Readings | 04 Jan 2023

🌹 🔥 🌹 🔥 🌹 🔥 🌹

04 Jan 2023

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
ലോകത്തിന്റെ പരിത്രാണത്തിനുവേണ്ടി
സ്വര്‍ഗത്തിന്റെ നവ്യപ്രകാശത്തോടെ
ആഗതമായ അങ്ങേ രക്ഷ,
എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളില്‍
പുതുമയോടെ ഉദയംചെയ്യാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 3:7-10
ദൈവത്തില്‍ നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല.

കുഞ്ഞുമക്കളേ, നിങ്ങളെ ആരും വഴിതെറ്റിക്കാതിരിക്കട്ടെ.
നീതി പ്രവര്‍ത്തിക്കുന്ന ഏവനും, അവന്‍ നീതിമാനായിരിക്കുന്നതു പോലെ, നീതിമാനാണ്.
പാപം ചെയ്യുന്നവന്‍ പിശാചില്‍ നിന്നുള്ളവനാണ്,
എന്തെന്നാല്‍, പിശാച് ആദിമുതലേ പാപം ചെയ്യുന്നവനാണ്.
പിശാചിന്റെ പ്രവൃത്തികളെ നശിപ്പിക്കുന്നതിനു വേണ്ടിയാണു ദൈവപുത്രന്‍ പ്രത്യക്ഷനായത്.
ദൈവത്തില്‍ നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല.
കാരണം, ദൈവചൈതന്യം അവനില്‍ വസിക്കുന്നു.
അവന്‍ ദൈവത്തില്‍ നിന്നു ജനിച്ചവനായതുകൊണ്ട്
അവനു പാപം ചെയ്യാന്‍ സാധ്യമല്ല.
ദൈവത്തിന്റെ മക്കളാരെന്നും പിശാചിന്റെ മക്കളാരെന്നും ഇതിനാല്‍ വ്യക്തമാണ്.
നീതി പ്രവര്‍ത്തിക്കാത്ത ഒരുവനും ദൈവത്തില്‍ നിന്നുള്ളവനല്ല;
തന്റെ സഹോദരനെ സ്‌നേഹിക്കാത്തവനും അങ്ങനെതന്നെ.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 98:1,7-8,9

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

കര്‍ത്താവിന് ഒരു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
അവിടുന്ന് അദ്ഭുതകൃത്യങ്ങള്‍ ചെയ്തിരിക്കുന്നു;
അവിടുത്തെ കരവും വിശുദ്ധഭുജവും വിജയം നേടിയിരിക്കുന്നു.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

സമുദ്രവും അതിലുള്ളവയും ഭൂമിയും അതിലെ നിവാസികളും
ഉച്ചത്തില്‍ സ്വരമുയര്‍ത്തട്ടെ!
ജലപ്രവാഹങ്ങള്‍ കരഘോഷം മുഴക്കട്ടെ!
കര്‍ത്താവിന്റെ മുന്‍പില്‍ പര്‍വതങ്ങള്‍ ഒത്തൊരുമിച്ച്
ആനന്ദകീര്‍ത്തനമാലപിക്കട്ടെ!

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

അവിടുന്നു ഭൂമിയെ വിധിക്കാന്‍ വരുന്നു;
അവിടുന്നു ലോകത്തെ നീതിയോടും
ജനതകളെ ന്യായത്തോടുംകൂടെ വിധിക്കും.

ഭൂമിയുടെ അതിര്‍ത്തികള്‍ നമ്മുടെ ദൈവത്തിന്റെ വിജയം ദര്‍ശിച്ചു.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

വചനം മാംസമായി നമ്മുടെയിടയിൽ വസിച്ചു. തന്നെ സ്വീകരിച്ചവർക്കെല്ലാം ദൈവമക്കളാകാൻ അവൻ കഴിവു നൽകി.

അല്ലേലൂയ!

സുവിശേഷം

യോഹ 1:35-42
ഞങ്ങള്‍ മിശിഹായെ കണ്ടു.

അടുത്ത ദിവസം യോഹന്നാന്‍ തന്റെ ശിഷ്യന്മാരില്‍ രണ്ടു പേരോടു കൂടെ നില്‍ക്കുമ്പോള്‍ യേശു നടന്നുവരുന്നതു കണ്ടു പറഞ്ഞു: ഇതാ, ദൈവത്തിന്റെ കുഞ്ഞാട്! അവന്‍ പറഞ്ഞതു കേട്ട് ആ രണ്ടു ശിഷ്യന്മാര്‍ യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞ്, അവര്‍ തന്റെ പിന്നാലെ വരുന്നതു കണ്ട്, ചോദിച്ചു: നിങ്ങള്‍ എന്തന്വേഷിക്കുന്നു? അവര്‍ ചോദിച്ചു: റബ്ബീ – ഗുരു എന്നാണ് ഇതിനര്‍ഥം – അങ്ങ് എവിടെയാണു വസിക്കുന്നത്? അവന്‍ പറഞ്ഞു: വന്നു കാണുക. അവര്‍ ചെന്ന് അവന്‍ വസിക്കുന്നിടം കാണുകയും അന്ന് അവനോടു കൂടെ താമസിക്കുകയും ചെയ്തു. അപ്പോള്‍ ഏകദേശം പത്താം മണിക്കൂര്‍ ആയിരുന്നു. യോഹന്നാന്‍ പറഞ്ഞതു കേട്ട് അവനെ അനുഗമിച്ച ആ രണ്ടു പേരില്‍ ഒരുവന്‍ ശിമയോന്‍ പത്രോസിന്റെ സഹോദരന്‍ അന്ത്രയോസായിരുന്നു. അവന്‍ ആദ്യമേ തന്റെ സഹോദരനായ ശിമയോനെ കണ്ട് അവനോട്, ഞങ്ങള്‍ മിശിഹായെ – ക്രിസ്തുവിനെ – കണ്ടു എന്നു പറഞ്ഞു. അവനെ യേശുവിന്റെ അടുത്തു കൊണ്ടുവന്നു. യേശു അവനെ നോക്കി പറഞ്ഞു: നീ യോഹന്നാന്റെ പുത്രനായ ശിമയോനാണ്. കേപ്പാ – പാറ – എന്നു നീ വിളിക്കപ്പെടും.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

യഥാര്‍ഥ ആരാധനയുടെയും ശാന്തിയുടെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചദ്രവ്യം വഴി അങ്ങേ മഹിമ
അര്‍ഹമാംവിധം ഞങ്ങള്‍ ആദരിക്കാനും
ദിവ്യരഹസ്യങ്ങളുടെ ഭാഗഭാഗിത്വംവഴി
സര്‍വാത്മനാ വിശ്വസ്തതയോടെ ഐക്യപ്പെടാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

1 യോഹ 1:2

പിതാവിനോടുകൂടെ ആയിരുന്ന ജീവന്‍ വെളിപ്പെടുത്തപ്പെടുകയും
നമുക്ക് പ്രത്യക്ഷമാവുകയും ചെയ്തു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിവിധമാര്‍ഗങ്ങളിലൂടെ പരിപാലിക്കപ്പെടുന്ന
അങ്ങേ ജനം ഇപ്പോഴും വരുംകാലത്തും
അങ്ങേ കാരുണ്യത്തിന്റെ സൗഖ്യം അനുഭവിക്കുമാറാകട്ടെ.
അങ്ങനെ, കടന്നുപോകുന്ന വസ്തുക്കളുടെ
അനിവാര്യമായ സമാശ്വാസത്താല്‍ ശക്തിപ്പെട്ട്
ശാശ്വതമായവയ്ക്കു വേണ്ടി കൂടുതല്‍ വിശ്വസ്തതയോടെ
പരിശ്രമിക്കാന്‍ ഇടയാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s