🌹 🔥 🌹 🔥 🌹 🔥 🌹
30 Dec 2022
The Holy Family – Feast
Liturgical Colour: White.
സമിതിപ്രാര്‍ത്ഥന
തിരുകുടുംബത്തിന്റെ ഉത്തമമാതൃക
ഞങ്ങള്‍ക്കു നല്കാന്‍ തിരുമനസ്സായ ദൈവമേ,
കുടുംബസുകൃതങ്ങളിലും സ്‌നേഹശൃംഖലകളിലും
അവരെ പിന്‍ചെന്ന്
അങ്ങേ ഭവനത്തിന്റെ സന്തോഷത്തില്‍
നിത്യസമ്മാനമനുഭവിക്കാന്‍ കരുണാപൂര്‍വം ഇടയാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
ഒന്നാം വായന
പ്രഭാ 3:3-7,14-17a
കര്‍ത്താവിനെ അനുസരിക്കുന്നവന്‍ മാതാപിതാക്കന്മാരെ സേവിക്കും.
പിതാവിനെ ബഹുമാനിക്കുന്നവന്‍
തന്റെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ചെയ്യുന്നു.
അമ്മയെ മഹത്വപ്പെടുത്തുന്നവന്‍
നിക്‌ഷേപം കൂട്ടിവയ്ക്കുന്നു.
പിതാവിനെ ബഹുമാനിക്കുന്നവനെ
അവന്റെ മക്കള്‍ സന്തോഷിപ്പിക്കും.
അവന്റെ പ്രാര്‍ഥന കര്‍ത്താവ് കേള്‍ക്കും.
പിതാവിനെ ബഹുമാനിക്കുന്നവന്‍ ദീര്‍ഘകാലം ജീവിക്കും;
കര്‍ത്താവിനെ അനുസരിക്കുന്നവന്‍
തന്റെ അമ്മയെ സന്തോഷിപ്പിക്കുന്നു.
ദാസന്‍ എന്നപോലെ അവന്‍ മാതാപിതാക്കന്മാരെ സേവിക്കും.
മകനേ, പിതാവിനെ വാര്‍ദ്ധക്യത്തില്‍ സഹായിക്കുക;
മരിക്കുന്നതുവരെ അവനു ദുഃഖമുണ്ടാക്കരുത്.
അവന് അറിവു കുറവാണെങ്കിലും സഹിഷ്ണുത കാണിക്കുക;
നീ എത്ര ബലവാനാണെങ്കിലും അവനെ നിന്ദിക്കരുത്.
പിതാവിനോടു കാണിക്കുന്ന കാരുണ്യം വിസ്മരിക്കപ്പെടുകയില്ല;
പാപങ്ങളുടെ കടം വീടുന്നതിന് അതുപകരിക്കും.
കഷ്ടതയുടെ ദിനത്തില്‍ അതു നിനക്കു കാരുണ്യത്തിനായി ഭവിക്കും.
കർത്താവിന്റെ വചനം.
പ്രതിവചനസങ്കീർത്തനം
സങ്കീ 128:1-2,3,4-5
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവിനെ ഭയപ്പെടുകയും
അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ അധ്വാനഫലം നീ അനുഭവിക്കും;
നീ സന്തുഷ്ടനായിരിക്കും; നിനക്കു നന്മ വരും.
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
നിന്റെ ഭാര്യ ഭവനത്തില്‍
ഫലസമൃദ്ധമായ മുന്തിരി പോലെയായിരിക്കും;
നിന്റെ മക്കള്‍ നിന്റെ മേശയ്ക്കുചുറ്റും
ഒലിവുതൈകള്‍പോലെയും.
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
കര്‍ത്താവിന്റെ ഭക്തന്‍ ഇപ്രകാരം അനുഗൃഹീതനാകും.
കര്‍ത്താവു സീയോനില്‍ നിന്നു നിന്നെ അനുഗ്രഹിക്കട്ടെ!
നിന്റെ ആയുഷ്‌കാലമത്രയും
നീ ജറുസലെമിന്റെ ഐശ്വര്യം കാണും.
കര്‍ത്താവിനെ ഭയപ്പെടുകയും അവിടുത്തെ വഴികളില്‍ നടക്കുകയും ചെയ്യുന്നവന്‍ ഭാഗ്യവാന്‍.
സുവിശേഷ പ്രഘോഷണവാക്യം
കൊളോ. 3/15,16,
അല്ലേലൂയ! അല്ലേലൂയ!
ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളെ ഭരിക്കട്ടെ! ക്രിസ്തുവിന്റെ വചനം നിങ്ങളിൽ സമ്യദ്ധമായി വസിക്കട്ടെ!
അല്ലേലൂയ!
സുവിശേഷം
മത്താ 2:13-15,19-23
എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക.
ജ്ഞാനികള്‍ പൊയ്ക്കഴിഞ്ഞപ്പോള്‍ കര്‍ത്താവിന്റെ ദൂതന്‍ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു ജോസഫിനോടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി ഈജിപ്തിലേക്കു പലായനം ചെയ്യുക. ഞാന്‍ പറയുന്നതുവരെ അവിടെ താമസിക്കുക. ഹേറോദേസ് ശിശുവിനെ വധിക്കാന്‍ വേണ്ടി ഉടനെ അന്വേഷണം തുടങ്ങും. അവന്‍ ഉണര്‍ന്ന്, ശിശുവിനെയും അമ്മയെയും കൂട്ടി, ആ രാത്രിതന്നെ ഈജിപ്തിലേക്കുപോയി; ഹേറോദേസിന്റെ മരണംവരെ അവിടെ വസിച്ചു. ഈജിപ്തില്‍ നിന്നു ഞാന്‍ എന്റെ പുത്രനെ വിളിച്ചു എന്നു പ്രവാചകനിലൂടെ കര്‍ത്താവ് അരുളിച്ചെയ്തതു പൂര്‍ത്തിയാകാനാണ് ഇതു സംഭവിച്ചത്.
ഹേറോദേസിന്റെ മരണത്തിനുശേഷം ഈജിപ്തില്‍വച്ചു കര്‍ത്താവിന്റെ ദൂതന്‍ ജോസഫിനു സ്വപ്നത്തില്‍ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: എഴുന്നേറ്റ് ശിശുവിനെയും അമ്മയെയും കൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു മടങ്ങുക; ശിശുവിനെ വധിക്കാന്‍ ശ്രമിച്ചവര്‍ മരിച്ചു കഴിഞ്ഞു. അവന്‍ എഴുന്നേറ്റ്, ശിശുവിനെയും അമ്മയെയുംകൂട്ടി, ഇസ്രായേല്‍ ദേശത്തേക്കു പുറപ്പെട്ടു. മകന്‍ അര്‍ക്കലാവോസാണ് പിതാവായ ഹേറോദേസിന്റെ സ്ഥാനത്ത് യൂദയായില്‍ ഭരിക്കുന്നതെന്നു കേട്ടപ്പോള്‍ അവിടേക്കു പോകാന്‍ ജോസഫിനു ഭയമായി. സ്വപ്നത്തില്‍ ലഭിച്ച മുന്നറിയിപ്പനുസരിച്ച് അവന്‍ ഗലീലി പ്രദേശത്തേക്കു പോയി. അവന്‍ നസറായന്‍ എന്നു വിളിക്കപ്പെടും എന്നു പ്രവാചകന്‍ വഴി അരുളിച്ചെയ്യപ്പെട്ടതു നിവൃത്തിയാകുവാന്‍, നസ്രത്ത് എന്ന പട്ടണത്തില്‍ അവന്‍ ചെന്നുപാര്‍ത്തു.
കർത്താവിന്റെ സുവിശേഷം.
നൈവേദ്യപ്രാര്‍ത്ഥന
കര്‍ത്താവേ, താഴ്മയോടെ പ്രാര്‍ഥിച്ചുകൊണ്ട്
ഈ പരിഹാരബലി അങ്ങേക്ക് ഞങ്ങളര്‍പ്പിക്കുന്നു.
കന്യകയായ ദൈവമാതാവിന്റെയും വിശുദ്ധ യൗസേപ്പിന്റെയും
മധ്യസ്ഥസഹായത്താല്‍ ഞങ്ങളുടെ കുടുംബങ്ങള്‍
അങ്ങേ കൃപയിലും സമാധാനത്തിലും
സുസ്ഥിരമായി നിലനിര്‍ത്തണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
ദിവ്യകാരുണ്യപ്രഭണിതം
ബാറൂ 3:38
നമ്മുടെ ദൈവം ഭൂമിയില്‍ പ്രത്യക്ഷപ്പെടുകയും
മനുഷ്യരോടു സഹവസിക്കുകയും ചെയ്തു.
ദിവ്യഭോജനപ്രാര്‍ത്ഥന
കാരുണ്യവാനായ പിതാവേ,
സ്വര്‍ഗീയ കൂദാശകളാല്‍ പരിപോഷിതരായ ഇവരെ
തിരുകുടുംബത്തിന്റെ മാതൃക നിരന്തരം അനുകരിക്കാന്‍
അനുഗ്രഹിക്കണമേ.
അങ്ങനെ, ഈ ലോകക്ലേശങ്ങള്‍ക്കു ശേഷം
അവരുടെ നിത്യമായ സഹവാസം ഇവര്‍ പ്രാപിക്കുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.
🌹 ❤️ 🌹 ❤️ 🌹 ❤️ 🌹