എറൈസ് 2022’ൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ സംസാരിക്കുന്നു

വിശുദ്ധ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ആം വാർഷികാനുസ്മരണം നടക്കുന്ന ഈ വേളയിൽ, ഭാരതത്തിന് വെളിയിലെ സീറോ മലബാർ യുവജനങ്ങൾക്കായി റോമിൽ നടക്കുന്ന യുവജന നേതൃസംഗമം ‘എറൈസ് 2022’ൽ പങ്കെടുക്കുന്ന യുവജനപ്രതിനിധികൾ ഫ്രാൻസിസ് പാപ്പയുമായി കൂടിക്കാഴ്ച നടത്തി…

പരിശുദ്ധ പിതാവിന്റെ വാക്കുകളിലേക്ക് ..

അഭിവന്ദ്യ മേജർ ആർച്ച് ബിഷപ്പ് , അഭിവന്ദ്യ മെത്രാന്മാരെ, പ്രിയപ്പെട്ട യുവജനമിത്രങ്ങളെ … സ്വാഗതം

ബിഷപ്പ് ബോസ്കോ പുത്തൂരിന്റെ ഹൃദയംഗമമായ ആശംസകൾക്കും പരിചയപ്പെടുത്തലിനും ഞാൻ നന്ദി പറയുന്നു. ഭാരതത്തിന് വെളിയിലെ സീറോ മലബാർ രൂപതകളിലെയും യൂറോപ്പിലെ സീറോ മലബാർ അപ്പസ്‌തോലിക് വിസിറ്റേഷനിലെയും യുവജനപ്രതിനിധികളെന്ന നിലയിൽ, നിങ്ങൾ നിങ്ങളുടെ ഇടയന്മാരോടുകൂടെ റോമിലേക്ക് വന്നിരിക്കുന്നു. ഓരോ തീർത്ഥാടനങ്ങളുടെയും പ്രഥമലക്ഷ്യം വഴിയും സത്യവും ജീവനുമായ യേശുക്രിസ്തു തന്നെയാണ്. അവനെ പിൻചെല്ലാനും സ്നേഹത്തിന്റെ പാതയിൽ – നിത്യജീവിതത്തിലേക്ക് നയിക്കുന്ന ഒരേയൊരു പാത – അവനൊപ്പം നടക്കാനുമാണ് നമ്മുടെ ആഗ്രഹം. ആ വഴി ഒട്ടും എളുപ്പമല്ല , പക്ഷെ ആവേശം തരുന്നതാണ് ; നമ്മുടെ കർത്താവ് ഒരിക്കലും നമ്മെ ഉപേക്ഷിക്കുകയുമില്ല, എപ്പോഴും നമ്മുടെ കൂടെയുണ്ട്. നമ്മുടെ ജീവിതത്തിൽ അവനിടം കൊടുത്താൽ , നമ്മുടെ സന്തോഷദുഖങ്ങൾ അവനുമായി പങ്കുവെച്ചാൽ, ദൈവത്തിന് മാത്രം തരാൻ കഴിയുന്ന സമാധാനം നമ്മൾ അനുഭവിക്കും.

തൻറെ ശിഷ്യന്മാർ തന്നെ അനുഗമിക്കാൻ യഥാർത്ഥത്തിൽ ആഗ്രഹിക്കുന്നുണ്ടോ അതോ വഴിപിരിഞ്ഞു പോകുന്നതിനാണോ കൂടുതൽ ഇഷ്ടപെടുന്നതെന്ന് അവരോട് ചോദിക്കാൻ യേശു മടിച്ചില്ല (യോഹ 6:67). ശിമയോൻ പത്രോസ് ഇങ്ങനെ പറയാനുള്ള ധൈര്യം കാണിച്ചു,” കർത്താവേ, ഞങ്ങൾ ആരുടെ അടുത്തേക്ക് പോകും ? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കലുണ്ട് “(യോഹ 6:68). പ്രിയ യുവജനങ്ങളെ , ഞാനും നിങ്ങളോട് പറയാനാഗ്രഹിക്കുന്നത് ഇതാണ് , ‘ഒഴുക്കിനൊത്തു പോകുന്ന’ അല്ലെങ്കിൽ ‘ആകർഷണീയത തുളുമ്പുന്ന’ ഇന്നത്തെ സംസ്കാരങ്ങളുടെ ഇടയിൽ നമ്മുടെ ജീവിതങ്ങൾക്ക് മൂല്യവും അർത്ഥവും കൈവരുന്നത്

