ജപമാല ധ്യാനം 19

ജപമാല ധ്യാനം – 19

നിരന്തരമായ വ്യഗ്രതയുടെ പേരാണ് സ്ത്രീ. അവളുടെ ഉള്ളിൽ മർത്തയും മറിയവും കുടിയിരിക്കുന്നു. മറിയത്തിന് എപ്പോഴും കർത്താവിന്റെ കാൽച്ചുവട്ടിൽ തന്നെയിരിക്കണം എന്നാണ്. മർത്തയ്ക്കാകട്ടെ, ശ്യോ എന്തോരം പണികളാ ഇനീം തീരാൻ കിടക്കുന്നതെന്നുമാണ്. തെറ്റു പറയാനൊക്കില്ല രണ്ടാളെയും. ദൈവ ചിന്തയും ഉത്തരവാദിത്വ ബോധവും. രണ്ടും അവരുടെ ഹൃദയധമനികളുടെ ഭാഗമാണ്. 

ചില അമ്മമാരെ ഓർത്താൽ, പുലർച്ച വെട്ടം വീഴുന്നതിനു മുമ്പ് ഇങ്ങെണീറ്റാൽ രാത്രി കിടക്കയിൽ വന്നു വീഴുന്നതു വരെ എത്ര തവണ ഒരേ നിലം തുടച്ചാലാണ്… ഒരേ പാത്രങ്ങൾ കഴുകിയാലാണ്… ഒരേ ആൾക്കാർക്ക് എത്ര തവണ ഭക്ഷണം വിളമ്പിയിലാണ്…. എത്ര വസ്ത്രങ്ങൾ അലക്കിയാലാണ്… അമ്മാ എന്നു വിളിച്ച് മക്കളും എടിയേ എന്നു വിളിച്ച് ഭർത്താവും മക്കളേ എന്നു വിളിച്ച് ഭർതൃമാതാപിതാക്കളും പറയുന്നവയ്ക്ക് ചെവി കൊടുക്കണം. തീർന്നു പോയ സാധനങ്ങൾ വാങ്ങാനുള്ളത് ഓർത്ത് കുറിച്ചു വയ്ക്കണം. അങ്ങിനെയൊരു 100 കൂട്ടം കാര്യങ്ങൾ. ഇതൊരു ദിവസമല്ല. 365 ദിവസത്തെയും ആവർത്തനമാണ്. ഒരു കോർഡിനേറ്ററുടെ ദീർഘവീക്ഷണവും മാനേജറുടെ കൃത്യതയും ജോലിക്കാരിയുടെ ക്ലിപ്തതയും ആവശ്യമുണ്ട് അതിന്. എന്നാലും ഇതിനിടയിലാണ് ചിലരുടെ ചുണ്ടിൽ ഭാഗ്യപ്പെട്ട മാർ യൗസേപ്പ് മുതൽ എത്രയും ദയയുള്ള മാതാവ് വരെ ഓടിക്കളിക്കുന്നത്. യഥാർത്ഥത്തിൽ നമ്മളാണ് ഭാഗ്യപ്പെട്ടവർ. അങ്ങിനൊരു വിചാരമുള്ള ഒരാൾ നെടും തൂണായിരിക്കുന്നതു കൊണ്ടാണ് നമ്മുടെ വീടുകൾ നിലം പൊത്താതെ ബാക്കി നിൽക്കുന്നത് . “കാലുകൊണ്ട് ഭൂമിയിൽ നടക്കുകയും ഹൃദയം കൊണ്ട് സ്വർഗ്ഗത്തിലായിരിക്കുകയും ചെയ്യുക” എന്ന് ഒരു ദൈവ ചിന്തകൻ എഴുതുന്നത് ഇവരുടെ കാര്യത്തിൽ പൂർണ്ണമാകുന്നു. 

