Tuesday of week 1 in Ordinary Time 

🌹 🔥 🌹 🔥 🌹 🔥 🌹

10 Jan 2023

Tuesday of week 1 in Ordinary Time 

Liturgical Colour: Green.

സമിതിപ്രാര്‍ത്ഥന

കര്‍ത്താവേ, കേണപേക്ഷിക്കുന്ന ജനത്തിന്റെ പ്രാര്‍ഥന
സ്വര്‍ഗീയകാരുണ്യത്തോടെ ശ്രവിക്കണമേ.
അങ്ങനെ, അവര്‍ ചെയ്യേണ്ടവ കാണാനും
കണ്ടവ നിവര്‍ത്തിക്കാനും ശക്തരാകുമാറാകട്ടെ.
അങ്ങയോടുകൂടെ പരിശുദ്ധാത്മാവുമായുള്ള ഐക്യത്തില്‍
എന്നെന്നും ദൈവമായി ജീവിക്കുകയും വാഴുകയും ചെയ്യുന്ന
അങ്ങേ പുത്രനും ഞങ്ങളുടെ കര്‍ത്താവുമായ യേശുക്രിസ്തുവഴി
ഈ പ്രാര്‍ഥന കേട്ടരുളണമേ.

ഒന്നാം വായന

ഹെബ്രാ 2:5-12
രക്ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണ്ണനാക്കുക തികച്ചും ഉചിതമായിരുന്നു.

നാം പരാമര്‍ശിക്കുന്ന ഭാവിലോകത്തെ ദൂതന്മാര്‍ക്കല്ലല്ലോ അവിടുന്ന് അധീനമാക്കിയത്. ഇതെക്കുറിച്ച് ഒരിടത്ത് ഇങ്ങനെ സാക്ഷ്യപ്പെടുത്തിയിരിക്കുന്നു: അങ്ങു മനുഷ്യനെ ഓര്‍ക്കാന്‍ അവന്‍ ആരാണ്? അങ്ങു ശ്രദ്ധിക്കാന്‍ മനുഷ്യപുത്രന്‍ ആരാണ്? ദൂതന്മാരെക്കാള്‍ അല്‍പം താഴ്ന്നവനായി അങ്ങ് അവനെ സൃഷ്ടിച്ചു; മഹിമയും ബഹുമാനവുംകൊണ്ട് അവനെ കിരീടമണിയിച്ചു. സമസ്തവും അവന്റെ പാദങ്ങളുടെ കീഴിലാക്കി. എല്ലാം അവന്റെ അധീനതയിലാക്കിയപ്പോള്‍ അവനു കീഴ്‌പ്പെടാത്തതായി ഒന്നും അവിടുന്ന് അവശേഷിപ്പിച്ചില്ല.
എന്നാല്‍, എല്ലാം അവന് അധീനമായതായി നാം കാണുന്നില്ല. മരണത്തെ ആശ്ലേഷിക്കാനായി ദൂതന്മാരെക്കാള്‍ അല്‍പം താഴ്ത്തപ്പെട്ടവനായ യേശു മരണത്തിന് അധീനനാവുകയും മഹത്വത്തിന്റെയും ബഹുമാനത്തിന്റെയും കിരീടം അണിഞ്ഞവനായി കാണപ്പെടുകയും ചെയ്തു. ആര്‍ക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്‍ക്കുന്നുവോ, ആര് അനേകം പുത്രന്മാരെ മഹത്വത്തിലേക്കു നയിക്കുന്നുവോ ആ രക്ഷയുടെ കര്‍ത്താവിനെ അവിടുന്നു സഹനംവഴി പരിപൂര്‍ണനാക്കുക തികച്ചും ഉചിതമായിരുന്നു. വിശുദ്ധീകരിക്കുന്നവനും വിശുദ്ധീകരിക്കപ്പെടുന്നവരും ഉദ്ഭവിക്കുന്നത് ഒരുവനില്‍ നിന്നുതന്നെ. അതിനാല്‍ അവരെ സഹോദരര്‍ എന്നുവിളിക്കാന്‍ അവന്‍ ലജ്ജിച്ചില്ല. അവന്‍ പറയുന്നു: അങ്ങേ നാമം എന്റെ സഹോദരരെ ഞാന്‍ അറിയിക്കും. സഭാമധ്യേ അങ്ങേക്കു ഞാന്‍ സ്തുതിഗീതം ആലപിക്കും.

കർത്താവിന്റെ വചനം.

പ്രതിവചനസങ്കീർത്തനം

സങ്കീ 8:1ab,4,5-6,7-8

കര്‍ത്താവ് സ്വന്തം കരവേലകള്‍ക്കുമേല്‍ മനുഷ്യന് ആധിപത്യം നല്‍കി.

കര്‍ത്താവേ, ഞങ്ങളുടെ കര്‍ത്താവേ,
ഭൂമിയിലെങ്ങും അവിടുത്തെ നാമം എത്ര മഹനീയം!
അവിടുത്തെ ചിന്തയില്‍ വരാന്‍ മാത്രം
മര്‍ത്യന് എന്തു മേന്മയുണ്ട്?
അവിടുത്തെ പരിഗണന ലഭിക്കാന്‍
മനുഷ്യപുത്രന് എന്ത് അര്‍ഹതയാണുള്ളത്?

കര്‍ത്താവ് സ്വന്തം കരവേലകള്‍ക്കുമേല്‍ മനുഷ്യന് ആധിപത്യം നല്‍കി.

എന്നിട്ടും അവിടുന്ന് അവനെ
ദൈവദൂതന്മാരെക്കാള്‍ അല്‍പംമാത്രം താഴ്ത്തി;
മഹത്വവും ബഹുമാനവുംകൊണ്ട് അവനെ മകുടമണിയിച്ചു.
അങ്ങു സ്വന്തം കരവേലകള്‍ക്കുമേല്‍ അവന് ആധിപത്യം നല്‍കി;
എല്ലാറ്റിനെയും അവന്റെ പാദത്തിന്‍ കീഴിലാക്കി.

