🔥 🔥 🔥 🔥 🔥 🔥 🔥
18 Jul 2022
Monday of week 16 in Ordinary Time
Liturgical Colour: Green.
സമിതിപ്രാര്‍ത്ഥന
കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയും
അങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വം
അവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.
അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹം
എന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,
അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായി
ഇവ കാത്തുപാലിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
മിക്കാ 6:1-4,6-8
മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്.
കര്‍ത്താവ് പറയുന്ന വാക്കു കേള്‍ക്കുക: എഴുന്നേറ്റ്, പര്‍വതങ്ങളുടെ മുന്‍പില്‍ നിന്റെ ആവലാതികള്‍ ബോധിപ്പിക്കുക. കുന്നുകള്‍ നിന്റെ ശബ്ദം കേള്‍ക്കട്ടെ! പര്‍വതങ്ങളേ, ഭൂമിയുടെ ഉറപ്പുള്ള അസ്ഥിവാരങ്ങളേ, കര്‍ത്താവിന്റെ ആരോപണങ്ങള്‍ കേള്‍ക്കുവിന്‍. അവിടുന്ന് തന്റെ ജനത്തിനെതിരേ കുറ്റമാരോപിക്കുന്നു; ഇസ്രായേലിനെതിരേ വാദിക്കുന്നു. എന്റെ ജനമേ, നിങ്ങളോടു ഞാന്‍ എന്തുചെയ്തു? എങ്ങനെ ഞാന്‍ നിങ്ങള്‍ക്കു ശല്യമായി? ഉത്തരം പറയുവിന്‍. ഞാന്‍ നിങ്ങളെ ഈജിപ്തില്‍ നിന്നു മോചിപ്പിച്ചു; അടിമത്തത്തിന്റെ ഭവനത്തില്‍ നിന്നു നിങ്ങളെ വീണ്ടെടുത്തു; നിങ്ങളെ നയിക്കാന്‍ മോശയെയും അഹറോനെയും മിരിയാമിനെയും അയച്ചു.
കര്‍ത്താവിന്റെ മുന്‍പില്‍ ഞാന്‍ എന്തു കാഴ്ചയാണ് കൊണ്ടുവരേണ്ടത്? അത്യുന്നതനായ ദൈവത്തിന്റെ മുന്‍പില്‍ ഞാന്‍ എങ്ങനെയാണ് കുമ്പിടേണ്ടത്? ദഹനബലിക്ക് ഒരു വയസ്സുള്ള കാളക്കിടാവുമായിട്ടാണോ ഞാന്‍ വരേണ്ടത്? ആയിരക്കണക്കിനു മുട്ടാടുകളിലും പതിനായിരക്കണക്കിന് എണ്ണപ്പുഴകളിലും അവിടുന്ന് സംപ്രീതനാകുമോ? എന്റെ അതിക്രമങ്ങള്‍ക്കു പരിഹാരമായി എന്റെ ആദ്യജാതനെ ഞാന്‍ നല്‍കണമോ? ആത്മാവിന്റെ പാപത്തിനുപകരം ശരീരത്തിന്റെ ഫലം കാഴ്ചവയ്ക്കണമോ? മനുഷ്യാ, നല്ലതെന്തെന്ന് അവിടുന്ന് നിനക്കു കാണിച്ചുതന്നിട്ടുണ്ട്. നീതി പ്രവര്‍ത്തിക്കുക; കരുണ കാണിക്കുക; നിന്റെ ദൈവത്തിന്റെ സന്നിധിയില്‍ വിനീതനായി ചരിക്കുക. ഇതല്ലാതെ മറ്റെന്താണ് കര്‍ത്താവ് നിന്നില്‍ നിന്ന് ആവശ്യപ്പെടുന്നത്?
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 50:5-6,8-9,16bc-17,21,23
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
ബലിയര്‍പ്പണത്തോടെ എന്നോട് ഉടമ്പടി ചെയ്തിട്ടുള്ള
എന്റെ വിശ്വസ്തരെ എന്റെ അടുത്തു വിളിച്ചുകൂട്ടുവിന്‍.
ആകാശം അവിടുത്തെ നീതിയെ ഉദ്‌ഘോഷിക്കുന്നു;
ദൈവം തന്നെയാണു വിധികര്‍ത്താവ്.
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
നിന്റെ ബലികളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല;
നിന്റെ ദഹനബലികള്‍ നിരന്തരം എന്റെ മുന്‍പിലുണ്ട്.
നിന്റെ വീട്ടില്‍ നിന്നു കാളയെയോ
നിന്റെ ആട്ടിന്‍പറ്റത്തില്‍ നിന്നു മുട്ടാടിനെയോ
ഞാന്‍ സ്വീകരിക്കുകയില്ല.
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
എന്റെ നിയമങ്ങള്‍ ഉരുവിടാനോ
എന്റെ ഉടമ്പടിയെക്കുറിച്ച് ഉരിയാടാനോ
നിനക്കെന്തു കാര്യം?
നീ ശിക്ഷണത്തെ വെറുക്കുന്നു;
എന്റെ വചനത്തെ നീ അവഗണിക്കുന്നു.
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൗനം ദീക്ഷിച്ചു;
നിന്നെപ്പോലെയാണു ഞാനും എന്നു നീ കരുതി;
എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു;
നിന്റെ മുന്‍പില്‍ ഞാന്‍ കുറ്റങ്ങള്‍ നിരത്തിവയ്ക്കുന്നു.
ബലിയായി കൃതജ്ഞത അര്‍പ്പിക്കുന്നവന്‍
എന്നെ ബഹുമാനിക്കുന്നു;
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു
ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്റെ രക്ഷ ഞാന്‍ കാണിച്ചുകൊടുക്കും.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
ഇന്നു നിങ്ങൾ ഹൃദയം കഠിനമാക്കാതെ അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കിൽ!
അല്ലേലൂയ!
സുവിശേഷം
മത്താ 12:38-42
ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊത്ത് ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും.
അക്കാലത്ത്, നിയമജ്ഞരിലും ഫരിസേയരിലുംപെട്ട ചിലര്‍ യേശുവിനോടു പറഞ്ഞു: ഗുരോ, നിന്നില്‍ നിന്ന് ഒരടയാളം കാണാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു. അവന്‍ മറുപടി പറഞ്ഞു: ദുഷിച്ചതും അവിശ്വസ്തവുമായ തലമുറ അടയാളം അന്വേഷിക്കുന്നു. യോനാപ്രവാചകന്റെ അടയാളമല്ലാതെ, മറ്റൊരടയാളവും അതിനു നല്‍കപ്പെടുകയില്ല. യോനാ മൂന്നു രാവും മൂന്നു പകലും തിമിംഗലത്തിന്റെ ഉദരത്തില്‍ കിടന്നതുപോലെ മനുഷ്യപുത്രനും മൂന്നു രാവും മൂന്നുപകലും ഭൂമിക്കുള്ളിലായിരിക്കും. നിനെവേ നിവാസികള്‍ വിധിദിവസം ഈ തലമുറയോടൊത്ത് എഴുന്നേറ്റ് ഇതിനെ കുറ്റം വിധിക്കും. എന്തെന്നാല്‍, യോനായുടെ പ്രസംഗം കേട്ട് അവര്‍ അനുതപിച്ചു. ഇതാ, ഇവിടെ യോനായെക്കാള്‍ വലിയവന്‍!
ദക്ഷിണദേശത്തെ രാജ്ഞി വിധിദിവസം ഈ തലമുറയോടൊത്ത് ഉയിര്‍പ്പിക്കപ്പെടുകയും ഇതിനെ കുറ്റം വിധിക്കുകയും ചെയ്യും. എന്തെന്നാല്‍, സോളമന്റെ വിജ്ഞാനം ശ്രവിക്കാന്‍ അവള്‍ ഭൂമിയുടെ അതിര്‍ത്തികളില്‍ നിന്നു വന്നെത്തി. ഇതാ, ഇവിടെ സോളമനെക്കാള്‍ വലിയവന്‍!
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
ദൈവമേ, ഏകബലിയുടെ സമ്പൂര്‍ണതയാല്‍
പഴയനിയമത്തിലെ വ്യത്യസ്ത ബലികളെല്ലാം
അങ്ങ് പൂര്‍ത്തീകരിച്ചുവല്ലോ.
അങ്ങേക്കു പ്രതിഷ്ഠിതരായ ദാസരില്‍നിന്ന്
ഈ ബലി സ്വീകരിക്കുകയും
ആബേലിന്റെ കാണിക്കകള്‍പോലെ ഇതിനെയും
അതേ അനുഗ്രഹത്താല്‍ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, അങ്ങേ മഹിമയുടെ സ്തുതിക്കായി
അര്‍പ്പിക്കപ്പെടുന്ന ഓരോ ബലിയും
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
സങ്കീ 111:4-5
തന്റെ അദ്ഭുതപ്രവൃത്തികള്‍ അവിടന്ന് സ്മരണീയമാക്കി;
കര്‍ത്താവ് കൃപാലുവും വാത്സല്യനിധിയുമാണ്.
തന്നെ ഭയപ്പെടുന്നവര്‍ക്ക് അവിടന്ന് ആഹാരം നല്കുന്നു.
Or:
വെളി 3:20
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, ഞാന്‍ വാതില്ക്കല്‍നിന്നു മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരംകേട്ട് വാതില്‍ തുറന്നുതന്നാല്‍
ഞാന്‍ അവന്റെ അടുത്തേക്കുവരും.
ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും വിരുന്നിനിരിക്കും.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍ നിന്ന് നവജന്മത്തിലേക്കു കടന്നുവരാന്‍
അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
❤️ ❤️ ❤️ ❤️ ❤️ ❤️ ❤️