ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

നല്ല നർമ്മബോധം ഉണ്ടായിരുന്നു ജോൺ ഇരുപത്തിമൂന്നാം പാപ്പക്ക്. സത്യം പറഞ്ഞാൽ, ഉരുളക്ക് ഉപ്പേരി പോലെ എന്നാൽ അഹങ്കാരം ആവാത്ത രീതിയിൽ ഉത്തരം കൊടുക്കാൻ ഒട്ടുമിക്ക വിശുദ്ധാത്മാ ക്കൾക്കും കഴിയാറുണ്ട്. അവരിലെ പരിശുദ്ധാത്മാവിന്റെ സാന്നിധ്യമാണ് അതിന് കാരണം. പാപ്പയുടെ ഈ കൊച്ചുകൊച്ചു തമാശകൾ നിങ്ങൾ വായിച്ചിരുന്നോ?

1, ഒരിക്കൽ ഒരു ആശുപത്രി സന്ദർശിക്കവെ പാപ്പ ഒരു ബാലനുമായി സംസാരിക്കുകയായിരുന്നു. വലുതാകുമ്പോൾ ആരാകാനാണ് ഇഷ്ടമെന്ന പാപ്പയുടെ ചോദ്യത്തിന് അവന്റെ ഉത്തരം പോലീസ് അല്ലെങ്കിൽ മാർപ്പാപ്പ എന്നായിരുന്നു. അതുകേട്ട പാപ്പ പറഞ്ഞതിങ്ങനെ , “നിന്റെ സ്ഥാനത്തു ഞാനാണെങ്കിൽ പോലീസ് ആവാൻ പോയേനെ . പോപ്പ് ആവാൻ ആരെക്കൊണ്ടും പറ്റും. എന്നെ കണ്ടില്ലേ ?”

2, “രാത്രിയിൽ പെട്ടെന്ന് ഉറക്കമുണർന്ന് ലോകത്തിലെ നീറുന്ന പ്രശ്നങ്ങളെ പറ്റി ചിന്തിച്ചിരിക്കുന്നത് പലപ്പോഴും എനിക്കുണ്ടാവാറുണ്ട് . അപ്പോൾ ഞാൻ വിചാരിക്കും ഇതേപ്പറ്റിയൊക്കെ പോപ്പിനോട് സംസാരിച്ചു തീരുമാനമുണ്ടാക്കണം എന്ന് . പിറ്റേന്ന് കാലത്താവും ഞാനൊർക്കുക ,അല്ലാ ഞാനല്ലേ പോപ്പ് എന്ന് !”

3, “വത്തിക്കാനിൽ എത്രപേർ ജോലി ചെയ്യുന്നുണ്ട് ?” എന്ന ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് പാപ്പയുടെ പെട്ടെന്നുള്ള മറുപടി ഇങ്ങനെ ” അവരിൽ ഏതാണ്ട് പകുതിയോളം പേർ ” എന്നായിരുന്നു ( ബാക്കിയുള്ളവർ ചുമ്മാ ഇരിക്കുവാണെന്ന് )

4, വത്തിക്കാനിൽ ചിലരുടെ ശമ്പളം വർദ്ധിപ്പിച്ചപ്പോൾ , അവിടത്തെ ഒരു കാവൽക്കാരന്റെ ശമ്പളം തന്റേതിന് തുല്യമായി എന്നൊരു കർദ്ദിനാൾ പരാതി പറഞ്ഞു. പാപ്പയുടെ മറുപടി, “അയാൾക്ക് പത്തു മക്കളുടെ കാര്യം നോക്കാനുണ്ട്. കർദ്ദിനാളിന് എന്തായാലും അതുണ്ടാവില്ലെന്ന് വിചാരിച്ചോട്ടെ ?”

5, ഒരു വൈകുന്നേരം പാപ്പ തന്റെ ഒരു സുഹൃത്തിനെ സന്ദർശിക്കാനായി റോമിലെ ‘Hospital of the Holy Spirit’ എന്ന് പേരുള്ള ആശുപത്രിയിൽ പോയി. അവിടെ ചെന്നതും ആശുപത്രി നടത്തുന്ന കന്യാസ്ത്രീ സ്വയം പരിചയപ്പെടുത്തി. “പരിശുദ്ധ പിതാവേ , ഞാൻ ‘Holy spirit’ ന്റെ മദർ സുപ്പീരിയർ ആണ് “.പിതാവ് പറഞ്ഞു, ” സിസ്റ്ററിന്റെ ഭാഗ്യം ! എന്താ ഒരു ജോലി ! ഞാനോ? ദൈവത്തിന്റെ ദാസന്മാരുടെ ദാസൻ മാത്രം”.

6, മാർപാപ്പയായി സ്ഥാനമേറ്റ് അധികമാകുന്നതിന് മുൻപ് പാപ്പ റോമിലെ തെരുവിലൂടെ കടന്നുപോകവേ, ഒരു സ്ത്രീ പറഞ്ഞു ,”എന്റെ ദൈവമേ,എന്താ ഒരു തടി !” ഇത് കേട്ട പാപ്പ അവരോടു പറഞ്ഞു, ” മാഡം , മാർപാപ്പയെ തിരഞ്ഞെടുക്കാനുള്ള കോൺക്ലേവ് ഒരു സൗന്ദര്യമത്സരവേദി അല്ല എന്ന് താങ്കൾക്കറിയാമെന്ന് ഞാൻ വിചാരിച്ചോട്ടെ “.

7, കർദ്ദിനാളും വെനീസിന്റെ പാത്രിയാർക്കീസും ആയിരിക്കവേ ഭാവിയിലെ പോപ്പ് , ഒരു സമ്പന്നനോട് സംസാരിക്കുകയായിരുന്നു,” ഒരു കാര്യത്തിൽ നമുക്ക് സാമ്യമുണ്ട് , പൈസയുടെ കാര്യത്തിൽ . താങ്കൾക്കത് വളരെയധികമുണ്ട്, എന്റെ കയ്യിൽ ഒട്ടുമില്ല. പിന്നെ വ്യത്യാസമുള്ളത് എന്താണെന്ന് വെച്ചാൽ, എനിക്കതൊരു പ്രശ്നമേ അല്ലെന്നതാണ് “.

8,ആന്ജെലോ എന്ന് പേരുള്ള ഒരു പയ്യനെ കണ്ടപ്പോൾ പിതാവ് പറഞ്ഞു, ” എന്റെയും പേര് ഇതായിരുന്നു. പക്ഷെ അവർ അത് മാറ്റിച്ചു “.

രണ്ടാം വത്തിക്കാൻ കൗൺസിൽ കൂടുന്നു എന്ന് പ്രഖ്യാപിച്ച ദിവസം പോപ്പിന് ഉറങ്ങാൻ കഴിയുന്നുണ്ടായില്ല എന്ന് പിതാവ് പിന്നീടൊരിക്കൽ പറയുകയുണ്ടായി. അവസാനം പിതാവ് ഇങ്ങനെ സ്വയം പറഞ്ഞു , “ജ്യോവാനി , നീയെന്താ ഉറങ്ങാത്തത് ? സഭാകാര്യങ്ങൾ നിയന്ത്രിക്കുന്നത് ആരാണ് ? പോപ്പാണോ അതോ പരിശുദ്ധാത്മാവാണോ ? പരിശുദ്ധാത്മാവ് ആണല്ലോ അല്ലെ ? എങ്കിൽ സമാധാനമായി കിടന്നുറങ്ങു”.

രണ്ടാം വത്തിക്കാൻ കൗൺസിൽ തുടങ്ങാൻ പോകുന്നു എന്ന് പറഞ്ഞപ്പോൾ വത്തിക്കാനിലെ ഒരു ഉദ്യോഗസ്ഥന്റെ പ്രതികരണം ഇങ്ങനെ , “1963 ൽ തുടങ്ങുമെന്നോ ? തികച്ചും അസാധ്യം ” പോപ്പിന്റെ മറുപടി epic ആയിരുന്നു , ” എന്നാ ശരി , നമുക്ക് 1962ൽ തുടങ്ങിക്കളയാം “. പറയുക മാത്രമല്ല , ജോൺ ഇരുപത്തിമൂന്നാം പാപ്പ അത് ചെയ്തുകാണിച്ചു….

ജിൽസ ജോയ് ✍️

Advertisements
Advertisements

One thought on “ജോൺ ഇരുപത്തിമൂന്നാം പാപ്പയുടെ കൊച്ചുകൊച്ചു തമാശകൾ

Leave a comment