17th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

24 Jul 2022

17th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

അങ്ങില്‍ പ്രത്യാശയര്‍പ്പിക്കുന്നവരുടെ സംരക്ഷകനായ ദൈവമേ,
അങ്ങയെക്കൂടാതെ ഒന്നും സാധ്യമല്ല, വിശുദ്ധവുമല്ല.
അങ്ങേ കാരുണ്യം ഞങ്ങളുടെമേല്‍ വര്‍ധമാനമാക്കണമേ.
അങ്ങനെ, നിയന്താവും നായകനുമായ അങ്ങുവഴി
ഇപ്പോള്‍ നശ്വരമായ നന്മകള്‍ ഉപയോഗിക്കുന്നപോലെ,
അനശ്വരമായവയും മുറുകെപ്പിടിക്കാന്‍ ഞങ്ങള്‍ പ്രാപ്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഉത്പ 18:20-32
ഞാന്‍ വീണ്ടും സംസാരിക്കുന്നതു കൊണ്ടു കര്‍ത്താവു കോപിക്കരുതേ!

കര്‍ത്താവു പറഞ്ഞു: സോദോമിനും ഗൊമോറായ്ക്കുമെതിരേയുള്ള മുറവിളി വളരെ വലുതാണ്. അവരുടെ പാപം ഗുരുതരവുമാണ്. അതിനാല്‍, അവരുടെ പ്രവൃത്തികള്‍ എന്റെ സന്നിധിയിലെത്തിയിട്ടുള്ള വിലാപങ്ങളെ സാധൂകരിക്കുന്നോ ഇല്ലയോ എന്നറിയാന്‍ ഞാന്‍ അവിടം വരെ പോകുകയാണ്.
അവര്‍ അവിടെനിന്നു സോദോമിനു നേരേ നടന്നു. അബ്രാഹം അപ്പോഴും കര്‍ത്താവിന്റെ മുമ്പില്‍ത്തന്നെ നിന്നു.
അബ്രാഹം അവിടുത്തെ സമീപിച്ചു ചോദിച്ചു: ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും അങ്ങു നശിപ്പിക്കുമോ? നഗരത്തില്‍ അന്‍പതു നീതിമാന്മാരുണ്ടെങ്കില്‍ അങ്ങ് അതിനെ നശിപ്പിച്ചുകളയുമോ? അവരെ പ്രതി ആ സ്ഥലത്തെ ശിക്ഷയില്‍ നിന്നൊഴിവാക്കില്ലേ? ദുഷ്ടന്മാരോടൊപ്പം നീതിമാന്മാരെയും സംഹരിക്കുക – അത് അങ്ങില്‍ നിന്ന് ഉണ്ടാകാതിരിക്കട്ടെ. ദുഷ്ടന്മാരുടെ ഗതിതന്നെ നീതിമാന്മാര്‍ക്കും സംഭവിക്കാതിരിക്കട്ടെ. ഭൂമി മുഴുവന്റെയും വിധികര്‍ത്താവു നീതി പ്രവര്‍ത്തിക്കാതിരിക്കുമോ? കര്‍ത്താവ് അരുളിച്ചെയ്തു: സോദോം നഗരത്തില്‍ അമ്പതു നീതിമാന്മാരെ ഞാന്‍ കണ്ടെത്തുന്നപക്ഷം അവരെപ്രതി ഞാന്‍ ആ സ്ഥലത്തോടു മുഴുവന്‍ ക്ഷമിക്കും. അബ്രാഹം വീണ്ടും പറഞ്ഞു: പൊടിയും ചാരവുമായ ഞാന്‍ കര്‍ത്താവിനോടു സംസാരിക്കുവാന്‍ തുനിഞ്ഞല്ലോ. നീതിമാന്മാര്‍ അമ്പതിന് അഞ്ചു കുറവാണെന്നു വന്നാലോ? അഞ്ചുപേര്‍ കുറഞ്ഞാല്‍ നഗരത്തെ മുഴുവന്‍ അങ്ങു നശിപ്പിക്കുമോ? അവിടുന്നു പറഞ്ഞു: നാല്‍പ്പത്തഞ്ചുപേരെ കണ്ടെത്തിയാല്‍ ഞാനതിനെ നശിപ്പിക്കുകയില്ല. അവന്‍ വീണ്ടും ചോദിച്ചു: നാല്‍പ്പതുപേരേ ഉള്ളുവെങ്കിലോ? അവിടുന്നു പ്രതിവചിച്ചു: ആ നാല്‍പ്പതുപേരെ പ്രതി നഗരം ഞാന്‍ നശിപ്പിക്കുകയില്ല. അവന്‍ പറഞ്ഞു: ഞാന്‍ വീണ്ടും സംസാരിക്കുന്നതുകൊണ്ടു കര്‍ത്താവു കോപിക്കരുതേ! ഒരുപക്‌ഷേ, മുപ്പതുപേരെ ഉള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: മുപ്പതുപേരെ കണ്ടെത്തുന്നെങ്കില്‍ ഞാനതു നശിപ്പിക്കുകയില്ല. അവന്‍ പറഞ്ഞു: കര്‍ത്താവിനോടു സംസാരിക്കാന്‍ ഞാന്‍ തുനിഞ്ഞല്ലോ. ഇരുപതുപേരെ ഉള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ഇരുപതുപേരെ പ്രതി ഞാനതു നശിപ്പിക്കുകയില്ല. അവന്‍ പറഞ്ഞു: കര്‍ത്താവേ, കോപിക്കരുതേ! ഒരു തവണകൂടി മാത്രം ഞാന്‍ സംസാരിക്കട്ടെ. പത്തുപേരെ അവിടെയുള്ളുവെങ്കിലോ? അവിടുന്ന് അരുളിച്ചെയ്തു: ആ പത്തു പേരെ പ്രതി ഞാന്‍ അതു നശിപ്പിക്കുകയില്ല. അബ്രാഹത്തോടു സംസാരിച്ചുകഴിഞ്ഞപ്പോള്‍ കര്‍ത്താവ് അവിടെ നിന്നു പോയി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 138:1-2,2-3,6-7,7-8

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ കര്‍ത്താവേ, അവിടുന്ന് എനിക്ക് ഉത്തരമരുളി.

കത്താവേ, ഞാന്‍ പൂര്‍ണഹൃദയത്തോടെ
അങ്ങേക്കു നന്ദിപറയുന്നു;
ദേവന്മാരുടെ മുന്‍പില്‍
ഞാന്‍ അങ്ങയെ പാടിപ്പുകഴ്ത്തും.
ഞാന്‍ അങ്ങേ വിശുദ്ധമന്ദിരത്തിനു നേരേ
ശിരസ്സു നമിക്കുന്നു;

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ കര്‍ത്താവേ, അവിടുന്ന് എനിക്ക് ഉത്തരമരുളി.

അങ്ങേ കാരുണ്യത്തെയും വിശ്വസ്തതയെയും
ഓര്‍ത്ത് അങ്ങേക്കു നന്ദിപറയുന്നു;
അങ്ങേ നാമവും വാഗ്ദാനവും അത്യുന്നതമാണ്.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍
അവിടുന്ന് എനിക്ക് ഉത്തരമരുളി;
അവിടുന്ന് എന്റെ ആത്മാവില്‍
ധൈര്യം പകര്‍ന്ന് എന്നെ ശക്തിപ്പെടുത്തി.

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ കര്‍ത്താവേ, അവിടുന്ന് എനിക്ക് ഉത്തരമരുളി.

കര്‍ത്താവു മഹോന്നതനാണെങ്കിലും
താണവരെ കടാക്ഷിക്കുന്നു;
അഹങ്കാരികളെ അവിടുന്ന്
അകലെ വച്ചു തന്നെ അറിയുന്നു.
കഷ്ടതകളിലൂടെ കടന്നുപോകുന്നെങ്കിലും,
എന്റെ ജീവനെ അവിടുന്നു പരിപാലിക്കുന്നു;
എന്റെ ശത്രുക്കളുടെ ക്രോധത്തിനെതിരേ
അവിടുന്നു കരം നീട്ടും;

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ കര്‍ത്താവേ, അവിടുന്ന് എനിക്ക് ഉത്തരമരുളി.

