Saint Irenaeus / Tuesday of week 13 in Ordinary Time

🔥 🔥 🔥 🔥 🔥 🔥 🔥

28 Jun 2022

Saint Irenaeus, Bishop, Martyr 
on Tuesday of week 13 in Ordinary Time

Liturgical Colour: Red.

പ്രവേശകപ്രഭണിതം
മലാ 2:6

അവന്റെ നാവില്‍ സത്യത്തിന്റെ നിയമങ്ങളുണ്ടായിരുന്നു;
അവന്റെ അധരത്തില്‍ ഒരു തെറ്റും കണ്ടില്ല.
സമാധാനത്തിലും നീതിയിലും അവന്‍ എന്നോടുകൂടെ ചരിക്കുകയും
അനേകരെ അകൃത്യങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശ്വാസസത്യങ്ങളും സഭാസമാധാനവും
സന്തോഷത്തോടെ ഉറപ്പിക്കുന്നതിനായി
മെത്രാനായ വിശുദ്ധ ഇറനേവൂസിനെ അങ്ങ് അനുഗ്രഹിച്ചുവല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍,
വിശ്വാസത്തിലും സ്‌നേഹത്തിലും നവീകൃതരായി,
ഐക്യവും സഹവര്‍ത്തിത്വവും എന്നും പരിപോഷിപ്പിക്കുന്നതില്‍
ഉത്സുകരാകാന്‍ ഞങ്ങളെ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ…

ഒന്നാം വായന

ആമോ 3:1-8,4:11-12
ദൈവമായ കര്‍ത്താവ് സംസാരിച്ചു; ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍ കഴിയും?

ഇസ്രായേല്‍ജനമേ, ഈജിപ്തില്‍ നിന്നു കര്‍ത്താവ് മോചിപ്പിച്ച ഇസ്രായേല്‍ ഭവനം മുഴുവനുമെതിരേ അവിടുന്ന് അരുളിച്ചെയ്യുന്ന വചനം ശ്രവിക്കുവിന്‍: ഭൂമിയിലുള്ള സകല ജനതകളിലും വെച്ച് നിങ്ങളെ മാത്രമാണു ഞാന്‍ സ്വന്തമായി ഗണിച്ചത്. അതിനാല്‍, നിങ്ങളുടെ എല്ലാ പാപങ്ങള്‍ക്കും ഞാന്‍ നിങ്ങളെ ശിക്ഷിക്കും. ആലോചിച്ചുറയ്ക്കാതെ രണ്ടുപേര്‍ ഒരുമിച്ചു യാത്രതിരിക്കുമോ? ഇരയെ കാണാതെ വനത്തില്‍ സിംഹം ഗര്‍ജിക്കുമോ? എന്തിനെയെങ്കിലും പിടിയിലൊതുക്കാതെ സിംഹക്കുട്ടി ഗുഹയില്‍ നിന്ന് അലറുമോ? കെണിയൊരുക്കാതെ പക്ഷി കെണിയില്‍പ്പെടുമോ? ഒന്നും കുടുങ്ങാതെ കെണി വീഴുമോ? പട്ടണത്തില്‍ കാഹളധ്വനി കേട്ടാല്‍ ജനങ്ങള്‍ ഭയപ്പെടാതിരിക്കുമോ? കര്‍ത്താവ് അയയ്ക്കാതെ പട്ടണത്തില്‍ അനര്‍ഥം ഉണ്ടാകുമോ? ദൈവമായ കര്‍ത്താവ് തന്റെ ദാസരായ പ്രവാചകന്മാര്‍ക്കു തന്റെ രഹസ്യങ്ങള്‍ വെളിപ്പെടുത്താതെ ഒന്നും ചെയ്യുന്നില്ല. സിംഹം ഗര്‍ജിച്ചു; ആരാണു ഭയപ്പെടാതിരിക്കുക? ദൈവമായ കര്‍ത്താവ് സംസാരിച്ചു; ആര്‍ക്കു പ്രവചിക്കാതിരിക്കാന്‍ കഴിയും?
സോദോമിനെയും ഗൊമോറായെയും ഞാന്‍ നശിപ്പിച്ചതു പോലെ നിങ്ങളില്‍ ചിലരെയും ഞാന്‍ നശിപ്പിച്ചു; കത്തുന്ന തീയില്‍ നിന്നു വലിച്ചെടുത്ത കമ്പുകള്‍പോലെ ആയിരുന്നു നിങ്ങള്‍. എന്നിട്ടും നിങ്ങള്‍ എന്റെ അടുത്തേക്കു മടങ്ങിവന്നില്ല – കര്‍ത്താവ് അരുളിച്ചെയ്യുന്നു. അതുകൊണ്ട്, ഇസ്രായേല്‍ ജനമേ, ഞാന്‍ നിങ്ങളോട് ഇതുചെയ്യും. ഇസ്രായേല്‍ജനമേ, നിങ്ങളുടെ ദൈവത്തിന്റെ സന്ദര്‍ശനദിനത്തിന് ഒരുങ്ങിക്കൊള്ളുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 5:4-7

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ!

അങ്ങു ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല;
തിന്മ അങ്ങയോടൊത്തു വസിക്കുകയില്ല.
അഹങ്കാരികള്‍ അങ്ങേ കണ്‍മുന്‍പില്‍ നില്‍ക്കുകയില്ല;
അധര്‍മികളെ അങ്ങു വെറുക്കുന്നു.

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ!

വ്യാജം പറയുന്നവരെ അങ്ങ് നശിപ്പിക്കുന്നു;
രക്തദാഹികളെയും വഞ്ചകരെയും കര്‍ത്താവു വെറുക്കുന്നു.

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ!

എന്നാല്‍, അവിടുത്തെ കാരുണ്യാതിരേകത്താല്‍
ഞാന്‍ അങ്ങേ ആലയത്തില്‍ പ്രവേശിക്കും.
ഭക്തിപൂര്‍വം ഞാന്‍ അങ്ങേ
വിശുദ്ധ മന്ദിരത്തിനുനേരേ പ്രണമിക്കും.

കര്‍ത്താവേ, എന്നെ അങ്ങേ നീതിമാര്‍ഗത്തിലൂടെ നയിക്കണമേ!

സുവിശേഷ പ്രഘോഷണവാക്യം

സങ്കീ.147/12-15.

അല്ലേലൂയ!അല്ലേലൂയ!

ജറുസലേമേ കർത്താവിനെ സ്തുതിക്കുക; അവിടുന്നു ഭൂമിയിലേക്കു കൽപന അയക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 8:23-27
യേശു എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി.

അക്കാലത്ത്, യേശു തോണിയില്‍ കയറിയപ്പോള്‍ ശിഷ്യന്മാര്‍ അവനെ അനുഗമിച്ചു. കടലില്‍ ഉഗ്രമായ കൊടുങ്കാറ്റുണ്ടായി. തോണി മുങ്ങത്തക്കവിധം തിരമാലകള്‍ ഉയര്‍ന്നു. അവന്‍ ഉറങ്ങുകയായിരുന്നു. ശിഷ്യന്മാര്‍ അടുത്തുചെന്ന് അവനെ ഉണര്‍ത്തി അപേക്ഷിച്ചു: കര്‍ത്താവേ, രക്ഷിക്കണമേ. ഞങ്ങള്‍ ഇതാ, നശിക്കുന്നു. അവന്‍ പറഞ്ഞു: അല്‍പവിശ്വാസികളേ, നിങ്ങളെ ന്തിനു ഭയപ്പെടുന്നു? അവന്‍ എഴുന്നേറ്റ്, കാറ്റിനെയും കടലിനെയും ശാസിച്ചു; വലിയ ശാന്തതയുണ്ടായി. അവര്‍ ആശ്ചര്യപ്പെ ട്ടുപറഞ്ഞു: ഇവന്‍ ആര്? കാറ്റും കടലുംപോലും ഇവനെ അനുസരിക്കുന്നുവല്ലോ!

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ ഇറനേവൂസിന്റെ ജനനത്തില്‍
സാനന്ദം അങ്ങേക്ക് ഞങ്ങള്‍ അര്‍പ്പിക്കുന്ന ബലി
അങ്ങേക്കു മഹത്ത്വം നല്കുകയും
സത്യത്തോടുള്ള സ്‌നേഹം
ഞങ്ങള്‍ക്ക് പ്രദാനം ചെയ്യുകയും ചെയ്യട്ടെ.
അങ്ങനെ, സഭയുടെ അഭംഗമായ വിശ്വാസവും
സുദൃഢമായ ഐക്യവും
ഞങ്ങള്‍ കാത്തുപാലിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 15:4-5

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ എന്നില്‍ വസിക്കുവിന്‍;
ഞാന്‍ നിങ്ങളിലും വസിക്കും.
ആര് എന്നിലും ഞാന്‍ അവനിലും വസിക്കുന്നുവോ,
അവന്‍ ഏറെ ഫലം പുറപ്പെടുവിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, മെത്രാനായ വിശുദ്ധ ഇറനേവൂസ്
മരണംവരെ കാത്തുസൂക്ഷിച്ച വിശ്വാസം
അദ്ദേഹത്തിന് മഹത്ത്വം നല്കിയല്ലോ.
ഈ വിശ്വാസത്തിന്റെ വര്‍ധന
ഈ ദിവ്യരഹസ്യങ്ങള്‍ വഴി കാരുണ്യപൂര്‍വം ഞങ്ങള്‍ക്കു നല്കണമേ.
അങ്ങനെ, ഈ വിശ്വാസം യഥാര്‍ഥത്തില്‍ പിന്തുടരുന്ന ഞങ്ങളെയും
അതു നീതികരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s