🌹 🔥 🌹 🔥 🌹 🔥 🌹
01 Oct 2022
Saint Thérèse of the Child Jesus, Virgin, Doctor
on Saturday of week 26 in Ordinary Time
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
ദൈവമേ, വിനീതര്‍ക്കും ശിശുക്കള്‍ക്കും
അങ്ങേ രാജ്യം അങ്ങ് സജ്ജമാക്കിയിരിക്കുന്നുവല്ലോ.
ഉണ്ണിയേശുവിന്റെ വിശുദ്ധ ത്രേസ്യയുടെ വഴി
വിശ്വസ്തതയോടെ ഞങ്ങള്‍ പിന്തുടരാന്‍ ഇടയാക്കണമേ.
അങ്ങനെ, ഈ വിശുദ്ധയുടെ മാധ്യസ്ഥ്യത്താല്‍,
അങ്ങേ നിത്യമഹത്ത്വം
ഞങ്ങള്‍ക്ക് വെളിപ്പെടുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
ജോബ് 42:1-3,5-6,12-17
ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു. അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു.
അക്കാലത്ത്, ജോബ് കര്‍ത്താവിനോടു പറഞ്ഞു: അങ്ങേക്കെല്ലാം സാധിക്കുമെന്നും അങ്ങേ യാതൊരു ഉദ്ദേശ്യവും തടയാനാവുകയില്ലെന്നും ഞാനറിയുന്നു. അറിവില്ലാതെ ഉപദേശത്തെ മറച്ചുവയ്ക്കുന്നവന്‍ ആരാണ് എന്ന് അങ്ങ് ചോദിച്ചു.എനിക്കു മനസ്സിലാകാത്ത അദ്ഭുതകരമായ കാര്യങ്ങളെക്കുറിച്ച് ഞാന്‍ പറഞ്ഞുപോയി. അങ്ങയെക്കുറിച്ച് ഞാന്‍ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. എന്നാല്‍, ഇപ്പോള്‍ എന്റെ കണ്ണുകള്‍ അങ്ങയെ കാണുന്നു. അതിനാല്‍ ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു; പൊടിയിലും ചാരത്തിലും കിടന്ന് ഞാന്‍ പശ്ചാത്തപിക്കുന്നു.
കര്‍ത്താവ് അവന്റെ ശേഷിച്ച ജീവിതം മുന്‍പിലത്തേതിനെക്കാള്‍ ധന്യമാക്കി, അവന് പതിന്നാലായിരം ആടുകളും ആറായിരം ഒട്ടകങ്ങളും, ആയിരം ഏര്‍കാളകളും, ആയിരം പെണ്‍കഴുതകളും ഉണ്ടായി. അവന് ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ഉണ്ടായി. മൂത്തവള്‍ ജമിമാ, രണ്ടാമത്തവള്‍ കെസിയാ, മൂന്നാമത്തവള്‍ കേരന്‍ഹാപ്പുക്. ജോബിന്റെ പുത്രിമാരെപ്പോലെ സുന്ദരിമാരായ സ്ത്രീകള്‍ ആ ദേശത്തെങ്ങും ഉണ്ടായിരുന്നില്ല. പിതാവ് അവര്‍ക്കും സഹോദരന്മാര്‍ക്കൊപ്പം അവകാശം കൊടുത്തു. അതിനുശേഷം ജോബ് നൂറ്റിനാല്‍പതുവര്‍ഷം ജീവിക്കുകയും മക്കളും മക്കളുടെ മക്കളുമായി നാലു തലമുറവരെ കാണുകയും ചെയ്തു. അങ്ങനെ ജോബ് പൂര്‍ണായുസ്സു പ്രാപിച്ച് വൃദ്ധനായി മരിച്ചു.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 119:66,71,75,91,125,130
കര്‍ത്താവേ, ഈ ദാസന്റെ മേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.
അങ്ങേ കല്‍പനകളില്‍ ഞാന്‍ വിശ്വസിക്കുന്നതുകൊണ്ട്
അറിവും വിവേകവും എനിക്ക് ഉപദേശിച്ചുതരണമേ!
ദുരിതങ്ങള്‍ എനിക്കുപകാരമായി;
തന്മൂലം ഞാന്‍ അങ്ങേ ചട്ടങ്ങള്‍ അഭ്യസിച്ചുവല്ലോ.
കര്‍ത്താവേ, ഈ ദാസന്റെ മേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.
കര്‍ത്താവേ, അങ്ങേ വിധികള്‍ ന്യായയുക്തമാണെന്നും
വിശ്വസ്തത മൂലമാണ് അവിടുന്ന എന്നെ
കഷ്ടപ്പെടുത്തിയതെന്നും ഞാനറിയുന്നു.
അവിടുന്നു നിശ്ചയിച്ച പ്രകാരം ഇന്നും എല്ലാം നിലനില്‍ക്കുന്നു;
എന്തെന്നാല്‍, സകലതും അങ്ങയെ സേവിക്കുന്നു.
കര്‍ത്താവേ, ഈ ദാസന്റെ മേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.
ഞാന്‍ അങ്ങേ ദാസനാണ്;
എനിക്ക് അറിവു നല്‍കണമേ!
ഞാന്‍ അങ്ങനെ അങ്ങേ കല്‍പന ഗ്രഹിക്കട്ടെ!
അങ്ങേ വചനങ്ങളുടെ ചുരുളഴിയുമ്പോള്‍ പ്രകാശം പരക്കുന്നു;
എളിയവര്‍ക്ക് അത് അറിവു പകരുന്നു.
കര്‍ത്താവേ, ഈ ദാസന്റെ മേല്‍ അങ്ങേ മുഖപ്രകാശം പതിയട്ടെ.
സുവിശേഷ പ്രഘോഷണവാക്യം
അല്ലേലൂയ!അല്ലേലൂയ!
യേശു ഉദ്‌ഘോഷിച്ചു: സ്വർഗ്ഗത്തിൻ്റെയും ഭൂമിയുടേയും നാഥനായ പിതാവേ, നീ ഈ കാര്യങ്ങൾ ബുദ്ധിമാൻമാരിൽ നിന്നും വിവേകികളിൽ നിന്നും മറച്ച് ശിശുക്കൾക്ക് വെളിപ്പെടുത്തിയതിനാൽ ഞാൻ നിന്നെ സ്തുതിക്കുന്നു.
അല്ലേലൂയ!
സുവിശേഷം
ലൂക്കാ 10:17-24
നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.
അക്കാലത്ത്, എഴുപത്തിരണ്ടുപേരും സന്തോഷത്തോടെ തിരിച്ചുവന്ന് യേശുവിനോടു പറഞ്ഞു: കര്‍ത്താവേ, നിന്റെ നാമത്തില്‍ പിശാചുക്കള്‍ പോലും ഞങ്ങള്‍ക്കു കീഴ്‌പ്പെടുന്നു. അവന്‍ പറഞ്ഞു: സാത്താന്‍ സ്വര്‍ഗത്തില്‍ നിന്ന് ഇടിമിന്നല്‍പോലെ നിപതിക്കുന്നതു ഞാന്‍ കണ്ടു. ഇതാ, പാമ്പുകളുടെയും തേളുകളുടെയും ശത്രുവിന്റെ സകല ശക്തികളുടെയും മീതേ ചവിട്ടി നടക്കാന്‍ നിങ്ങള്‍ക്കു ഞാന്‍ അധികാരം തന്നിരിക്കുന്നു. ഒന്നും നിങ്ങളെ ഉപദ്രവിക്കുകയില്ല. എന്നാല്‍, പിശാചുക്കള്‍ നിങ്ങള്‍ക്കു കീഴടങ്ങുന്നു എന്നതില്‍ നിങ്ങള്‍ സന്തോഷിക്കേണ്ടാ; മറിച്ച്, നിങ്ങളുടെ പേരുകള്‍ സ്വര്‍ഗത്തില്‍ എഴുതപ്പെട്ടിരിക്കുന്നു എന്നതില്‍ സന്തോഷിക്കുവിന്‍.
ആ സമയം തന്നെ പരിശുദ്ധാത്മാവില്‍ ആനന്ദിച്ച്, അവന്‍ പറഞ്ഞു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും കര്‍ത്താവായ പിതാവേ, അവിടുത്തെ ഞാന്‍ സ്തുതിക്കുന്നു. എന്തെന്നാല്‍, അങ്ങ് ഇവ ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്കു വെളിപ്പെടുത്തുകയും ചെയ്തു. അതേ, പിതാവേ, അതായിരുന്നു അവിടുത്തെ അഭീഷ്ടം. എല്ലാ കാര്യങ്ങളും പിതാവ് എന്നെ ഏല്‍പിച്ചിരിക്കുന്നു. പുത്രനാരെന്ന് പിതാവല്ലാതെ ആരും ഗ്രഹിക്കുന്നില്ല; പിതാവാരെന്ന് പുത്രനും, പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവോ അവനും അല്ലാതെ മറ്റാരും ഗ്രഹിക്കുന്നില്ല. അവന്‍ ശിഷ്യന്മാരുടെ നേരേ തിരിഞ്ഞ് അവരോടു മാത്രമായി പറഞ്ഞു: നിങ്ങള്‍ കാണുന്നവ കാണുന്ന കണ്ണുകള്‍ ഭാഗ്യമുള്ളവ. എന്തെന്നാല്‍, ഞാന്‍ പറയുന്നു, അനേകം പ്രവാചകന്മാരും രാജാക്കന്മാരും നിങ്ങള്‍ കാണുന്നവ കാണാന്‍ ആഗ്രഹിച്ചു; എങ്കിലും കണ്ടില്ല. നിങ്ങള്‍ കേള്‍ക്കുന്നവ കേള്‍ക്കാന്‍ ആഗ്രഹിച്ചു; എങ്കിലും കേട്ടില്ല.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, വിശുദ്ധ ത്രേസ്യയില്‍
അങ്ങേ വിസ്മയനീയ പ്രവൃത്തികള്‍ പ്രഘോഷിച്ചുകൊണ്ട്,
അങ്ങേ മഹിമയ്ക്കായി ഞങ്ങള്‍ കേണപേക്ഷിക്കുന്നു.
ഈ വിശുദ്ധയുടെ പുണ്യയോഗ്യതകള്‍
അങ്ങേക്കു പ്രീതികരമായപോലെ,
ഞങ്ങളുടെ ശുശ്രൂഷാദൗത്യവും
അങ്ങേക്കു സ്വീകാര്യമായിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
മത്താ 18:3
കര്‍ത്താവ് അരുള്‍ചെയ്യുന്നു:
നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍,
സ്വര്‍ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല.
ദിവ്യഭോജനപ്രാര്‍ത്ഥന
കര്‍ത്താവേ, സ്‌നേഹത്തിന്റെ ശക്തിയാല്‍
വിശുദ്ധ ത്രേസ്യ തന്നത്തന്നെ പൂര്‍ണമായി
അങ്ങേക്ക് സമര്‍പ്പിക്കുകയും
എല്ലാവര്‍ക്കും വേണ്ടി അങ്ങേ കാരുണ്യം ലഭിക്കാന്‍
തീവ്രമായി ആഗ്രഹിക്കുകയും ചെയ്തുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച കൂദാശ
അതേശക്തി ഞങ്ങളിലും ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹
