Saint Antony Mary Claret / Monday of week 30 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

24 Oct 2022

Saint Antony Mary Claret, Bishop 
or Monday of week 30 in Ordinary Time 

Liturgical Colour: White

സമിതിപ്രാര്‍ത്ഥന

ദൈവമേ, ജനങ്ങളുടെ സുവിശേഷവത്കരണത്തിനായി
നിസ്തുലമായ സ്‌നേഹത്താലും ക്ഷമയാലും
മെത്രാനായ വിശുദ്ധ ആന്റണി മരിയ ക്ലാരറ്റിനെ
അങ്ങ് ശക്തനാക്കിയല്ലോ.
അദ്ദേഹത്തിന്റെ മാധ്യസ്ഥ്യത്താല്‍
അങ്ങയുടേതായവ അന്വേഷിച്ചുകൊണ്ട്,
ക്രിസ്തുവില്‍ നേടേണ്ട സഹോദരര്‍ക്കായി
ഞങ്ങളെത്തന്നെ തീക്ഷ്ണതയോടെ സമര്‍പ്പിക്കാന്‍
അനുഗ്രഹിക്കണമേ.
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

എഫേ 4:32-5:8
ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍.

സഹോദരരേ, ദൈവം ക്രിസ്തുവഴി നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും പരസ്പരം ക്ഷമിച്ചും കരുണ കാണിച്ചും ഹൃദയാര്‍ദ്രതയോടെ പെരുമാറുവിന്‍. വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍. ക്രിസ്തു നിങ്ങളെ സ്‌നേഹിച്ചതുപോലെ നിങ്ങളും സ്‌നേഹത്തില്‍ ജീവിക്കുവിന്‍. അവിടുന്നു നമുക്കു വേണ്ടി സുരഭിലകാഴ്ചയും ബലിയുമായി തന്നെത്തന്നെ ദൈവത്തിനു സമര്‍പ്പിച്ചു. നിങ്ങളുടെയിടയില്‍ വ്യഭിചാരത്തിന്റെയും യാതൊരുവിധ അശുദ്ധിയുടെയും അത്യാഗ്രഹത്തിന്റെയും പേരുപോലും കേള്‍ക്കരുത്. അങ്ങനെ വിശുദ്ധര്‍ക്കു യോഗ്യമായ രീതിയില്‍ വര്‍ത്തിക്കുവിന്‍. മ്ലേച്ഛതയും വ്യര്‍ഥഭാഷണവും ചാപല്യവും നമുക്കു യോജിച്ചതല്ല. പകരം കൃതജ്ഞതാ സ്‌തോത്രമാണ് ഉചിതം. വ്യഭിചാരിക്കും അശുദ്ധനും അത്യാഗ്രഹിക്കും – വിഗ്രഹാരാധകനും – ദൈവത്തിന്റെയും ക്രിസ്തുവിന്റെയും രാജ്യത്തില്‍ അവകാശമില്ലെന്നു നിങ്ങള്‍ അറിഞ്ഞുകൊള്ളുവിന്‍. ആരും അര്‍ഥശൂന്യമായ വാക്കുകള്‍കൊണ്ട് നിങ്ങളെ വഞ്ചിക്കാതിരിക്കട്ടെ. ഇവ മൂലം അനുസരണമില്ലാത്ത മക്കളുടെ മേല്‍ ദൈവത്തിന്റെ ക്രോധം നിപതിക്കുന്നു. അതിനാല്‍, അവരുമായി സമ്പര്‍ക്കമരുത്. ഒരിക്കല്‍ നിങ്ങള്‍ അന്ധകാരമായിരുന്നു. ഇന്നു നിങ്ങള്‍ കര്‍ത്താവില്‍ പ്രകാശമായിരിക്കുന്നു. പ്രകാശത്തിന്റെ മക്കളെപ്പോലെ വര്‍ത്തിക്കുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 1:1-2,3,4,6

വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.

ദുഷ്ടരുടെ ഉപദേശം സ്വീകരിക്കുകയോ
പാപികളുടെ വഴിയില്‍ വ്യാപരിക്കുകയോ
പരിഹാസകരുടെ പീഠങ്ങളിലിരിക്കുകയോ
ചെയ്യാത്തവന്‍ ഭാഗ്യവാന്‍.
അവന്റെ ആനന്ദം കര്‍ത്താവിന്റെ നിയമത്തിലാണ്;
രാവും പകലും അവന്‍ അതിനെക്കുറിച്ചു ധ്യാനിക്കുന്നു.

വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.

നീര്‍ച്ചാലിനരികേ നട്ടതും യഥാകാലം ഫലം തരുന്നതും
ഇലകൊഴിയാത്തതുമായ വൃക്ഷം പോലെയാണ് അവന്‍;
അവന്റെ പ്രവൃത്തികള്‍ സഫലമാകുന്നു.

വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.

ദുഷ്ടര്‍ ഇങ്ങനെയല്ല,
കാറ്റു പറത്തുന്ന പതിരുപോലെയാണ് അവര്‍.
കര്‍ത്താവു നീതിമാന്മാരുടെ മാര്‍ഗം അറിയുന്നു;
ദുഷ്ടരുടെ മാര്‍ഗം നാശത്തില്‍ അവസാനിക്കും.

വത്സലമക്കളെപ്പോലെ നിങ്ങള്‍ ദൈവത്തെ അനുകരിക്കുന്നവരാകുവിന്‍.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

കർത്താവേ, അങ്ങയുടെവചനമാണ് സത്യം; സത്യത്താൽ ഞങ്ങളെ വിശുദ്ധീകരിക്കണമേ.

അല്ലേലൂയ!

സുവിശേഷം

ലൂക്കാ 13:10-17
അബ്രാഹത്തിന്റെ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ?

ഒരു സാബത്തില്‍ യേശു ഒരു സിനഗോഗില്‍ പഠിപ്പിച്ചുകൊണ്ടിരുന്നു. പതിനെട്ടു വര്‍ഷമായി ഒരു ആത്മാവു ബാധിച്ച് രോഗിണിയായി നിവര്‍ന്നുനില്‍ക്കാന്‍ സാധിക്കാത്തവിധം കൂനിപ്പോയ ഒരുവള്‍ അവിടെയുണ്ടായിരുന്നു. യേശു അവളെ കണ്ടപ്പോള്‍ അടുത്തുവിളിച്ചു പറഞ്ഞു: സ്ത്രീയേ, നിന്റെ രോഗത്തില്‍ നിന്നു നീ മോചിക്കപ്പെട്ടിരിക്കുന്നു. അവന്‍ അവളുടെമേല്‍ കൈകള്‍വച്ചു. തത്ക്ഷണം അവള്‍ നിവര്‍ന്നു നില്‍ക്കുകയും ദൈവത്തെ സ്തുതിക്കുകയും ചെയ്തു. യേശു സാബത്തില്‍ രോഗം സുഖപ്പെടുത്തിയതില്‍ കോപിച്ച് സിനഗോഗധികാരി ജനങ്ങളോടു പറഞ്ഞു: ജോലി ചെയ്യാവുന്ന ആറു ദിവസങ്ങള്‍ ഉണ്ട്. ആ ദിവസങ്ങളില്‍ വന്ന് രോഗശാന്തി നേടിക്കൊള്ളുക; സാബത്തു ദിവസം പാടില്ല. അപ്പോള്‍ കര്‍ത്താവുപറഞ്ഞു: കപടനാട്യക്കാരേ, നിങ്ങള്‍ ഓരോരുത്തരും സാബത്തില്‍ കാളയെയോ കഴുതയെയോ തൊഴുത്തില്‍ നിന്നഴിച്ച് വെള്ളം കുടിപ്പിക്കാന്‍ കൊണ്ടു പോകുന്നില്ലേ? പതിനെട്ടുവര്‍ഷം സാത്താന്‍ ബന്ധിച്ചിട്ടിരുന്നവളായ അബ്രാഹത്തിന്റെ ഈ മകളെ സാബത്തു ദിവസം അഴിച്ചുവിടേണ്ടതില്ലെന്നോ? ഇതുകേട്ട് അവന്റെ പ്രതിയോഗികളെല്ലാം ലജ്ജിതരായി. എന്നാല്‍, ജനക്കൂട്ടം മുഴുവന്‍ അവന്‍ ചെയ്തിരുന്ന മഹനീയ കൃത്യങ്ങളെക്കുറിച്ചു സന്തോഷിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ ഈ ബലി
സ്വീകരിക്കണമെന്ന് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങനെ, വിശുദ്ധ N ന്റെ വണക്കത്തില്‍
അങ്ങേ മഹത്ത്വത്തിനുവേണ്ടി അര്‍പ്പിക്കപ്പെടുന്ന ഈ ബലി
അങ്ങു ഞങ്ങള്‍ക്ക് നിത്യരക്ഷയ്ക്ക് ഉപയുക്തമാക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

cf. യോഹ 10:11

നല്ലിടയന്‍ തന്റെ ആടുകള്‍വേണ്ടി
തന്റെ ജീവനര്‍പ്പിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

ഞങ്ങളുടെ ദൈവമായ കര്‍ത്താവേ,
വിശുദ്ധ N സ്‌നേഹാഗ്നിയാല്‍ തീക്ഷ്ണതയോടെ എരിഞ്ഞ്
അങ്ങേ സഭയ്ക്കുവേണ്ടി തന്നത്തന്നെ സദാ അര്‍പ്പിച്ചുവല്ലോ.
ഞങ്ങള്‍ സ്വീകരിച്ച ഈ കൂദാശ
ഞങ്ങളില്‍ അതേ സ്‌നേഹാഗ്നി ഉജ്ജ്വലിപ്പിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment