16th Sunday in Ordinary Time

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

17-July-2022, ഞായർ

16th Sunday in Ordinary Time 

Liturgical Colour: Green. Year: C(II).


ഒന്നാം വായന

ഉത്പ 18:1-10

യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങേ ദാസനെ കടന്നുപോകരുതേ!

അക്കാലത്ത്, മാമ്രേയുടെ ഓക്കുമരത്തോപ്പിനു സമീപം കര്‍ത്താവ് അബ്രാഹത്തിനു പ്രത്യക്ഷനായി. വെയില്‍ മൂത്ത സമയത്ത് അബ്രാഹം തന്റെ കൂടാരത്തിന്റെ വാതില്‍ക്കല്‍ ഇരിക്കുകയായിരുന്നു. അവന്‍ തലയുയര്‍ത്തി നോക്കിയപ്പോള്‍ മൂന്നാളുകള്‍ തനിക്കെതിരേ നില്‍ക്കുന്നതു കണ്ടു. അവരെക്കണ്ട് അവന്‍ കൂടാരവാതില്‍ക്കല്‍ നിന്നെഴുന്നേറ്റ് അവരെ എതിരേല്‍ക്കാന്‍ ഓടിച്ചെന്ന്, നിലംപറ്റെ താണ്, അവരെ വണങ്ങി. അവന്‍ പറഞ്ഞു: യജമാനനേ, അങ്ങ് എന്നില്‍ സംപ്രീതനെങ്കില്‍ അങ്ങേ ദാസനെ കടന്നു പോകരുതേ! കാലു കഴുകാന്‍ കുറച്ചു വെള്ളം കൊണ്ടു വരട്ടെ. മരത്തണലിലിരുന്നു വിശ്രമിക്കുക. നിങ്ങള്‍ ഈ ദാസന്റെയടുക്കല്‍ വന്ന നിലയ്ക്ക് ഞാന്‍ കുറേ അപ്പം കൊണ്ടുവരാം. വിശപ്പടക്കിയിട്ടു യാത്ര തുടരാം. നീ പറഞ്ഞതു പോലെ ചെയ്യുക എന്ന് അവര്‍ പറഞ്ഞു.
അബ്രാഹം പെട്ടെന്നു കൂടാരത്തിലെത്തി സാറായോടു പറഞ്ഞു: വേഗം മൂന്നിടങ്ങഴി മാവെടുത്തു കുഴച്ച് അപ്പമുണ്ടാക്കുക. അവന്‍ ഓടിച്ചെന്നു കാലിക്കൂട്ടത്തില്‍ നിന്നു കൊഴുത്ത ഒരു ഇളം കാളക്കുട്ടിയെ പിടിച്ചു വേലക്കാരനെ ഏല്‍പിച്ചു. ഉടനെ അവന്‍ അതു പാകം ചെയ്യാന്‍ തുടങ്ങി. അബ്രാഹം വെണ്ണയും പാലും, പാകം ചെയ്ത മൂരിയിറച്ചിയും അവരുടെ മുമ്പില്‍ വിളമ്പി. അവര്‍ ഭക്ഷിച്ചുകൊണ്ടിരിക്കേ അവന്‍ മരത്തണലില്‍ അവരെ പരിചരിച്ചു കൊണ്ടു നിന്നു.
അവര്‍ അവനോടു ചോദിച്ചു: നിന്റെ ഭാര്യ സാറായെവിടെ? കൂടാരത്തിലുണ്ട്, അവന്‍ മറുപടി പറഞ്ഞു. കര്‍ത്താവു പറഞ്ഞു: വസന്തത്തില്‍ ഞാന്‍ തീര്‍ച്ചയായും തിരിയേ വരും. അപ്പോള്‍ നിന്റെ ഭാര്യ സാറായ്ക്ക് ഒരു മകനുണ്ടായിരിക്കും.

കർത്താവിന്റെ വചനം.


പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 15:2-3a,3bc-4ab,5

R. കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ നീതിമാന്‍ വസിക്കും.

നിഷ്‌കളങ്കനായി ജീവിക്കുകയും
നീതി മാത്രം പ്രവര്‍ത്തിക്കുകയും
ഹൃദയം തുറന്നു സത്യം പറയുകയും
പരദൂഷണം പറയുകയോ ചെയ്യാത്തവന്‍.

R. കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ നീതിമാന്‍ വസിക്കും.

സ്‌നേഹിതനെ ദ്രോഹിക്കുകയോ അയല്‍ക്കാരനെതിരേ
അപവാദം പരത്തുകയോ ചെയ്യാത്തവന്‍; ദുഷ്ടനെ പരിഹാസ്യനായി കരുതുകയും ദൈവഭക്തനോട് ആദരം കാണിക്കുകയും ചെയ്യുന്നവന്‍.

R. കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ നീതിമാന്‍ വസിക്കും.

കടത്തിനു പലിശ ഈടാക്കുകയോ
നിര്‍ദോഷനെതിരേ കൈക്കൂലി വാങ്ങുകയോ ചെയ്യാത്തവന്‍; ഇങ്ങനെയുള്ളവന്‍ നിര്‍ഭയനായിരിക്കും.

R. കര്‍ത്താവേ, അങ്ങേ കൂടാരത്തില്‍ നീതിമാന്‍ വസിക്കും.


രണ്ടാം വായന

കൊളോ 1:24-28

ആരംഭം മുതല്‍ മറച്ചു വയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു.

സഹോദരരേ, നിങ്ങളെ പ്രതിയുള്ള പീഡകളില്‍ ഞാന്‍ സന്തോഷിക്കുന്നു. സഭയാകുന്ന തന്റെ ശരീരത്തെ പ്രതി ക്രിസ്തുവിനു സഹിക്കേണ്ടി വന്ന പീഡകളുടെ കുറവ് എന്റെ ശരീരത്തില്‍ ഞാന്‍ നികത്തുന്നു. നിങ്ങള്‍ക്കു വേണ്ടി ദൈവം എന്നെ ഭരമേല്‍പിച്ച ദൗത്യം വഴി ഞാന്‍ സഭയിലെ ശുശ്രൂഷകനായി. ദൈവവചനം പൂര്‍ണമായി വെളിപ്പെടുത്തുക എന്നതായിരുന്നു ആ ദൗത്യം. യുഗങ്ങളുടെയും തലമുറകളുടെയും ആരംഭം മുതല്‍ മറച്ചു വയ്ക്കപ്പെട്ടിരുന്ന ഈ രഹസ്യം ഇപ്പോള്‍ അവിടുന്നു തന്റെ വിശുദ്ധര്‍ക്കു വെളിപ്പെടുത്തിയിരിക്കുന്നു. ഈ രഹസ്യത്തിന്റെ മഹത്വം വിജാതീയരുടെയിടയില്‍ എത്ര ശ്രേഷ്ഠമാണെന്ന് വിശുദ്ധര്‍ക്കു വ്യക്തമാക്കിക്കൊടുക്കാന്‍ അവിടുന്നു തീരുമാനിച്ചു. ഈ രഹസ്യമാകട്ടെ മഹത്വത്തെക്കുറിച്ചുള്ള പ്രത്യാശയായ ക്രിസ്തു നിങ്ങളിലുണ്ട് എന്നതു തന്നെ. അവനെയാണ് ഞങ്ങള്‍ പ്രഖ്യാപിക്കുന്നത്. എല്ലാ മനുഷ്യരെയും ക്രിസ്തുവില്‍ പക്വത പ്രാപിച്ചവരാക്കാന്‍ വേണ്ടി ഞങ്ങള്‍ എല്ലാവര്‍ക്കും മുന്നറിയിപ്പു നല്‍കുകയും എല്ലാവരെയും സര്‍വവിജ്ഞാനവും പഠിപ്പിക്കുകയും ചെയ്യുന്നു.

കർത്താവിന്റെ വചനം.


സുവിശേഷ പ്രഘോഷണവാക്യം

cf. അപ്പോ. പ്രവ. 16:14

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ പുത്രന്റെ വചനങ്ങള്‍ സ്വീകരിക്കാന്‍ ഞങ്ങളുടെ ഹൃദയം തുറക്കണമേ.
അല്ലേലൂയാ!

Or:

cf.ലൂക്കാ 8:15

അല്ലേലൂയാ, അല്ലേലൂയാ!
ദൈവത്തിന്റെ വചനം കേട്ട് ഉത്കൃഷ്ടവും നിര്‍മ്മലവുമായ ഹൃദയത്തില്‍ അതു സംഗ്രഹിച്ച്, ക്ഷമയോടെ ഫലം പുറപ്പെടുവിക്കുന്നവര്‍ അനുഗ്രഹീതര്‍.
അല്ലേലൂയാ!


സുവിശേഷം

ലൂക്കാ 10:38-42

മര്‍ത്താ സ്വഭവനത്തില്‍ യേശുവിനെ സ്വീകരിച്ചു; മറിയം നല്ല ഭാഗം തെരഞ്ഞെടുത്തു.

അക്കാലത്ത്, യാത്രാമധ്യേ യേശു ഒരു ഗ്രാമത്തില്‍ പ്രവേശിച്ചു. മര്‍ത്താ എന്നു പേരുള്ള ഒരുവള്‍ അവനെ സ്വഭവനത്തില്‍ സ്വീകരിച്ചു. അവള്‍ക്കു മറിയം എന്നു പേരായ ഒരു സഹോദരിയുണ്ടായിരുന്നു. അവള്‍ കര്‍ത്താവിന്റെ വചനങ്ങള്‍ കേട്ടുകൊണ്ട് അവന്റെ പാദത്തിങ്കല്‍ ഇരുന്നു. മര്‍ത്തായാകട്ടെ പലവിധ ശുശ്രൂഷകളില്‍ മുഴുകി വ്യഗ്രചിത്തയായിരുന്നു. അവള്‍ അവന്റെ അടുത്തു ചെന്നു പറഞ്ഞു: കര്‍ത്താവേ, ശുശ്രൂഷയ്ക്കായി എന്റെ സഹോദരി എന്നെ തനിയെ വിട്ടിരിക്കുന്നതു നീ ശ്രദ്ധിക്കുന്നില്ലേ? എന്നെ സഹായിക്കാന്‍ അവളോടു പറയുക. കര്‍ത്താവ് അവളോടു പറഞ്ഞു: മര്‍ത്താ, മര്‍ത്താ, നീ പലതിനെക്കുറിച്ചും ഉത്ക്കണ്ഠാകുലയും അസ്വസ്ഥയുമായിരിക്കുന്നു. ഒന്നു മാത്രമേ ആവശ്യമുള്ളൂ. മറിയം നല്ല ഭാഗം തെരഞ്ഞെടുത്തിരിക്കുന്നു. അത് അവളില്‍ നിന്ന് എടുക്കപ്പെടുകയില്ല.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s