18th Sunday in Ordinary Time 

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

ദിവ്യബലി വായനകൾ

31-July-2022, ഞായർ

18th Sunday in Ordinary Time 

Liturgical Colour: Green. Year: C(II).


ഒന്നാം വായന

സഭാ 1:2,2:21-23

കഠിനാധ്വാനവും മനഃക്ലേശവും കൊണ്ട് മനുഷ്യന് എന്തു നേട്ടം?

സഭാപ്രസംഗകന്‍ പറയുന്നു: മിഥ്യകളില്‍ മിഥ്യ, സകലവും മിഥ്യ, മിഥ്യകളില്‍ മിഥ്യ!
ഒരുവന്‍ ജ്ഞാനവും അറിവും സാമര്‍ഥ്യവും ഉപയോഗിച്ച് അധ്വാനിച്ചുണ്ടാക്കിയവ അവയ്ക്കു വേണ്ടി അശേഷം അധ്വാനിക്കാത്തവന് ആസ്വദിക്കാന്‍ വിട്ടുകൊടുക്കേണ്ടിവരുന്നു. ഇതും മിഥ്യയും വലിയ നിര്‍ഭാഗ്യവുമാണ്. സൂര്യനു കീഴുള്ള കഠിനാധ്വാനവും മനഃക്ലേശവും കൊണ്ട് മനുഷ്യന് എന്തു നേട്ടം? അവന്റെ ദിനങ്ങളെല്ലാം വേദന നിറഞ്ഞതാണ്; അധ്വാനമാകട്ടെ, ദുഃഖസങ്കുലവും. രാത്രിയില്‍പ്പോലും അവന്റെ മനസ്സിനു സ്വസ്ഥതയില്ല. ഇതും മിഥ്യ തന്നെ.

കർത്താവിന്റെ വചനം.


EITHER: ——–

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 90:3-4,5-6,12-13,14,17

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

മനുഷ്യനെ അവിടുന്നു പൊടിയിലേക്കു മടക്കി അയയ്ക്കുന്നു; മനുഷ്യമക്കളേ, തിരിച്ചുപോകുവിന്‍ എന്ന് അങ്ങു പറയുന്നു. ആയിരം വത്സരം അങ്ങേ ദൃഷ്ടിയില്‍ കഴിഞ്ഞു പോയ ഇന്നലെ പോലെയും രാത്രിയിലെ ഒരു യാമം പോലെയും മാത്രമാണ്.

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

അവിടുന്നു മനുഷ്യനെ, ഉണരുമ്പോള്‍ മാഞ്ഞു പോകുന്ന സ്വപ്നം പോലെ തുടച്ചുമാറ്റുന്നു; പ്രഭാതത്തില്‍ മുളനീട്ടുന്ന പുല്ലു പോലെയാണവന്‍. പ്രഭാതത്തില്‍ അതു തഴച്ചുവളരുന്നു; സായാഹ്‌നത്തില്‍ അതു വാടിക്കരിയുന്നു,

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

ഞങ്ങളുടെ ആയുസ്സിന്റെ ദിനങ്ങള്‍ എണ്ണാന്‍ ഞങ്ങളെ പഠിപ്പിക്കണമേ!
ഞങ്ങളുടെ ഹൃദയം ജ്ഞാനപൂര്‍ണമാകട്ടെ!
കര്‍ത്താവേ, മടങ്ങി വരണമേ! അങ്ങ് എത്ര നാള്‍ വൈകും? അങ്ങേ ദാസരോട് അലിവു തോന്നണമേ!

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

പ്രഭാതത്തില്‍ അങ്ങേ കാരുണ്യം കൊണ്ടു ഞങ്ങളെ സംതൃപ്തരാക്കണമേ! ഞങ്ങളുടെ ആയുഷ്‌കാലം മുഴുവന്‍ ഞങ്ങള്‍ സന്തോഷിച്ചുല്ലസിക്കട്ടെ. ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ കൃപ ഞങ്ങളുടെമേല്‍ ഉണ്ടാകട്ടെ! ഞങ്ങളുടെ പ്രവൃത്തികളെ ഫലമണിയിക്കണമേ! ഞങ്ങളുടെ പ്രവൃത്തികളെ സുസ്ഥിരമാക്കണമേ!

R. കര്‍ത്താവേ, അങ്ങു തലമുറതലമുറയായി ഞങ്ങളുടെ ആശ്രയമായിരുന്നു.

OR: ——–

പ്രതിവചന സങ്കീര്‍ത്തനം

സങ്കീ 95:1-2, 6-7, 8-9

R. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കര്‍ത്താവിനു സ്‌തോത്രമാലപിക്കാം; നമ്മുടെ ശിലയെ സന്തോഷപൂര്‍വം പാടിപ്പുകഴ്ത്താം. കൃതജ്ഞതാസ്‌തോത്രത്തോടെ അവിടുത്തെ സന്നിധിയില്‍ ചെല്ലാം. ആനന്ദത്തോടെ സ്തുതിഗീതങ്ങള്‍ ആലപിക്കാം.

R. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

വരുവിന്‍, നമുക്കു കുമ്പിട്ട് ആരാധിക്കാം; നമ്മെ സൃഷ്ടിച്ച കര്‍ത്താവിന്റെ മുന്‍പില്‍ മുട്ടുകുത്താം. എന്തെന്നാല്‍, അവിടുന്നാണു നമ്മുടെ ദൈവം. നാം അവിടുന്നു മേയ്ക്കുന്ന ജനവും; അവിടുന്നു പാലിക്കുന്ന അജഗണം.

R. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.

മെരീബായില്‍, മരുഭൂമിയിലെ മാസ്സായില്‍, ചെയ്തതു പോലെ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്. അന്നു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി കണ്ടിട്ടും അവര്‍ എന്നെ പരീക്ഷിച്ചു.

R. നിങ്ങള്‍ ഇന്ന് അവിടുത്തെ സ്വരം ശ്രവിച്ചിരുന്നെങ്കില്‍ നിങ്ങള്‍ ഹൃദയം കഠിനമാക്കരുത്.



രണ്ടാം വായന

കൊളോ 3:1-5,9-11

ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍.

സഹോദരരേ, ക്രിസ്തുവിനോടൊപ്പം നിങ്ങള്‍ ഉയിര്‍പ്പിക്കപ്പെട്ടെങ്കില്‍ ദൈവത്തിന്റെ വലത്തു ഭാഗത്ത് ഉപവിഷ്ടനായിരിക്കുന്ന ക്രിസ്തു വസിക്കുന്ന ഉന്നതത്തിലുള്ളവയെ അന്വേഷിക്കുവിന്‍. ഭൂമിയിലുള്ള വസ്തുക്കളിലല്ല, പ്രത്യുത, ഉന്നതത്തിലുള്ളവയില്‍ ശ്രദ്ധിക്കുവിന്‍. എന്തെന്നാല്‍, നിങ്ങള്‍ മൃതരായിരിക്കുന്നു. നിങ്ങളുടെ ജീവന്‍ ക്രിസ്തുവിനോടൊപ്പം ദൈവത്തില്‍ നിഗൂഢമായി സ്ഥിതി ചെയ്യുന്നു. നമ്മുടെ ജീവനായ ക്രിസ്തു പ്രത്യക്ഷനാകുമ്പോള്‍ അവനോടു കൂടെ നിങ്ങളും മഹത്വത്തില്‍ പ്രത്യക്ഷപ്പെടും.
അതുകൊണ്ട് നിങ്ങളില്‍ ഭൗമികമായിട്ടുള്ളതെല്ലാം – അസന്മാര്‍ഗികത, അശുദ്ധി, മനഃക്‌ഷോഭം, ദുര്‍വിചാരങ്ങള്‍, വിഗ്രഹാരാധന തന്നെയായ ദ്രവ്യാസക്തി ഇവയെല്ലാം – നശിപ്പിക്കുവിന്‍. പരസ്പരം കള്ളം പറയരുത്. പഴയ മനുഷ്യനെ അവന്റെ ചെയ്തികളോടുകൂടെ നിഷ്‌കാസനം ചെയ്യുവിന്‍. സമ്പൂര്‍ണജ്ഞാനം കൊണ്ടു സ്രഷ്ടാവിന്റെ പ്രതിച്ഛായയ്ക്കനുസൃതമായി നവീകരിക്കപ്പെടുന്ന പുതിയ മനുഷ്യനെ ധരിക്കുവിന്‍. ഇവിടെ ഗ്രീക്കുകാരനെന്നോ യഹൂദനെന്നോ, പരിച്‌ഛേദിതനെന്നോ അപരിച്‌ഛേദിതനെന്നോ, അപരിഷ്‌കൃതനെന്നോ സിഥിയനെന്നോ, അടിമയെന്നോ സ്വതന്ത്രനെന്നോ വ്യത്യാസം ഇല്ല. പിന്നെയോ, ക്രിസ്തു എല്ലാമാണ്, എല്ലാവരിലുമാണ്.

കർത്താവിന്റെ വചനം.


സുവിശേഷ പ്രഘോഷണവാക്യം

യോഹ 17:17

അല്ലേലൂയാ, അല്ലേലൂയാ!
കര്‍ത്താവേ, അങ്ങേ വചനമാണ് സത്യം; സത്യത്താല്‍ ഞങ്ങളെ വിശുദ്ധീകരിക്കണമേ.
അല്ലേലൂയാ!

Or:

മത്താ 5:3

അല്ലേലൂയാ, അല്ലേലൂയാ!
ആത്മാവില്‍ ദരിദ്രര്‍ ഭാഗ്യവാന്‍മാര്‍; സ്വര്‍ഗരാജ്യം അവരുടേതാണ്.
അല്ലേലൂയാ!


സുവിശേഷം

ലൂക്കാ 12:13-21

നീ ഒരുക്കി വെച്ചിരിക്കുന്നവ ആരുടേതാകും?

അക്കാലത്ത്, ജനക്കൂട്ടത്തില്‍ നിന്ന് ഒരുവന്‍ യേശുവിനോടു പറഞ്ഞു: ഗുരോ, പിതൃസ്വത്ത് ഞാനുമായി പങ്കുവയ്ക്കാന്‍ എന്റെ സഹോദരനോടു കല്‍പിക്കണമേ! യേശു അവനോടു ചോദിച്ചു: ഹേ, മനുഷ്യാ, എന്നെ നിങ്ങളുടെ ന്യായാധിപനോ സ്വത്തു ഭാഗിക്കുന്നവനോ ആയി ആരു നിയമിച്ചു? അനന്തരം അവന്‍ അവരോടു പറഞ്ഞു: ജാഗരൂകരായിരിക്കുവിന്‍. എല്ലാ അത്യാഗ്രഹങ്ങളിലും നിന്ന് അകന്നിരിക്കുകയും ചെയ്യുവിന്‍. മനുഷ്യജീവിതം സമ്പത്തു കൊണ്ടല്ല ധന്യമാകുന്നത്.
ഒരു ഉപമയും അവന്‍ അവരോടു പറഞ്ഞു: ഒരു ധനികന്റെ കൃഷിസ്ഥലം സമൃദ്ധമായ വിളവു നല്‍കി. അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാനെന്തു ചെയ്യും? ഈ ധാന്യം മുഴുവന്‍ സൂക്ഷിക്കാന്‍ എനിക്കു സ്ഥലമില്ലല്ലോ. അവന്‍ പറഞ്ഞു: ഞാന്‍ ഇങ്ങനെ ചെയ്യും, എന്റെ അറപ്പുരകള്‍ പൊളിച്ച്, കൂടുതല്‍ വലിയവ പണിയും; അതില്‍ എന്റെ ധാന്യവും വിഭവങ്ങളും സംഭരിക്കും. അനന്തരം ഞാന്‍ എന്റെ ആത്മാവിനോടു പറയും: ആത്മാവേ, അനേകവര്‍ഷത്തേക്കു വേണ്ട വിഭവങ്ങള്‍ നിനക്കായി സംഭരിക്കപ്പെട്ടിരിക്കുന്നു. വിശ്രമിക്കുക, തിന്നുകുടിച്ച് ആനന്ദിക്കുക. എന്നാല്‍, ദൈവം അവനോടു പറഞ്ഞു: ഭോഷാ, ഈ രാത്രി നിന്റെ ആത്മാവിനെ നിന്നില്‍ നിന്ന് ആവശ്യപ്പെടും; അപ്പോള്‍ നീ ഒരുക്കിവെച്ചിരിക്കുന്നവ ആരുടേതാകും?ഇതുപോലെയാണ് ദൈവസന്നിധിയില്‍ സമ്പന്നനാകാതെ തനിക്കു വേണ്ടി സമ്പത്തു ശേഖരിച്ചു വയ്ക്കുന്നവനും.

കർത്താവിന്റെ സുവിശേഷം.

🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

Advertisements

Leave a comment