Wednesday of week 18 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

03 Aug 2022

Wednesday of week 18 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദാസര്‍ക്ക് അങ്ങ് സമീപസ്ഥനാകുകയും
അങ്ങയെ വിളിച്ചപേക്ഷിക്കുന്നവരുടെ മേല്‍
അങ്ങേ നിരന്തര കാരുണ്യം ചൊരിയുകയും ചെയ്യണമേ.
അങ്ങനെ, അങ്ങ് ഉടയവനും നിയന്താവുമായിരിക്കുന്നതില്‍
അഭിമാനം കൊള്ളുന്ന ഇവര്‍ക്കായി,
സൃഷ്ടിച്ചവ പുനരുദ്ധരിക്കുകയും
പുനരുദ്ധരിച്ചവ നിലനിര്‍ത്തുകയും ചെയ്യണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 31:1-7
എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്.

കര്‍ത്താവ് അരുളിച്ചെയ്യുന്നു: അന്ന് ഞാന്‍ എല്ലാ ഇസ്രായേല്‍ ഭവനങ്ങളുടെയും ദൈവമായിരിക്കും; അവര്‍ എന്റെ ജനവുമായിരിക്കും. കര്‍ത്താവ് അരുളിച്ചെയ്യുന്നു: വാളിനെ അതിജീവിച്ച ജനം മരുഭൂമിയില്‍ കൃപ കണ്ടെത്തി. ഇസ്രായേല്‍ വിശ്രമം കണ്ടെത്താന്‍ പോവുകയാണ്. വിദൂരത്തില്‍ നിന്നു കര്‍ത്താവ് അവനു പ്രത്യക്ഷനായി അരുളിച്ചെയ്തു: എനിക്കു നിന്നോടുള്ള സ്‌നേഹം അനന്തമാണ്; നിന്നോടുള്ള വിശ്വസ്തത അചഞ്ചലവും. കന്യകയായ ഇസ്രായേലേ, നിന്നെ ഞാന്‍ വീണ്ടും പണിതുയര്‍ത്തും; നീ വീണ്ടും തപ്പുകള്‍ എടുത്തു നര്‍ത്തകരുടെ നിരയിലേക്കു നീങ്ങും. സമരിയാപര്‍വതങ്ങളില്‍ നീ വീണ്ടും മുന്തിരിത്തോട്ടങ്ങള്‍ നട്ടുപിടിപ്പിക്കും. കൃഷിക്കാര്‍ കൃഷി ചെയ്തു ഫലം അനുഭവിക്കും. എഴുന്നേല്‍ക്കുക, സീയോനിലേക്ക്, നമ്മുടെ ദൈവമായ കര്‍ത്താവിന്റെ അടുക്കലേക്ക്, നമുക്കു പോകാം എന്ന് എഫ്രായിം മലമ്പ്രദേശങ്ങളില്‍ നിന്നു കാവല്‍ക്കാര്‍ വിളിച്ചുപറയുന്ന ദിവസം വരും.
കര്‍ത്താവ് അരുളിച്ചെയ്യുന്നു: യാക്കോബിനെ പ്രതി സന്തോഷിച്ചാനന്ദിക്കുവിന്‍. ജനതകളുടെ തലവനെക്കുറിച്ച് ആഹ്ളാദാരവം മുഴക്കുവിന്‍. കര്‍ത്താവ് തന്റെ ജനത്തെ, ഇസ്രായേലില്‍ അവശേഷിച്ചവരെ, രക്ഷിച്ചിരിക്കുന്നു എന്ന് സ്തുതിപാടുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

ജെറ 31:10-12a,13

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

ജനതകളേ, കര്‍ത്താവിന്റെ വചനം കേള്‍ക്കുവിന്‍,
വിദൂര ദ്വീപുകളില്‍ അതു പ്രഘോഷിക്കുവിന്‍;
ഇസ്രായേലിനെ ചിതറിച്ചവന്‍ അവരെ ഒരുമിച്ചുകൂട്ടുകയും
ഇടയന്‍ ആട്ടിന്‍കൂട്ടത്തെയെന്നപോലെ പാലിക്കുകയും ചെയ്യും
എന്നുപറയുവിന്‍.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

കര്‍ത്താവ് യാക്കോബിനെ വീണ്ടെടുത്തിരിക്കുന്നു;
ബലിഷ്ഠകരങ്ങളില്‍ നിന്ന് അവനെ രക്ഷിച്ചിരിക്കുന്നു.
ആഹ്ളാദാരവത്തോടെ അവര്‍ സീയോന്‍ മലയിലേക്കു വരും.
കര്‍ത്താവിന്റെ വിശിഷ്ടദാനങ്ങളായ
ധാന്യം, വീഞ്ഞ്, എണ്ണ, ആടുമാടുകള്‍
എന്നിവയാല്‍ അവര്‍ സന്തുഷ്ടരാകും.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

അപ്പോള്‍ കന്യകമാര്‍ നൃത്തംചെയ്ത് ആനന്ദിക്കും;
യുവാക്കളും വൃദ്ധരും സന്തോഷചിത്തരാകും.
ഞാന്‍ അവരുടെ വിലാപം ആഹ്ളാദമാക്കി മാറ്റും;
അവരെ ദുഃഖമകറ്റി സന്തോഷിപ്പിക്കുകയും
ആശ്വസിപ്പിക്കുകയും ചെയ്യും.

ഇടയന്‍ ആട്ടിന്‍കൂട്ടത്തെ പരിപാലിക്കുന്നതുപോലെ കര്‍ത്താവ് നമ്മെ പാലിക്കും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ഒരു വലിയ പ്രവാചകൻ നമ്മുടെയിടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 15:21-28
സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്.

അക്കാലത്ത്, യേശു ഗനേസറത്തുനിന്ന് പുറപ്പെട്ട് ടയിര്‍, സീദോന്‍ എന്നീ പ്രദേശങ്ങളിലെത്തി. അപ്പോള്‍ ആ പ്രദേശത്തുനിന്ന് ഒരു കാനാന്‍കാരി വന്നു കരഞ്ഞപേക്ഷിച്ചു: കര്‍ത്താവേ, ദാവീദിന്റെ പുത്രാ, എന്നില്‍ കനിയണമേ! എന്റെ മകളെ പിശാച് ക്രൂരമായി ബാധിച്ചിരിക്കുന്നു. എന്നാല്‍, അവന്‍ ഒരു വാക്കുപോലും ഉത്തരം പറഞ്ഞില്ല. ശിഷ്യന്മാര്‍ അവനോട് അഭ്യര്‍ഥിച്ചു: അവളെ പറഞ്ഞയച്ചാലും; അവള്‍ നമ്മുടെ പിന്നാലെ വന്നു നിലവിളിക്കുന്നല്ലോ. അവന്‍ മറുപടി പറഞ്ഞു: ഇസ്രായേല്‍ ഭവനത്തിലെ നഷ്ടപ്പെട്ട ആടുകളുടെ അടുത്തേക്കു മാത്രമാണു ഞാന്‍ അയയ്ക്കപ്പെട്ടിരിക്കുന്നത്. എന്നാല്‍, അവള്‍ അവനെ പ്രണമിച്ച് കര്‍ത്താവേ, എന്നെ സഹായിക്കണമേ എന്ന് അപേക്ഷിച്ചു. അവന്‍ പറഞ്ഞു: മക്കളുടെ അപ്പമെടുത്ത് നായ്ക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്നത് ഉചിതമല്ല. അവള്‍ പറഞ്ഞു: അതേ, കര്‍ത്താവേ, നായ്ക്കളും യജമാനന്മാരുടെ മേശയില്‍ നിന്നു വീഴുന്ന അപ്പക്കഷണങ്ങള്‍ തിന്നുന്നുണ്ടല്ലോ. യേശു പറഞ്ഞു: സ്ത്രീയേ, നിന്റെ വിശ്വാസം വലുതാണ്. നീ ആഗ്രഹിക്കുന്നതുപോലെ നിനക്കു ഭവിക്കട്ടെ. ആ സമയംമുതല്‍ അവളുടെ പുത്രി സൗഖ്യമുള്ളവളായി.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കാണിക്കകള്‍ ദയാപൂര്‍വം വിശുദ്ധീകരിക്കുകയും
ആത്മീയബലിയുടെ അര്‍പ്പണം സ്വീകരിച്ച്,
ഞങ്ങള്‍ ഞങ്ങളെത്തന്നെ അങ്ങേക്ക്
നിത്യമായ കാണിക്കയാക്കി തീര്‍ക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

ജ്ഞാനം 16:20

കര്‍ത്താവേ, സ്വര്‍ഗത്തില്‍നിന്ന്
എല്ലാ സ്വാദും ആസ്വാദ്യതയും നിറഞ്ഞ അപ്പം അങ്ങു ഞങ്ങള്‍ക്കു നല്കി.

Or:
യോഹ 6:35

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാനാണ് ജീവന്റെ അപ്പം.
എന്റെ അടുത്തു വരുന്നവന് ഒരിക്കലും വിശക്കുകയില്ല,
എന്നില്‍ വിശ്വസിക്കുന്നവന് ദാഹിക്കുകയുമില്ല.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയദാനത്താല്‍ അങ്ങു നവീകരിച്ച ഇവരെ
നിരന്തരസഹായത്താല്‍ അനുയാത്ര ചെയ്യാനും
ഒരിക്കലും നിലയ്ക്കാത്ത സംരക്ഷണത്താല്‍
നിത്യരക്ഷയ്ക്ക് അര്‍ഹരാക്കാനും കനിയണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment