26th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

25 Sep 2022

26th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിപൂര്‍ണമായി മാപ്പുനല്കുന്നതിലും
കരുണ കാണിക്കുന്നതിലുമാണല്ലോ
അങ്ങേ ശക്തിമാഹാത്മ്യം അങ്ങു പ്രകടമാക്കുന്നത്.
ഞങ്ങളുടെ മേല്‍ അങ്ങേ കൃപ വര്‍ധമാനമാക്കണമേ.
അങ്ങനെ, അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഓടിയണഞ്ഞ്,
സ്വര്‍ഗീയ നന്മകളില്‍ പങ്കാളികളാകാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ആമോ 6:1,4-7
നിങ്ങളുടെ വിരുന്നും മദിരോത്സവവും അവസാനിക്കാറായി.

കര്‍ത്താവ് അരുളിച്ചെയ്യുന്നു:

സീയോനില്‍ സ്വസ്ഥത അനുഭവിക്കുന്നവരും
സമരിയാ ഗിരിയില്‍ സുരക്ഷിതരും
ജനതകളില്‍ അഗ്രഗണ്യരും
ഇസ്രായേല്‍ ഭവനം സഹായാര്‍ഥം സമീപിക്കുന്നവരും
ആയ നിങ്ങള്‍ക്കു ദുരിതം!
ദന്തനിര്‍മിതമായ തല്‍പങ്ങളില്‍, വിരിച്ച മെത്തകളില്‍,
നിവര്‍ന്നു ശയിക്കുകയും
ആട്ടിന്‍പറ്റത്തില്‍ നിന്ന് കുഞ്ഞാടുകളെയും
കാലിക്കൂട്ടത്തില്‍ നിന്ന് പശുക്കിടാങ്ങളെയും
ഭക്ഷിക്കുകയും ചെയ്യുന്നവര്‍ക്കു ദുരിതം!
വീണാനാദത്തോടൊത്ത് അവര്‍ വ്യര്‍ഥഗീതങ്ങള്‍ ആലപിക്കുന്നു;
ദാവീദിനെപ്പോലെ അവര്‍
പുതിയ സംഗീതോപകരണങ്ങള്‍ കണ്ടുപിടിക്കുന്നു.
ചഷകങ്ങളില്‍ വീഞ്ഞുകുടിക്കുകയും
വിശിഷ്ടലേപനങ്ങള്‍ പൂശുകയും ചെയ്യുന്ന അവര്‍
ജോസഫിന്റെ നാശം ഗണ്യമാക്കുന്നില്ല.
അതിനാല്‍, അവരായിരിക്കും ആദ്യം പ്രവാസികളാവുക.
നിങ്ങളുടെ വിരുന്നും മദിരോത്സവവും അവസാനിക്കാറായി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 146:7,8-9a,9bc-10

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

കര്‍ത്താവ് എന്നേക്കും വിശ്വസ്തനാണ്.
മര്‍ദിതര്‍ക്ക് അവിടുന്നു നീതി നടത്തിക്കൊടുക്കുന്നു;
വിശക്കുന്നവര്‍ക്ക് അവിടുന്ന് ആഹാരം നല്‍കുന്നു;
കര്‍ത്താവു ബന്ധിതരെ മോചിപ്പിക്കുന്നു.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

കര്‍ത്താവ് അന്ധരുടെ കണ്ണു തുറക്കുന്നു;
അവിടുന്നു നിലംപറ്റിയവരെ എഴുന്നേല്‍പിക്കുന്നു;
അവിടുന്നു നീതിമാന്മാരെ സ്‌നേഹിക്കുന്നു.
കര്‍ത്താവു പരദേശികളെ പരിപാലിക്കുന്നു

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

വിധവകളെയും അനാഥരെയും സംരക്ഷിക്കുന്നു;
എന്നാല്‍, ദുഷ്ടരുടെ വഴി
അവിടുന്നു നാശത്തിലെത്തിക്കുന്നു.
കര്‍ത്താവ് എന്നേക്കും വാഴുന്നു;
സീയോനേ, നിന്റെ ദൈവം തലമുറകളോളം വാഴും;
കര്‍ത്താവിനെ സ്തുതിക്കുവിന്‍.

എന്റെ ആത്മാവേ, കര്‍ത്താവിനെ സ്തുതിക്കുക.
or
അല്ലേലൂയ!

രണ്ടാം വായന

1 തിമോ 6:11-16
കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം.

ദൈവികമനുഷ്യനായ നീ നീതി, ദൈവഭക്തി, വിശ്വാസം, സ്‌നേഹം, സ്ഥിരത, സൗമ്യത എന്നിവയെ ഉന്നംവയ്ക്കുക. വിശ്വാസത്തിന്റെ നല്ല പോരാട്ടം നടത്തുകയും നിത്യജീവനെ മുറുകെപ്പിടിക്കുകയും ചെയ്യുക. ഇതിലേക്കാണല്ലോ നീ വിളിക്കപ്പെട്ടിരിക്കുന്നത്. അനേകം സാക്ഷികളുടെ മുമ്പാകെ നീ ഇതു ദൃഢമായി ഏറ്റുപറഞ്ഞിട്ടുള്ളതാണല്ലോ. എല്ലാറ്റിനും ജീവന്‍ നല്കുന്ന ദൈവത്തിന്റെയും, പന്തിയോസ് പീലാത്തോസിന്റെ മുമ്പില്‍ സത്യത്തിനു സാക്ഷ്യം നല്കിയ യേശുക്രിസ്തുവിന്റെയും സന്നിധിയില്‍ നിന്നോടു ഞാന്‍ കല്പിക്കുന്നു, കര്‍ത്താവായ യേശുക്രിസ്തു പ്രത്യക്ഷപ്പെടുന്നതുവരെ പ്രമാണങ്ങളെല്ലാം നിഷ്‌കളങ്കമായും അന്യൂനമായും നീ കാത്തുസൂക്ഷിക്കണം. വാഴ്ത്തപ്പെട്ടവനും ഏകപരമാധികാരിയും രാജാക്കന്മാരുടെ രാജാവും പ്രഭുക്കളുടെ പ്രഭുവായ ദൈവം യഥാകാലം ഇതു വെളിപ്പെടുത്തിത്തരും. അവിടുന്നു മാത്രമാണ് മരണമില്ലാത്തവന്‍. അപ്രാപ്യമായ പ്രകാശത്തില്‍ വസിക്കുന്ന അവിടുത്തെ ഒരുവനും കണ്ടിട്ടില്ല; കാണുക സാധ്യവുമല്ല. സ്തുതിയും അനന്തമായ ആധിപത്യവും അവിടുത്തേക്കുള്ളതാണ്. ആമേന്‍.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

കർത്താവ് അരുൾ ചെയ്യുന്നു: എൻ്റെ ആടുകൾ എൻ്റെ സ്വരം ശ്രവിക്കുന്നു. എനിക്ക് അവയെ നന്നായി അറിയാം. അവ എന്നെ അനുഗമിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 16:19-31
നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു.

അക്കാലത്ത്, യേശു ഫരിസേയരോട് പറഞ്ഞു: ഒരു ധനവാന്‍ ഉണ്ടായിരുന്നു. അവന്‍ ചെമന്ന പട്ടും മൃദുലവസ്ത്രങ്ങളും ധരിക്കുകയും എന്നും സുഭിക്ഷമായി ഭക്ഷിച്ച് ആനന്ദിക്കുകയും ചെയ്തിരുന്നു. അവന്റെ പടിവാതില്‍ക്കല്‍ ലാസര്‍ എന്നൊരു ദരിദ്രന്‍ കിടന്നിരുന്നു. അവന്റെ ശരീരം വ്രണങ്ങള്‍കൊണ്ടു നിറഞ്ഞിരുന്നു. ധനവാന്റെ മേശയില്‍ നിന്നു വീണിരുന്നവ കൊണ്ടു വിശപ്പടക്കാന്‍ അവന്‍ ആഗ്രഹിച്ചു. നായ്ക്കള്‍ വന്ന് അവന്റെ വ്രണങ്ങള്‍ നക്കിയിരുന്നു. ആ ദരിദ്രന്‍ മരിച്ചു. ദൈവദൂതന്മാര്‍ അവനെ അബ്രാഹത്തിന്റെ മടിയിലേക്കു സംവഹിച്ചു. ആ ധനികനും മരിച്ച് അടക്കപ്പെട്ടു. അവന്‍ നരകത്തില്‍ പീഡിപ്പിക്കപ്പെടുമ്പോള്‍ കണ്ണുകള്‍ ഉയര്‍ത്തി നോക്കി; ദൂരെ അബ്രാഹത്തെയും അവന്റെ മടിയില്‍ ലാസറിനെയും കണ്ടു. അവന്‍ വിളിച്ചു പറഞ്ഞു: പിതാവായ അബ്രാഹമേ, എന്നില്‍ കനിയേണമേ! തന്റെ വിരല്‍ത്തുമ്പു വെള്ളത്തില്‍ മുക്കി എന്റെ നാവു തണുപ്പിക്കാനായി ലാസറിനെ അയയ്ക്കണമേ! ഞാന്‍ ഈ അഗ്നിജ്വാലയില്‍ കിടന്ന്‌ യാതനയനുഭവിക്കുന്നു. അബ്രാഹം പറഞ്ഞു: മകനേ, നീ ഓര്‍മിക്കുക: നിനക്കു ജീവിതകാലത്ത് എല്ലാ സുഖസൗകര്യങ്ങളും ലഭിച്ചിരുന്നു; ലാസറിനോ കഷ്ടതകളും. ഇപ്പോള്‍ അവന്‍ ഇവിടെ ആനന്ദിക്കുകയും നീ വേദന അനുഭവിക്കുകയും ചെയ്യുന്നു. കൂടാതെ, ഞങ്ങള്‍ക്കും നിങ്ങള്‍ക്കും മധ്യേ ഒരു വലിയ ഗര്‍ത്തവും സ്ഥാപിക്കപ്പെട്ടിരിക്കുന്നു. ഇവിടെ നിന്നു നിങ്ങളുടെ അടുത്തേക്കോ അവിടെ നിന്നു ഞങ്ങളുടെ അടുത്തേക്കോ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതു സാധിക്കുകയില്ല. അപ്പോള്‍ അവന്‍ പറഞ്ഞു: പിതാവേ, അങ്ങനെയെങ്കില്‍, ലാസറിനെ എന്റെ പിതൃഭവനത്തിലേക്ക് അയയ്ക്കണമേ എന്നു ഞാന്‍ അപേക്ഷിക്കുന്നു. എനിക്ക് അഞ്ചു സഹോദരന്മാരുണ്ട്. അവരും പീഡകളുടെ ഈ സ്ഥലത്തു വരാതിരിക്കേണ്ടതിന് അവന്‍ അവര്‍ക്കു സാക്ഷ്യം നല്‍കട്ടെ. അബ്രാഹം പറഞ്ഞു: അവര്‍ക്കു മോശയും പ്രവാചകന്മാരും ഉണ്ടല്ലോ. അവരുടെ വാക്കു കേള്‍ക്കട്ടെ. ധനവാന്‍ പറഞ്ഞു: പിതാവായ അബ്രാഹമേ, അങ്ങനെയല്ല, മരിച്ചവരില്‍ ഒരുവന്‍ ചെന്നു പറഞ്ഞാല്‍ അവര്‍ അനുതപിക്കും. അബ്രാഹം അവനോടു പറഞ്ഞു: മോശയും പ്രവാചകന്മാരും പറയുന്നത് അവര്‍ കേള്‍ക്കുന്നില്ലെങ്കില്‍ മരിച്ചവരില്‍ നിന്ന് ഒരുവന്‍ ഉയിര്‍ത്താലും അവര്‍ക്കു ബോധ്യമാവുകയില്ല.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
ഞങ്ങളുടെ ഈ അര്‍പ്പണം അങ്ങേക്ക് സ്വീകാര്യമാകുന്നതിനും
അതുവഴി സകല അനുഗ്രഹങ്ങളുടെയും ഉറവിടം
ഞങ്ങള്‍ക്കായി തുറക്കപ്പെടുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 119:49-50

കര്‍ത്താവേ, അങ്ങേ ദാസനു നല്കിയ
അങ്ങേ വചനം ഓര്‍ക്കണമേ.
അതുവഴിയാണല്ലോ, അങ്ങ് എനിക്കു പ്രത്യാശ നല്കിയത്,
എന്റെ താഴ്മയില്‍ ഇത് എന്നെ ആശ്വസിപ്പിക്കുന്നു.

Or:
1 യോഹ 3:16

അവന്‍ സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്ന്,
ദൈവത്തിന്റെ സ്‌നേഹം എന്തെന്ന് നാമറിയുന്നു.
നമ്മളും സഹോദരന്മാര്‍ക്കുവേണ്ടി
ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയരഹസ്യം
ഞങ്ങള്‍ക്ക് മനസ്സിന്റെയും ശരീരത്തിന്റെയും നവീകരണമാകട്ടെ.
അങ്ങനെ, അവിടത്തെ മരണം പ്രഖ്യാപിക്കുമ്പോഴെല്ലാം
അവിടത്തെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്,
ഞങ്ങള്‍ അവിടത്തെ മഹത്ത്വത്തില്‍ കൂട്ടവകാശികളായി തീരുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment