വി. ജോവാക്കിമിന്റെയും അന്നയുടെയും തിരുനാൾ: മ്മടെ സമയം അല്ല തമ്പുരാന്റെ സമയം

അന്ന പുണ്യാളത്തിയുടെയും ജോവാക്കിം പുണ്യാളന്റേയും വീടിരിക്കുന്ന ഇടത്തിനൊരു പ്രത്യേകതയുണ്ട്…. ബെത്സെയ്‌ദ കുളത്തിന്റെ കരയോട് ചേർന്നാണാ വീട്… അവ രണ്ടും ഓർമ്മപ്പെടുത്തുന്നൊരു ചിന്തയിതാണ്… മനുഷ്യന്റെ കാത്തിരിപ്പുകൾ അവസാനിക്കുന്നിടത്തും ഇടപെടുന്നൊരു ദൈവമുണ്ടെന്ന്… മനുഷ്യന്റെ സമയമല്ല ദൈവത്തിന്റെ സമയമെന്ന്… നമ്മുടെ കണക്കുകൂട്ടലുകൾപ്പുറത്താണ് തമ്പുരാന്റെ കണക്കുകൂട്ടലുകളെന്ന്….

ജോവാക്കിം പുണ്യാളനെക്കുറിച്ചുള്ള കഥകളിലൊന്ന് ഇങ്ങനെയാണ്… പ്രായമേറെ ആയിട്ടും മക്കളില്ലാതിരുന്നൊരു മനുഷ്യൻ… മക്കളില്ലാത്തത് ദൈവശാപം ആയി കരുതിയിരുന്നൊരു സമൂഹം…

ഒരു നാളിൽ അയാൾ ജറുസലെം ദൈവാലയത്തിൽ ബലിയർപ്പിക്കാൻ പോവുകയാണ്… തന്റെ ഊഴം കാത്തു നിൽക്കുമ്പോ കൂടെ നിന്ന മനുഷ്യർ അയാളെ നോക്കി പരിഹാസത്തോടെ പറഞ്ഞു…. ”ദൈവശാപം പേറി നിൽക്കുന്ന താനൊക്കെ ബലിയർപ്പിച്ചീട്ട് എന്ത് കാര്യം? അതൊന്നും ദൈവം സ്വീകരിക്കില്ല..”

ചങ്കു പൊടിഞ്ഞൊരു സങ്കടത്തോടെ അയാൾ തിരികെ നടന്നു… കരഞ്ഞു കലങ്ങിയ കണ്ണുകളുമായി ആ വൃദ്ധൻ എങ്ങോട്ടെന്നില്ലാതെ നടന്ന് ഒടുവിൽ എത്തപ്പെട്ടത് ഒരു കുന്നിന്റെ മുകളിൽ…

തന്റെ ജീവിതത്തിനൊരർത്ഥമില്ലെന്നും ഇത് വരെ ജീവിച്ചതൊക്കെ പാഴായിപ്പോയെന്നും ചിന്തിച്ചു കുന്നിന്റെ മുകളിലേക്ക് കയറിയൊരു മനുഷ്യനെ ഒരാൾ തടഞ്ഞു നിർത്തി… ദൈവത്തിന്റെ മാലാഖ… അയാളോട് തിരികെ വീട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടു… എല്ലാ പ്രതീക്ഷകളും നഷ്ട്ടപ്പെട്ടു മടങ്ങിയ ആ മനുഷ്യന്റെ കൊച്ചുമകനായാണ് പിന്നീട് ക്രിസ്തു പിറന്നത് എന്നോർക്കണം…

ആ മനുഷ്യന്റെ വീടിനു തൊട്ടടുത്തുള്ള ബെത്‌സയ്ദ കുളവും പറയുന്നത് അതാണ്… എന്നെ കുളത്തിലേക്ക് ഇറക്കാൻ ആരുമില്ലെന്നും ഇനി രക്ഷയില്ലെന്നും കരുതിയ മനുഷ്യന്റെ അരികിലേക്കാണ് പ്രതീക്ഷിക്കാത്തൊരു ദിനം ക്രിസ്തു കടന്നു വരുന്നത്…

ചിലപ്പോൾ അങ്ങിനെയാണ്… മനുഷ്യന്റെ സമയം അവസാനിക്കുന്നിടത്താണ് ദൈവത്തിന്റെ സമയം ആരംഭിക്കുന്നത്..

മൂന്ന് ദിവസം കഴിഞ്ഞാണ് വീടിന്റെ ജപ്തി.. ഇനിയൊന്നും ചെയ്യാനില്ല… കുരിശുപള്ളിയിലൊരു കൂടു മെഴുകുതിരി കത്തിച്ച് കൂനിക്കൂടി തിരിയെ വീട്ടിലേക്ക് നടക്കുന്ന ആ മനുഷ്യനോട് വഴിയരികിലെ ചായപ്പീടികയിലിരുന്നൊരാൾ വിളിച്ചു ചോദിച്ചു…

”ഇനിയിപ്പോ പ്രാർത്ഥിച്ചീട്ടു എന്ത് കാര്യം? എന്തായാലും വീട് പോവും?”

ചെറുതായൊന്നു ചിരിച്ചീട്ടായിരുന്നു ആ വൃദ്ധന്റെ മറുപടി… ”നമ്മുടെ സമയം അല്ലല്ലോ കർത്താവിന്റെ സമയം… നമ്മുടെ കണക്കുകൂട്ടൽ അല്ലല്ലോ ആളുടെ കണക്കു കൂട്ടൽ… വീട് പോയാലും പുള്ളിക്കാരന് എന്തെങ്കിലും പദ്ധതി ഉണ്ടാവുംന്നെ…വീട് പോവുമെന്ന് കരുതി പിന്നെ ആകെയുള്ള കർത്താവിനെക്കൂടി ഞാൻ എന്തിനാ നഷ്ടപ്പെടുത്തുന്നത്??” മറുപടിയും പറഞ്ഞു ആ വൃദ്ധൻ പതിയെ തിരികെ നടന്നു…

മ്മടെ സമയം അല്ല ചിലപ്പോ തമ്പുരാന്റെ സമയം…

മ്മടെ കണക്കുകൂട്ടൽ അല്ല ദൈവത്തിന്റെ സമയം… നമ്മുടെ സമയങ്ങൾ അവസാനിക്കുന്നിടത്താണ് തമ്പുരാന്റെ സമയം തുടങ്ങുന്നത്…

നേരുന്നു വി. ജോവാക്കിമിന്റെയും വി. അന്നയുടെയും തിരുനാൾ മംഗളങ്ങൾ..

✍️റിന്റോ പയ്യപ്പിള്ളി ✍️

Advertisements
Advertisements

Leave a comment