Our Lady of Mount Carmel / Saturday of week 15 in Ordinary Time 

🔥 🔥 🔥 🔥 🔥 🔥 🔥

16 Jul 2022

Our Lady of Mount Carmel 
or Saturday of week 15 in Ordinary Time 
or Saturday memorial of the Blessed Virgin Mary 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വീകൃതയായ കന്യകമറിയത്തിന്റെ
ധന്യമായ മാധ്യസ്ഥ്യം ഞങ്ങളുടെ സഹായത്തിനെത്തണമെന്ന്
ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, ആ അമ്മയുടെ സംരക്ഷണത്താല്‍ ശക്തിയാര്‍ജിച്ച്,
ക്രിസ്തുവാകുന്ന മലയില്‍ എത്തിച്ചേരാന്‍
ഞങ്ങള്‍ യോഗ്യരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

മിക്കാ 2:1-5
അവര്‍ അന്യരുടെ വയലുകളും ഭവനങ്ങളും പിടിച്ചടുക്കുന്നു.

കിടക്കയില്‍ വച്ചു തിന്മ നിരൂപിക്കുകയും ദുരുപായങ്ങള്‍ ആലോചിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം! കൈയൂക്കുള്ളതിനാല്‍, പുലരുമ്പോള്‍ അവരതു ചെയ്യുന്നു. അവര്‍ വയലുകള്‍ മോഹിക്കുന്നു; അവ പിടിച്ചടക്കുന്നു. വീടുകള്‍ മോഹിക്കുന്നു; അവ സ്വന്തമാക്കുന്നു. വീട്ടുടമസ്ഥനെയും അവന്റെ കുടുംബത്തെയും മനുഷ്യനെയും അവന്റെ അവകാശത്തെയും അവര്‍ പീഡിപ്പിക്കുന്നു. അതിനാല്‍, കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഈ ഭവനത്തിനെതിരേ ഞാന്‍ അനര്‍ഥങ്ങള്‍ ഒരുക്കിയിരിക്കുന്നു. അതില്‍ നിന്നു തലവലിക്കാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ഇത് അനര്‍ഥങ്ങളുടെ കാലമാകയാല്‍ നിങ്ങള്‍ക്കു തല ഉയര്‍ത്തി നടക്കാനാവില്ല. ആ ദിവസങ്ങളില്‍ നിങ്ങളെ അധിക്‌ഷേപിച്ച് അവര്‍ ദയനീയമായ വിലാപഗാനം പാടും; ഞങ്ങള്‍ തീര്‍ത്തും നശിപ്പിക്കപ്പെട്ടിരിക്കുന്നു. എന്റെ ജനത്തിന്റെ ഓഹരി അവിടുന്ന് എടുത്തുമാറ്റിയിരിക്കുന്നു. അവിടുന്ന് അത് എന്നില്‍ നിന്നു നീക്കിക്കളഞ്ഞിരിക്കുന്നു. ഞങ്ങളെ തടവിലാക്കിയവര്‍ക്ക് അവിടുന്നു ഞങ്ങളുടെ വയലുകള്‍ വിഭജിച്ചുകൊടുത്തു. അതിനാല്‍, നിങ്ങള്‍ക്കു സ്ഥലം അളന്നു തരാന്‍ കര്‍ത്താവിന്റെ സഭയില്‍ ആരുമുണ്ടായിരിക്കുകയില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 10:1-2,3-4,7-8,14

ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!

കര്‍ത്താവേ, എന്തുകൊണ്ടാണ് അവിടുന്ന് അകന്നു നില്‍ക്കുന്നത്?
ഞങ്ങളുടെ കഷ്ടകാലത്ത് അവിടുന്നു മറഞ്ഞിരിക്കുന്നതെന്ത്?
ദുഷ്ടര്‍ ഗര്‍വോടെ പാവങ്ങളെ പിന്തുടര്‍ന്നു പീഡിപ്പിക്കുന്നു;
അവര്‍ വച്ച കെണിയില്‍ അവര്‍ തന്നെ വീഴട്ടെ.

ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!

ദുഷ്ടന്‍ തന്റെ ദുരാഗ്രഹങ്ങളെക്കുറിച്ചു വന്‍പുപറയുന്നു;
അത്യാഗ്രഹി കര്‍ത്താവിനെ ശപിച്ചുതള്ളുന്നു.
ദുഷ്ടന്‍ തന്റെ അഹങ്കാരത്തള്ളലാല്‍
അവിടുത്തെ അന്വേഷിക്കുന്നില്ല;
ദൈവമില്ല എന്നാണ് അവന്റെ വിചാരം.

ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!

അവന്റെ വായ് ശാപവും വഞ്ചനയും
ഭീഷണിയുംകൊണ്ടു നിറഞ്ഞിരിക്കുന്നു;
അവന്റെ നാവിനടിയില്‍
ദ്രോഹവും അധര്‍മവും കുടികൊള്ളുന്നു.
അവന്‍ ഗ്രാമങ്ങളില്‍ പതിയിരിക്കുന്നു;
ഒളിച്ചിരുന്ന് അവന്‍ നിര്‍ദോഷരെ കൊലചെയ്യുന്നു;
അവന്റെ കണ്ണുകള്‍ നിസ്സഹായരെ ഗൂഢമായി തിരയുന്നു.

ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!

അങ്ങു കാണുന്നുണ്ട്;
കഷ്ടപ്പാടുകളും ക്ലേശങ്ങളും
അങ്ങു തീര്‍ച്ചയായും കാണുന്നുണ്ട്;
അങ്ങ് അവ ഏറ്റെടുക്കും,
നിസ്സഹായന്‍ തന്നെത്തന്നെ അങ്ങേക്കു സമര്‍പ്പിക്കുന്നു;
അനാഥന് അവിടുന്നു സഹായകനാണല്ലോ.

ദൈവമേ, അവിടുന്നു കരം ഉയര്‍ത്തണമേ! പീഡിതരെ മറക്കരുതേ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ദൈവമേ, അങ്ങേ പ്രമാണങ്ങൾ നിർദ്ദേശിക്കുന്ന വഴി എനിക്കു കാണിച്ചു തരേണമേ! ഞാൻ അങ്ങേ അത്ഭുത കൃത്യങ്ങളെപ്പറ്റി ധ്യാനിക്കും.

അല്ലേലൂയ!

സുവിശേഷം

മത്താ 12:14-21
തന്നെ പരസ്യപ്പെടുത്തരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു.

അക്കാലത്ത്, ഫരിസേയര്‍ അവിടെനിന്നു പോയി, യേശുവിനെ നശിപ്പിക്കേണ്ടതെങ്ങനെയെന്ന് ആലോചന നടത്തി. ഇതു മനസ്സിലാക്കിയ യേശു അവിടെനിന്നു പിന്‍വാങ്ങി. അനേകം പേര്‍ അവനെ അനുഗമിച്ചു. അവരെയെല്ലാം അവന്‍ സുഖപ്പെടുത്തി. തന്നെ പരസ്യപ്പെടുത്തരുതെന്ന് അവന്‍ അവരോടു കല്‍പിച്ചു. ഇത് ഏശയ്യാപ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു പൂര്‍ത്തിയാകുന്നതിനു വേണ്ടിയാണ്: ഇതാ, ഞാന്‍ തിരഞ്ഞെടുത്ത എന്റെ ദാസന്‍; എന്റെ ആത്മാവു പ്രസാദിച്ച എന്റെ പ്രിയപ്പെട്ടവന്‍! ഞാന്‍ അവന്റെമേല്‍ എന്റെ ആത്മാവിനെ അയയ്ക്കും; അവന്‍ വിജാതീയരെ ന്യായവിധി അറിയിക്കും. അവന്‍ തര്‍ക്കിക്കുകയോ ബഹളംകൂട്ടുകയോ ഇല്ല; തെരുവീഥികളില്‍ അവന്റെ ശബ്ദം ആരും കേള്‍ക്കുകയില്ല. നീതിയെ വിജയത്തിലെത്തിക്കുന്നതുവരെ അവന്‍ ചതഞ്ഞ ഞാങ്ങണ ഒടിക്കുകയില്ല; പുകഞ്ഞ തിരി കെടുത്തുകയില്ല. അവന്റെ നാമത്തില്‍ വിജാതീയര്‍ പ്രത്യാശവയ്ക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

❤️ ❤️ ❤️ ❤️ ❤️ ❤️ ❤️

Advertisements
Our Lady of Mount Carmel
Advertisements
Advertisement

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s