അവിടുത്തെ വലത്തുകൈ എന്നെ രക്ഷിക്കും.
എന്നെക്കുറിച്ചുള്ള തന്റെ നിശ്ചയം കര്‍ത്താവു നിറവേറ്റും;
കര്‍ത്താവേ, അവിടുത്തെ കാരുണ്യം അനന്തമാണ്;
അങ്ങേ സൃഷ്ടിയെ ഉപേക്ഷിക്കരുതേ!

ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ കര്‍ത്താവേ, അവിടുന്ന് എനിക്ക് ഉത്തരമരുളി.

രണ്ടാം വായന

കൊളോ 2:12-14
ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു.

സഹോദരരേ, ജ്ഞാനസ്‌നാനംവഴി നിങ്ങള്‍ അവനോടൊപ്പം സംസ്‌കരിക്കപ്പെട്ടു; മരിച്ചവരില്‍ നിന്ന് അവനെ ഉയിര്‍പ്പിച്ച ദൈവത്തിന്റെ പ്രവര്‍ത്തനത്തിലുള്ള വിശ്വാസം നിമിത്തം നിങ്ങള്‍ അവനോടുകൂടെ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തിരിക്കുന്നു. നിങ്ങള്‍ പാപങ്ങള്‍ നിമിത്തം മൃതരും ദുര്‍വാസനകളുടെ പരിച്‌ഛേദനം നിര്‍വഹിക്കാത്തവരും ആയിരുന്നു. ദൈവം നിങ്ങളെ അവനോടുകൂടെ ജീവിപ്പിക്കുകയും നമ്മുടെ എല്ലാ പാപങ്ങളും ക്ഷമിക്കുകയും ചെയ്തു. നമുക്കു ദോഷകരമായിനിന്ന ലിഖിതനിയമങ്ങളെ അവന്‍ മായിച്ചുകളയുകയും അവയെ കുരിശില്‍ തറച്ചു നിഷ്‌കാസനം ചെയ്യുകയും ചെയ്തു.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. തന്നെ സ്വീകരിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നൽകി.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 11:1-13
ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും.

അക്കാലത്ത്, യേശു ഒരിടത്തു പ്രാര്‍ഥിച്ചുകൊണ്ടിരിക്കുകയായിരുന്നു. പ്രാര്‍ഥിച്ചു കഴിഞ്ഞപ്പോള്‍ ശിഷ്യന്മാരിലൊരുവന്‍ വന്നു പറഞ്ഞു: കര്‍ത്താവേ, യോഹന്നാന്‍ തന്റെ ശിഷ്യരെ പഠിപ്പിച്ചതുപോലെ ഞങ്ങളെയും പ്രാര്‍ഥിക്കാന്‍ പഠിപ്പിക്കുക. അവന്‍ അരുളിച്ചെയ്തു: നിങ്ങള്‍ ഇങ്ങനെ പ്രാര്‍ഥിക്കുവിന്‍. പിതാവേ, അങ്ങേ നാമം പൂജിതമാകണമേ. അങ്ങേ രാജ്യം വരണമേ; അന്നന്നു വേണ്ട ആഹാരം ഓരോ ദിവസവും ഞങ്ങള്‍ക്കു നല്‍കണമേ. ഞങ്ങളുടെ പാപങ്ങള്‍ ഞങ്ങളോടു ക്ഷമിക്കണമേ. എന്തെന്നാല്‍, ഞങ്ങളുടെ കടക്കാരോടു ഞങ്ങളും ക്ഷമിക്കുന്നു. ഞങ്ങളെ പ്രലോഭനത്തില്‍ ഉള്‍പ്പെടുത്തരുതേ.
അവന്‍ അവരോടു പറഞ്ഞു: നിങ്ങളിലൊരുവന് ഒരു സ്‌നേഹിതനുണ്ടെന്നിരിക്കട്ടെ. അര്‍ധരാത്രി അവന്റെ അടുത്തുചെന്ന് അവന്‍ പറയുന്നു: സ്‌നേഹിതാ, എനിക്കു മൂന്ന് അപ്പം വായ്പ തരുക. ഒരു സ്‌നേഹിതന്‍ യാത്രാ മധ്യേ എന്റെ അടുക്കല്‍ വന്നിരിക്കുന്നു. അവനു കൊടുക്കാന്‍ എനിക്കൊന്നുമില്ല. അപ്പോള്‍, അവന്റെ സ്‌നേഹിതന്‍ അകത്തുനിന്നു മറുപടി പറയുന്നു: എന്നെ ഉപദ്രവിക്കരുത്. കതകടച്ചു കഴിഞ്ഞു. എന്റെ കുഞ്ഞുങ്ങളും എന്റെ കൂടെ കിടക്കയിലാണ്. എഴുന്നേറ്റ് നിനക്ക് ഒന്നും തരാന്‍ സാധിക്കുകയില്ല. ഞാന്‍ നിങ്ങളോടു പറയുന്നു, അവന്‍ സ്‌നേഹിതനാണ് എന്നതിന്റെ പേരില്‍ അവന് ഒന്നും കൊടുക്കുകയില്ലെങ്കില്‍ത്തന്നെ നിര്‍ബന്ധം നിമിത്തം എഴുന്നേറ്റ് അവന് വേണ്ടതു നല്‍കും. ഞാന്‍ നിങ്ങളോടു പറയുന്നു: ചോദിക്കുവിന്‍; നിങ്ങള്‍ക്കു ലഭിക്കും. അന്വേഷിക്കുവിന്‍; നിങ്ങള്‍ കണ്ടെത്തും. മുട്ടുവിന്‍; നിങ്ങള്‍ക്കു തുറന്നുകിട്ടും. എന്തെന്നാല്‍ ചോദിക്കുന്ന ഏവനും ലഭിക്കുന്നു. അന്വേഷിക്കുന്നവന്‍ കണ്ടെത്തുന്നു. മുട്ടുന്നവനു തുറന്നുകിട്ടുകയും ചെയ്യുന്നു. നിങ്ങളില്‍ ഏതൊരു പിതാവാണ് മകന്‍ മീന്‍ ചോദിച്ചാല്‍ പകരം പാമ്പിനെ കൊടുക്കുക? മുട്ട ചോദിച്ചാല്‍ പകരം തേളിനെ കൊടുക്കുക? മക്കള്‍ക്കു നല്ല ദാനങ്ങള്‍ നല്‍കാന്‍ ദുഷ്ടരായ നിങ്ങള്‍ക്ക് അറിയാമെങ്കില്‍, സ്വര്‍ഗസ്ഥനായ പിതാവ് തന്നോടു ചോദിക്കുന്നവര്‍ക്ക് എത്രയധികമായി പരിശുദ്ധാത്മാവിനെ നല്‍കുകയില്ല!

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ സമൃദ്ധിയില്‍നിന്ന്
ഞങ്ങള്‍ അങ്ങേക്കായി കൊണ്ടുവന്നിരിക്കുന്ന കാണിക്കകള്‍
സ്വീകരിക്കണമേ.
അങ്ങേ കൃപയുടെ ശക്തമായ പ്രവര്‍ത്തനങ്ങളാല്‍,
ഈ പരമപരിശുദ്ധ രഹസ്യങ്ങള്‍
ഞങ്ങളുടെ ഇഹലോകജീവിതരീതികള്‍ വിശുദ്ധീകരിക്കുകയും
നിത്യാനന്ദത്തിലേക്ക് ഞങ്ങളെ നയിക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 103:2

എന്റെ ആത്മാവേ, കര്‍ത്താവിനെ വാഴ്ത്തുക.
അവിടന്നു നല്കിയ അനുഗ്രഹമൊന്നും മറക്കരുത്.

Or:
മത്താ 5:7-8

കരുണയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ക്ക് കരുണ ലഭിക്കും.
ഹൃദയശുദ്ധിയുള്ളവര്‍ അനുഗൃഹീതര്‍;
എന്തെന്നാല്‍, അവര്‍ ദൈവത്തെ കാണും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പുത്രന്റെ പീഡാസഹനത്തിന്റെ
നിത്യസ്മാരകമായ ദിവ്യകൂദാശ ഞങ്ങള്‍ സ്വീകരിച്ചു.
അവര്‍ണനീയമായ സ്‌നേഹത്താല്‍
അവിടന്നു തന്നെ ഞങ്ങള്‍ക്കു നല്കിയ ഈ ദാനം
ഞങ്ങളുടെ രക്ഷയ്ക്ക് ഉപകരിക്കുമാറാകണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment