The Most Holy Name of Mary or Monday of week 24 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

12 Sep 2022

The Most Holy Name of Mary 
or Monday of week 24 in Ordinary Time 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
പരിശുദ്ധ കന്യകമറിയത്തിന്റെ മഹത്ത്വമേറിയ നാമം
ആഘോഷിക്കുന്ന എല്ലാവര്‍ക്കും
അങ്ങേ കാരുണ്യത്തിന്റെ സഹായം
ഈ കന്യക നേടിക്കൊടുക്കട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 കോറി 11:17-26,33
നിങ്ങളുടെ ഇടയില്‍ ഭിന്നതകള്‍ ഉണ്ടാകുകയാണെങ്കില്‍, കര്‍ത്താവിന്റെ അത്താഴമല്ല നിങ്ങള്‍ ഭക്ഷിക്കുന്നത്.

സഹോദരരേ, ഇനി പറയാന്‍ പോകുന്ന കാര്യങ്ങളില്‍ ഞാന്‍ നിങ്ങളെ പ്രശംസിക്കുന്നില്ല. എന്തെന്നാല്‍, നിങ്ങളുടെ സമ്മേളനങ്ങള്‍ ഗുണത്തിനു പകരം ദോഷമാണു ചെയ്യുന്നത്. ഒന്നാമത്, നിങ്ങള്‍ സഭയായി സമ്മേളിക്കുമ്പോള്‍ നിങ്ങളുടെയിടയില്‍ ഭിന്നിപ്പുകളുണ്ടെന്നു ഞാന്‍ കേള്‍ക്കുന്നു. അതു ഭാഗികമായി ഞാന്‍ വിശ്വസിക്കുകയും ചെയ്യുന്നു.
നിങ്ങളില്‍ യോഗ്യരെ തിരിച്ചറിയാന്‍ ഭിന്നിപ്പുകള്‍ ഉണ്ടാകേണ്ടതും ആവശ്യമാണ്. നിങ്ങള്‍ ഒന്നിച്ചുകൂടുമ്പോള്‍ കര്‍ത്താവിന്റെ അത്താഴമല്ല നിങ്ങള്‍ ഭക്ഷിക്കുന്നത്. കാരണം, ഓരോരുത്തരും നേരത്തെ തന്നെ സ്വന്തം ഭക്ഷണം കഴിക്കുന്നു. തത്ഫലമായി ഒരുവന്‍ വിശന്നും അപരന്‍ കുടിച്ച് ഉന്മത്തനായും ഇരിക്കുന്നു. എന്ത്! തിന്നാനും കുടിക്കാനും നിങ്ങള്‍ക്കു വീടുകളില്ലേ? അതോ, നിങ്ങള്‍ ദൈവത്തിന്റെ സഭയെ അവഗണിക്കുകയും ഒന്നും ഇല്ലാത്തവരെ അവഹേളിക്കുകയും ചെയ്യുന്നുവോ? നിങ്ങളോടു ഞാന്‍ എന്താണു പറയേണ്ടത്? ഇക്കാര്യത്തില്‍ നിങ്ങളെ പ്രശംസിക്കണമോ? ഇല്ല; ഞാന്‍ പ്രശംസിക്കുകയില്ല.
കര്‍ത്താവില്‍ നിന്ന് എനിക്കു ലഭിച്ചതും ഞാന്‍ നിങ്ങളെ ഭരമേല്‍പിച്ചതുമായ കാര്യം ഇതാണ്: കര്‍ത്താവായ യേശു, താന്‍ ഒറ്റിക്കൊടുക്കപ്പെട്ട രാത്രിയില്‍, അപ്പമെടുത്ത്, കൃതജ്ഞതയര്‍പ്പിച്ചതിനുശേഷം, അതു മുറിച്ചുകൊണ്ട് അരുളിച്ചെയ്തു: ഇത് നിങ്ങള്‍ക്കു വേണ്ടിയുള്ള എന്റെ ശരീരമാണ്. എന്റെ ഓര്‍മയ്ക്കായി നിങ്ങള്‍ ഇതു ചെയ്യുവിന്‍. അപ്രകാരം തന്നെ, അത്താഴത്തിനു ശേഷം പാനപാത്രമെടുത്ത് അരുളിച്ചെയ്തു: ഇത് എന്റെ രക്തത്തിലുള്ള പുതിയ ഉടമ്പടിയാണ്; നിങ്ങള്‍ ഇതു പാനംചെയ്യുമ്പോഴെല്ലാം എന്റെ ഓര്‍മയ്ക്കായി ചെയ്യുവിന്‍. നിങ്ങള്‍ ഈ അപ്പം ഭക്ഷിക്കുകയും ഈ പാത്രത്തില്‍ നിന്നു പാനം ചെയ്യുകയും ചെയ്യുമ്പോഴെല്ലാം കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനം വരെ പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 40:6-9,16

കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുവിന്‍.

ബലികളും കാഴ്ചകളും അവിടുന്ന് ആഗ്രഹിക്കുന്നില്ല;
എന്നാല്‍, അവിടുന്ന് എന്റെ കാതുകള്‍ തുറന്നുതന്നു.
ദഹനബലിയും പാപപരിഹാരബലിയും
അവിടുന്ന് ആവശ്യപ്പെട്ടില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇതാ ഞാന്‍ വരുന്നു.

കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുവിന്‍.

പുസ്തകച്ചുരുളില്‍ എന്നെപ്പറ്റി എഴുതിയിട്ടുണ്ട്.
എന്റെ ദൈവമേ, അങ്ങേ ഹിതം
നിറവേറ്റുകയാണ് എന്റെ സന്തോഷം,
അങ്ങേ നിയമം എന്റെ ഹൃദയത്തിലുണ്ട്.

കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുവിന്‍.

ഞാന്‍ മഹാസഭയില്‍ വിമോചനത്തിന്റെ
സന്തോഷവാര്‍ത്ത അറിയിച്ചു;
കര്‍ത്താവേ, അങ്ങേക്കറിയാവുന്നതുപോലെ
ഞാന്‍ എന്റെ അധരങ്ങളെ അടക്കിനിര്‍ത്തിയില്ല.

കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുവിന്‍.

അങ്ങയെ അന്വേഷിക്കുന്നവര്‍
അങ്ങയില്‍ സന്തോഷിച്ചുല്ലസിക്കട്ടെ!
അങ്ങേ രക്ഷയെ സ്‌നേഹിക്കുന്നവര്‍
കര്‍ത്താവു വലിയവനാണെന്നു
നിരന്തരം ഉദ്‌ഘോഷിക്കട്ടെ!

കര്‍ത്താവിന്റെ മരണം, അവന്റെ പ്രത്യാഗമനംവരെ പ്രഖ്യാപിക്കുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

തന്നിൽ വിശ്വസിക്കുന്ന ഏവനും നശിച്ചു പോകാതെ നിത്യജീവൻ പ്രാപിക്കുന്നതിനു വേണ്ടി, ദൈവം ലോകത്തെ അത്രമാത്രം സ്നേഹിച്ചു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 7:1-10
ഇസ്രായേലില്‍പ്പോലും ഇതുപോലുള്ള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല.

അക്കാലത്ത്, യേശു ജനങ്ങളോടുള്ള പ്രബോധനം അവസാനിപ്പിച്ച് കഫര്‍ണാമിലേക്കു പോയി. അവിടെ ഒരു ശതാധിപന്റെ ഭൃത്യന്‍ രോഗം ബാധിച്ച് ആസന്നമരണനായി കിടന്നിരുന്നു. അവന്‍ യജമാനനു പ്രിയങ്കരനായിരുന്നു. ശതാധിപന്‍ യേശുവിനെപ്പറ്റി കേട്ട്, തന്റെ ഭൃത്യനെ സുഖപ്പെടുത്തണമെന്ന് അപേക്ഷിക്കാന്‍ ചില യഹൂദപ്രമാണികളെ അവന്റെ അടുത്ത് അയച്ചു. അവര്‍ യേശുവിന്റെ അടുത്തുവന്ന് കേണപേക്ഷിച്ചു പറഞ്ഞു: നീ ഇതു ചെയ്തുകൊടുക്കാന്‍ അവന്‍ അര്‍ഹനാണ്. എന്തെന്നാല്‍, അവന്‍ നമ്മുടെ ജനത്തെ സ്‌നേഹിക്കുന്നു. നമുക്ക് ഒരു സിനഗോഗു പണിയിച്ചു തരുകയും ചെയ്തിട്ടുണ്ട്. യേശു അവരോടൊപ്പം പുറപ്പെട്ടു. അവന്‍ വീടിനോടടുക്കാറായപ്പോള്‍ ആ ശതാധിപന്‍ തന്റെ സ്‌നേഹിതരില്‍ ചിലരെ അയച്ച് അവനോടു പറഞ്ഞു: കര്‍ത്താവേ, അങ്ങ് ബുദ്ധിമുട്ടേണ്ടാ. അങ്ങ് എന്റെ വീട്ടില്‍ പ്രവേശിക്കാന്‍ ഞാന്‍ യോഗ്യനല്ല. അങ്ങയെ നേരിട്ടു സമീപിക്കാന്‍ പോലും എനിക്കു യോഗ്യതയില്ല എന്നു ഞാന്‍ വിചാരിച്ചു. അങ്ങ് ഒരു വാക്ക് ഉച്ചരിച്ചാല്‍ മാത്രം മതി, എന്റെ ഭൃത്യന്‍ സുഖപ്പെട്ടുകൊള്ളും. കാരണം, ഞാനും അധികാരത്തിനു കീഴ്‌പ്പെട്ടവനാണ്; എന്റെ കീഴിലും പടയാളികള്‍ ഉണ്ട്. ഞാന്‍ ഒരുവനോടു പോവുക എന്നു പറയുമ്പോള്‍ അവന്‍ പോകുന്നു. വേറൊരുവനോടു വരുക എന്നു പറയുമ്പോള്‍ അവന്‍ വരുന്നു. എന്റെ ദാസനോട് ഇതു ചെയ്യുക എന്നുപറയുമ്പോള്‍ അവന്‍ ചെയ്യുന്നു. യേശു ഇതു കേട്ട് അവനെപ്പറ്റി വിസ്മയിച്ചു. തന്നെ അനുഗമിച്ചിരുന്ന ജനക്കൂട്ടത്തിനുനേരേ തിരിഞ്ഞ് അവന്‍ പറഞ്ഞു: ഞാന്‍ നിങ്ങളോടു പറയുന്നു, ഇസ്രായേലില്‍പോലും ഇതുപോലുളള വിശ്വാസം ഞാന്‍ കണ്ടിട്ടില്ല. അയയ്ക്കപ്പെട്ടവര്‍ തിരിച്ചുചെന്നപ്പോള്‍ ആ ഭൃത്യന്‍ സുഖപ്പെട്ടിരിക്കുന്നതായി കണ്ടു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, നിത്യകന്യകയായ പരിശുദ്ധമറിയത്തിന്റെ മാധ്യസ്ഥ്യം,
ഞങ്ങളുടെ കാണിക്കകള്‍ അങ്ങേക്ക് സമര്‍പ്പിക്കുകയും
ഈ കന്യകയുടെ നാമം വണങ്ങുന്ന ഞങ്ങളെ
അങ്ങേ മഹിമയ്ക്ക് സ്വീകാര്യരാക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. ലൂക്കാ 1:48

സകല ജനതകളും എന്നെ ഭാഗ്യവതി എന്നു പ്രകീര്‍ത്തിക്കും,
എന്തെന്നാല്‍, ദൈവം തന്റെ എളിയ ദാസിയെ കടാക്ഷിച്ചു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദൈവമാതാവായ മറിയത്തിന്റെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ അനുഗ്രഹത്തിന്റെ കൃപ ഞങ്ങള്‍ പ്രാപിക്കട്ടെ.
അങ്ങനെ, അവളുടെ ആദരിക്കപ്പെടേണ്ട നാമം
ആഘോഷിക്കുന്ന ഞങ്ങള്‍,
അവളുടെ സഹായം എല്ലാ ആവശ്യങ്ങളിലും
അനുഭവിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s