7 January (before Epiphany) 

🌹 🔥 🌹 🔥 🌹 🔥 🌹

07 Jan 2023

7 January (before Epiphany) 
or Saint Raymond of Penyafort, Priest 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
അങ്ങേ ഏകജാതന്റെ ആഗമനംവഴി,
നവ്യദീപ്തിയാല്‍ ഞങ്ങളെ പ്രകാശിപ്പിക്കാന്‍
അങ്ങ് തിരുമനസ്സായല്ലോ.
കന്യകയുടെ പ്രസവംവഴി
ഞങ്ങളുടെ ശാരീരികപ്രകൃതിയില്‍
അവിടന്ന് പങ്കുചേരാന്‍ ഞങ്ങള്‍ അര്‍ഹരായതുപോലെ,
അവിടത്തെ കൃപയുടെ രാജ്യത്തില്‍ പങ്കുകാരാകാനും
ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

1 യോഹ 5:14-21
ദൈവപുത്രന്റെ ഇഷ്ടത്തിനനുസൃതമായി നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും.

ദൈവപുത്രന്റെ ഇഷ്ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍,
അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക് അവനിലുള്ള ഉറപ്പ്.
നമ്മുടെ അപേക്ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍,
നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക് അറിയാം.
മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത് ഒരുവന്‍ കണ്ടാല്‍
അവന്‍ പ്രാര്‍ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും.
മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്.
മരണാര്‍ഹമായ പാപമുണ്ട്. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.
എല്ലാ അധര്‍മവും പാപമാണ്. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്.
ദൈവത്തില്‍ നിന്നു ജനിച്ച ഒരുവനും പാപം ചെയ്യുന്നില്ല;
ദൈവപുത്രന്‍ അവനെ സംരക്ഷിക്കുന്നു എന്നു നാം അറിയുന്നു.
ദുഷ്ടന്‍ അവനെ തൊടുകയുമില്ല.
നാം ദൈവത്തില്‍ നിന്നുള്ളവരാണെന്നും
ലോകം മുഴുവന്‍ ദുഷ്ടന്റെ ശക്തിവലയത്തിലാണെന്നും നാം അറിയുന്നു.
ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു
നമുക്കു നല്‍കിയെന്നും നാം അറിയുന്നു.
നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്തുവിലും ആണ്.
ഇവനാണു സത്യദൈവവും നിത്യജീവനും.
കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന് അകന്നിരിക്കുവിന്‍.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 149:1b-2,3-4,5-6a,9b

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

കര്‍ത്താവിനു പുതിയ കീര്‍ത്തനം ആലപിക്കുവിന്‍;
വിശുദ്ധരുടെ സമൂഹത്തില്‍
അവിടുത്തെ പാടിപ്പുകഴ്ത്തുവിന്‍.
ഇസ്രായേല്‍ തന്റെ സ്രഷ്ടാവില്‍ സന്തോഷിക്കട്ടെ!
സീയോന്റെ മക്കള്‍
തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ!

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

നൃത്തം ചെയ്തുകൊണ്ട് അവര്‍
അവിടുത്തെ നാമത്തെ സ്തുതിക്കട്ടെ!
തപ്പുകൊട്ടിയും കിന്നരംമീട്ടിയും
അവര്‍ അവിടുത്തെ സ്തുതിക്കട്ടെ!
എന്തെന്നാല്‍, കര്‍ത്താവു
തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു,
എളിയവരെ അവിടുന്നു വിജയമണിയിക്കുന്നു.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

വിശ്വസ്തജനം ജയഘോഷം മുഴക്കട്ടെ!
അവര്‍ തങ്ങളുടെ കിടക്കകളില്‍
ആനന്ദംകൊണ്ടു പാടട്ടെ!
അവരുടെ കണ്ഠങ്ങളില്‍
ദൈവത്തിന്റെ സ്തുതി ഉയരട്ടെ,
അവിടുത്തെ വിശ്വസ്തര്‍ക്ക് ഇതു മഹത്വമാണ്.

കര്‍ത്താവു തന്റെ ജനത്തില്‍ സംപ്രീതനായിരിക്കുന്നു.
or
അല്ലേലൂയ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ!അല്ലേലൂയ!

ഒരു വലിയ പ്രവാചകൻ നമ്മുടെ ഇടയിൽ ഉദയം ചെയ്തിരിക്കുന്നു. ദൈവം തൻ്റെ ജനത്തെ സന്ദർശിച്ചിരിക്കുന്നു.

അല്ലേലൂയ!

സുവിശേഷം

യോഹ 2:1-11
യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു.

ഗലീലിയിലെ കാനായില്‍ ഒരു വിവാഹവിരുന്നു നടന്നു. യേശുവിന്റെ അമ്മ അവിടെയുണ്ടായിരുന്നു. യേശുവും ശിഷ്യന്മാരും വിരുന്നിനു ക്ഷണിക്കപ്പെട്ടിരുന്നു. അവിടെ വീഞ്ഞു തീര്‍ന്നുപോയപ്പോള്‍ യേശുവിന്റെ അമ്മ അവനോടു പറഞ്ഞു: അവര്‍ക്കു വീഞ്ഞില്ല. യേശു അവളോടു പറഞ്ഞു: സ്ത്രീയേ, എനിക്കും നിനക്കും എന്ത്? എന്റെ സമയം ഇനിയും ആയിട്ടില്ല. അവന്റെ അമ്മ പരിചാരകരോടു പറഞ്ഞു: അവന്‍ നിങ്ങളോടു പറയുന്നതു ചെയ്യുവിന്‍. യഹൂദരുടെ ശുദ്ധീകരണ കര്‍മത്തിനുള്ള വെള്ളം നിറയ്ക്കുന്ന ആറു കല്‍ഭരണികള്‍ അവിടെ ഉണ്ടായിരുന്നു. ഓരോന്നിലും രണ്ടോ മൂന്നോ അളവു കൊള്ളുമായിരുന്നു. ഭരണികളില്‍ വെള്ളം നിറയ്ക്കുവിന്‍ എന്ന് യേശു അവരോടു കല്‍പിച്ചു. അവര്‍ അവയെല്ലാം വക്കോളം നിറച്ചു. ഇനി പകര്‍ന്നു കലവറക്കാരന്റെ അടുത്തു കൊണ്ടു ചെല്ലുവിന്‍ എന്ന് അവന്‍ പറഞ്ഞു. അവര്‍ അപ്രകാരം ചെയ്തു. കലവറക്കാരന്‍ വീഞ്ഞായി മാറിയ ആ വെള്ളം രുചിച്ചു നോക്കി. അത് എവിടെനിന്നാണെന്ന് അവന്‍ അറിഞ്ഞില്ല. എന്നാല്‍, വെള്ളം കോരിയ പരിചാരകര്‍ അറിഞ്ഞിരുന്നു. അവന്‍ മണവാളനെ വിളിച്ചു പറഞ്ഞു: എല്ലാവരും മേല്‍ത്തരം വീഞ്ഞ് ആദ്യം വിളമ്പുന്നു, അതിഥികള്‍ക്കു ലഹരിപിടിച്ചു കഴിയുമ്പോള്‍ താഴ്ന്നതരവും. എന്നാല്‍, നീ നല്ല വീഞ്ഞ് ഇതുവരെയും സൂക്ഷിച്ചുവച്ചുവല്ലോ. യേശു തന്റെ മഹത്വം വെളിപ്പെടുത്തുന്നതിനു പ്രവര്‍ത്തിച്ച അടയാളങ്ങളുടെ ആരംഭമാണ്, ഗലീലിയിലെ കാനായില്‍ ചെയ്ത ഈ അദ്ഭുതം. അവന്റെ ശിഷ്യന്മാര്‍ അവനില്‍ വിശ്വസിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന
യഥാര്‍ഥ ആരാധനയുടെയും ശാന്തിയുടെയും ഉടയവനായ ദൈവമേ,
ഈ കാഴ്ചദ്രവ്യംവഴി അങ്ങേ മഹിമ
അര്‍ഹമാംവിധം ഞങ്ങള്‍ ആദരിക്കാനും
ദിവ്യരഹസ്യങ്ങളുടെ ഭാഗഭാഗിത്വം വഴി
സര്‍വാത്മനാ വിശ്വസ്തതയോടെ ഐക്യപ്പെടാനും അനുഗ്രഹിക്കണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 1:16

അവന്റെ പൂര്‍ണതയില്‍നിന്ന് നാമെല്ലാം
കൃപയ്ക്കുമേല്‍ കൃപ സ്വീകരിച്ചിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, വിവിധമാര്‍ഗങ്ങളിലൂടെ പരിപാലിക്കപ്പെടുന്ന അങ്ങേ ജനം,
ഇപ്പോഴും വരുംകാലത്തും
അങ്ങേ കാരുണ്യത്തിന്റെ സൗഖ്യം അനുഭവിക്കുമാറാകട്ടെ.
അങ്ങനെ, കടന്നുപോകുന്ന വസ്തുക്കളുടെ
അനിവാര്യമായ സമാശ്വാസത്താല്‍ ശക്തിപ്പെട്ട്
ശാശ്വതമായവയ്ക്കു വേണ്ടി കൂടുതല്‍ വിശ്വസ്തതയോടെ
പരിശ്രമിക്കാന്‍ ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment