Dedication of the Basilica of Saint Mary Major / Friday of week 18 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

05 Aug 2022

Dedication of the Basilica of Saint Mary Major 
or Friday of week 18 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ദാസരുടെ പാപങ്ങള്‍ ക്ഷമിക്കണമേ.
ഞങ്ങളുടെ പ്രവൃത്തികള്‍കൊണ്ട്
അങ്ങയെ പ്രീതിപ്പെടുത്താന്‍ പ്രാപ്തിയില്ലാത്ത ഞങ്ങള്‍,
ഞങ്ങളുടെ കര്‍ത്താവായ അങ്ങേ പുത്രന്റെ മാതാവിന്റെ
മാധ്യസ്ഥ്യത്താല്‍ രക്ഷിക്കപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

നാഹും 2:1,3,3:1-3,6-7
രക്തപങ്കിലമായ നഗരത്തിന് ഹാ കഷ്ടം!

സദ്‌വാര്‍ത്ത കൊണ്ടുവരുന്നവന്റെ, സമാധാനം പ്രഘോഷിക്കുന്നവന്റെ പാദങ്ങള്‍ അതാ, മലമുകളില്‍! യൂദാ, നീ നിന്റെ ഉത്സവങ്ങള്‍ ആചരിക്കുകയും നേര്‍ച്ചകള്‍ നിറവേറ്റുകയും ചെയ്യുക. എന്തെന്നാല്‍, ഇനി ഒരിക്കലും ദുഷ്ടന്‍ നിനക്കെതിരേ വരുകയില്ല; അവന്‍ നിശ്ശേഷം നശിപ്പിക്കപ്പെട്ടിരിക്കുന്നു. കര്‍ത്താവ് യാക്കോബിന്റെ പ്രതാപം പുനഃസ്ഥാപിക്കുന്നു; ഇസ്രായേലിന്റെ പ്രതാപം പോലെ തന്നെ. കവര്‍ച്ചക്കാര്‍ അത് അപഹരിച്ച് അവരുടെ ശാഖകളെ നശിപ്പിച്ചു. രക്തപങ്കിലമായ നഗരത്തിന് ഹാ കഷ്ടം!. വ്യാജവും കൊള്ളയുംകൊണ്ട് അതു നിറഞ്ഞിരിക്കുന്നു. അവിടെനിന്ന് കവര്‍ച്ച ഒഴിയുകയില്ല. ചമ്മട്ടിയുടെ ശബ്ദം, ചക്രങ്ങളുടെ ഇരമ്പല്‍, കുതിരകളുടെ കുളമ്പടി, രഥങ്ങളുടെ മുഴക്കം, കുതിക്കുന്ന കുതിരപ്പടയാളികള്‍, ജ്വലിക്കുന്ന വാള്‍, തിളങ്ങുന്ന കുന്തം, നിഹതന്മാരുടെ വ്യൂഹങ്ങള്‍, ശവശരീരങ്ങളുടെ കൂമ്പാരം, എണ്ണമറ്റ മൃതദേഹങ്ങള്‍ – അവര്‍ അവയെ ചവിട്ടി കടന്നുപോകുന്നു. ഞാന്‍ നിന്റെമേല്‍ ചെളി വാരിയെറിയും. ഞാന്‍ നിന്നോടു വെറുപ്പോടെ പെരുമാറുകയും നിന്നെ നിന്ദാവിഷയമാക്കുകയും ചെയ്യും. നിന്നെ കാണുന്ന എല്ലാവരും നിന്നെ വിട്ടകന്ന് ഇപ്രകാരം പറയും: നിനെവേ ശൂന്യമായിരിക്കുന്നു; അവളെച്ചൊല്ലി ആരു വിലപിക്കും? അവള്‍ക്കുവേണ്ടി ഞാന്‍ എവിടെനിന്ന് ആശ്വാസകരെ കണ്ടുപിടിക്കും?

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

നിയ 32:35-36,39,41

മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.

അവരുടെ വിനാശകാലം ആസന്നമായി,
അവരുടെമേല്‍ പതിക്കാനിരിക്കുന്ന നാശം
അതിവേഗം അടുത്തുവരുന്നു.
കര്‍ത്താവു തന്റെ ജനത്തിനു വേണ്ടി നീതി നടത്തും;
തന്റെ ദാസരോടു കരുണ കാണിക്കും.

മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.

ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം;
ഞാനല്ലാതെ വേറെ ദൈവമില്ല;
കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍;
മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ;
എന്റെ കൈയില്‍ നിന്നു രക്ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല.

മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.

തിളങ്ങുന്ന വാളിനു ഞാന്‍ മൂര്‍ച്ച കൂട്ടും;
വിധിത്തീര്‍പ്പു കൈയിലെടുക്കും;
എന്റെ ശത്രുക്കളോടു ഞാന്‍ പക വീട്ടും;
എന്നെ വെറുക്കുന്നവരോടു പകരം ചോദിക്കും.

മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

യേശുക്രിസ്തുവിൻ്റെ വചനം പാലിക്കുന്ന വനിൽ സത്യമായും ദൈവസ്നേഹം പൂർണ്ണത പ്രാപിച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

മത്താ 16:24-28
ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും?

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ആരെങ്കിലും എന്നെ അനുഗമിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍ തന്നെത്തന്നെ പരിത്യജിച്ച് തന്റെ കുരിശുമെടുത്ത് എന്നെ അനുഗമിക്കട്ടെ. സ്വന്തം ജീവന്‍ രക്ഷിക്കുവാന്‍ ആഗ്രഹിക്കുന്നവന്‍ അതു നഷ്ടപ്പെടുത്തും; എന്നാല്‍, ആരെങ്കിലും എനിക്കുവേണ്ടി സ്വജീവന്‍ നഷ്ടപ്പെടുത്തിയാല്‍ അവന്‍ അതു കണ്ടെത്തും. ഒരുവന്‍ ലോകംമുഴുവന്‍ നേടിയാലും സ്വന്തം ആത്മാവിനെ നഷ്ടപ്പെടുത്തിയാല്‍ അവന് എന്തു പ്രയോജനം? ഒരുവന്‍ സ്വന്തം ആത്മാവിനുപകരമായി എന്തു കൊടുക്കും? മനുഷ്യപുത്രന്‍ സ്വപിതാവിന്റെ മഹത്വത്തില്‍ തന്റെ ദൂതന്മാരോടൊത്തു വരാനിരിക്കുന്നു. അപ്പോള്‍ അവന്‍ ഓരോരുത്തര്‍ക്കും താന്താങ്ങളുടെ പ്രവൃത്തിക്കനുസരിച്ചു പ്രതിഫലം നല്‍കും. മനുഷ്യപുത്രന്‍ തന്റെ രാജ്യത്തില്‍ വരുന്നതു ദര്‍ശിക്കുന്നതിനുമുമ്പ് ഇവിടെ നില്‍ക്കുന്നവരില്‍ ചിലര്‍ മരിക്കുകയില്ലെന്നു സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, ബലിവസ്തുക്കളോടൊപ്പം
അങ്ങേ ജനത്തിന്റെ പ്രാര്‍ഥനകളും അങ്ങ് സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ പുത്രന്റെ മാതാവായ
പരിശുദ്ധ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
എല്ലാ പ്രാര്‍ത്ഥനകളും കേള്‍ക്കപ്പെടാനും
എല്ലാ അപേക്ഷകളും ഫലമണിയാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
കര്‍ത്താവേ, അങ്ങേ ജാതനായ ഏകപുത്രന്റെ മനുഷ്യപ്രകൃതി
ഞങ്ങളുടെ സഹായത്തിനുവരട്ടെ.
അവിടന്ന് പരിശുദ്ധ കന്യകയില്‍ നിന്ന് ജന്മമെടുത്തപ്പോള്‍,
അവളുടെ കന്യാത്വത്തിന്റെ സമഗ്രത
കുറയ്ക്കാതെ പവിത്രീകരിച്ചുവല്ലോ.
അവിടന്നു ഞങ്ങളില്‍നിന്നു ദുഷ്പ്രവൃത്തികള്‍
ഇപ്പോള്‍ നീക്കികളഞ്ഞുകൊണ്ട്,
ഞങ്ങളുടെ സമര്‍പ്പണം അങ്ങേക്കു
സ്വീകാര്യമാക്കുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 11:27

നിത്യപിതാവിന്റെ പുത്രനെ വഹിച്ച കന്യകമറിയത്തിന്റെ ഉദരം ഭാഗ്യപ്പെട്ടതാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്വര്‍ഗീയകൂദാശ സ്വീകരിച്ചുകൊണ്ട്
അങ്ങേ കാരുണ്യത്തിനായി ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, പരിശുദ്ധ കന്യകമറിയത്തിന്റെ സ്മരണാഘോഷത്തില്‍
സന്തോഷിക്കുന്ന ഞങ്ങള്‍,
പരിശുദ്ധ കന്യകയുടെ മാതൃകയാല്‍
ഞങ്ങളുടെ പരിത്രാണത്തിന്റെ രഹസ്യം
സമുചിതം ശുശ്രൂഷിക്കാന്‍ പ്രാപ്തരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment