Tuesday of week 23 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

06 Sep 2022

Tuesday of week 23 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, അങ്ങുവഴിയാണല്ലോ പരിത്രാണം വരുന്നതും
ഞങ്ങള്‍ക്ക് ദത്തെടുപ്പ് ലഭിക്കുന്നതും.
അങ്ങേ പ്രിയമക്കളെ ദയാപൂര്‍വം കടാക്ഷിക്കണമേ.
അങ്ങനെ, ക്രിസ്തുവില്‍ വിശ്വസിക്കുന്നവര്‍ക്ക്
യഥാര്‍ഥ സ്വാതന്ത്ര്യവും നിത്യമായ അവകാശവും ലഭിക്കുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 6:1-11
സഹോദരന്‍ സഹോദരനെതിരായി വ്യവഹാരത്തിനു പോകുന്നു; അതും അവിശ്വാസികളുടെ മുമ്പാകെ.

സഹോദരരേ, നിങ്ങളില്‍ ആര്‍ക്കെങ്കിലും ഒരു സഹോദരനെപ്പറ്റി പരാതിയുണ്ടാകുമ്പോള്‍ അവന്‍ വിശുദ്ധരെ സമീപിക്കുന്നതിനു പകരം നീതിരഹിതരായ വിജാതീയരുടെ വിധി തേടാന്‍ മുതിരുന്നുവോ? വിശുദ്ധര്‍ ലോകത്തെ വിധിക്കുമെന്നു നിങ്ങള്‍ക്ക് അറിവില്ലേ? നിങ്ങള്‍ ലോകത്തെ വിധിക്കേണ്ടവരായിരിക്കേ, നിസ്സാരകാര്യങ്ങളെക്കുറിച്ചു വിധി കല്‍പിക്കാന്‍ അയോഗ്യരാകുന്നതെങ്ങനെ? ദൂതന്മാരെ വിധിക്കേണ്ടവരാണു നാം എന്നു നിങ്ങള്‍ക്ക് അറിവില്ലേ? അങ്ങനെയെങ്കില്‍ ഐഹികകാര്യങ്ങളെപ്പറ്റി പറയാനുണ്ടോ? ഐഹികകാര്യങ്ങളെക്കുറിച്ചു വിധി പറയേണ്ടിവരുമ്പോള്‍, സഭ അല്‍പവും വിലമതിക്കാത്തവരെ നിങ്ങള്‍ ന്യായാധിപരായി അവരോധിക്കുന്നുവോ? നിങ്ങളെ ലജ്ജിപ്പിക്കാനാണ് ഞാനിതു പറയുന്നത്. സഹോദരര്‍ തമ്മിലുള്ള വഴക്കുകള്‍ തീര്‍ക്കാന്‍ മാത്രം ജ്ഞാനിയായ ഒരുവന്‍ പോലും നിങ്ങളുടെയിടയില്‍ ഇല്ലെന്നു വരുമോ? സഹോദരന്‍ സഹോദരനെതിരേ പരാതിയുമായി ന്യായാസനത്തെ സമീപിക്കുന്നു, അതും വിജാതീയരുടെ ന്യായാസനത്തെ! നിങ്ങള്‍ തമ്മില്‍ വ്യവഹാരങ്ങള്‍ ഉണ്ടാകുന്നതുതന്നെ നിങ്ങളുടെ പരാജയമാണ്. എന്തുകൊണ്ട് ദ്രോഹം നിങ്ങള്‍ക്കു ക്ഷമിച്ചുകൂടാ? വഞ്ചന സഹിച്ചുകൂടാ? നിങ്ങള്‍തന്നെ സഹോദരനെപ്പോലും ദ്രോഹിക്കുകയും വഞ്ചിക്കുകയും ചെയ്യുന്നു!
അനീതി പ്രവര്‍ത്തിക്കുന്നവര്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു നിങ്ങള്‍ അറിയുന്നില്ലേ? നിങ്ങള്‍ വഞ്ചിതരാകരുത്. അസന്മാര്‍ഗികളും വിഗ്രഹാരാധകരും വ്യഭിചാരികളും സ്വവര്‍ഗഭോഗികളും കള്ളന്മാരും അത്യാഗ്രഹികളും മദ്യപന്മാരും പരദൂഷകരും കവര്‍ച്ചക്കാരും ദൈവരാജ്യം അവകാശമാക്കുകയില്ല. നിങ്ങളില്‍ ചിലര്‍ ഇത്തരക്കാരായിരുന്നു. എന്നാല്‍, നിങ്ങള്‍ കര്‍ത്താവായ യേശുക്രിസ്തുവിന്റെ നാമത്തിലും നമ്മുടെ ദൈവത്തിന്റെ ആത്മാവിലും സ്‌നാനപ്പെടുകയും പവിത്രീകരിക്കപ്പെടുകയും നീതീകരിക്കപ്പെടുകയും ചെയ്തു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 149:1b-2,3-4,5-6a,9b

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനെ സ്തുതിക്കുവിന്‍;
കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
വിശുദ്ധരുടെ സമൂഹത്തില്‍
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ!
സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

നൃത്തം ചെയ്തുകൊണ്ട്
അവര്‍ അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ!
തപ്പുകൊട്ടിയും കിന്നരംമീട്ടിയും
അവര്‍ അവിടുത്തെ സ്തുതിക്കട്ടെ!
എന്തെന്നാല്‍, കര്‍ത്താവു
തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു,
എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ!
അവര്‍ തങ്ങളുടെ കിടക്കകളില്‍ ആനന്ദംകൊണ്ടു പാടട്ടെ!
അവരുടെ കണ്ഠങ്ങളില്‍ ദൈവത്തിന്റെ സ്തുതി ഉയരട്ടെ,
അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ലോകത്തിൽ നിങ്ങൾ വെളിച്ചമായി പ്രകാശിക്കുകയും ജീവൻ്റെ വചനത്തെ മുറുകെപ്പിടിക്കുകയും ചെയ്യുവിൻ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 6:12-19
രാത്രി മുഴുവന്‍ യേശു പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നു. അവിടുന്നു പന്ത്രണ്ടു പേരെ തിരഞ്ഞെടുത്ത് അവര്‍ക്ക് അപ്പോസ്തലന്മാര്‍ എന്ന പേരു നല്‍കി.

അക്കാലത്ത്, യേശു പ്രാര്‍ഥിക്കാനായി ഒരു മലയിലേക്കു പോയി. അവിടെ ദൈവത്തോടു പ്രാര്‍ത്ഥിച്ചുകൊണ്ടു രാത്രി മുഴുവന്‍ ചെലവഴിച്ചു. പ്രഭാതമായപ്പോള്‍ അവന്‍ ശിഷ്യന്മാരെ അടുത്തു വിളിച്ച് അവരില്‍ നിന്നു പന്ത്രണ്ടുപേരെ തെരഞ്ഞെടുത്ത് അവര്‍ക്ക് അപ്പോസ്തലന്മാര്‍ എന്നു പേരു നല്‍കി. അവര്‍, പത്രോസ് എന്ന് അവന്‍ പേരു നല്‍കിയ ശിമയോന്‍, അവന്റെ സഹോദരനായ അന്ത്രയോസ്, യാക്കോബ്, യോഹന്നാന്‍, പീലിപ്പോസ്, ബര്‍ത്തലോമിയോ, മത്തായി, തോമസ്, ഹല്‍പൈയുടെ പുത്രനായ യാക്കോബ്, തീവ്രവാദിയായി അറിയപ്പെട്ടിരുന്ന ശിമയോന്‍, യാക്കോബിന്റെ മകനായ യൂദാസ്, ഒറ്റുകാരനായിത്തീര്‍ന്ന യൂദാസ് സ്‌കറിയോത്ത എന്നിവരാണ്.
അവന്‍ അവരോടുകൂടെ ഇറങ്ങി സമതലത്തില്‍ വന്നുനിന്നു. ശിഷ്യന്മാരുടെ ഒരു വലിയ ഗണവും അവന്റെ വചനം ശ്രവിക്കുന്നതിനും രോഗശാന്തി നേടുന്നതിനുമായി യൂദയാ, ജറുസലെം എന്നിവിടങ്ങളില്‍ നിന്നും ടയിര്‍, സീദോന്‍, എന്നീ തീരപ്രദേശങ്ങളില്‍ നിന്നും വന്ന വലിയ ജനസമൂഹവും അവിടെ ഒരുമിച്ചു കൂടി. അശുദ്ധാത്മാക്കളാല്‍ പീഡിതരായവര്‍ സുഖമാക്കപ്പെട്ടു. ജനങ്ങളെല്ലാം അവനെ ഒന്നു സ്പര്‍ശിക്കാന്‍ അവസരം പാര്‍ത്തിരുന്നു. എന്തെന്നാല്‍, അവനില്‍ നിന്നു ശക്തി പുറപ്പെട്ട് എല്ലാവരെയും സുഖപ്പെടുത്തിയിരുന്നു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

നിഷ്‌കളങ്കമായ ആരാധനയുടെയും സമാധാനത്തിന്റെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചയര്‍പ്പണം വഴി അങ്ങേ മഹിമയെ
ഞങ്ങള്‍ സമുചിതം ആരാധിക്കുകയും
ദിവ്യരഹസ്യങ്ങളിലുള്ള പങ്കാളിത്തത്താല്‍
വിശ്വസ്തതയോടെ മനസ്സുകളില്‍ ഒന്നായിത്തീരുകയും ചെയ്യുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 42:1-2

നീര്‍ച്ചാല്‍തേടുന്ന മാന്‍പേടപോലെ,
ദൈവമേ, എന്റെ ആത്മാവ് അങ്ങയെ തേടുന്നു;
എന്റെ ആത്മാവ് ജീവിക്കുന്ന ദൈവത്തിനായി അതിയായി ദാഹിക്കുന്നു.

Or:
യോഹ 8: 12

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ ലോകത്തിന്റെ പ്രകാശമാകുന്നു.
എന്നെ അനുഗമിക്കുന്നവന്‍ ഒരിക്കലും അന്ധകാരത്തില്‍ നടക്കുകയില്ല,
അവന് ജീവന്റെ പ്രകാശമുണ്ടായിരിക്കും.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ വചനത്തിന്റെയും
സ്വര്‍ഗീയകൂദാശയുടെയും ഭോജനത്താല്‍
അങ്ങേ വിശ്വാസികളെ പരിപോഷിപ്പിക്കുകയും
ഉജ്ജീവിപ്പിക്കുകയും ചെയ്യുന്നുവല്ലോ.
അതുപോലെ, അങ്ങേ പ്രിയപുത്രന്റെ മഹനീയദാനങ്ങളാല്‍
മുന്നേറാന്‍ അവരെ അനുഗ്രഹിക്കണമേ.
അങ്ങനെ, അവിടത്തെ ജീവനില്‍
നിത്യമായി പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരാകുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment