്‍വേണ്ടി അവരുടെ മുമ്പില്‍വച്ചു നിങ്ങളുടെ സത്കര്‍മങ്ങള്‍ അനുഷ്ഠിക്കാതിരിക്കാന്‍ സൂക്ഷിച്ചുകൊള്ളുവിന്‍. അല്ലെങ്കില്‍ നിങ്ങളുടെ സ്വര്‍ഗസ്ഥനായ പിതാവിങ്കല്‍ നിങ്ങള്‍ക്കു പ്രതിഫലമില്ല. മറ്റുള്ളവരില്‍ നിന്നു പ്രശംസ ലഭിക്കാന്‍ കപടനാട്യക്കാര്‍ സിനഗോഗുകളിലും തെരുവീഥികളിലും ചെയ്യുന്നതുപോലെ, നീ ഭിക്ഷ കൊടുക്കുമ്പോള്‍ നിന്റെ മുമ്പില്‍ കാഹളം മുഴക്കരുത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. നീ ധര്‍മദാനം ചെയ്യുമ്പോള്‍ അതു രഹസ്യമായിരിക്കേണ്ടതിന് നിന്റെ വലത്തുകൈ ചെയ്യുന്നത് ഇടത്തുകൈ അറിയാതിരിക്കട്ടെ. രഹസ്യങ്ങള്‍ അറിയുന്ന നിന്റെ പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ പ്രാര്‍ഥിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ ആകരുത്. അവര്‍ മറ്റുള്ളവരെ കാണിക്കാന്‍വേണ്ടി സിനഗോഗുകളിലും തെരുവീഥികളുടെ കോണുകളിലും നിന്നു പ്രാര്‍ഥിക്കാനാണ് ഇഷ്ടപ്പെടുന്നത്. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചു കഴിഞ്ഞു. എന്നാല്‍, നീ പ്രാര്‍ഥിക്കുമ്പോള്‍ നിന്റെ മുറിയില്‍ കടന്ന്, കതകടച്ച്, രഹസ്യമായി നിന്റെ പിതാവിനോടു പ്രാര്‍ഥിക്കുക; രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.
നിങ്ങള്‍ ഉപവസിക്കുമ്പോള്‍ കപടനാട്യക്കാരെപ്പോലെ വിഷാദം ഭാവിക്കരുത്. തങ്ങള്‍ ഉപവസിക്കുന്നുവെന്ന് അന്യരെ കാണിക്കാന്‍വേണ്ടി അവര്‍ മുഖം വികൃതമാക്കുന്നു. സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു: അവര്‍ക്കു പ്രതിഫലം ലഭിച്ചുകഴിഞ്ഞു. എന്നാല്‍, നീ ഉപവസിക്കുന്നത് അദൃശ്യനായ പിതാവല്ലാതെ മറ്റാരും കാണാതിരിക്കുന്നതിന്, ശിരസ്സില്‍ തൈലം പുരട്ടുകയും മുഖം കഴുകുകയും ചെയ്യുക. രഹസ്യങ്ങള്‍ അറിയുന്ന പിതാവ് നിനക്കു പ്രതിഫലം നല്‍കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 27:4

ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍ തന്നെ.

Or:
യോഹ 17:11

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങേ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Categories: Readings

Tagged as:

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s