മാതാവിനൊപ്പം ഈ മാസം
പ്രഭാത ജപങ്ങൾ
ഓഗസ്റ്റ് 1 തിങ്കളാഴ്ച
പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവി ന്റെയും നാമത്തിൽ ആമ്മേൻ
ഈശോ! മറിയമേ! യൗസേപ്പേ! ആകാത്ത കാഴ്ച ഞാൻ കാണാതെയും നിരൂപിക്കാതെയും ഇരിക്കാൻ നിങ്ങളുടെ സന്നിധിയിൽ എന്റെ കണ്ണുകളെ ഞാൻ തുറന്നു.
ഈശോയുടെ തിരുഹൃദയത്തിന് തങ്ങളെത്തന്നെ കാഴ്ച വയ്ക്കും ജപം
എന്റെ സ്നേഹമായ ഈശോയെ (പേര് പറയുക )ഞാൻ എന്റെ നന്ദിയുടെ സാക്ഷീകരണത്തിനും, എന്റെ അവിശ്വാസങ്ങളുടെ പരിഹാരത്തിനുമായി എന്റെ ഹൃദയത്തെ അങ്ങേയ്ക്കു ഞാൻ തരുന്നു. എന്നെ മുഴുവനും അങ്ങേയ്ക്ക് ഞാൻ പ്രതിഷ്ഠിക്കുന്നു. അങ്ങേ മനോഗുണത്താൽ ഇനി ഒരിക്കലും അങ്ങേയ്ക്കെതിരായി പാപം ചെയ്കയില്ലെന്നു ഞാൻ ഉറച്ചിരിക്കുന്നു. ആമ്മേൻ
ഈശോയുടെ തിരുഹൃദയത്തിന് തങ്ങളുടെ പ്രവർത്തികളെ കാഴ്ചവയ്ക്കുന്ന ജപം
ഞങ്ങളുടെ കർത്താവീശോമിശിഹായേ! അങ്ങ് ഈ ലോകത്തിൽ വച്ച്, അങ്ങേ പരിശുദ്ധ ഹൃദയം വഴിയായി ദൈവത്തിനു സ്തുതികളെ സമർപ്പിക്കുകയും ഇപ്പോഴും ദിവ്യകാരുണ്യത്തിൽ എല്ലായിടങ്ങളിലും ലോകാവസാനംവരെ ഇടവിടാതെ കാഴ്ചവെയ്ക്കുകയും ചെയ്യുന്ന ദൈവികലക്ഷ്യത്തോടുകൂടെ ഈ ദിവസത്തിലെ എന്റെ ചിന്തകൾ , വാക്കുകൾ , പ്രവൃത്തികൾ മുതലാ യതെല്ലാം അമലോത്ഭവ കന്യാസ്ത്രീമറിയത്തിന്റെ തിരുഹൃദയത്തോടുകൂടെ അങ്ങേയ്ക്കു ഞാൻ കാഴ്ചവയ്ക്കുന്നു. ആമ്മേൻ
https://www.facebook.com/Stella-Maris-Deliverance-Ministry-563680443980274/
മാതാവിനു തങ്ങളെത്തന്നെ കാഴ്ചവയ്ക്കുന്ന ജപം
മറിയമേ! എന്റെ നാഥേ! എന്റെ മാതാവേ!എന്നെ മുഴുവനും അങ്ങേയ്ക്ക് ഞാൻ കാഴ്ചവയ്ക്കുന്നു. എനിക്ക് അങ്ങേ നേരെയുള്ള ഭക്തിയുടെ സാക്ഷിയായിട്ട് ഇതാ എന്റെ കണ്ണുകളേയും എന്റെ ചെവികളേയും എന്റെ നാവിനേയും എന്നെ മുഴുവനും അങ്ങേയ്ക്കു ഞാൻ കാഴ്ചവയ്ക്കുന്നു. ആയതിനാൽ ഹാ! എന്റെ നല്ല അമ്മേ! ഇനിമേലാൽ ഞാൻ മുഴുവൻ അങ്ങേയ്ക്കുള്ള വനാകുന്നു. അങ്ങേ സ്വന്ത വകയും വസ്തുവുമായിട്ട് എന്നെ കാത്താദരിച്ചു രക്ഷിച്ചു കൊള്ളണമേ.
ആമേൻ.1നന്മ
പരിശുദ്ധ ദൈവമാതാവിനോടുള്ള വിശുദ്ധ അൽഫോൻസ് ലിഗോരിയുടെ ആഴ്ച ജപം
തിങ്കളാഴ്ച
നന്മയിൽ നിലനിൽപ്പു പ്രാപിക്കാനുള്ള ജപം
സ്വർഗ്ഗരാജ്ഞിയായ പരിശുദ്ധ മറിയമേ! ഞാൻ ഒരിക്കൽ പിശാചിന്റെ അടിമയായിരുന്നു. എങ്കിലും ഇപ്പോൾ എന്നെ മുഴുവനും അങ്ങേ നിത്യ അടിമയായി പ്രതിഷ്ഠിക്കുന്നു. എന്റെ ജീവിതകാലം മുഴുവനും അങ്ങയെ വണങ്ങി സേവിക്കാൻ വേണ്ടി എന്നെ അങ്ങേയ്ക്കു കാഴ്ച വയ്ക്കുന്നതിനാൽ അങ്ങേയ്ക്കിഷ്ടമുള്ള മക നായി എന്നെ കൈക്കൊള്ളണമേ. ഞാൻ അയോഗ്യനായിരിക്കുന്നുവെങ്കിലും എന്നെ ഉപേക്ഷിക്കരുതേ.
ഞാൻ പാപത്തിൽ വീണു എന്നത് നേരുതന്നെ. എന്നാൽ ഈശോമിശിഹായുടെ യോഗ്യതകളാലും അങ്ങേ അപേക്ഷകളാലും എനിക്കു പൊറുതി കിട്ടിയെന്ന് ഞാൻ ശരണപ്പെടുന്നു. എന്റെ മാതാവേ! ഇനിയും ദൈവപ്രസാദവരം ഞാൻ കളഞ്ഞേക്കുമോ എന്നുള്ള വിചാരം എന്നെ ഭയപ്പെടുത്തുന്നു. ഞാൻ ഇടവിടാതെ ആപത്തിൽ ഇരിക്കുന്നു. എന്റെ ശത്രുക്കൾ ഉറങ്ങുന്നില്ല. പുത്തനായ പരീക്ഷകൾകൊണ്ട് എതിർക്കുന്നു. ആകയാൽ എന്റെ നാഥേ എന്നെ കാത്ത് എന്നെ സഹായിക്കേണമേ. ആമേൻ
3 നന്മ
വിശുദ്ധ യാക്കോബ് ശ്ലീഹായെ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ 🙏🏻