Monday of week 26 in Ordinary Time / Saints Cosmas and Damian

🌹 🔥 🌹 🔥 🌹 🔥 🌹

26 Sep 2022

Monday of week 26 in Ordinary Time 
or Saints Cosmas and Damian, Martyrs 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

ദൈവമേ, പരിപൂര്‍ണമായി മാപ്പുനല്കുന്നതിലും
കരുണ കാണിക്കുന്നതിലുമാണല്ലോ
അങ്ങേ ശക്തിമാഹാത്മ്യം അങ്ങു പ്രകടമാക്കുന്നത്.
ഞങ്ങളുടെ മേല്‍ അങ്ങേ കൃപ വര്‍ധമാനമാക്കണമേ.
അങ്ങനെ, അങ്ങേ വാഗ്ദാനങ്ങളിലേക്ക് ഓടിയണഞ്ഞ്,
സ്വര്‍ഗീയ നന്മകളില്‍ പങ്കാളികളാകാന്‍ ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ജോബ് 1:6-22
കര്‍ത്താവു തന്നു; കര്‍ത്താവ് എടുത്തു; അവിടുത്തെ നാമം വാഴ്ത്തപ്പെടട്ടെ.

ഒരു ദിവസം ദൈവപുത്രന്മാര്‍ കര്‍ത്താവിന്റെ സന്നിധിയില്‍ വന്നുചേര്‍ന്നു; സാത്താനും അവരോടുകൂടെ വന്നു. കര്‍ത്താവ് സാത്താനോട്, നീ എവിടെ നിന്നു വരുന്നു എന്നു ചോദിച്ചു. ഞാന്‍ ഭൂമിയിലാകെ ചുററിസഞ്ചരിച്ചിട്ടു വരുകയാണ് എന്ന് അവന്‍ മറുപടി പറഞ്ഞു. കര്‍ത്താവ് വീണ്ടും അവനോടു ചോദിച്ചു: എന്റെ ദാസനായ ജോബിനെ നീ ശ്രദ്ധിച്ചോ? അവനെപ്പോലെ സത്യസന്ധനും നിഷ്‌കളങ്കനും ദൈവത്തെ ഭയപ്പെടുന്നവനും തിന്മയില്‍ നിന്നകന്നു ജീവിക്കുന്നവനും ആയി ഭൂമുഖത്ത് ആരെങ്കിലുമുണ്ടോ? സാത്താന്‍ ചോദിച്ചു: ജോബ് ദൈവത്തെ ഭയപ്പെടുന്നത് വെറുതെയാണോ? അങ്ങ് അവനും അവന്റെ ഭവനത്തിനും സമ്പത്തിനും ചുറ്റും വേലികെട്ടി സുരക്ഷിതത്വം നല്‍കി. അവന്റെ പ്രവൃത്തികളെ അനുഗ്രഹിച്ചു; അവന്റെ സമ്പത്ത് വര്‍ധിപ്പിക്കുകയും ചെയ്തു. അവന്റെ സമ്പത്തിന്മേല്‍ കൈവച്ചാല്‍ അവന്‍ അങ്ങയെ ദുഷിക്കുന്നതു കാണാം. കര്‍ത്താവ് സാത്താനോടു പറഞ്ഞു: അവനുള്ള സകലത്തിന്മേലും ഞാന്‍ നിനക്ക് അധികാരം നല്‍കുന്നു. എന്നാല്‍ അവനെ മാത്രം ഉപദ്രവിക്കരുത്. അതുകേട്ടു സാത്താന്‍ കര്‍ത്താവിന്റെ സന്നിധിയില്‍ നിന്നു പോയി.
ഒരുദിവസം ജോബിന്റെ മക്കള്‍ തങ്ങളുടെ മൂത്ത സഹോദരന്റെ വീട്ടില്‍ വിരുന്നിനു സമ്മേളിച്ചിരിക്കുകയായിരുന്നു. അപ്പോള്‍ ഒരു ഭൃത്യന്‍ ജോബിന്റെ അടുക്കല്‍ വന്നു പറഞ്ഞു: ഞങ്ങള്‍ കാളകളെ പൂട്ടുകയായിരുന്നു. കഴുതകള്‍ സമീപത്തുതന്നെ മേഞ്ഞുകൊണ്ടിരുന്നു. പെട്ടെന്നു ഷേബാക്കാര്‍ വന്ന് വേലക്കാരെ വാളിനിരയാക്കി, അവയെ അപഹരിച്ചുകൊണ്ടുപോയി. ഞാന്‍ മാത്രമേ അങ്ങയോടു വിവരം പറയാന്‍ രക്ഷപെട്ടുള്ളു. അവന്‍ പറഞ്ഞുതീരുന്നതിനു മുമ്പു മറ്റൊരുവന്‍ വന്നു പറഞ്ഞു: ദൈവത്തിന്റെ അഗ്നി ആകാശത്തില്‍ നിന്നിറങ്ങി ആടുകളെയും ദാസന്മാരെയും ദഹിപ്പിച്ചുകളഞ്ഞു; വിവരം അങ്ങയോടു പറയാന്‍ ഞാന്‍ മാത്രം അവശേഷിച്ചു. അവന്‍ പറഞ്ഞുതീരുന്നതിനു മുമ്പ്, മറ്റൊരുവന്‍ വന്ന് അറിയിച്ചു: കല്‍ദായര്‍ മൂന്നു കൂട്ടമായി വന്ന് വേലക്കാരെ ആക്രമിച്ചു കൊന്നിട്ട് ഒട്ടകങ്ങളെ പിടിച്ചുകൊണ്ടുപോയി. ഇതറിയിക്കാന്‍ ഞാന്‍ മാത്രം അവശേഷിച്ചു. അവന്‍ പറഞ്ഞുകൊണ്ടിരിക്കുമ്പോള്‍ തന്നെ മറ്റൊരുവന്‍ കടന്നുവന്നു പറഞ്ഞു: നിന്റെ പുത്രന്മാരും പുത്രിമാരും തങ്ങളുടെ ജ്യേഷ്ഠ സഹോദരന്റെ വീട്ടില്‍ സത്കാരത്തില്‍ മുഴുകിയിരിക്കുകയായിരുന്നു. പെട്ടെന്ന് മരുഭൂമിയില്‍ നിന്നു വീശിയ കൊടുങ്കാറ്റ് വീടിന്റെ നാലു മൂലയ്ക്കും അടിച്ചു. അതു തകര്‍ന്നു വീണ് അവര്‍ മരിച്ചുപോയി. ഈ വാര്‍ത്ത അറിയിക്കാന്‍ ഞാന്‍ മാത്രം അവശേഷിച്ചു.
ജോബ് എഴുന്നേറ്റ് അങ്കി വലിച്ചുകീറി; ശിരസ്സു മുണ്ഡനം ചെയ്തു; സാഷ്ടാംഗം വീണു നമസ്‌കരിച്ചു. അവന്‍ പറഞ്ഞു: അമ്മയുടെ ഉദരത്തില്‍ നിന്ന് നഗ്നനായി ഞാന്‍ വന്നു. നഗ്നനായിത്തന്നെ ഞാന്‍ പിന്‍വാങ്ങും. കര്‍ത്താവ് തന്നു; കര്‍ത്താവ് എടുത്തു, കര്‍ത്താവിന്റെ നാമം മഹത്വപ്പെടട്ടെ! ഇതുകൊണ്ടൊന്നും ജോബ് പാപംചെയ്യുകയോ ദൈവത്തെ പഴിക്കുകയോ ചെയ്തില്ല.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 17:1,2-3,6-7

ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.

കര്‍ത്താവേ, എന്റെ ന്യായം കേള്‍ക്കണമേ!
എന്റെ നിലവിളി ശ്രദ്ധിക്കണമേ!
നിഷ്‌കപടമായ എന്റെ അധരങ്ങളില്‍ നിന്നുള്ള
പ്രാര്‍ഥന ശ്രവിക്കണമേ!

ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.

എന്റെ വിധി അങ്ങേ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ!
അങ്ങേ കണ്ണു ന്യായം കാണുമാറാകട്ടെ!
അവിടുന്ന് എന്റെ ഹൃദയം പരിശോധിച്ചാല്‍,
എന്നില്‍ തിന്മ കണ്ടെത്തുകയില്ല;

ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.

ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു;
ദൈവമേ, അങ്ങ് എനിക്കുത്തരമരുളും;
അങ്ങു ചെവിചായിച്ച് എന്റെ വാക്കുകള്‍ ശ്രവിക്കണമേ!
തന്റെ വലത്തുകൈയില്‍ അഭയം തേടുന്നവരെ
ശത്രുക്കളില്‍ നിന്നു കാത്തുകൊള്ളുന്ന രക്ഷകാ,
അങ്ങേ കാരുണ്യം വിസ്മയകരമായി പ്രദര്‍ശിപ്പിക്കണമേ!

ഞാന്‍ അങ്ങയെ വിളിച്ചപേക്ഷിക്കുന്നു; ദൈവമേ, അങ്ങ് എനിക്കുത്തരമരുളും.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

മനുഷ്യപുത്രൻ വന്നിരിക്കുന്നത്, ശുശ്രൂഷിക്കപ്പെടാനല്ലാ; ശുശ്രൂഷിക്കാനും അനേകർക്കുവേണ്ടി മോചനദ്രവ്യമായി നൽകാനുമത്രെ.

അല്ലേലൂയ!

സുവിശേഷം
ലൂക്കാ 9:46-50
നിങ്ങളില്‍ ഏറ്റവും ചെറിയവനാണ് ഏറ്റം വലിയവന്‍.

അക്കാലത്ത്, ശിഷ്യന്മാര്‍ തമ്മില്‍ തങ്ങളില്‍ വലിയവന്‍ ആരാണ് എന്ന് തര്‍ക്കിച്ചു. അവരുടെ ഹൃദയവിചാരങ്ങള്‍ അറിഞ്ഞ യേശു ഒരു ശിശുവിനെ എടുത്ത് അടുത്തുനിറുത്തി, അവരോടു പറഞ്ഞു: എന്റെ നാമത്തില്‍ ഈ ശിശുവിനെ സ്വീകരിക്കുന്ന ഏവനും എന്നെ സ്വീകരിക്കുന്നു; എന്നെ സ്വീകരിക്കുന്നവന്‍ എന്നെ അയച്ചവനെ സ്വീകരിക്കുന്നു. നിങ്ങളില്‍ ഏറ്റവും ചെറിയവന്‍ ആരോ അവനാണ് നിങ്ങളില്‍ ഏറ്റവും വലിയന്‍.
യോഹന്നാന്‍ പറഞ്ഞു: ഗുരോ, നിന്റെ നാമത്തില്‍ പിശാചുക്കളെ പുറത്താക്കുന്ന ഒരാളെ ഞങ്ങള്‍ കണ്ടു. അവന്‍ ഞങ്ങളോടൊപ്പം നിന്നെ അനുഗമിക്കാത്തതുകൊണ്ട് ഞങ്ങള്‍ അവനെ തടഞ്ഞു. യേശു പറഞ്ഞു: അവനെ തടയേണ്ടാ, എന്തെന്നാല്‍, നിങ്ങള്‍ക്ക് എതിരല്ലാത്തവന്‍ നിങ്ങളുടെ ഭാഗത്താണ്.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കാരുണ്യവാനായ ദൈവമേ,
ഞങ്ങളുടെ ഈ അര്‍പ്പണം അങ്ങേക്ക് സ്വീകാര്യമാകുന്നതിനും
അതുവഴി സകല അനുഗ്രഹങ്ങളുടെയും ഉറവിടം
ഞങ്ങള്‍ക്കായി തുറക്കപ്പെടുന്നതിനും ഇടയാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 119:49-50

കര്‍ത്താവേ, അങ്ങേ ദാസനു നല്കിയ
അങ്ങേ വചനം ഓര്‍ക്കണമേ.
അതുവഴിയാണല്ലോ, അങ്ങ് എനിക്കു പ്രത്യാശ നല്കിയത്,
എന്റെ താഴ്മയില്‍ ഇത് എന്നെ ആശ്വസിപ്പിക്കുന്നു.

Or:
1 യോഹ 3:16

അവന്‍ സ്വന്തം ജീവന്‍ നമുക്കുവേണ്ടി പരിത്യജിച്ചു എന്നതില്‍ നിന്ന്,
ദൈവത്തിന്റെ സ്‌നേഹം എന്തെന്ന് നാമറിയുന്നു.
നമ്മളും സഹോദരന്മാര്‍ക്കുവേണ്ടി
ജീവന്‍ പരിത്യജിക്കാന്‍ കടപ്പെട്ടിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയരഹസ്യം
ഞങ്ങള്‍ക്ക് മനസ്സിന്റെയും ശരീരത്തിന്റെയും നവീകരണമാകട്ടെ.
അങ്ങനെ, അവിടത്തെ മരണം പ്രഖ്യാപിക്കുമ്പോഴെല്ലാം
അവിടത്തെ പീഡാസഹനത്തില്‍ പങ്കുചേര്‍ന്ന്,
ഞങ്ങള്‍ അവിടത്തെ മഹത്ത്വത്തില്‍ കൂട്ടവകാശികളായി തീരുമാറാകട്ടെ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment