The Beheading of Saint John the Baptist | Monday of week 22 in Ordinary Time

🌹 🔥 🌹 🔥 🌹 🔥 🌹

29 Aug 2022

The Beheading of Saint John the Baptist 
on Monday of week 22 in Ordinary Time

Liturgical Colour: Red.

സമിതിപ്രാര്‍ത്ഥന

ദൈവമേ, വിശുദ്ധ സ്‌നാപകയോഹന്നാന്‍,
ജനനത്തിലും മരണത്തിലും
അങ്ങേ പുത്രന്റെ മുന്നോടിയാകണമെന്ന്
അങ്ങ് തിരുവുള്ളമായല്ലോ.
അങ്ങനെ, അദ്ദേഹം സത്യത്തിന്റെയും നീതിയുടെയും
രക്തസാക്ഷിയായി മരണം വരിച്ചപോലെ,
ഞങ്ങളും അങ്ങേ പ്രബോധനങ്ങളുടെ പ്രഖ്യാപനത്തിനുവേണ്ടി
തീവ്രമായി പോരാടാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 2:1-5
ക്രൂശിതനായ യേശുക്രിസ്തുവിനെ ഞാന്‍ നിങ്ങളെ അറിയിക്കുന്നു.

സഹോദരരേ, ഞാന്‍ നിങ്ങളുടെ അടുക്കല്‍ വന്നപ്പോള്‍ ദൈവത്തെപ്പറ്റി സാക്ഷ്യപ്പെടുത്തിയത് വാഗ്വിലാസത്താലോ വിജ്ഞാനത്താലോ അല്ല. നിങ്ങളുടെയിടയില്‍ ആയിരുന്നപ്പോള്‍ യേശുക്രിസ്തുവിനെക്കുറിച്ചല്ലാതെ, അതും ക്രൂശിതനായവനെ കുറിച്ചല്ലാതെ, മറ്റൊന്നിനെക്കുറിച്ചും അറിയേണ്ടതില്ലെന്നു ഞാന്‍ തീരുമാനിച്ചു. നിങ്ങളുടെ മുമ്പില്‍ ഞാന്‍ ദുര്‍ബലനും ഭയചകിതനുമായിരുന്നു. എന്റെ വചനവും പ്രസംഗവും വിജ്ഞാനംകൊണ്ട് വശീകരിക്കുന്നതായിരുന്നില്ല. പ്രത്യുത, ആത്മാവിന്റെയും ശക്തിയുടെയും വെളിപ്പെടുത്തലായിരുന്നു. നിങ്ങളുടെ വിശ്വാസത്തിന്റെ അടിസ്ഥാനം മാനുഷിക വിജ്ഞാനമാകാതെ, ദൈവശക്തിയാകാനായിരുന്നു അത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 119:97,98,99,100,101,102

കര്‍ത്താവേ, അങ്ങേ നിയമത്തെ ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നു!

കര്‍ത്താവേ, അങ്ങേ നിയമത്തെ
ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നു!
അതിനെപ്പറ്റിയാണു ദിവസം മുഴുവനും
ഞാന്‍ ധ്യാനിക്കുന്നത്.
അങ്ങേ കല്‍പനകള്‍ എന്നെ
എന്റെ ശത്രുക്കളെക്കാള്‍ ജ്ഞാനിയാക്കുന്നു,
എന്തെന്നാല്‍, അവ എപ്പോഴും എന്നോടൊത്തുണ്ട്.

കര്‍ത്താവേ, അങ്ങേ നിയമത്തെ ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നു!

എന്റെ എല്ലാ ഗുരുക്കന്മാരെയുംകാള്‍ എനിക്ക് അറിവുണ്ട്,
എന്തെന്നാല്‍, അങ്ങേ കല്‍പനകളെപ്പറ്റി ഞാന്‍ ധ്യാനിക്കുന്നു.
വൃദ്ധരെക്കാള്‍ എനിക്ക് അറിവുണ്ട്,
എന്തെന്നാല്‍, അങ്ങേ പ്രമാണങ്ങള്‍ ഞാന്‍ പാലിക്കുന്നു.

കര്‍ത്താവേ, അങ്ങേ നിയമത്തെ ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നു!

അങ്ങേ വചനം പാലിക്കാന്‍ വേണ്ടി
ഞാന്‍ സകല ദുര്‍മാര്‍ഗങ്ങളിലും നിന്ന്
എന്റെ പാദങ്ങള്‍ പിന്‍വലിക്കുന്നു.
അവിടുന്ന് എന്നെ പഠിപ്പിച്ചതുകൊണ്ട്
ഞാന്‍ അങ്ങേ കല്‍പനകളില്‍ നിന്നു വ്യതിചലിച്ചില്ല.

കര്‍ത്താവേ, അങ്ങേ നിയമത്തെ ഞാന്‍ എത്രയധികം സ്‌നേഹിക്കുന്നു!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

നീതിക്കുവേണ്ടി പീഡനം ഏൽക്കുന്നവർ ഭാഗ്യവാൻമാർ; സ്വർഗ്ഗരാജ്യം അവരുടേതാണ്.

അല്ലേലൂയ!

സുവിശേഷം

The following reading is proper to the memorial, and must be used even if you have otherwise chosen to use the ferial readings.

മാര്‍ക്കോ 6:17-29
ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു.

അക്കാലത്ത്, ഹേറോദേസ് ആളയച്ച് യോഹന്നാനെ പിടിപ്പിക്കയും കാരാഗൃഹത്തില്‍ ബന്ധിക്കയും ചെയ്തിരുന്നു. സ്വന്തം സഹോദരനായ പീലിപ്പോസിന്റെ ഭാര്യ ഹേറോദിയാ നിമിത്തമാണ് അവന്‍ ഇങ്ങനെ ചെയ്തത്. അവന്‍ അവളെ വിവാഹം ചെയ്തിരുന്നു. യോഹന്നാന്‍ ഹേറോദേസിനോടു പറഞ്ഞു: സഹോദരന്റെ ഭാര്യയെ നീ സ്വന്തമാക്കുന്നതു നിഷിദ്ധമാണ്. തന്മൂലം, ഹേറോദിയായ്ക്കു യോഹന്നാനോടു വിരോധം തോന്നി. അവനെ വധിക്കാന്‍ അവള്‍ ആഗ്രഹിച്ചു. എന്നാല്‍ അവള്‍ക്കു സാധിച്ചില്ല. എന്തെന്നാല്‍, യോഹന്നാന്‍ നീതിമാനും വിശുദ്ധനുമാണെന്ന് അറിഞ്ഞിരുന്നതുകൊണ്ട്, ഹേറോദേസ് അവനെ ഭയപ്പെട്ടു സംരക്ഷണം നല്‍കിപ്പോന്നു. അവന്റെ വാക്കുകള്‍ അവനെ അസ്വസ്ഥനാക്കിയിരുന്നെങ്കിലും, അവന്‍ പറയുന്നതെല്ലാം സന്തോഷത്തോടെ കേള്‍ക്കുമായിരുന്നു.
ഹേറോദേസ് തന്റെ ജന്മദിനത്തില്‍ രാജസേവകന്മാര്‍ക്കും സഹസ്രാധിപന്മാര്‍ക്കും ഗലീലിയിലെ പ്രമാണികള്‍ക്കും വിരുന്നു നല്‍കിയപ്പോള്‍ ഹേറോദിയായ്ക്ക് അനുകൂലമായ ഒരു അവസരം വന്നുചേര്‍ന്നു. അവളുടെ മകള്‍ വന്ന് നൃത്തംചെയ്ത് ഹേറോദേസിനെയും അതിഥികളെയും പ്രീതിപ്പെടുത്തി. രാജാവു പെണ്‍കുട്ടിയോടു പറഞ്ഞു: നീ ആഗ്രഹിക്കുന്നതെന്തും ചോദിച്ചുകൊള്ളുക. അതു ഞാന്‍ നിനക്കു തരും. അവന്‍ അവളോടു ശപഥംചെയ്തു പറഞ്ഞു: നീ എന്തു തന്നെ ചോദിച്ചാലും, എന്റെ രാജ്യത്തിന്റെ പകുതിപോലും ഞാന്‍ നിനക്കു തരും. അവള്‍ പോയി അമ്മയോടു ചോദിച്ചു: ഞാന്‍ എന്താണ് ആവശ്യപ്പെടേണ്ടത്? അമ്മ പറഞ്ഞു: സ്‌നാപകയോഹന്നാന്റെ ശിരസ്സ്. അവള്‍ ഉടനെ അകത്തുവന്ന് രാജാവിനോട് ആവശ്യപ്പെട്ടു: ഇപ്പോള്‍ത്തന്നെ സ്‌നാപകയോഹന്നാന്റെ ശിരസ്സ് ഒരു തളികയില്‍ വച്ച് എനിക്കു തരണമെന്നു ഞാന്‍ ആഗ്രഹിക്കുന്നു. രാജാവ് അതീവ ദുഃഖിതനായി. എങ്കിലും, തന്റെ ശപഥത്തെപ്രതിയും അതിഥികളെ വിചാരിച്ചും അവളുടെ ആഗ്രഹം നിരസിക്കാന്‍ അവനു തോന്നിയില്ല. അവന്റെ തല കൊണ്ടുവരാന്‍ ആജ്ഞാപിച്ച് ഒരു സേവകനെ രാജാവ് ഉടനെ അയച്ചു. അവന്‍ കാരാഗൃഹത്തില്‍ ചെന്ന് യോഹന്നാന്റെ തല വെട്ടിയെടുത്തു. അത് ഒരു തളികയില്‍ വച്ച് കൊണ്ടുവന്നു പെണ്‍കുട്ടിക്കു കൊടുത്തു. അവള്‍ അത് അമ്മയെ ഏല്‍പിച്ചു. ഈ വിവരം അറിഞ്ഞ യോഹന്നാന്റെ ശിഷ്യന്മാര്‍ വന്ന് മൃതദേഹം കല്ലറയില്‍ സംസ്‌കരിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ സ്‌നാപകയോഹന്നാന്‍
മരുഭൂമിയില്‍ വിളിച്ചുപറയുന്ന ശബ്ദത്താല്‍ പഠിപ്പിച്ചതും
രക്തം ചിന്തി മഹാശക്തിയാല്‍ മുദ്രണം ചെയ്തതുമായ
അങ്ങേ നേര്‍വഴികളിലൂടെ സഞ്ചരിക്കാന്‍,
അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്ന ഈ കാഴ്ചദ്രവ്യങ്ങള്‍വഴി അനുഗ്രഹം നല്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

കര്‍ത്താവേ, വിശുദ്ധ സ്‌നാപകയോഹന്നാന്റെ
സ്വര്‍ഗീയജനനം നവമായി ആഘോഷിക്കുന്ന ഞങ്ങള്‍,
സ്വീകരിച്ച രക്ഷാകരമായ കൂദാശ സൂചിപ്പിക്കുന്നവ ആദരിക്കാനും
ഞങ്ങളില്‍ ഉളവാകുന്ന അവയുടെ ഫലങ്ങളാല്‍
കൂടുതലായി സന്തോഷിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിശുദ്ധ സ്‌നാപകയോഹന്നാന്റെ സ്വര്‍ഗീയജനനം
നവമായി ആഘോഷിക്കുന്ന ഞങ്ങള്‍,
സ്വീകരിച്ച രക്ഷാകരമായ കൂദാശ സൂചിപ്പിക്കുന്നവ ആദരിക്കാനും
ഞങ്ങളില്‍ ഉളവാകുന്ന അവയുടെ ഫലങ്ങളാല്‍
കൂടുതലായി സന്തോഷിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment