20th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

14 Aug 2022

20th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങയെ സ്‌നേഹിക്കുന്നവര്‍ക്ക്
അദൃശ്യമായി എല്ലാ നന്മകളും അങ്ങ് ഒരുക്കിയിരിക്കുന്നുവല്ലോ.
ഞങ്ങളുടെ ഹൃദയങ്ങളിലേക്ക്
അങ്ങേ സ്‌നേഹവായ്പ് ചൊരിയണമേ.
അങ്ങനെ, അങ്ങയെ എല്ലാറ്റിലും,
എല്ലാറ്റിനുമുപരിയും സ്‌നേഹിച്ചുകൊണ്ട്,
എല്ലാ ആഗ്രഹങ്ങളെയും അതിശയിപ്പിക്കുന്ന
അങ്ങേ വാഗ്ദാനങ്ങള്‍ ഞങ്ങള്‍ പ്രാപിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജെറ 38:4-6,8-10
ജനത്തിനു നന്മയല്ല, നാശമാണ് ഇവന്‍ ആഗ്രഹിക്കുന്നത്.

പ്രഭുക്കന്മാര്‍ രാജാവിനോടു പറഞ്ഞു: ഇവനെ വധിക്കണം. ഇപ്രകാരമുള്ള വാക്കുകള്‍ കൊണ്ട് നഗരത്തില്‍ അവശേഷിച്ചിരിക്കുന്ന സൈന്യങ്ങളെയും ജനങ്ങളെയും ഇവന്‍ നിര്‍വീര്യരാക്കുന്നു. ജനത്തിനു നന്മയല്ല, നാശമാണ് ഇവന്‍ ആഗ്രഹിക്കുന്നത്. സെദെക്കിയാരാജാവു പറഞ്ഞു: ഇതാ, അവന്‍ നിങ്ങളുടെ കൈകളിലാണ്. നിങ്ങള്‍ക്കെതിരേ യാതൊന്നും ചെയ്യാന്‍ രാജാവിനു സാധിക്കുകയില്ലല്ലോ. അവര്‍ ജറെമിയായെ കാവല്‍പ്പുരയുടെ മുറ്റത്തുണ്ടായിരുന്ന കിണറ്റിലേക്ക് ഇറക്കി. രാജകുമാരന്‍ മല്‍ക്കിയായുടെ കിണര്‍ എന്നറിയപ്പെടുന്ന അതിലേക്ക് അവനെ കയറില്‍ കെട്ടിത്താഴ്ത്തി. കിണറ്റില്‍ ചെളിയല്ലാതെ വെള്ളം ഇല്ലായിരുന്നു. ജറെമിയാ ചെളിയില്‍ താണു.
എബെദ്‌മെലെക്ക് കൊട്ടാരത്തില്‍ നിന്ന് ഇറങ്ങിച്ചെന്ന് രാജാവിനോടു പറഞ്ഞു: യജമാനനായ രാജാവേ, ജറെമിയായെ കിണറ്റില്‍ താഴ്ത്തിയ ഇവര്‍ തിന്മ ചെയ്തിരിക്കുന്നു. അവന്‍ അവിടെ കിടന്നു വിശന്നു മരിക്കും. നഗരത്തില്‍ അപ്പം തീര്‍ന്നുപോയിരിക്കുന്നു. രാജാവ് എത്യോപ്യാക്കാരനായ എബെദ്‌മെലെക്കിനോടു കല്‍പിച്ചു: നീ ഇവിടെ നിന്നു മൂന്നുപേരെയും കൂട്ടിക്കൊണ്ട് ജറെമിയാ പ്രവാചകനെ മരിക്കുന്നതിനു മുന്‍പ് കിണറ്റില്‍ നിന്നു കയറ്റുക.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 40:1-3,17

കര്‍ത്താവേ, എന്റെ സഹായത്തിനു വരണമേ.

ഞാന്‍ ക്ഷമാപൂര്‍വം കര്‍ത്താവിനെ കാത്തിരുന്നു;
അവിടുന്നു ചെവി ചായിച്ച് എന്റെ നിലവിളി കേട്ടു.

കര്‍ത്താവേ, എന്റെ സഹായത്തിനു വരണമേ.

ഭീകരമായ ഗര്‍ത്തത്തില്‍ നിന്നും
കുഴഞ്ഞ ചേറ്റില്‍ നിന്നും
അവിടുന്ന് എന്നെ കരകയറ്റി;
എന്റെ പാദങ്ങള്‍ പാറയില്‍ ഉറപ്പിച്ചു,
കാല്‍വയ്പുകള്‍ സുരക്ഷിതമാക്കി.

കര്‍ത്താവേ, എന്റെ സഹായത്തിനു വരണമേ.

അവിടുന്ന് ഒരു പുതിയ ഗാനം
എന്റെ അധരങ്ങളില്‍ നിക്‌ഷേപിച്ചു,
നമ്മുടെ ദൈവത്തിന് ഒരു സ്‌തോത്രഗീതം.
പലരും കണ്ടു ഭയപ്പെടുകയും
കര്‍ത്താവില്‍ ശരണം വയ്ക്കുകയും ചെയ്യും.

കര്‍ത്താവേ, എന്റെ സഹായത്തിനു വരണമേ.

ഞാന്‍ ദരിദ്രനും പാവപ്പെട്ടവനുമാണ്;
എങ്കിലും കര്‍ത്താവിന് എന്നെപ്പറ്റി കരുതലുണ്ട്;
അങ്ങ് എന്റെ സഹായകനും വിമോചകനുമാണ്;
എന്റെ ദൈവമേ, വൈകരുതേ!

കര്‍ത്താവേ, എന്റെ സഹായത്തിനു വരണമേ.

രണ്ടാം വായന

ഹെബ്രാ 12:1a-4
ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം.

സഹോദരരേ, നമുക്കുചുറ്റും സാക്ഷികളുടെ വലിയ സമൂഹമുള്ളതിനാല്‍, നമ്മെ വിഷമിപ്പിക്കുന്ന ഭാരവും പാപവും നമുക്കു നീക്കിക്കളയാം; നമുക്കായി നിശ്ചയിച്ചിരിക്കുന്ന ഈ ഓട്ടപ്പന്തയം സ്ഥിരോത്സാഹത്തോടെ നമുക്ക് ഓടിത്തീര്‍ക്കാം. നമ്മുടെ വിശ്വാസത്തിന്റെ നാഥനും അതിനെ പൂര്‍ണതയില്‍ എത്തിക്കുന്നവനുമായ യേശുവിനെ മുന്നില്‍ കണ്ടുകൊണ്ടുവേണം നാം ഓടാന്‍; അവന്‍ തനിക്കുണ്ടായിരുന്ന സന്തോഷം ഉപേക്ഷിച്ച്, അവമാനം വകവയ്ക്കാതെ, കുരിശ് ക്ഷമയോടെ സ്വീകരിച്ചു. ദൈവസിംഹാസനത്തിന്റെ വലത്തുഭാഗത്ത് അവന്‍ അവരോധിക്കപ്പെടുകയും ചെയ്തു. ആകയാല്‍, മനോധൈര്യം അസ്തമിച്ച് നിങ്ങള്‍ തളര്‍ന്നുപോകാതിരിക്കാന്‍ വേണ്ടി, അവന്‍, തന്നെ എതിര്‍ത്ത പാപികളില്‍ നിന്ന് എത്രമാത്രം സഹിച്ചെന്ന് ചിന്തിക്കുവിന്‍. പാപത്തിനെതിരായുള്ള സമരത്തില്‍ നിങ്ങള്‍ക്ക് ഇനിയും രക്തം ചൊരിയേണ്ടി വന്നിട്ടില്ല.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ നന്നായി അറിയാം. അവ എന്നെ അനുഗമിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 12:49-53
സമാധാനമല്ല, ഭിന്നതയുളവാക്കാനാണ് ഞാന്‍ വന്നിരിക്കുന്നത്.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: ഭൂമിയില്‍ തീയിടാനാണ് ഞാന്‍ വന്നത്. അത് ഇതിനകം കത്തിജ്ജ്വലിച്ചിരുന്നെങ്കില്‍! എനിക്ക് ഒരു സ്‌നാനം സ്വീകരിക്കാനുണ്ട്; അതു നിവൃത്തിയാകുവോളം ഞാന്‍ എത്ര ഞെരുങ്ങുന്നു! ഭൂമിയില്‍ സമാധാനം നല്‍കാനാണു ഞാന്‍ വന്നിരിക്കുന്നതെന്നു നിങ്ങള്‍ വിചാരിക്കുന്നുവോ? അല്ല, ഭിന്നത എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. ഭിന്നിച്ചിരിക്കുന്ന അഞ്ചുപേര്‍ ഇനിമേല്‍ ഒരു വീട്ടിലുണ്ടായിരിക്കും. മൂന്നുപേര്‍ രണ്ടുപേര്‍ക്ക് എതിരായും രണ്ടുപേര്‍ മൂന്നുപേര്‍ക്ക് എതിരായും ഭിന്നിച്ചിരിക്കും. പിതാവു പുത്രനും പുത്രന്‍ പിതാവിനും എതിരായും അമ്മ മകള്‍ക്കും മകള്‍ അമ്മയ്ക്കും എതിരായും അമ്മായിയമ്മ മരുമകള്‍ക്കും മരുമകള്‍ അമ്മായിയമ്മയ്ക്കും എതിരായും ഭിന്നിക്കും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, മഹത്ത്വപൂര്‍ണമായ വിനിമയം നിറവേറ്റുന്ന
ഞങ്ങളുടെ കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങ് തന്നവ അര്‍പ്പിച്ചുകൊണ്ട്
അങ്ങയെത്തന്നെ സ്വീകരിക്കാന്‍
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 130:7

കാരുണ്യം കര്‍ത്താവിനോടുകൂടെയാണ്;
സമൃദ്ധമായ രക്ഷയും അവിടത്തോടുകൂടെ.

Or:
യോഹ 6:51-52

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
സ്വര്‍ഗത്തില്‍ നിന്നിറങ്ങിയ ജീവനുള്ള അപ്പം ഞാനാണ്.
ആരെങ്കിലും ഈ അപ്പത്തില്‍നിന്നു ഭക്ഷിച്ചാല്‍
അവന്‍ എന്നേക്കും ജീവിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ഈ കൂദാശവഴി
ക്രിസ്തുവില്‍ പങ്കുകാരായിത്തീര്‍ന്ന്,
ഞങ്ങള്‍ അങ്ങേ കാരുണ്യത്തിനായി
താഴ്മയോടെ കേണപേക്ഷിക്കുന്നു.
ഭൂമിയില്‍ അവിടത്തെ സാദൃശ്യത്തോട്
അനുരൂപരായിത്തീരാനും
സ്വര്‍ഗത്തില്‍ അവിടത്തെ
കൂട്ടവകാശികളായിത്തീരാനും
ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s