അങ്ങിനൊരാൾ മരിച്ചു പോകുന്നത് സങ്കൽപ്പിക്കുക വയ്യ. ഒരു കാര്യം നാം ആവർത്തിച്ചു പറഞ്ഞു കൊണ്ടേയിരിക്കും. “മരിച്ചാൽ അവര് സ്വർഗ്ഗത്തിൽ പോകും”. നാം അവരിൽ സ്വർഗ്ഗം ആരോപിക്കുകയാണ്. സ്വർഗ്ഗത്തിന് അർഹതപ്പെട്ടവരെന്ന് വാഴ്ത്തുകയാണ്. കൽക്കട്ടയിലെ പാവങ്ങളുടെ അമ്മയെ ഓർക്കുക. മരിക്കും മുമ്പേ എത്രയോ ഹൃദയങ്ങളിൽ സ്വർഗ്ഗാരോപിതയായവൾ.! ഉടലോടെ സ്വർഗ്ഗത്തിലേക്കെടുക്കപ്പെടാനും മാത്രം പുണ്യവതി എന്ന് ജനലക്ഷങ്ങൾ വിശ്വസിച്ചവൾ.

സ്വർഗ്ഗത്തിന് അർഹതപ്പെട്ടവൾ എന്ന് ഏറ്റവും തറപ്പിച്ച് പറയാവുന്നവൾ കന്യകാ മേരി തന്നെയാണ്. അത്ര വിശിഷ്ടമായ രീതിയിൽ അവൾ ജീവിച്ചു. പുൽതൊഴുത്തിൽ പ്രസവിച്ചത് മുതൽ എല്ലാവരും കൂടി കുരിശിൽ തറച്ച് കൊന്ന മകന്റെ ശരീരം മടിയിൽ കിടത്തുന്നത് ഉൾപ്പെടെയുള്ള നിമിഷങ്ങളിൽ അവളുടെ കാലുകൾ ഭൂമിയിലും ഹൃദയം സ്വർഗ്ഗത്തിലുമായിരുന്നു. രക്ഷയുടെ കാർമ്മിക ആയിരുന്നവൾ. ആത്മാവോടെയും ശരീരത്തോടെയും അവൾ സ്വർഗത്തിലേക്ക്  എടുക്കപ്പെട്ടുവെന്ന് സഭ വിശ്വസിക്കുന്നു. ഏറ്റു പറയുന്നു. കന്യകാമറിയത്തിന്റെ സ്വർഗാരോപണം. മഹിമ രഹസ്യങ്ങളിലെ നാലാം ധ്യാനം.

ആരോഹണം കയറിപ്പോകലാണ്. തനിയെ പോകാം. അതു കൊണ്ട് ക്രിസ്തു സ്വർഗാരോഹണം ചെയ്തു. വന്നിടത്തേക്ക് മടങ്ങി. അത്ര തന്നെ. നമുക്ക് തനിയെ അവിടെത്തുക വയ്യ. കൈ പിടിച്ച് അവൻ കയറ്റിക്കൊണ്ട് പോകണം. അതിനുള്ള യോഗ്യത നേടലാണ് കാല് പച്ച മണ്ണിൽ നിൽക്കുമ്പോഴും ഹൃദയം സ്വർഗത്തിലായിരിക്കുന്നത്.

റേഡിയോയിൽ ആകാശവാണി നിലയം തുറക്കുന്ന പാട്ട് കേൾക്കുന്നതിനും മുമ്പ് ഒരു പാട്ട് തലവഴി മൂടിയ പുതപ്പു വഴി കാതിൽ വീണിരുന്നു. “കണ്ണുകൾ നിന്നിലുറപ്പിച്ചെൻ, ദിന കൃത്യങ്ങൾ തുടങ്ങുന്നേൻ, തെറ്റാതെന്നെ കാക്കണമേ, വീഴാതെന്നെ നയിക്കണമേ… ” അപ്പന്റെ പാട്ട്..!

സ്വർഗ്ഗം ആശംസിക്കുന്നു.

Source: WhatsApp

Author: Unknown

Advertisements
Advertisements

Leave a comment