Wednesday of week 16 in Ordinary Time / Saint Apollinaris

🌹 🔥 🌹 🔥 🌹 🔥 🌹

20 Jul 2022

Wednesday of week 16 in Ordinary Time 
or Saint Apollinaris, Bishop, Martyr 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദാസരോട് കരുണയായിരിക്കുകയും
അങ്ങേ കൃപയുടെ ദാനങ്ങള്‍ കാരുണ്യപൂര്‍വം
അവരുടെമേല്‍ വര്‍ധമാനമാക്കുകയും ചെയ്യണമേ.
അങ്ങനെ, പ്രത്യാശ, വിശ്വാസം, സ്‌നേഹം
എന്നിവയാല്‍ തീക്ഷ്ണതയുള്ളവരായി,
അങ്ങേ കല്പനകളില്‍ അവര്‍ സദാ ജാഗരൂകരായി
ഇവ കാത്തുപാലിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 1:1,4-10
ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു.

ബഞ്ചമിന്‍ ദേശത്ത് അനാത്തോത്തിലെ പുരോഹിതന്മാരില്‍ ഒരാളായ ഹില്‍ക്കിയായുടെ മകന്‍ ജറെമിയായുടെ വാക്കുകള്‍:
കര്‍ത്താവ് എന്നോട് അരുളിച്ചെയ്തു: മാതാവിന്റെ ഉദരത്തില്‍ നിനക്കു രൂപം നല്‍കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുന്‍പേ ഞാന്‍ നിന്നെ വിശുദ്ധീകരിച്ചു; ജനതകള്‍ക്കു പ്രവാചകനായി ഞാന്‍ നിന്നെ നിയോഗിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു: ദൈവമായ കര്‍ത്താവേ, ഞാന്‍ കേവലം ബാലനാണ്; സംസാരിക്കാന്‍ എനിക്കു പാടവമില്ല. കര്‍ത്താവ് എന്നോടരുളിച്ചെയ്തു: വെറും ബാലനാണെന്നു നീ പറയരുത്. ഞാന്‍ അയയ്ക്കുന്നിടത്തേക്കു നീ പോകണം; ഞാന്‍ കല്‍പിക്കുന്നതെന്തും സംസാരിക്കണം. നീ അവരെ ഭയപ്പെടേണ്ടാ, നിന്റെ രക്ഷയ്ക്കു നിന്നോടുകൂടെ ഞാനുണ്ട്; കര്‍ത്താവാണിതു പറയുന്നത്. അനന്തരം കര്‍ത്താവ് കൈ നീട്ടി എന്റെ അധരത്തില്‍ സ്പര്‍ശിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇതാ, എന്റെ വചനങ്ങള്‍ നിന്റെ നാവില്‍ ഞാന്‍ നിക്‌ഷേപിച്ചിരിക്കുന്നു. പിഴുതെറിയാനും ഇടിച്ചുതകര്‍ക്കാനും നശിപ്പിക്കാനും തകിടം മറിക്കാനും പണിതുയര്‍ത്താനും നട്ടുവളര്‍ത്താനുംവേണ്ടി ഇന്നിതാ, ജനതകളുടെയും രാജ്യങ്ങളുടെയും മേല്‍ നിന്നെ ഞാന്‍ അവരോധിച്ചിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 71:1-2,3-4a,5-6ab,15ab,17

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങയില്‍ ഞാന്‍ ആശ്രയിക്കുന്നു;
ഞാന്‍ ഒരുനാളും ലജ്ജിക്കാനിടയാക്കരുതേ!
അങ്ങേ നീതിയില്‍ എന്നെമോചിപ്പിക്കുകയും
രക്ഷിക്കുകയും ചെയ്യണമേ!
എന്റെ യാചന കേട്ട് എന്നെ രക്ഷിക്കണമേ!

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

അങ്ങ് എനിക്ക് അഭയശിലയും
ഉറപ്പുള്ള രക്ഷാദുര്‍ഗവും ആയിരിക്കണമേ!
അങ്ങാണ് എന്റെ അഭയശിലയും ദുര്‍ഗവും.
എന്റെ ദൈവമേ, ദുഷ്ടന്റെ കൈയില്‍ നിന്ന്,
നീതികെട്ട ക്രൂരന്റെ പിടിയില്‍ നിന്ന്,
എന്നെ വിടുവിക്കണമേ!

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

കര്‍ത്താവേ, അങ്ങാണ് എന്റെ പ്രത്യാശ;
ചെറുപ്പം മുതല്‍ അങ്ങാണ് എന്റെ ആശ്രയം.
ജനനം മുതല്‍ ഞാന്‍ അങ്ങയെ ആശ്രയിച്ചു.
മാതാവിന്റെ ഉദരത്തില്‍ നിന്ന്
അങ്ങാണ് എന്നെ എടുത്തത്;
ഞാന്‍ എപ്പോഴും അങ്ങയെ സ്തുതിക്കുന്നു.

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും
രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും;
അവ എന്റെ അറിവിന് അപ്രാപ്യമാണ്.
ദൈവമേ, ചെറുപ്പംമുതല്‍ എന്നെ അങ്ങ് പരിശീലിപ്പിച്ചു;
ഞാനിപ്പോഴും അങ്ങേ
അത്ഭുതപ്രവൃത്തികള്‍ പ്രഘോഷിക്കുന്നു.

എന്റെ അധരങ്ങള്‍ അങ്ങേ നീതിപൂര്‍വവും രക്ഷാകരവുമായ പ്രവൃത്തികള്‍ പ്രഘോഷിക്കും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ദൈവമേ, അങ്ങേകൽപ്പനകളിലേക്ക് എൻ്റെ ഹൃദയത്തെ തിരിക്കേണമേ; കാരുണ്യപൂർവ്വം അങ്ങേ നിയമം എന്നെ പഠിപ്പിക്കേണമേ.

അല്ലേലൂയ!

സുവിശേഷം

മത്താ 13:1-9
നല്ല വിത്ത് നൂറുമേനി വിളവു നല്കും.

അക്കാലത്ത്, യേശു ഭവനത്തില്‍ നിന്നു പുറത്തുവന്ന്, കടല്‍ത്തീരത്ത് ഇരുന്നു. വലിയ ജനക്കൂട്ടങ്ങള്‍ അവന്റെ അടുത്തു വന്നു. തന്നിമിത്തം അവന്‍ ഒരു തോണിയില്‍ക്കയറി ഇരുന്നു. ജനക്കൂട്ടം മുഴുവന്‍ തീരത്തു നിന്നു. അപ്പോള്‍ അവന്‍ വളരെക്കാര്യങ്ങള്‍ ഉപമകള്‍വഴി അവരോടു പറഞ്ഞു: വിതക്കാരന്‍ വിതയ്ക്കാന്‍ പുറപ്പെട്ടു. അവന്‍ വിതച്ചപ്പോള്‍ വിത്തുകളില്‍ കുറെ വഴിയരുകില്‍ വീണു. പക്ഷികള്‍ വന്ന് അതു തിന്നു. ചിലത് മണ്ണ് അധികമില്ലാത്ത പാറമേല്‍ വീണു. മണ്ണിന് ആഴമില്ലാതിരുന്നതിനാല്‍ അതു പെട്ടെന്ന് മുളച്ചുപൊങ്ങി. സൂര്യനുദിച്ചപ്പോള്‍ അതു വെയിലേറ്റു വാടുകയും വേരില്ലാതിരുന്നതിനാല്‍ കരിഞ്ഞുപോവുകയും ചെയ്തു. വേറെ ചിലതു മുള്‍ച്ചെടികള്‍ക്കിടയില്‍ വീണു. മുള്‍ച്ചെടികള്‍ വളര്‍ന്ന് അതിനെ ഞെരുക്കിക്കളഞ്ഞു. മറ്റു ചിലതു നല്ല നിലത്തു വീണു. അതു നൂറു മേനിയും അറുപതു മേനിയും മുപ്പതു മേനിയും വിളവു നല്‍കി. ചെവിയുള്ളവന്‍ കേള്‍ക്കട്ടെ.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

ദൈവമേ, ഏകബലിയുടെ സമ്പൂര്‍ണതയാല്‍
പഴയനിയമത്തിലെ വ്യത്യസ്ത ബലികളെല്ലാം
അങ്ങ് പൂര്‍ത്തീകരിച്ചുവല്ലോ.
അങ്ങേക്കു പ്രതിഷ്ഠിതരായ ദാസരില്‍നിന്ന്
ഈ ബലി സ്വീകരിക്കുകയും
ആബേലിന്റെ കാണിക്കകള്‍പോലെ ഇതിനെയും
അതേ അനുഗ്രഹത്താല്‍ വിശുദ്ധീകരിക്കുകയും ചെയ്യണമേ.
അങ്ങനെ, അങ്ങേ മഹിമയുടെ സ്തുതിക്കായി
അര്‍പ്പിക്കപ്പെടുന്ന ഓരോ ബലിയും
എല്ലാവരുടെയും രക്ഷയ്ക്ക് ഉപകരിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 111:4-5

തന്റെ അദ്ഭുതപ്രവൃത്തികള്‍ അവിടന്ന് സ്മരണീയമാക്കി;
കര്‍ത്താവ് കൃപാലുവും വാത്സല്യനിധിയുമാണ്.
തന്നെ ഭയപ്പെടുന്നവര്‍ക്ക് അവിടന്ന് ആഹാരം നല്കുന്നു.

Or:
വെളി 3:20

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഇതാ, ഞാന്‍ വാതില്ക്കല്‍നിന്നു മുട്ടുന്നു.
ആരെങ്കിലും എന്റെ സ്വരംകേട്ട് വാതില്‍ തുറന്നുതന്നാല്‍
ഞാന്‍ അവന്റെ അടുത്തേക്കുവരും.
ഞാന്‍ അവനോടൊത്തും അവന്‍ എന്നോടൊത്തും വിരുന്നിനിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, കാരുണ്യപൂര്‍വം
അങ്ങേ ജനത്തോടുകൂടെ ആയിരിക്കണമെന്നും
സ്വര്‍ഗീയ രഹസ്യങ്ങളാല്‍ അങ്ങ് പ്രചോദിപ്പിച്ച അവരെ
പഴയ ജീവിതശൈലിയില്‍ നിന്ന് നവജന്മത്തിലേക്കു കടന്നുവരാന്‍
അനുഗ്രഹിക്കണമെന്നും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment