1st Sunday of Advent

🌹 🔥 🌹 🔥 🌹 🔥 🌹

*27 Nov 2022*

*1st Sunday of Advent* 

*Liturgical Colour: Violet.*

*സമിതിപ്രാര്‍ത്ഥന*

സര്‍വശക്തനായ ദൈവമേ,
അങ്ങേ അഭിഷിക്തന്റെ ആഗമനവേളയില്‍
സല്‍പ്രവൃത്തികളോടെ അങ്ങേ വലത്തുഭാഗത്ത് ഓടിയണഞ്ഞ്
സ്വര്‍ഗരാജ്യം അവകാശപ്പെടുത്തുന്നതിനു
യോഗ്യരാകാന്‍ വേണ്ട ഇച്ഛാശക്തി
അങ്ങേ വിശ്വാസികള്‍ക്കു നല്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ഒന്നാം വായന*


ഏശ 2:1-5
കര്‍ത്താവ് എല്ലാ ജനതകളെയും തന്റെ രാജ്യത്തിലെ നിത്യസമാധാനത്തിലേക്ക് ഒരുമിച്ചുകൂട്ടും.

യൂദായെയും ജറുസലെമിനെയും കുറിച്ച് ആമോസിന്റെ പുത്രനായ ഏശയ്യായ്ക്കുണ്ടായ അരുളപ്പാട്:

അവസാനനാളുകളില്‍
കര്‍ത്താവിന്റെ ആലയം സ്ഥിതി ചെയ്യുന്ന പര്‍വതം
എല്ലാ പര്‍വതങ്ങള്‍ക്കും മുകളില്‍ ഉയര്‍ന്നു നില്‍ക്കും.
എല്ലാ ജനതകളും അതിലേക്ക് ഒഴുകും.
അനേകം ജനതകള്‍ പറയും: വരുവിന്‍,
നമുക്കു കര്‍ത്താവിന്റെ ഗിരിയിലേക്ക്,
യാക്കോബിന്റെ ദൈവത്തിന്റെ ഭവനത്തിലേക്ക്, പോകാം.
അവിടുന്ന് തന്റെ മാര്‍ഗങ്ങള്‍ നമ്മെ പഠിപ്പിക്കും.
നാം ആ പാതകളില്‍ ചരിക്കും.
കര്‍ത്താവിന്റെ നിയമം സീയോനില്‍ നിന്നു പുറപ്പെടും;
അവിടുത്തെ വചനം ജറുസലെമില്‍ നിന്നും.
അവിടുന്ന് ജനതകളുടെ മധ്യത്തില്‍ വിധികര്‍ത്താവായിരിക്കും;
ജനപദങ്ങളുടെ തര്‍ക്കങ്ങള്‍ അവസാനിപ്പിക്കും.
അവരുടെ വാള്‍ കൊഴുവും
അവരുടെ കുന്തം വാക്കത്തിയും ആയി അടിച്ചു രൂപപ്പെടുത്തും.
രാജ്യം രാജ്യത്തിനെതിരേ വാളുയര്‍ത്തുകയില്ല.
അവര്‍ ഇനിമേല്‍ യുദ്ധപരിശീലനം നടത്തുകയില്ല.
യാക്കോബിന്റെ ഭവനമേ, വരുക.
നമുക്കു കര്‍ത്താവിന്റെ പ്രകാശത്തില്‍ വ്യാപരിക്കാം.

കർത്താവിന്റെ വചനം.

*പ്രതിവചനസങ്കീർത്തനം*

സങ്കീ 122:1-2,3-4,4-5,6-7,8-9

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

കര്‍ത്താവിന്റെ ആലയത്തിലേക്കു
നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍
ഞാന്‍ സന്തോഷിച്ചു.
ജറുസലെമേ, ഇതാ ഞങ്ങള്‍
നിന്റെ കവാടത്തിനുള്ളില്‍ എത്തിയിരിക്കുന്നു.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

നന്നായി പണിതിണക്കിയ നഗരമാണു ജറുസലെം.
അതിലേക്കു ഗോത്രങ്ങള്‍ വരുന്നു,
കര്‍ത്താവിന്റെ ഗോത്രങ്ങള്‍.
ഇസ്രായേലിനോടു കല്‍പിച്ചതുപോലെ,
കര്‍ത്താവിന്റെ നാമത്തിനു
കൃതജ്ഞതയര്‍പ്പിക്കാന്‍ അവര്‍ വരുന്നു.
അവിടെ ന്യായാസനങ്ങള്‍ ഒരുക്കിയിരുന്നു;
ദാവീദ് ഭവനത്തിന്റെ ന്യായാസനങ്ങള്‍.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

ജറുസലെമിന്റെ സമാധാനത്തിനു വേണ്ടി പ്രാര്‍ഥിക്കുവിന്‍;
നിന്നെ സ്‌നേഹിക്കുന്നവര്‍ക്ക് ഐശ്വര്യമുണ്ടാകട്ടെ!
നിന്റെ മതിലുകള്‍ക്കുള്ളില്‍ സമാധാനവും
നിന്റെ ഗോപുരങ്ങള്‍ക്കുള്ളില്‍ സുരക്ഷിതത്വവും ഉണ്ടാകട്ടെ!

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

എന്റെ സഹോദരരുടെയും സുഹൃത്തുക്കളുടെയും
പേരില്‍ ഞാന്‍ ആശംസിക്കുന്നു: നിനക്കു സമാധാനം.
ഞങ്ങളുടെ ദൈവമായ കര്‍ത്താവിന്റെ ആലയത്തെപ്രതി
ഞാന്‍ നിന്റെ നന്മയ്ക്കു വേണ്ടി പ്രാര്‍ഥിക്കും.

കര്‍ത്താവിന്റെ ആലയത്തിലേക്കു നമുക്കു പോകാമെന്ന് അവര്‍ പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.

*രണ്ടാം വായന*

റോമാ 13:11a-14a
നമ്മുടെ രക്ഷ കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു.

നിദ്രവിട്ട് ഉണരേണ്ട മണിക്കൂറാണല്ലോ ഇത്. എന്തെന്നാല്‍, ഇപ്പോള്‍ രക്ഷ നമ്മള്‍ ആരും പ്രതീക്ഷിച്ചിരുന്നതിനെക്കാള്‍ കൂടുതല്‍ അടുത്തെത്തിയിരിക്കുന്നു. രാത്രി കഴിയാറായി; പകല്‍ സമീപിച്ചിരിക്കുന്നു. ആകയാല്‍, നമുക്ക് അന്ധകാരത്തിന്റെ പ്രവൃത്തികള്‍ പരിത്യജിച്ച് പ്രകാശത്തിന്റെ ആയുധങ്ങള്‍ ധരിക്കാം. പകലിനു യോജിച്ചവിധം നമുക്കു പെരുമാറാം. സുഖലോലുപതയിലോ മദ്യലഹരിയിലോ അവിഹിതവേഴ്ചകളിലോ വിഷയാസക്തിയിലോ കലഹങ്ങളിലോ അസൂയയിലോ വ്യാപരിക്കരുത്. പ്രത്യുത, കര്‍ത്താവായ യേശുക്രിസ്തുവിനെ ധരിക്കുവിന്‍.

കർത്താവിന്റെ വചനം.

*സുവിശേഷ പ്രഘോഷണവാക്യം*

അല്ലേലൂയ! അല്ലേലൂയ!

കർത്താവേ, അങ്ങേ കാരുണ്യം ഞങ്ങളിൽ ചൊരിയേണമേ! ഞങ്ങൾക്കു രക്ഷ പ്രദാനം ചെയ്യേണമേ!

അല്ലേലൂയ!

*സുവിശേഷം*

മത്താ 24:37-44
ഉണര്‍ന്നിരിക്കുക, നിങ്ങളും തയ്യാറായിരിക്കണം.

അക്കാലത്ത്, യേശു ശിഷ്യന്മാരോട് അരുളിച്ചെയ്തു: നോഹയുടെ ദിവസങ്ങള്‍പോലെ ആയിരിക്കും, മനുഷ്യപുത്രന്റെ ആഗമനം. ജലപ്രളയത്തിനുമുമ്പുള്ള ദിവസങ്ങളില്‍, നോഹ പേടകത്തില്‍ പ്രവേശിച്ച ദിവസംവരെ, അവര്‍ തിന്നും കുടിച്ചും വിവാഹം ചെയ്തും ചെയ്തുകൊടുത്തും കഴിഞ്ഞുപോന്നു. ജലപ്രളയം വന്ന് സംഹരിക്കുന്നതുവരെ അവര്‍ അറിഞ്ഞില്ല. ഇപ്രകാരം തന്നെയായിരിക്കും മനുഷ്യപുത്രന്റെ ആഗമനവും. അപ്പോള്‍ രണ്ടുപേര്‍ വയലിലായിരിക്കും; ഒരാള്‍ എടുക്കപ്പെടും മറ്റെയാള്‍ അവശേഷിക്കും. രണ്ടു സ്ത്രീകള്‍ തിരികല്ലില്‍ പൊടിച്ചുകൊണ്ടിരിക്കും. ഒരുവള്‍ എടുക്കപ്പെടും, മറ്റവള്‍ അവശേഷിക്കും.
നിങ്ങളുടെ കര്‍ത്താവ് ഏതു ദിവസം വരുമെന്ന് അറിയാത്തതുകൊണ്ട് നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. കള്ളന്‍ രാത്രിയില്‍ ഏതു സമയത്താണു വരുന്നതെന്ന് ഗൃഹനാഥന്‍ അറിഞ്ഞിരുന്നെങ്കില്‍, അവന്‍ ഉണര്‍ന്നിരിക്കുകയും തന്റെ ഭവനം കവര്‍ച്ച ചെയ്യാന്‍ ഇടകൊടുക്കാതിരിക്കുകയും ചെയ്യുമായിരുന്നു എന്നു നിങ്ങള്‍ അറിയുന്നു. അതിനാല്‍, നിങ്ങളും തയ്യാറായിരിക്കണം. നിങ്ങള്‍ പ്രതീക്ഷിക്കാത്ത മണിക്കൂറിലായിരിക്കും മനുഷ്യപുത്രന്‍ വരുന്നത്.

കർത്താവിന്റെ സുവിശേഷം.

*നൈവേദ്യപ്രാര്‍ത്ഥന*

കര്‍ത്താവേ, അങ്ങേ വരദാനങ്ങളില്‍നിന്നു ശേഖരിച്ച്
ഞങ്ങള്‍ സമര്‍പ്പിക്കുന്ന കാഴ്ചവസ്തുക്കള്‍ സ്വീകരിക്കുകയും
ഞങ്ങളുടെ കാലാനുസൃതമായ വണക്കത്തിന്റെ ഫലമായി
അങ്ങു നല്കുന്നത് ഞങ്ങള്‍ക്ക് നിത്യരക്ഷയുടെ സമ്മാനമായി
ഭവിക്കുകയും ചെയ്യട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

*ദിവ്യകാരുണ്യപ്രഭണിതം*

സങ്കീ 85:13

കര്‍ത്താവ് നന്മ പ്രദാനംചെയ്യും;
നമ്മുടെ ഭൂമി സമൃദ്ധമായി വിളവുനല്കും.

*ദിവ്യഭോജനപ്രാര്‍ത്ഥന*

കര്‍ത്താവേ, ഞങ്ങളാചരിച്ച ദിവ്യരഹസ്യങ്ങള്‍
ഞങ്ങള്‍ക്ക് ഫലദായകമാകണമേ.
നശ്വരമായ വഴിയിലൂടെ ചരിക്കുന്ന ഞങ്ങളെ
ഇപ്പോള്‍ത്തന്നെ ഈ രഹസ്യങ്ങളിലൂടെ
സ്വര്‍ഗീയ കാര്യങ്ങളില്‍ തത്പരരാകുന്നതിനും
അനശ്വരമായവ മുറുകെപ്പിടിക്കുന്നതിനും പഠിപ്പിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s