29th Sunday in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

16 Oct 2022

29th Sunday in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ഞങ്ങളുടെ മാനസങ്ങള്‍ എപ്പോഴും
അങ്ങേ തിരുവിഷ്ടത്തിനു അനുസൃതമാക്കി തീര്‍ക്കാനും
ആത്മാര്‍ഥ ഹൃദയത്തോടെ അങ്ങേ മഹിമയ്ക്ക് ശുശ്രൂഷ ചെയ്യാനും
ഞങ്ങള്‍ക്കിടവരുത്തണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

പുറ 17:8-13
മോശ കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു.

അക്കാലത്ത്, അമലേക്യര്‍ റഫിദീമില്‍ വന്ന് ഇസ്രായേല്‍ക്കാരെ ആക്രമിച്ചു. അപ്പോള്‍ മോശ ജോഷ്വയോടു പറഞ്ഞു: ആളുകളെ തിരഞ്ഞെടുത്ത് അമലേക്യരുമായി യുദ്ധത്തിനു പുറപ്പെടുക. ഞാന്‍ നാളെ ദൈവത്തിന്റെ വടി കൈയിലെടുത്തു മലമുകളില്‍ നില്‍ക്കും. മോശ പറഞ്ഞതനുസരിച്ച് ജോഷ്വ അമലേക്യരുമായിയുദ്ധം ചെയ്തു. മോശ, അഹറോന്‍, ഹൂര്‍ എന്നിവര്‍ മലമുകളില്‍ കയറിനിന്നു. മോശ കരങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നപ്പോഴെല്ലാം ഇസ്രായേല്‍ വിജയിച്ചുകൊണ്ടിരുന്നു. കരങ്ങള്‍ താഴ്ത്തിയപ്പോള്‍ അമലേക്യര്‍ക്കായിരുന്നു വിജയം. മോശയുടെ കൈകള്‍ കുഴഞ്ഞു. അപ്പോള്‍ അവര്‍ ഒരു കല്ലു നീക്കിയിട്ടു കൊടുത്തു. മോശ അതിന്മേല്‍ ഇരുന്നു. അഹറോനും ഹൂറും അവന്റെ കൈകള്‍ ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. സൂര്യാസ്തമയം വരെ അവന്റെ കൈകള്‍ ഉയര്‍ന്നുതന്നെ നിന്നു. ജോഷ്വ അമലേക്കിനെയും അവന്റെ ആളുകളെയും വാളുകൊണ്ട് അരിഞ്ഞു വീഴ്ത്തി.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 121:1-2,3-4,5-6,7-8

നമ്മുടെ സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്.

പര്‍വതങ്ങളിലേക്കു ഞാന്‍ കണ്ണുകള്‍ ഉയര്‍ത്തുന്നു;
എനിക്കു സഹായം എവിടെനിന്നു വരും?
എനിക്കു സഹായം കര്‍ത്താവില്‍ നിന്നു വരുന്നു;
ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്.

നമ്മുടെ സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്.

നിന്റെ കാല്‍ വഴുതാന്‍ അവിടുന്നു സമ്മതിക്കുകയില്ല;
നിന്നെ കാക്കുന്നവന്‍ ഉറക്കം തൂങ്ങുകയില്ല.
ഇസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല; ഉറങ്ങുകയുമില്ല.

നമ്മുടെ സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്.

കര്‍ത്താവാണു നിന്റെ കാവല്‍ക്കാരന്‍;
നിനക്കു തണലേകാന്‍ അവിടുന്നു നിന്റെ വലത്തുഭാഗത്തുണ്ട്.
പകല്‍ സൂര്യനോ രാത്രി ചന്ദ്രനോ നിന്നെ ഉപദ്രവിക്കുകയില്ല.

നമ്മുടെ സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്.

സകല തിന്മകളിലുംനിന്നു കര്‍ത്താവ് നിന്നെ കാത്തുകൊള്ളും;
അവിടുന്നു നിന്റെ ജീവന്‍ സംരക്ഷിക്കും.
കര്‍ത്താവു നിന്റെ വ്യാപാരങ്ങളെ ഇന്നുമെന്നേക്കും കാത്തുകൊള്ളും.

നമ്മുടെ സഹായം കര്‍ത്താവില്‍ നിന്നു വരുന്നു; ആകാശവും ഭൂമിയും സൃഷ്ടിച്ച കര്‍ത്താവില്‍ നിന്ന്.

രണ്ടാം വായന

2 തിമോ 3:14-4:2
ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.

വാത്സല്യമുള്ളവനേ, നീ പഠിച്ചിട്ടുള്ളതും ഉറപ്പായി വിശ്വസിച്ചിട്ടുള്ളതുമായ കാര്യങ്ങള്‍ ആരില്‍ നിന്നാണു പഠിച്ചതെന്നോര്‍ത്ത് അവയില്‍ സ്ഥിരമയി നില്ക്കുക. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിലുടെ രക്ഷപ്രാപിക്കുന്നതിനു നിന്നെ ജ്ഞാനിയാക്കുന്ന വിശുദ്ധ ലിഖിതങ്ങള്‍ നീ ബാല്യം മുതല്‍ പഠിച്ചറിഞ്ഞിട്ടുള്ളതാണല്ലോ. വിശുദ്ധ ലിഖിതമെല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല പ്രവൃത്തികളും ചെയ്യുന്നതിനു പര്യാപ്തനാവുകയും ചെയ്യുന്നു.
ദൈവത്തിന്റെ മുമ്പാകെയും, ജീവിക്കുന്നവരെയും മരിച്ചവരെയും വിധിക്കാനിരിക്കുന്ന യേശുക്രിസ്തുവിന്റെ മുമ്പാകെയും, അവന്റെ ആഗമനത്തിന്റെയും രാജ്യത്തിന്റെയും പേരില്‍ ഞാന്‍ നിന്നെ ഇപ്രകാരം ചുമതലപ്പെടുത്തുന്നു: വചനം പ്രസംഗിക്കുക; സാഹചര്യങ്ങള്‍ അനുകൂലമാണെങ്കിലും അല്ലെങ്കിലും ജാഗരൂകതയോടെ വര്‍ത്തിക്കുക; മറ്റുള്ളവരില്‍ ബോധ്യം ജനിപ്പിക്കുകയും അവരെ ശാസിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുക; ക്ഷമ കൈവിടാതിരിക്കുകയും പ്രബോധനത്തില്‍ ശ്രദ്ധിക്കുകയും ചെയ്യുക.

കർത്താവിന്റെ വചനം.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

ദൈവത്തിന്റെ വചനം സജീവവും ഊർജ്ജസ്വലവും ആണ്; അത് ഇരുതലവാളിനേക്കാളും മൂർച്ചയേറിയതും, ചേതനയിലും ആത്മാവിലും സന്ധിബന്ധങ്ങളിലും മജ്ജയിലും തുളച്ചുകയറി ഹൃദയത്തിന്റെ വിചാരങ്ങളേയും നിയോഗങ്ങളേയും വിവേചിക്കുന്നതുമാണ്.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 18:1-8
തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ?

അക്കാലത്ത്, ഭഗ്നാശരാകാതെ എപ്പോഴും പ്രാര്‍ഥിക്കണം എന്നു കാണിക്കാന്‍ യേശു തന്റെ ശിഷ്യന്മാരോട് ഒരു ഉപമ പറഞ്ഞു: ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യാത്ത ഒരു ന്യായാധിപന്‍ ഒരു പട്ടണത്തില്‍ ഉണ്ടായിരുന്നു. ആ പട്ടണത്തില്‍ ഒരു വിധവയും ഉണ്ടായിരുന്നു. അവള്‍ വന്ന് അവനോട്, എതിരാളിക്കെതിരേ എനിക്കു നീതി നടത്തിത്തരണമേ എന്നപേക്ഷിക്കുമായിരുന്നു. കുറേ നാളത്തേക്ക് അവന്‍ അതു ഗൗനിച്ചില്ല. പിന്നീട്, അവന്‍ ഇങ്ങനെ ചിന്തിച്ചു: ഞാന്‍ ദൈവത്തെ ഭയപ്പെടുകയോ മനുഷ്യരെ മാനിക്കുകയോ ചെയ്യുന്നില്ല. എങ്കിലും ഈ വിധവ എന്നെ ശല്യപ്പെടുത്തുന്നതുകൊണ്ടു ഞാനവള്‍ക്കു നീതിനടത്തിക്കൊടുക്കും. അല്ലെങ്കില്‍, അവള്‍ കൂടെക്കൂടെ വന്ന് എന്നെ അസഹ്യപ്പെടുത്തും. കര്‍ത്താവ് പറഞ്ഞു: നീതിരഹിതനായ ആ ന്യായാധിപന്‍ പറഞ്ഞതെന്തെന്ന് ശ്രദ്ധിക്കുവിന്‍. അങ്ങനെയെങ്കില്‍, രാവും പകലും തന്നെ വിളിച്ചു കരയുന്ന തന്റെ തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കു ദൈവം നീതി നടത്തിക്കൊടുക്കുകയില്ലേ? അവിടുന്ന് അതിനു കാലവിളംബം വരുത്തുമോ? അവര്‍ക്കു വേഗം നീതി നടത്തിക്കൊടുക്കും എന്നു ഞാന്‍ നിങ്ങളോടു പറയുന്നു. എങ്കിലും, മനുഷ്യപുത്രന്‍ വരുമ്പോള്‍ ഭൂമിയില്‍ വിശ്വാസം കണ്ടെത്തുമോ?

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വതന്ത്രമനസ്സോടെ അങ്ങേ ദാനങ്ങള്‍
ആദരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങളെ ശുദ്ധീകരിക്കുന്ന അങ്ങേ കൃപയാല്‍,
ഞങ്ങള്‍ ശുശ്രൂഷിക്കുന്ന അതേ രഹസ്യങ്ങള്‍വഴി,
ഞങ്ങള്‍ നിര്‍മലരായി തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. സങ്കീ 33:18-19

ഇതാ, തന്നെ ഭയപ്പെടുന്നവരുടെ മേലും
തന്റെ കാരുണ്യത്തില്‍ പ്രത്യാശവയ്ക്കുന്നവരുടെ മേലും
കര്‍ത്താവിന്റെ നയനങ്ങള്‍ ഉണ്ടായിരിക്കും.
അവിടന്ന് അവരുടെ പ്രാണന്‍ മരണത്തില്‍ നിന്നു രക്ഷിക്കുന്നു,
ക്ഷാമത്തില്‍ അവരുടെ ജീവന്‍ നിലനിര്‍ത്തുന്നു.

Or:
മര്‍ക്കോ 10:45

മനുഷ്യപുത്രന്‍ വന്നിരിക്കുന്നത്
തന്റെ ജീവന്‍ അനേകര്‍ക്കു വേണ്ടി
മോചനദ്രവ്യമായി നല്കാനാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, സ്വര്‍ഗീയ വസ്തുക്കളുടെ പങ്കാളിത്തം
ഞങ്ങള്‍ക്ക് ഉപകരിക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങനെ, ഞങ്ങള്‍ ഇഹലോക നന്മകളാല്‍ സംപൂരിതരും
പരലോക നന്മകളാല്‍ ഉദ്‌ബോധിതരും ആയിത്തീരുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment