09 Jan 2023 The Baptism of the Lord – Feast 

🌹 🔥 🌹 🔥 🌹 🔥 🌹

09 Jan 2023

The Baptism of the Lord – Feast 

Liturgical Colour: White.

സമിതിപ്രാര്‍ത്ഥന

സര്‍വശക്തനും നിത്യനുമായ ദൈവമേ,
ജോര്‍ദാന്‍ നദിയില്‍ ക്രിസ്തു ജ്ഞാനസ്‌നാനം സ്വീകരിച്ചശേഷം
പരിശുദ്ധാത്മാവ് അവിടത്തെമേല്‍ ഇറങ്ങിവന്നപ്പോള്‍,
അങ്ങേ പ്രിയപുത്രനായി അവിടത്തെ
സാഘോഷം അങ്ങ് പ്രഖ്യാപിച്ചുവല്ലോ.
ജലത്താലും പരിശുദ്ധാത്മാവാലും പുതുജന്മംപ്രാപിച്ച
അങ്ങേ ദത്തുപുത്രര്‍ അങ്ങേ പ്രീതിയില്‍
എന്നും നിലനില്ക്കാന്‍ അനുഗ്രഹിക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.
or
ദൈവമേ, അങ്ങേ ഏകജാതന്‍
ഞങ്ങളുടെ ശരീരത്തിന്റെ സത്തയില്‍ പ്രത്യക്ഷപ്പെട്ടുവല്ലോ.
ബാഹ്യമായി ഞങ്ങള്‍ക്കു സദൃശനാണെന്ന്
ഞങ്ങള്‍ തിരിച്ചറിഞ്ഞ അവിടന്നു വഴി,
ആന്തരികമായി നവീകരിക്കപ്പെടാന്‍ ഞങ്ങളെ അര്‍ഹരാക്കണമേ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഏശ 42:1-4,6-7
ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം.

കര്‍ത്താവ് അരുള്‍ചെയ്യുന്നു:

ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍,
ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം.
ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി;
അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും.

അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല;
തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല.
ചതഞ്ഞഞാങ്ങണ അവന്‍ മുറിക്കുകയില്ല;
മങ്ങിയ തിരി കെടുത്തുകയുമില്ല.
അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും.
ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ
അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല.
തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു.

ഞാനാണു കര്‍ത്താവ്,
ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു.
ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു.
അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും
തടവുകാരെ കാരാഗൃഹത്തില്‍ നിന്നും
അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍ നിന്നും
മോചിപ്പിക്കുന്നതിനും വേണ്ടി
ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും
ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 29:1-2,3-4,3,9-10

കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!

സ്വര്‍ഗവാസികളേ, കര്‍ത്താവിനെ സ്തുതിക്കുവിന്‍:
മഹത്വവും ശക്തിയും അവിടുത്തേതെന്നു പ്രഘോഷിക്കുവിന്‍.
കര്‍ത്താവിന്റെ മഹത്വപൂര്‍ണമായ
നാമത്തെ സ്തുതിക്കുവിന്‍;
വിശുദ്ധ വസ്ത്രങ്ങളണിഞ്ഞ്
അവിടുത്തെ ആരാധിക്കുവിന്‍.

കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!

കര്‍ത്താവിന്റെ സ്വരം ജലരാശിക്കുമീതേ മുഴങ്ങുന്നു;
കര്‍ത്താവിന്റെ സ്വരം ശക്തി നിറഞ്ഞതാണ്;
അവിടുത്തെ ശബ്ദം പ്രതാപമുറ്റതാണ്.

കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!

ജലസഞ്ചയങ്ങള്‍ക്കുമീതേ
മഹത്വത്തിന്റെ ദൈവം ഇടിനാദം മുഴക്കുന്നു.
അവിടുത്തെ ആലയത്തില്‍ മഹത്വം
എന്ന് എല്ലാവരും പ്രഘോഷിക്കുന്നു.
കര്‍ത്താവു ജലസഞ്ചയത്തിനുമേല്‍
സിംഹാസനസ്ഥനായിരിക്കുന്നു.
അവിടുന്ന് എന്നേക്കും രാജാവായി
സിംഹാസനത്തില്‍ വാഴുന്നു.

കര്‍ത്താവു തന്റെ ജനത്തെ സമാധാനം നല്‍കി അനുഗ്രഹിക്കട്ടെ!

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

മേഘത്തിൽ നിന്ന് ഒരു സ്വരം പുറപ്പെട്ടു: ഇവൻ എന്റെ പ്രീയ പുത്രൻ; ഇവന്റെ വാക്ക് ശ്രവിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

മത്താ 3:13-17
ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു.

യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്റെ അടുത്തേക്കുവന്നു. ഞാന്‍ നിന്നില്‍ നിന്ന് സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്റെ അടുത്തേക്കു വരുന്നുവോ എന്നു ചോദിച്ചുകൊണ്ട് യോഹന്നാന്‍ അവനെ തടഞ്ഞു. എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക് ഉചിതമാണ്. അവന്‍ സമ്മതിച്ചു. സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്മാവ് പ്രാവിന്റെ രൂപത്തില്‍ തന്റെ മേല്‍ ഇറങ്ങിവരുന്നത് അവന്‍ കണ്ടു. ഇവന്‍ എന്റെ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന് ഒരു സ്വരം സ്വര്‍ഗത്തില്‍ നിന്നു കേട്ടു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ പ്രിയപുത്രന്റെ ഈ വെളിപ്പെടുത്തലില്‍
ഞങ്ങള്‍ കൊണ്ടുവന്നിരിക്കുന്ന കാഴ്ചദ്രവ്യങ്ങള്‍ സ്വീകരിക്കണമേ.
അങ്ങനെ, അങ്ങേ വിശ്വാസികളുടെ ബലിവസ്തു,
ലോകത്തിന്റെ പാപങ്ങള്‍ കരുണാപൂര്‍വം കഴുകിക്കളയാന്‍
തിരുവുള്ളമായ അവിടത്തെ ബലിയായി
പരിണമിപ്പിക്കുമാറാകണമേ.
എന്നെന്നും ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

യോഹ 1:32,34

ഇതാ, അവനെക്കുറിച്ച് യോഹന്നാന്‍ പറഞ്ഞത്:
ഞാന്‍ അതു കാണുകയും അവന്‍ ദൈവപുത്രനാണെന്ന്
സാക്ഷ്യപ്പെടുത്തുകയും ചെയ്തിരിക്കുന്നു.

ദിവ്യഭോജനപ്രാര്‍ത്ഥന

കര്‍ത്താവേ, ദിവ്യദാനത്താല്‍ പരിപോഷിതരായി
ഞങ്ങള്‍ അങ്ങേ കാരുണ്യത്തിന് വിനയപൂര്‍വം പ്രാര്‍ഥിക്കുന്നു.
അങ്ങേ ഏകജാതനെ വിശ്വസ്തതയോടെ ശ്രവിച്ചുകൊണ്ട്
ഞങ്ങള്‍ അങ്ങേ യഥാര്‍ഥ മക്കളെന്നു വിളിക്കപ്പെടാനും
അപ്രകാരമായിരിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment