🔥 🔥 🔥 🔥 🔥 🔥 🔥
16 Jun 2022
Thursday of week 11 in Ordinary Time
Liturgical Colour: Green.
പ്രവേശകപ്രഭണിതം
cf. സങ്കീ 27:7,9
കര്‍ത്താവേ, ഞാനങ്ങയെ വിളിച്ചപേക്ഷിച്ചു;
എന്റെ സ്വരം ശ്രവിക്കണമേ.
അങ്ങ് എന്റെ സഹായകനാകണമേ.
എന്റെ രക്ഷകനായ ദൈവമേ,
അങ്ങ് എന്നെ കൈവെടിയുകയോ
തിരസ്‌കരിക്കുകയോ ചെയ്യരുതേ.
സമിതിപ്രാര്‍ത്ഥന
അങ്ങില്‍ ആശ്രയിക്കുന്നവരുടെ ശക്തികേന്ദ്രമായ ദൈവമേ,
ഞങ്ങളുടെ അപേക്ഷകള്‍ കനിവാര്‍ന്നു ശ്രവിക്കണമേ.
നശ്വരമായ ബലഹീനതയ്ക്ക്
അങ്ങയെക്കൂടാതെ ഒന്നുംതന്നെ ചെയ്യാന്‍ കഴിയാത്തതിനാല്‍,
അങ്ങേ കൃപയുടെ സഹായം എപ്പോഴും നല്കണമേ.
അങ്ങേ കല്പനകള്‍ പിഞ്ചെന്ന്,
ചിന്തയിലും പ്രവൃത്തിയിലും അങ്ങയെ ഞങ്ങള്‍
പ്രസാദിപ്പിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പ്രഭാ 48:1-15
ചുഴലിക്കാറ്റ് ഏലിയായെ വലയം ചെയ്തു; എലീഷായില്‍ അവന്റെ ചൈതന്യം നിറഞ്ഞു
പ്രവാചകനായ ഏലിയ അഗ്നിപോലെ പ്രത്യക്ഷപ്പെട്ടു;
അവന്റെ വാക്കുകള്‍ പന്തംപോലെ ജ്വലിച്ചു.
അവന്‍ അവരുടെമേല്‍ ക്ഷാമം വരുത്തി;
അവന്റെ തീക്ഷ്ണതയില്‍ അവരുടെ എണ്ണം ചുരുങ്ങി.
കര്‍ത്താവിന്റെ വാക്കുകൊണ്ട് അവന്‍ ആകാശ വാതിലുകള്‍ അടച്ചു.
മൂന്നു പ്രാവശ്യം അഗ്നിയിറക്കി.
ഏലിയാ, അദ്ഭുതപ്രവൃത്തികളില്‍ നീ എത്ര മഹത്വമുള്ളവന്‍!
അത്തരം പ്രവൃത്തികളുടെ പേരില്‍
അഭിമാനിക്കാന്‍ കഴിയുന്നവര്‍ മറ്റാരുണ്ട്?
അത്യുന്നതന്റെ വാക്കുകൊണ്ട് നീ മരിച്ചവരുടെ ഇടയില്‍ നിന്ന്,
പാതാളത്തില്‍ നിന്ന് ഒരു ജഡത്തെ ഉയിര്‍പ്പിച്ചു.
നീ രാജാക്കന്മാരെ നാശത്തിലേക്കു നയിക്കുകയും
പ്രസിദ്ധന്മാരെ കിടക്കയില്‍ നിന്നു താഴെയിറക്കുകയും ചെയ്തു.
നീ സീനായില്‍വച്ചു ഭീഷണികളും
ഹോറെബില്‍വച്ചു പ്രതികാരത്തിന്റെ വിധികളും ശ്രവിച്ചു.
ശിക്ഷ നടത്താന്‍ രാജാക്കന്മാരെയും
നിന്നെ പിന്തുടരാന്‍ പ്രവാചകന്മാരെയും നീ അഭിഷേകം ചെയ്തു.
ആഗ്നേയാശ്വങ്ങളെ ബന്ധിച്ച രഥത്തില്‍
അഗ്നിയുടെ ചുഴലിക്കാറ്റിലാണല്ലോ നീ സംവഹിക്കപ്പെട്ടത്.
ദൈവത്തിന്റെ കോപം ആളിക്കത്തുന്നതിനു മുമ്പ്
അതിനെ തണുപ്പിക്കുന്നതിനും
പിതാവിന്റെ ഹൃദയത്തെ പുത്രനിലേക്കു തിരിക്കുന്നതിനും
അങ്ങനെ യാക്കോബിന്റെ ഗോത്രങ്ങളെ
പുനഃസ്ഥാപിക്കുന്നതിനും വേണ്ടി
നിശ്ചിതസമയത്തു നീ തിരിച്ചുവരുമെന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ.
നിന്നെ കണ്ടവരും നിന്റെ സ്‌നേഹത്തിനു
പാത്രമായവരും അനുഗൃഹീതര്‍;
അവര്‍ ജീവിക്കും.
ചുഴലിക്കാറ്റ് ഏലിയായെ വലയം ചെയ്തു;
എലീഷായില്‍ അവന്റെ ചൈതന്യം നിറഞ്ഞു;
ജീവിതകാലത്ത് അവന്‍ അധികാരികളുടെ മുമ്പില്‍ ഭയന്നുവിറച്ചില്ല;
ആരും അവനെ കീഴടക്കിയില്ല. ഒന്നും അവന് ദുസ്സാധ്യമായിരുന്നില്ല;
മരിച്ചിട്ടും അവന്‍ പ്രവചിച്ചു.
ജീവിച്ചിരുന്നപ്പോഴെന്നപോലെ മരണശേഷവും
അവന്‍ അദ്ഭുതങ്ങള്‍ പ്രവര്‍ത്തിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 97:1-2,3-4,5-6,7
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.
കര്‍ത്താവു വാഴുന്നു; ഭൂമി സന്തോഷിക്കട്ടെ!
ദ്വീപസമൂഹങ്ങള്‍ ആനന്ദിക്കട്ടെ!
മേഘങ്ങളും കൂരിരുട്ടും അവിടുത്തെ ചുറ്റും ഉണ്ട്;
നീതിയും ന്യായവും
അവിടുത്തെ സിംഹാസനത്തിന്റെ അടിസ്ഥാനമാണ്.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.
അഗ്നി അവിടുത്തെ മുന്‍പേ നീങ്ങുന്നു;
അത് അവിടുത്തെ വൈരികളെ ദഹിപ്പിക്കുന്നു.
അവിടുത്തെ മിന്നല്‍പ്പിണരുകള്‍
ലോകത്തെ പ്രകാശിപ്പിക്കുന്നു;
ഭൂമി അതു കണ്ടു വിറകൊള്ളുന്നു.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.
കര്‍ത്താവിന്റെ മുന്‍പില്‍,
ഭൂമി മുഴുവന്റെയും അധിപനായ കര്‍ത്താവിന്റെ മുന്‍പില്‍,
പര്‍വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
ആകാശം അവിടുത്തെ നീതിയെ പ്രഘോഷിക്കുന്നു;
എല്ലാ ജനതകളും അവിടുത്തെ മഹത്വം ദര്‍ശിക്കുന്നു.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.
വ്യര്‍ഥബിംബങ്ങളില്‍ അഭിമാനംകൊള്ളുന്ന
വിഗ്രഹാരാധകര്‍ ലജ്ജിതരായിത്തീരുന്നു;
എല്ലാ ദേവന്മാരും അവിടുത്തെ മുന്‍പില്‍ കുമ്പിടുന്നു.
നീതിമാന്മാരേ, കര്‍ത്താവില്‍ ആനന്ദിക്കുവിന്‍.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
കർത്താവേ, അരുൾ ചെയ്താലും, അങ്ങേ ദാസൻ ഇതാ ശ്രവിക്കുന്നു: നിത്യജീവൻ്റെ വചനങ്ങൾ അങ്ങേ പക്കൽ ഉണ്ട്.
അല്ലേലൂയ!
സുവിശേഷം
മത്താ 6:7-15
നിങ്ങള്‍ ഇപ്രകാരം പ്രാര്‍ത്ഥിക്കുവിന്‍.
അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: പ്രാര്‍ഥിക്കുമ്പോള്‍ വിജാതീയരെപ്പോലെ നിങ്ങള്‍ അതിഭാഷണം ചെയ്യരുത്. അതിഭാഷണം വഴി തങ്ങളുടെ പ്രാര്‍ഥന കേള്‍ക്കുമെന്ന് അവര്‍ കരുതുന്നു. നിങ്ങള്‍ അവരെപ്പോലെ ആകരുത്. നിങ്ങള്‍ ചോദിക്കുന്നതിനു മുമ്പുതന്നെ നിങ്ങളുടെ ആവശ്യം നിങ്ങളുടെ പിതാവ് അറിയുന്നു.
നിങ്ങള്‍ ഇപ്രകാരം പ്രാര്‍ഥിക്കുവിന്‍: സ്വര്‍ഗസ്ഥനായ ഞങ്ങളുടെ പിതാവേ, അങ്ങേ നാമം പൂജിതമാകണമേ. അങ്ങേ രാജ്യം വരണമേ. അങ്ങേ ഹിതം സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമേ. അന്നന്നുവേണ്ട ആഹാരം ഇന്നു ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ കടക്കാരോടു ഞങ്ങള്‍ ക്ഷമിച്ചതുപോലെ ഞങ്ങളുടെ കടങ്ങള്‍ ഞങ്ങളോടും ക്ഷമിക്കണമേ. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ. തിന്മയില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമേ. മറ്റുള്ളവരുടെ തെറ്റുകള്‍ നിങ്ങള്‍ ക്ഷമിക്കുമെങ്കില്‍ സ്വര്‍ഗസ്ഥനായ നിങ്ങളുടെ പിതാവ് നിങ്ങളോടും ക്ഷമിക്കും. മറ്റുള്ളവരോടു നിങ്ങള്‍ ക്ഷമിക്കുകയില്ലെങ്കില്‍ നിങ്ങളുടെ പിതാവ് നിങ്ങളുടെ തെറ്റുകളും ക്ഷമിക്കുകയില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, മനുഷ്യകുലത്തിന്റെയും
സമര്‍പ്പിക്കുന്ന കാഴ്ചദ്രവ്യങ്ങളുടെയും സത്ത,
ഭോജനത്താല്‍ അങ്ങ് പരിപോഷിപ്പിക്കുകയും
കൂദാശയാല്‍ നവീകരിക്കുകയും ചെയ്യുന്നുവല്ലോ.
അവയുടെ സഹായം ഞങ്ങളുടെ ശരീരങ്ങള്‍ക്കും
മാനസങ്ങള്‍ക്കും ഒരിക്കലും നഷ്ടപ്പെടാതിരിക്കാന്‍ അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 27:4
ഒരു കാര്യം ഞാന്‍ കര്‍ത്താവിനോട് അപേക്ഷിക്കുന്നു,
ഒരു കാര്യം മാത്രം ഞാന്‍ തേടുന്നു,
എന്റെ ജീവിതകാലം മുഴുവന്‍
കര്‍ത്താവിന്റെ ആലയത്തില്‍ വസിക്കാന്‍ തന്നെ.
Or:
യോഹ 17:11
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
പരിശുദ്ധനായ പിതാവേ,
നമ്മെപ്പോലെ അവരും ഒന്നായിരിക്കേണ്ടതിന്
അവിടന്ന് എനിക്കു നല്കിയ അവരെ
അവിടത്തെ നാമത്തില്‍ അങ്ങ് കാത്തുകൊള്ളണമേ.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, ഞങ്ങള്‍ സ്വീകരിച്ച അങ്ങേ ഈ ദിവ്യഭോജനം
അങ്ങിലുള്ള വിശ്വാസികളുടെ ഐക്യം സൂചിപ്പിക്കുന്നപോലെ,
അങ്ങേ സഭയില്‍ അത് ഐക്യത്തിന്റെ
ഫലമുളവാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️