കര്‍ത്താവ് സ്വന്തം കരവേലകള്‍ക്കുമേല്‍ മനുഷ്യന് ആധിപത്യം നല്‍കി.

ആടുകളെയും കാളകളെയും വന്യമൃഗങ്ങളെയും
ആകാശത്തിലെ പറവകളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും
കടലില്‍ സഞ്ചരിക്കുന്ന സകലതിനെയുംതന്നെ.

കര്‍ത്താവ് സ്വന്തം കരവേലകള്‍ക്കുമേല്‍ മനുഷ്യന് ആധിപത്യം നല്‍കി.

സുവിശേഷ പ്രഘോഷണവാക്യം

അല്ലേലൂയ! അല്ലേലൂയ!

നിങ്ങളിൽ പാകിയിരിക്കുന്നതും നിങ്ങളുടെ ആത്മാക്കളെ രക്ഷിക്കാൻ കഴിവുള്ളതുമായ വചനത്തെ വിനയപൂർവ്വം സ്വീകരിക്കുവിൻ.

അല്ലേലൂയ!

സുവിശേഷം

മാര്‍ക്കോ 1:21-28
അധികാരമുള്ളവനെപ്പോലെയാണ് അവിടുന്നു പഠിപ്പിച്ചത്.

അക്കാലത്ത്, യേശു കഫര്‍ണാമില്‍ എത്തി. സാബത്തുദിവസം അവന്‍ സിനഗോഗില്‍ പ്രവേശിച്ചു പഠിപ്പിച്ചു. അവന്റെ പ്രബോധനത്തില്‍ അവര്‍ വിസ്മയഭരിതരായി. കാരണം, നിയമജ്ഞരെപ്പോലെയല്ല, അധികാരമുളളവനെ പോലെയാണ് അവന്‍ പഠിപ്പിച്ചത്. അശുദ്ധാത്മാവു ബാധിച്ച ഒരുവന്‍ അവിടെ ഉണ്ടായിരുന്നു. അവന്‍ അലറി: നസറായനായ യേശുവേ, നീ എന്തിന് ഞങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നു? ഞങ്ങളെ നശിപ്പിക്കാനാണോ നീ വന്നിരിക്കുന്നത്? നീ ആരാണെന്ന് എനിക്കറിയാം – ദൈവത്തിന്റെ പരിശുദ്ധന്‍. യേശു അവനെ ശാസിച്ചു: നിശ്ശബ്ദനായിരിക്കുക; അവനെ വിട്ടു നീ പുറത്തുവരുക. അശുദ്ധാത്മാവ് അവനെ തള്ളിവീഴ്ത്തിയിട്ട് ഉച്ചസ്വരത്തില്‍ അലറിക്കൊണ്ടു പുറത്തുവന്നു. എല്ലാവരും അദ്ഭുതപ്പെട്ടു പരസ്പരം പറഞ്ഞു. ഇതെന്ത്? അധികാരത്തോടെയുള്ള പുതിയ പ്രബോധനമോ? അശുദ്ധാത്മാക്കളോടുപോലും അവന്‍ ആജ്ഞാപിക്കുന്നു; അവ അനുസരിക്കുകയും ചെയ്യുന്നു. അവന്റെ പ്രശസ്തി ഗലീലിയുടെ സമീപപ്രദേശങ്ങളിലെല്ലാം പെട്ടെന്നു വ്യാപിച്ചു.

കർത്താവിന്റെ സുവിശേഷം.

നൈവേദ്യപ്രാര്‍ത്ഥന

കര്‍ത്താവേ, അങ്ങേ ജനത്തിന്റെ കാഴ്ചയര്‍പ്പണം
അങ്ങേക്ക് പ്രീതികരമാകണമേ.
അതുവഴി വിശുദ്ധീകരണം വീണ്ടെടുക്കാനും
ഭക്തിയോടെ പ്രാര്‍ഥിക്കുന്നവ പ്രാപിക്കാനും ഇടയാകുമാറാകട്ടെ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

ദിവ്യകാരുണ്യപ്രഭണിതം

സങ്കീ 36:9

കര്‍ത്താവേ, അങ്ങിലാണ് ജീവന്റെ ഉറവ.
അങ്ങേ പ്രകാശത്തിലാണ് ഞങ്ങള്‍ പ്രകാശം കാണുന്നത്.

Or:
യോഹ 10:10

കര്‍ത്താവ് അരുള്‍ചെയ്യുന്നു:
ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും
അത് സമൃദ്ധമായി ഉണ്ടാകാനുമാണ്.

ദിവ്യഭോജനപ്രാര്‍ത്ഥന

സര്‍വശക്തനായ ദൈവമേ,
അങ്ങയോട് കേണുകൊണ്ട് ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
അങ്ങേ രഹസ്യങ്ങളാല്‍ അങ്ങ് പരിപോഷിപ്പിക്കുന്ന ഇവരെ,
അങ്ങേക്ക് പ്രീതികരമായ പ്രവര്‍ത്തനശൈലിയിലൂടെ
യോഗ്യമായി ശുശ്രൂഷചെയ്യാന്‍ അനുഗ്രഹിക്കുകയും ചെയ്യണമേ.
ഞങ്ങളുടെ കര്‍ത്താവായ ക്രിസ്തുവഴി ഈ പ്രാര്‍ഥന കേട്ടരുളണമേ.

🌹 ❤️ 🌹 ❤️ 🌹 ❤️ 🌹

Advertisements

Leave a comment