നമ്മൾ യേശുവിനോട് ”യെസ്’ പറയുമ്പോഴാണ്. നിങ്ങൾ ചോദിച്ചേക്കാം , “യേശുവിനോട് ‘യെസ്’ പറഞ്ഞാൽ ജീവിതം അർത്ഥപൂർണ്ണവും ഫലവത്തും ആകുമെന്നെന്തുറപ്പാണ് എനിക്കുള്ളത് ?” ഇതെനിക്കുറപ്പുണ്ടോ ? എന്റെ ഒരു യോഗ്യതയും വഴി അല്ലാതെ, തികച്ചും ദാനമായി, നിർവിഘ്‌നം സ്നേഹിക്കപ്പെടുകയെന്നാൽ എങ്ങനെയാണെന്നെനിക്കറിയാമോ ? എന്റെ ജീവിതം ഒരു ദാനമാണെന്ന് ഞാൻ വിശ്വസിക്കുന്നുണ്ടോ?” നിർബാധം സ്നേഹിക്കപ്പെടുന്ന അനുഭവമാണ് നമ്മുടെ ജീവിതങ്ങൾക്ക് അർത്ഥം പകരുന്നത്. സേവനത്തിന്റെയും ഉത്തരവാദിത്വങ്ങളുടെയും ജീവിതത്തിന് ‘യെസ് ‘ പറയാനും ഉപരിപ്ലവതയോടും സുഖലോലുപതയോടും ‘നോ ‘ പറയാനും അത് നമുക്ക് ശക്തി തരുന്നു.

സീറോ മലബാർ സഭയുടെ പ്രവാസി യുവത്വമാണ് നിങ്ങൾ. ആദ്യനൂറ്റാണ്ടിൽ തന്നെ തോമാശ്ലീഹാ ഭാരതത്തിന്റെ പടിഞ്ഞാറൻ തീരങ്ങളിലേക്ക് വന്ന് സുവിശേഷത്തിന്റെ വിത്തുകൾ പാകി, ക്രിസ്ത്യൻ സമൂഹങ്ങൾ അവിടെ രൂപപ്പെട്ടു. ‘എന്റെ കർത്താവേ , എന്റെ ദൈവമേ’ (യോഹ 20:29) എന്ന് താൻ വിളിച്ച ഈശോയോടുള്ള സ്നേഹം അരക്കിട്ടുറപ്പിച്ച തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ആം വാർഷികമാണിത് ചരിത്രപരമായി. അപ്പസ്തോലന്മാരുടെ സാക്ഷ്യത്തിന്മേൽ സ്ഥാപിതമായതുകൊണ്ടാണ് സഭ അപ്പസ്തോലികമാകുന്നത് , അത് വളരുന്നത് സാക്ഷികളാലാണ് – മതപരിവർത്തനം കൊണ്ടല്ല. അതുകൊണ്ട് ഓരോ ക്രൈസ്തവനും സഭയുടെ വളർച്ചയിൽ പങ്കുചേരുന്നത് അയാൾ എത്രമാത്രം ഈശോയ്ക്ക് സാക്ഷ്യം നൽകുന്നു എന്നതിൻറെ അടിസ്ഥാനത്തിലാണ്. സാക്ഷ്യം നൽകലിന്റെ അതെ കടമയിലേക്കാണ് നിങ്ങളും വിളിക്കപ്പെട്ടിരിക്കുന്നത്. ആദ്യം സീറോ മലബാർ സഭയിലെ തന്നെ നിങ്ങളുടെ പ്രവാസി സുഹൃത്തുക്കളുടെ ഇടയിലും പിന്നീട് മറ്റ് സഹോദരങ്ങളുടെയിടയിലും ഈശോയെ അറിയാത്തവരുടെയിടയിൽ പോലും സാക്ഷികളാകുവാൻ.

ലിസ്ബണിൽ നടക്കാൻ പോകുന്ന അടുത്ത ലോകയുവജനദിനത്തിന്റെ വിഷയം ഇതായിരിക്കും : ‘മറിയം തിടുക്കത്തിൽ യാത്ര പുറപ്പെട്ടു’ ( ലൂക്കാ 1:39). മാലാഖയുടെ സന്ദേശം ലഭിച്ചതിനും , രക്ഷകന്റെ അമ്മയാകാനുള്ള തൻറെ വിളിയോട് ‘യെസ് ‘ പറഞ്ഞതിനും ശേഷം മറിയം ആറുമാസം ഗർഭിണിയായിരുന്ന തൻറെ ചാർച്ചക്കാരി എലിസബത്തിനെ സന്ദർശിക്കാൻ തിടുക്കത്തിൽ യാത്രയാവുന്നു ( ലൂക്കാ 1:36-39). തനിക്കു ലഭിച്ച മഹത്തായ പദവിയെപറ്റിയോ അത് കൊണ്ടുവരാൻ പോകുന്ന നിരവധിയായ ബുദ്ധിമുട്ടുകളെപ്പറ്റിയോ ചിന്തിച്ച് മറിയം വീട്ടിൽ തന്നെ നിന്നില്ല. ഇല്ല ! അഭിമാനത്താലോ പേടിയാലോ തളർന്നുപോകാൻ അവൾ സ്വയം അനുവദിച്ചില്ല. സുഖപ്രദമായും സുരക്ഷിതമായും ഇരിക്കാൻ ഏതുനേരവും ഉരുളക്കിഴങ്ങിനെപ്പോലെ സോഫയിലോ കിടക്കയിലോ അഭയം തേടുന്നവരെപ്പൊലെ ആയിരുന്നില്ല അവൾ. അവളുടെ പ്രായം ചെന്ന ബന്ധുവിന് ഒരു കൈ സഹായം ആവശ്യമുണ്ടെങ്കിൽ , അവൾക്കായി അവിടെയായിരിക്കാൻ മറിയം തിടുക്കത്തിൽ പുറപ്പെടുന്നു( 30 ജൂലൈ 2016 ൽ ക്രാക്കോവിലെ ജാഗരണപ്രാർത്ഥനയിൽ നിന്ന് )

എലിസബത്തിന്റെ വീട്ടിലെത്തിയതിനു ശേഷമുള്ള ആ കണ്ടുമുട്ടലിൽ പരിശുദ്ധാത്മാവിലുള്ള ആനന്ദം കവിഞ്ഞൊഴുകിയപ്പോൾ മറിയത്തിന്റെ ഹൃദയത്തിൽ നിന്ന് സ്തോത്രഗീതം ഉയരുന്നു. പ്രായമുള്ളവരുടെയും ചെറുപ്പക്കാരുടെയും ഒത്തുചേരലിന്റെ ആവശ്യകതയും ഫലസിദ്ധിയും ഇവിടെ നമുക്ക് ചിന്തിക്കാം. ഞാൻ നിങ്ങളോട് ചോദിക്കട്ടെ, നിങ്ങളുടെ അപ്പൂപ്പനമ്മൂമ്മമാർ ഇപ്പോഴുമുണ്ടോ ? അവരിൽ ഒരാളെങ്കിലും ? അവരോടുള്ള നിങ്ങളുടെ അടുപ്പം എങ്ങനെയാണ് ? നിങ്ങൾ വായുവിൽ ചിറകുകൾ വിടർത്തുമ്പോൾ അതോടൊപ്പം നിങ്ങളുടെ വേരുകൾ ശ്രദ്ധിക്കുന്നതും നിങ്ങൾക്ക് മുൻപേ പോയവരുടെ അനുഭവങ്ങൾ കാതോർക്കുന്നതും പ്രധാനപെട്ടതാണ് . ചെറുപ്പക്കാർക്ക് ശക്തിയുണ്ട് , വൃദ്ധർക്ക് ഓർമ്മയും ജ്ഞാനവും. മറിയം എലിസബത്തിനോട് ചെയ്തത് ചെയ്യാൻ ഞാനും നിങ്ങളോട് പറയുന്നു: നിങ്ങളുടെ പ്രായമായ ബന്ധുക്കളെ സന്ദർശിച്ച് അവരുടെ ജ്ഞാനം സ്വാംശീകരിക്കുക.

യേശുവിന്റെ യുവതിയായ അമ്മ അവളുടെ ആളുകളുടെ പ്രാർത്ഥനകൾ മാതാപിതാക്കളിൽ നിന്നും അവരുടെ മാതാപിതാക്കളിൽ നിന്നും ഹൃദിസ്ഥമാക്കിയിരുന്നു. നമ്മളേക്കാൾ പ്രായംചെന്നവരുടെ പ്രാർത്ഥനകളിൽ ഒളിക്കപ്പെട്ട നിധിയുണ്ട്. സ്തോത്രഗീതത്തിൽ മറിയം പാരമ്പര്യമായി അവൾക്കു പകർന്നു കിട്ടിയ വിശ്വാസത്തെ അവളുടേതായ ഗാനമാക്കി മാറ്റുന്നു. അതേ സമയം സഭ മുഴുവനും അവളോട് ചേർന്നു പാടുന്നു. യുവജനങ്ങളെ , നിങ്ങളുടെ ജീവിതങ്ങൾ ഒരു മഹത്വകീർത്തനം ആക്കുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ , മനുഷ്യകുലത്തിന് ഒരു സംഭാവന ആവണമെങ്കിൽ, പാരമ്പര്യത്തിലും മുൻതലമുറകളുടെ പ്രാർത്ഥനകളിലും അത് അധിഷ്ഠിതമായിരിക്കണം. ഇത് നിങ്ങളെ സംബന്ധിച്ചിടത്തോളം വാസ്തവമാണ്. അത് അർത്ഥമാക്കുന്നത് നിങ്ങളുടെ മെത്രാന്മാരുടെയും പുരോഹിതരുടെയും സഹായത്തോടെ നിങ്ങളുടെ സഭയുടെ ചരിത്രത്തിലും അതിന്റെ ആത്മീയപരവും ആരാധനക്രമപരവുമായ സമ്പത്തിലുമുള്ള പുതുമയാർന്ന നിധികൾ കണ്ടെത്തുകയാണ്. എല്ലാറ്റിലും ഉപരിയായി തിരുവചനങ്ങളിൽ നിങ്ങൾക്ക് അവഗാഹമുണ്ടാകണമെന്ന് ഞാൻ നിങ്ങളോട് പറയുന്നു, അത് ഓരോ ദിവസവും വായിക്കാനും ജീവിതത്തിൽ പ്രാവർത്തികമാക്കാനും. യേശു , ഉയിർത്തെഴുന്നേറ്റ കർത്താവ് നിങ്ങളുടെ ഹൃദയങ്ങളെ സ്നേഹോഷ്മളമാക്കുകയും ജീവിതത്തിലെ ഏറ്റവും ബുദ്ധിമുട്ടുള്ള, ഇരുട്ടുള്ള പാതകളിൽ പോലും നിങ്ങൾക്ക് വെളിച്ചമേകുകയും ചെയ്യട്ടെ ( ലൂക്കാ 24:13-35)

അവസാനമായി ഒരു കാര്യം : ദിവ്യകാരുണ്യാനുസൃതമായി ജീവിക്കാനും മറിയം നമ്മെ പഠിപ്പിക്കുന്നുണ്ട്, വേറൊരു തരത്തിൽ പറഞ്ഞാൽ നന്ദി പ്രകാശിപ്പിക്കാനും , സ്തുതികൾ അർപ്പിക്കാനും പ്രയാസങ്ങളിലും ബുദ്ധിമുട്ടുകളിലും മാത്രം നോട്ടമുടക്കാതിരിക്കാനും . ജീവിതം മുന്നോട്ടുപോകുമ്പോൾ, ഇന്നത്തെ നിരന്തരമായ യാചനകളാണ് നാളത്തെ സ്തുതിപ്പിന്റെ ഗീതങ്ങളാകുന്നത്. പരിശുദ്ധ കുർബ്ബാനയിലും അനുരഞ്ജനകൂദാശയിലുമുള്ള നിങ്ങളുടെ പങ്കുചേരൽ അങ്ങനെ പരിസമാപ്തിയും ആരംഭവുമാകുന്നു. നിങ്ങളുടെ ജീവിതങ്ങൾ ഓരോ ദിവസവും നവീകരിക്കപ്പെടുകയും സർവ്വശക്തനായ ദൈവത്തിന് ഇടവിടാതെയുള്ള സ്തുതിഗീതമാവുകയും ചെയ്യും ( 2017 ലെ ലോകയുവജനദിനത്തിലെ സന്ദേശത്തിൽ നിന്ന് )

പ്രിയപ്പെട്ട സഹോദരി സഹോദരന്മാരെ , നിങ്ങളുടെ സന്ദർശനത്തിന് ഒരുപാട് നന്ദി. നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളെയും നിങ്ങളുടെ സമൂഹങ്ങളെയും ഹൃദയത്തിൽ നിന്ന് ഞാൻ അനുഗ്രഹിക്കുന്നു. ദയവുചെയ്ത് എനിക്കുവേണ്ടി പ്രാർത്ഥിക്കാൻ മറക്കരുത്. ഇനിയുള്ള യാത്ര ആസ്വാദ്യകരമാവട്ടെ. നന്ദി.

Translated by Jilsa Joy

Advertisements
Pope Francis
Advertisements

One thought on “എറൈസ് 2022’ൽ യുവജനങ്ങളോട് ഫ്രാൻസിസ് പാപ്പ സംസാരിക്കുന്നു

Leave a comment