വിശുദ്ധ ലൂസി: സിറാക്യൂസിന്റെ മഹത്വം

“നിന്റെ ധൈര്യമൊക്കെ കൊള്ളാം. സാരമില്ല, ഇവർ അത് മാറ്റിയെടുത്തുകൊള്ളും’

ഡയോക്ലീഷ്യൻ ചക്രവർത്തിയുടെ മതപീഡനം കൊടുമ്പിരി കൊണ്ടിരുന്ന AD 304 ൽ, റോമൻ ഗവർണർ പസ്ക്കാസിയൂസ് ഇങ്ങനെ പറഞ്ഞത് വിശുദ്ധ ലൂസിയോടായിരുന്നു. പക്ഷേ മരണത്തിന്റെ വക്കിലും അവളുടെ ധൈര്യം അചഞ്ചലമായിരുന്നു.

ക്രിസ്ത്യാനി ആണെന്നറിഞ്ഞു പിടിക്കപ്പെട്ട അവൾ ഗവർണ്ണർക്ക് മുൻപിൽ ശാന്തതയോടെ നിലകൊണ്ടു. റോമിലെ വിജാതീയദൈവങ്ങൾക്ക് അവൾ ബലിയർപ്പിച്ചേ പറ്റൂ എന്ന് പറഞ്ഞ ഗവർണ്ണറോട് അവൾ പറഞ്ഞു, ” എന്റെ ഭൗമികസമ്പത്തെല്ലാം എന്റെ മണവാളന്റെ ഇഷ്ടം പോലെ ദരിദ്രർക്ക് കൊടുത്തുകഴിഞ്ഞു. ഇനിയെനിക്ക് ആകെയുള്ള സമ്പത്ത് ഞാൻ നേരത്തെ തന്നെ അവന് കൊടുത്തു കഴിഞ്ഞ എന്റെ ജീവിതമാണ്. അവനുവേണ്ടി അത് ബലിയർപ്പിക്കാൻ എനിക്ക് സന്തോഷമേയുള്ളൂ, അതാണ്‌ അവന്റെ ഹിതമെങ്കിൽ”.

അവളെ മരണത്തിന് വിട്ടുകൊടുക്കാൻ അധികാരമുള്ള തന്റെ മുൻപിൽ നിന്നുകൊണ്ട് അവൾ ഇങ്ങനെ പറയുന്നത് കേട്ടിട്ടാണ് പസ്കാസിയൂസ് പറഞ്ഞത് അയാളുടെ കിങ്കരന്മാർ അവളുടെ ധൈര്യം മാറ്റിയെടുക്കുമെന്ന്. അതിനുള്ള അവളുടെ ഉത്തരം ഇങ്ങനെയായിരുന്നു “ദൈവത്തിന്റ വചനം മാറ്റമില്ലാത്തതാണ്. ഈശോ പറഞ്ഞിട്ടുണ്ട് അവനെപ്രതി അവന്റെ ദാസരെ ദേശാധിപതികളുടെ മുൻപിൽ കൊണ്ടുവരുമ്പോൾ പരിശുദ്ധാത്മാവ് ഞങ്ങളിലൂടെ സംസാരിക്കുമെന്ന്”.

” അപ്പോൾ നീ പറയുന്നത് ഇപ്പോൾ നിന്നിലൂടെ സംസാരിക്കുന്നത് പരിശുദ്ധാത്മാവാണെന്നാണ്? “

” വിശുദ്ധിയിലും ചാരിത്ര്യശുദ്ധിയിലും ജീവിക്കുന്നവരിലെല്ലാം അവനുണ്ട്, കാരണം അങ്ങനെയുള്ളവർ ദൈവത്തിന്റെ ആലയമാണ് “.

തീ പാറുന്ന കണ്ണുകളോടെ ഗവർണ്ണർ ആക്രോശിച്ചു, ” ഞങ്ങളുടെ ദൈവങ്ങളെ നീ ആരാധിച്ചില്ലെങ്കിൽ, നിന്റെ ചാരിത്ര്യം കളങ്കപ്പെടുത്തുന്നിടത്തേക്ക് നിന്നെ ഞാൻ അയക്കും. അപ്പോൾ നിന്റെ പരിശുദ്ധാത്മാവ് നിന്നെ വിട്ടു പൊക്കോളും”. ലുസി ദൃഢമായി പറഞ്ഞു, “സ്വന്തം ഇച്ഛയാൽ ആഗ്രഹിക്കുന്നില്ലെങ്കിൽ അതിനെ പാപമായി കരുതാൻ കഴിയില്ല. നിങ്ങൾ ബലമായി എന്റെ കൈ കൊണ്ട് നിങ്ങളുടെ വിഗ്രഹങ്ങൾക്ക് പൂജകൾ ചെയ്യിച്ചാലും ദൈവത്തിനറിയാം അത് ഞാൻ ആഗ്രഹിക്കുന്നില്ലെന്ന്. അതുപോലെ തന്നെയാണ് എന്റെ ശരീരം കളങ്കപെടുത്താൻ നിങ്ങൾ ശ്രമിച്ചാലും, കാരണം അത് എന്റെ ഇഷ്ടത്തിന് വിപരീതമായതുകൊണ്ട് ദൈവസന്നിധിയിൽ അതിന് ഇരട്ടി മൂല്യമുണ്ടാകും”.

അഞ്ചാം നൂറ്റാണ്ട് മുതൽ വിശുദ്ധ ലൂസിയുടെ പേര് കുർബ്ബാന കർമ്മങ്ങളിൽ കാണാമായിരുന്നു വിശ്വാസത്തിന്റെ പേരിൽ മരണം വരിച്ച മറ്റു വിശുദ്ധ ധീരവനിതകളായ ഫെലിസിറ്റി, പെർപ്പെത്വാ, അഗത, ആഗ്നെസ്, സിസീലിയ, അനസ്താസിയാ എന്നിവരുടെ കൂടെ പ്രാർത്ഥനകളിൽ നമ്മൾ വിശുദ്ധ ലൂസിയെയും ഓർക്കുന്നു. ആറാം നൂറ്റാണ്ട് മുതൽ വിശുദ്ധ ലൂസിയുടെ തിരുന്നാൾ റോമിൽ ആചരിക്കുന്നു. സിറാക്യൂസിൽ അവളുടെ ഓർമ്മക്കായി സ്ഥാപിച്ചിരിക്കുന്ന ദേവാലയത്തിൽ കാണപ്പെടുന്ന കൊത്തുപണികളും ലിഖിതങ്ങളുമൊക്കെ ഈ കന്യകയായ രക്തസാക്ഷിണിയോട് ആദികാലം മുതലേ ഉണ്ടായിരുന്ന ഭക്തി വെളിവാക്കുന്നതാണ്.

പ്രകാശം എന്നർത്ഥം വരുന്ന ലാറ്റിൻ വാക്ക് ആയ ലുക്സ് ൽ നിന്നാണ് ലൂസി എന്ന പേര് ആവിർഭവിച്ചത്. ഈ വിശുദ്ധയുടെ തിരുന്നാൾ, ആഗമനകാലത്ത്, ലോകത്തിന്റെ പ്രകാശമായ ഈശോയുടെ വരവിന് മുന്നോടിയായി വരുന്നത് എത്ര അർത്ഥവത്താണ്.

പല നാടുകളിൽ പല ആചാരങ്ങളുമുണ്ട് ഈ വിശുദ്ധയുടെ തിരുന്നാൾ ആഘോഷിക്കാൻ. സ്വീഡിഷ് ആചാരത്തിൽ, The Lucy Bride എന്ന പേരിൽ ഒരു കന്യക വെള്ളവസ്ത്രം ധരിച്ച്, തലയിൽ കിരീടം വെച്ച്, രക്തസാക്ഷിത്വത്തിന്റെ അടയാളമായ ഇലകൾ പിടിച്ച്, തൊഴിമാരോട് കൂടി, കൊളുത്തിയ മെഴുതിരികളുമായി പള്ളിയിലേക്ക് വരുന്നതാണ്. ഹംഗറിയിൽ, വിശുദ്ധ ലൂസിയുടെ തിരുന്നാളിന് ഗോതമ്പ് നടുന്നു. നന്നായി വെള്ളമൊഴിച്ചു പരിപാലിക്കപ്പെടുന്ന ഇവ ക്രിസ്മസിന്റെ സമയമാവുമ്പോഴേക്ക് മുളച്ചു ചെടിയായിട്ടുണ്ടാവും.എല്ലാ ക്രിസ്ത്യാനികളെയും ക്രിസ്തുവിലും, അവരെ പരസ്പരവും ഒന്നിപ്പിക്കുന്ന ദിവ്യകാരുണ്യഅപ്പത്തിന്റെ പ്രതീകമായി, കുട്ടികൾ ഈ ചെടികൾ പുൽക്കൂട്ടിൽ വെയ്ക്കുന്നു. യഹൂദന്മാർക്ക് ഈ തിരുന്നാൾ പ്രകാശത്തിന്റെ തിരുന്നാൾ ആണ്. എട്ടു ദിവസം നീണ്ടുനിൽക്കുന്ന ഈ ആഘോഷത്തിൽ ഓരോ ദിവസവും ഓരോ പുതിയ തിരികൾ കത്തിക്കുന്നു. കുട്ടികൾക്ക് സമ്മാനങ്ങൾ ലഭിക്കുന്നു.

വിശുദ്ധ ലൂസിയെപ്പറ്റി വാമൊഴിയായി പ്രചരിച്ചിരുന്ന വിവരങ്ങൾ ക്രോഡീകരിച്ച് അവളുടെ ജീവിതകഥയായി എഴുതിയത് ബിഷപ്പ് വിശുദ്ധ അദെലം ആണ്.

ഒരു സമ്പന്നകുടുംബത്തിൽ, അവൾ ജനിച്ചത് സിറാക്യൂസിലെ സിസിലിയിൽ ആണ്. അവൾക്ക് ആറ് വയസുള്ളപ്പോൾ പിതാവ് മരിച്ചു. ക്രിസ്ത്യാനികളായ അവളും അവളുടെ അമ്മയും സിറാക്യൂസിലെ ഗുഹകളിൽ രഹസ്യമായി ദിവ്യബലികളിൽ പങ്കെടുക്കുകയും വിശുദ്ധ കുർബ്ബാന സ്വീകരിക്കുകയും ചെയ്തിരുന്നു. ലൂസി വരുന്നതിനൊപ്പം ഈശോയോടുള്ള അവളുടെ സ്നേഹവും വളർന്നു. ലോകത്തിലെ മറ്റെന്തിനേക്കാളും ആ ഇഷ്ടം വലുതായിരുന്ന ലൂസി അവളുടെ അമ്മ അറിയാതെ തന്റെ കന്യാത്വം ഈശോക്ക് അർപ്പിച്ചു പ്രതിജ്ഞയെടുത്തു.

ഇതിനിടയിൽ അവളുടെ അമ്മ, ലൂസിയെ ഇഷ്ടപ്പെട്ടിരുന്ന ഒരു വിജാതീയനുമായി അവളുടെ വിവാഹം നടത്താൻ തീരുമാനിച്ചു. വളരെ ആകുലപ്പെട്ട ലൂസി പക്ഷേ, എതിർത്തൊന്നും ഒന്നും പറഞ്ഞില്ല. നിരന്തരമായ രക്തസ്രാവത്താൽ കഷ്ടപ്പെട്ടിരുന്ന അവളുടെ അമ്മയോട്, കന്യകയായിരിക്കെ രക്തസാക്ഷിണിയായ വിശുദ്ധ അഗതയുടെ ശവകുടീരമുള്ള കറ്റാനിയയിലേക്ക് ഒരു തീർത്ഥയാത്രക്കുള്ള അനുവാദം അവൾ മേടിച്ചു. അവിടെ വെച്ച്, കുർബ്ബാനക്ക് ശേഷം രണ്ടുപേരും ചേർന്ന് പ്രാർത്ഥിക്കവേ ഒന്ന് മയങ്ങിപ്പോയ ലൂസിക്ക് ദർശനത്തിൽ അഗത പുണ്യവതി പ്രത്യക്ഷപ്പെട്ടു.

” പ്രിയ സോദരി, നിന്റെ അമ്മയുടെ രോഗശാന്തിക്ക് വേണ്ടി എന്തിനാണ് നീ എന്നോട് മാധ്യസ്ഥം യാചിക്കുന്നത്? നിന്റെ വിശ്വാസത്താൽ തന്നെ അത് സാധിച്ചുകിട്ടുമല്ലോ. നിന്റെ അമ്മ സുഖപ്പെട്ടു കഴിഞ്ഞു, നിന്നെ മുഴുവനായും ദൈവത്തിന് നീ സമർപ്പിച്ചതുകൊണ്ടാണ് അത് സാധ്യമായത്. അധികം താമസിയാതെ നീ സിറാക്യൂസിന്റെ മഹത്വമായി മാറും “

മയക്കത്തിൽ നിന്നുണർന്ന ലൂസി അസുഖം മാറിയ അമ്മയെയാണ് കണ്ടത്. ലൂസി ആഗ്രഹിച്ചിരുന്ന രണ്ടു കാര്യങ്ങൾ തന്റെ രോഗശാന്തിക്ക് നന്ദിയായി അമ്മ സാധിച്ചുകൊടുക്കാൻ സന്നദ്ധയായി. വിജാതീയനുമായി പറഞ്ഞുറപ്പിച്ചിരുന്ന വിവാഹത്തിൽ നിന്ന് പിന്മാറാനും അവളുടെ സ്വത്തുക്കൾ ദരിദ്രർക്ക് ദാനം ചെയ്യാനും.

തനിക്ക് വന്നുചേരേണ്ടിയിരുന്ന സ്വത്തുക്കൾ ദാനം ചെയ്‌തെന്ന് അറിഞ്ഞ, അവൾക്കായി വിവാഹം പറഞ്ഞുറപ്പിച്ചിരുന്ന വിജാതീയൻ കൃദ്ധനായി. ഡിസംബർ 11 ന് ലൂസിയുടെ വീട്ടിലെത്തിയ അയാൾ അവളോട് പറഞ്ഞു, “നിന്റെ അമ്മ നിന്നെ എനിക്ക് തരുമെന്ന് പറഞ്ഞിരുന്നു”. ലൂസി പറഞ്ഞു, ” അതിന് മുൻപേ ഞാൻ എന്നെ വേറൊരാൾക്ക് കൊടുത്തിരുന്നു. ഇപ്പോൾ പോകൂ, അവനോട് വിശ്വസ്തത കാണിക്കാൻ എന്നെ അനുവദിക്കൂ “. അവൾ ഒരു ക്രിസ്ത്യാനി ആണെന്ന് മനസിലാക്കിയ അയാൾ തന്നെയാണ് ഗവർണ്ണർക്ക് അവളെ ഒറ്റിക്കൊടുത്തത്.

അങ്ങനെ, അവളുടെ വാക്കുകൾ കേട്ട് കോപിച്ച ഗവർണർ അവളുടെ മാനം കളയാനായി ഒരിടത്തേക്ക് അവളെ കൊണ്ടുപോകാൻ പട്ടാളക്കാരോട് ആജ്ഞാപിച്ചു. പക്ഷേ നാലുപേർ പരിശ്രമിച്ചിട്ടും അവൾ നിൽക്കുന്നിടത്തു നിന്ന് അവളെ അനക്കാനായില്ല. കുറേപേർ ശ്രമിച്ചിട്ടും നടക്കാതായപ്പോൾ കുറേ കാളകളെക്കൊണ്ട് വലിപ്പിക്കാൻ നോക്കി. എന്തൊക്കെ ചെയ്തിട്ടും നിന്നിടത്തുനിന്ന് ഒരടി അവൾ അനങ്ങിയില്ല. കുറേ മജീഷ്യൻമാരെ കൊണ്ടുവന്നു. അവരും പരാജയപ്പെട്ടു.

“എന്താണ് നിന്റെ ഈ മായാജാലത്തിന്റെ രഹസ്യം? “ഗവർണ്ണർ ചോദിച്ചു. “ഇത് മായാജാലമല്ല” ലൂസി പറഞ്ഞു, “ദൈവത്തോട് വിശ്വസ്തരായിരിക്കുന്നവരോട് ദൈവം ചെയ്യുന്ന നന്മയാണ്”. പസ്‌ക്കാസിയൂസിന്റെ ദേഷ്യം വർദ്ധിച്ചു. വിറകും കീലും എണ്ണയും കൊണ്ടുവരാൻ പറഞ്ഞ അയാൾ തീ കൂട്ടി അതിൽ ആ കന്യകയെ ദഹിപ്പിക്കാൻ ഉത്തരവിട്ടു. അഗ്നിക്കും അവളെ ഉപദ്രവിക്കാനായില്ല.” എന്റെ പീഡനങ്ങളിൽ നിന്ന് മറ്റ് വിശ്വാസികൾക്ക് ധൈര്യം ലഭിക്കാനായി അഗ്നിയിൽ നിന്ന് എന്നെ രക്ഷിക്കാൻ ഞാൻ ദൈവത്തോടാവശ്യപ്പെട്ടു” എന്ന് ലൂസി പറഞ്ഞു. അതിന് ശേഷം ഒരു വാൾ കൊണ്ട് അവളുടെ കഴുത്തു വെട്ടി. എങ്കിലും ദിവ്യകാരുണ്യം സ്വീകരിക്കുന്നതുവരെ അവൾ മരിച്ചില്ല.അവളുടെ കണ്ണുകൾ ചൂഴ്ന്നെടുക്കാൻ ഗവർണർ പറഞ്ഞെന്നും അതല്ല, അവൾ തന്നെയാണ് ഒരു വിവാഹലോചന മുടക്കാൻ വേണ്ടി കണ്ണ് കുത്തിക്കളഞ്ഞതെന്നും പറയുന്നുണ്ട്. എന്തായാലും ശവശരീരം സംസ്കരിക്കാൻ എടുത്തപ്പോൾ അതിൽ കണ്ണുകൾ തിരികെ ചേർന്നിരുന്നെന്നു പറയുന്നു.

രക്തസാക്ഷിത്വം വരിച്ച കന്യക, സിറാക്യൂസിന്റെ മധ്യസ്ഥ, വിശുദ്ധ ലൂസിയുടെ തിരുന്നാൾ ആശംസകൾ

ജിൽസ ജോയ് ✍️

Advertisements
Advertisements
Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s